ADVERTISEMENT

സ്മാര്‍ട് സിറ്റിയുടെ അയലത്ത്, മെട്രോനഗര ജീവിതത്തിന്റെ നടുവിലാണ് റിയ ജോസ്. ഓണ്‍ലൈന്‍ ഓര്‍ഡര്‍ നല്‍കിയാല്‍ ഏതു രാജ്യത്തെ ഭക്ഷണവും വീട്ടിലെത്തുമെങ്കിലും സ്വന്തം ഭക്ഷണം സ്വന്തം പരിസരത്ത് ഉല്‍പാദിപ്പിക്കാന്‍ ഈ പതിനൊന്നുകാരി പഠിച്ചുകഴിഞ്ഞു. നഗരജീവിതത്തിന്റെ പ്രലോഭനങ്ങള്‍ക്കിടയില്‍ ഭൂമിയില്‍ കാലുറപ്പിച്ചു ജീവിക്കാന്‍ അവളെ പരിശീലിപ്പിച്ചത് അമ്മ രൂപയാണ്. മുറ്റത്തും മട്ടുപ്പാവിലുമുള്ള ഇത്തിരി സ്ഥലത്തുനിന്ന് വേണ്ടതിലധികം പഴങ്ങളും പച്ചക്കറി കളുമൊക്കെ വിളവെടുക്കുന്ന ഈ അമ്മയും മകളും ജീവിതശൈലിയും ഭക്ഷ്യസുരക്ഷയും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടുത്താമെന്നു കാണിച്ചുതരുന്നു. 

കാക്കനാട് തേവക്കലിലെ കിളിക്കൂട് എന്ന വീട്ടില്‍ ലോക്ഡൗണുകള്‍ ഭക്ഷണകാര്യത്തില്‍ ഒട്ടും തടസ്സമായില്ല. നാടാകെ അടച്ചുപൂട്ടിയപ്പോഴും പുതുമ നഷ്ടപ്പെടാത്ത പഴങ്ങളും പച്ചക്കറികളും ഇവിടുത്തെ അടുക്കളയില്‍ വേണ്ടുവോളം. ഇന്‍ഫോപാര്‍ക്കില്‍ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനി  അസോഷ്യേറ്റ് ഡയറക്ടറായ ചെറിയത്തറ ജിമ്മി ജോസിന്റെയും തേവക്കലിലെ വര്‍ണം ആര്‍ട് സ്‌കൂള്‍ ഉടമ രൂപ ജോസിന്റെയും മകളാണ് റിയ. അമ്മയുടെ അടുക്കളത്തോട്ടത്തില്‍നിന്നാണ് കൃഷിയുടെ ബാലപാഠങ്ങള്‍ റിയ പഠിച്ചത്. 

കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന രൂപ കേരളത്തിലേക്കു താമസം മാറിയപ്പോഴാണ് സ്വന്തം അടുക്കളത്തോട്ടമുണ്ടാക്കിയത്. കടകളില്‍നിന്നു വാങ്ങുന്ന പച്ചക്കറിയുടെ മോശം നിലവാരമായിരുന്നു പ്രകോപനം. ഏതാനും വര്‍ഷത്തിനകം രൂപയുടെ പച്ചക്കറിക്കൃഷി മട്ടുപ്പാവിലും വീട്ടുവളപ്പിലുമൊതുങ്ങാതെ തൊട്ടടുത്ത് തരിശു കിടന്ന സ്ഥലത്തേക്കും വ്യാപിച്ചു. ആറാം വയസ്സില്‍ അമ്മയോടൊപ്പം പച്ചക്കറിക്കൃഷി  തുടങ്ങിയതാണ് റിയ. തൈകള്‍ നട്ടുതുടങ്ങിയ അവള്‍ ക്രമേണ നനയും മറ്റു പരിപാലനങ്ങളും ഏറ്റെടുത്തു. പുതിയ ഇനം ഫലവൃക്ഷത്തൈകള്‍ കണ്ടാല്‍ അതെക്കുറിച്ചു ചോദിച്ചറിയാനുള്ള അവളുടെ താല്‍പര്യത്തെ രൂപയും പ്രോത്സാഹിപ്പിച്ചു.  ഇന്ന് വിത്തു പാകുന്നതില്‍ മുതല്‍ വിളവെടുപ്പില്‍ വരെ റിയ മിടുമിടുക്കി.  വിത്തുപാകി നനയ്ക്കുന്നതിനപ്പുറം മണ്ണൊരുക്കല്‍ മുതല്‍ വിളവെടുപ്പുവരെ എല്ലാ കൃഷിപ്പണിയും ചെയ്യുമെന്നതാണ് റിയയെ വ്യത്യസ്തയായ കുട്ടിക്കര്‍ഷകയാക്കുന്നത്.  ഗ്രോബാഗില്‍ മണ്ണു നിറയ്ക്കാനും സ്യൂഡോമോണാസ് തളിക്കാനും  പിണ്ണാക്ക് പുളിപ്പിക്കാനും വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതമുണ്ടാക്കാനുമൊക്കെ റിയ മുന്നില്‍ തന്നെയുണ്ടാകുമെന്ന് രൂപ.  സഹോദരി റെയ്‌ന ജോസിനും ഇതിലൊക്കെ താല്‍പര്യമുണ്ടെങ്കിലും പന്ത്രണ്ടാം ക്ലാസിലെ പഠനത്തിരക്കു മൂലം കൃഷിക്കിറങ്ങുന്നത് അവധിദിനങ്ങളില്‍ മാത്രം.

riya-jose-farmer-1-2
റിയയും അമ്മ രൂപയും പച്ചക്കറിത്തോട്ടത്തിൽ

എന്തെങ്കിലുമൊക്കെ നട്ടുപിടിപ്പിക്കുകയാണ് റിയയുടെ ഇഷ്ടവിനോദം. 6 സെന്റ് വീട്ടുവളപ്പിലും മട്ടുപ്പാവിലുമായി ഒട്ടേറെ വൈവിധ്യമുള്ള വിളകള്‍ അമ്മയും മകളും നട്ടുവളര്‍ത്തുന്നു. 100 ചതുര ശ്രമീറ്റര്‍ വിസ്താരമുള്ള മഴമറയുള്ളതുകൊണ്ട് പച്ചക്കറിക്കൃഷിക്ക് മണ്‍സൂണ്‍ അവധിയില്ല. വീടിന്റെ രണ്ടു നിലകളിലെയും മട്ടുപ്പാവുകള്‍ വിളകള്‍ക്കായി നീക്കിവച്ചിരിക്കുന്നു. മട്ടുപ്പാവില്‍ ഗ്രോ ബാഗുകള്‍ വയ്ക്കാനായി പ്രത്യേകം സ്റ്റാന്‍ഡുണ്ട്. ഏകദേശം 250 ഗ്രോബാഗുകളാണ് ഇവിടെയുള്ളത്.  വലിയ ചട്ടികളിലും കന്നാസുകളിലുമായി ഫലവൃക്ഷങ്ങള്‍ക്കും ഇടം കണ്ടെത്തി. 

പച്ചക്കറികളില്‍ റിയയ്ക്ക് ഇഷ്ടക്കൂടുതല്‍ ചീരയിനങ്ങളോടാണ്. സുന്ദരിച്ചീര, പാലക്, വള്ളിച്ചീര , മയില്‍പീലിച്ചീര, പാല്‍ചീര, ചായമന്‍സ, സ്പാനിഷ് ചീര, ശ്രീ ചീര, പൊന്നാരിവീരന്‍, സാമ്പാര്‍ ച്ചീര, അഗത്തിച്ചീര,  ചുവന്നതും പച്ചയും  ചീരകള്‍ എന്നിങ്ങനെ ഒരു വലിയ ശേഖരംതന്നെ റിയ യ്ക്കുണ്ട്. ആറിനം വെണ്ട, മൂന്നിനം തക്കാളി, അഞ്ചിലധികം ഇനം വഴുതന എന്നിവയും ഇവര്‍ക്കുണ്ട്. ഒമ്പതിനം മുളകിനൊപ്പം പടവലം, ചുരയ്ക്ക, പീച്ചില്‍, പാവല്‍, കോവല്‍, നിത്യവഴുതന, കുമ്പളം, നെയ്കുമ്പളം, വെള്ളരി, സാലഡ് വെള്ളരി എന്നിങ്ങനെ എല്ലാ പച്ചക്കറിവിളകളും റിയ നട്ടുനനച്ചു വളര്‍ത്തുന്നു.  കാബേജ്, കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ബ്രോക്‌ലി എന്നിവ കാക്കനാട്ടെ കാലാവസ്ഥയിലും വിളവെടുത്തതുതന്നെ  അവളുടെ കാര്‍ഷിക മികവിനു തെളിവ്. 

riya-jose-farmer-1
റിയ

കാബേജും കോളിഫ്‌ളവറും മഴമറയില്‍ വര്‍ഷം  വളര്‍ത്തി വിളവെടുക്കാറുണ്ട്. വിളവെടുത്ത ശേഷം അവയുടെ തണ്ടുകള്‍ നിലനിര്‍ത്തും. തണ്ടുകളില്‍നിന്നു പുതിയ തൈകള്‍ വരുമ്പോള്‍ മാറ്റിനടുന്നു. അങ്ങനെയാണ് വര്‍ഷം മുഴുവന്‍ കാബേജും കോളിഫ്‌ളവറും വിളവെടുക്കുന്നതെന്ന് റിയ. ഫല വൃക്ഷങ്ങളാണ് റിയയുടെ ശേഖരത്തിലെ ശ്രദ്ധേയമായ മറ്റൊരു ഇനം. പാഷന്‍ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട്, ലെമണ്‍വൈന്‍, സപ്പോട്ട, കസ്റ്റഡ് ആപ്പിള്‍, പലതരം ഓറഞ്ചുകള്‍, മാവ്, പ്ലാവ് എന്നിവയൊക്കെ ഇവിടെയുണ്ട്. മഴമറയ്ക്കുള്ളിലെ മുന്തിരി കായ്ച്ചു തുടങ്ങിയതാണ് റിയയുടെ ഏറ്റവും പുതിയ കൃഷിസന്തോഷം.

മഴക്കാലത്ത് പച്ചക്കറിക്കൃഷി പ്രായോഗികമല്ലെന്നാണ് പൊതുചിന്ത. എന്നാല്‍ മഴ തകര്‍ക്കുമ്പോ ഴും  ഗ്രോബാഗുകളിലെ വെണ്ടയും മുളകുമൊക്കെ റെയിന്‍കോട്ടിട്ടു സംരക്ഷിക്കുന്നത് ഇവിടെക്കാണാം.  ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കവറുകള്‍കൊണ്ടാണ് റെയിന്‍കോട്ടുണ്ടാക്കുക. ഗ്രോ ബാഗിന്റെ മേല്‍ഭാഗം ഉള്ളിലേക്കു മടക്കി, ചിരട്ടകൊണ്ടു ഭാരം വച്ചും റിയ വിളകളെ മഴയില്‍നിന്നു സംരക്ഷിക്കാറുണ്ട്. വെയില്‍ തെളിയുമ്പോള്‍ അതൊക്കെ നീക്കുകയും ചെയ്യും.  

വിവിധയിനം കിഴങ്ങുകളും ഔഷധസസ്യങ്ങളും ഇഞ്ചിയും മഞ്ഞളുമൊക്കെ സ്വയം ഉല്‍പാദിപ്പിക്കണമെന്ന നിര്‍ബന്ധബുദ്ധിയിലാണ് റിയയും കുടുംബാംഗങ്ങളും. തുള്ളിനന സംവിധാനമുള്ള മഴമറയും തിരിനനയുമൊക്കെ ഈ പതിനൊന്നുകാരിക്ക് വീട്ടുവളപ്പിലെ പരിചിത കാഴ്ചകള്‍. ഇത്രയേറെ വിളകളുള്ളതിനാല്‍ വീട്ടാവശ്യത്തിനു വേണ്ടതിനെക്കാള്‍ പച്ചക്കറി ലഭിക്കാറുണ്ട്. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കാന്‍ മാത്രമല്ല, സമീപത്തെ കടകളില്‍ കൊടുക്കാന്‍ പോലുമുള്ള പച്ചക്കറി ഉല്‍പാദിപ്പിക്കാന്‍ ഇത്തിരിവട്ടത്തിലെ കൃഷിയിലൂടെ ഈ എട്ടാംക്ലാസുകാരിക്കു കഴിയുന്നു. 

ഫോണ്‍:9895964957

English summary: Student-farmer sets trend in vegetable cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com