ADVERTISEMENT

കൃഷിയിലേക്കു തിരിഞ്ഞ മലയാളികളെന്നല്ല, കൃഷിയിൽ പുതുമ പരീക്ഷിക്കുന്ന മലയാളികളെന്നായിരിക്കും കോവിഡ്, ലോക്ഡൗൺ കാലത്തു മലയാളികൾക്കു ചേരുന്ന ടാഗ്‌ലൈൻ. അതേ, നിംബു പാനി (നാരങ്ങാ വെള്ളം) ഇഷ്ടപ്പെടുന്ന മലയാളികൾ ചെറുനാരകം കൃഷിയിൽ സജീവമായിരിക്കുന്നു. വിവിധ നഴ്സറികളിൽ പച്ചക്കറി, ഫലവൃക്ഷ തൈകൾക്കൊപ്പം കായ്ച്ചു കിടക്കുന്ന ചെറുനാരക തൈകളും ഇപ്പോൾ പതിവുകാഴ്ച. കോവിഡ് കാലത്ത് ഔഷധഗുണവും പോഷകഗുണവുമുള്ള ഫലം കിട്ടട്ടെ എന്നു കരുതി വാങ്ങുന്നവരേറെ. ലെമൺ ടീ, സാലഡ്, അച്ചാർ, ലെമൺ റൈസ് തുടങ്ങി ചെറുനാരങ്ങ ചേരുന്ന വിഭവങ്ങൾ ഒട്ടേറെയുള്ളതും ചെറുനാരകം വീട്ടിൽ വളർത്താൻ ഒട്ടേറെപ്പേരെ പ്രേരിപ്പിക്കുന്നതായി നഴ്സറി ഉടമകൾ പറയുന്നു. മുൻപു ഫലവൃക്ഷങ്ങൾ വാങ്ങാൻ വന്നിരുന്നവർ കൗതുകത്തിനു ചെറുനാരകത്തിന്റെ തൈ കൂടി വാങ്ങിയിരുന്നെങ്കിൽ, ഇപ്പോൾ ചെറുനാരകത്തൈ തന്നെ ചോദിച്ചു വാങ്ങാൻ എത്തുന്നവരുടെ എണ്ണം കൂടിയതായി കോഴിക്കോട്ട് മലബാർ നഴ്സറി നടത്തുന്ന ഗാർഡൻ ലാൻഡ് സ്കേപ്പർ കൂടിയായ ബൈജു സി. വള്ളിക്കുന്ന് പറയുന്നു. കുറഞ്ഞ സ്ഥലത്തു പോലും വളർത്താമെന്നതും ഒട്ടേറെപ്പേരെ ആകർഷിക്കുന്നു. 

ഇന്ത്യയിൽ കാണുന്ന നാരക ഇനങ്ങൾ

  • നേപ്പാളി റൗണ്ട് – ദക്ഷിണേന്ത്യയിൽ വ്യാപകമായി കാണുന്ന ഇനം. പിഴിഞ്ഞാൽ നിറയെ നീരു കിട്ടുന്നതിനാൽ അച്ചാറിന് അത്യുത്തമം. ജ്യൂസിനും വ്യാപകമായി ഉപയോഗിക്കുന്നു. കുരുവും കുറവാണ്. മലയാളികൾക്കും ഏറെ പ്രിയങ്കരം. 
  • അസം നിംബു – പേരു സൂചിപ്പിക്കുന്നതു പോലെ അസമിലാണ് ഈ ഇനം ഏറെയുമുള്ളത്. അസം നിംബുവിൽ തന്നെ രണ്ടു വ്യത്യസ്ത ഇനങ്ങളുണ്ട്. ഗോൽ നെമുവും കാസി നെമുവും. മധുരം അൽപം കൂടുതലാണു ഗോൽ നെമുവിന്. ജ്യൂസിൽ കൂടുതൽ ഉപയോഗിക്കുന്ന കാസി നെമുവാണ് അസംകാരുടെ പ്രിയ നിംബു. 
  • ലിസ്ബൺ – ഒത്ത തടിയും ഉയരവുമുള്ള ഇളംപച്ച–മഞ്ഞ നിറത്തിലുള്ള ഈ നാരങ്ങയുടെ അറ്റത്ത് ഒത്തൊരു ഞെട്ടുമുണ്ടാകും. പുളിയേറെയാണ് ഈ ഇനത്തിന്. മറ്റിനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിനു വിളവു കുറവാണ്. 
  • സ്വീറ്റ് ലെമൺ – നാരക ഗണത്തിൽപ്പെട്ടതാണെങ്കിലും മുസമ്പി എന്ന വിളിപ്പേരിട്ടു ജ്യൂസ് അടിച്ചു കുടിക്കാനാണ് എല്ലാവർക്കും ഏറെയിഷ്ടം. നീലഗിരിയിലും മലബാർ മേഖലയിലും മുസമ്പി കൃഷി ചെയ്യുന്നുണ്ട്. 
  • ജെനോവ – പിഴിഞ്ഞാൽ ഏറെ നീരു കിട്ടുമെന്നതിനാൽ അച്ചാറിന് കൂടുതൽ ഉപയോഗിക്കുന്നു. മുട്ടയുടെ ആകൃതിയിൽ മഞ്ഞ നിറമാണിതിന്. 
  • റഫ് ലെമൺ – തൊലി നിറയെ കുഞ്ഞൻ മുഴകൾ. ഉത്തരേന്ത്യയിലാണ് ഇതു കൂടുതലായും കാണപ്പെടുന്നത്. നീരു കുറവായതിനാൽ അച്ചാർ ഇടാൻ ഇത് ഉപയോഗിക്കുന്നില്ല. 
  • നേപ്പാളി ഒബ്‌ലോങ്– ആരെയും ആകർഷിക്കുന്ന മൃദുവായ തൊലിയുള്ള ഈ ഇനത്തിന് കുരു കുറവാണ്. ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. പാകത്തിനുള്ള പുളിയാണ് ഇതിന്റെ പ്രത്യേകത. 
  • വിലഫ്രാങ്ക – തിളങ്ങുന്ന മഞ്ഞ നിറത്തോടു കൂടിയ തൊലിയും ശ്രദ്ധിക്കപ്പെടുന്ന ഞെട്ടുമാണ് ഇതിന്റെ പ്രത്യേകത. ഹ്രസ്വകാലത്തേക്കു മാത്രമേ വിളവെടുക്കാനാകൂ. 

മണ്ണ്

ഏതു തരം മണ്ണിലും വളരാനുള്ള കഴിവാണു ചെറുനാരകങ്ങളുടെ പ്രത്യേകത. 5.5നും 7.0നും ഇടയിൽ പിഎച്ച് മൂല്യമുള്ള, നല്ല നീർവാർച്ചയുള്ള മണ്ണിലാണു മികച്ച വിളവു ലഭിക്കുന്നത്. 20–25 ഡിഗ്രി സെൽഷ്യസാണു ചെറുനാരകതൈകൾക്ക് അനുയോജ്യമായ താപനില. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണു കൃഷിക്ക് അനുയോജ്യമായ കാലം. തൈകൾ നടുന്നതിനു മുൻപു മണ്ണു നന്നായി കിളച്ചിടണം. ഒരു ഏക്കറിൽ 200 മുതൽ 250 വരെ തൈകൾ നടാം. 60 സെ.മീ നീളവും വീതിയും ആഴവുമുള്ള കുഴിയാണ് തൈ നടാൻ എടുക്കേണ്ടത്. തൈ നട്ടു നാലാം വർഷം മുതൽ കായ്ച്ചു തുടങ്ങും. 15 മുതൽ 20 വർഷം വരെ വിളവെടുക്കാം. 

വളം 

ചാണകപ്പൊടിയും യൂറിയയുമാണു വളമായി നൽകുന്നത്. മണ്ണിന്റെ പിഎച്ച് മൂല്യവും മറ്റും അറിഞ്ഞു വേണം വളപ്രയോഗം. ആദ്യത്തെ മൂന്ന് വർഷങ്ങളിൽ 20 കി.ഗ്രാം ചാണകപ്പൊടിയും 100 മുതൽ 300 ഗ്രാം വരെ യൂറിയയും മതി. തുടർന്നുള്ള വർഷങ്ങളിൽ ഇതിന്റെ അളവു കൂട്ടണം. ആവശ്യത്തിലേറെ നനച്ചാൽ വേരു ചീയും. കൃത്യമായ ഇടവേളകളിലുള്ള ജലസേചനമാണ് ആവശ്യം. തണുപ്പുകാലത്തു മിതമായ നന മതി. അസുഖം ബാധിച്ചതും ഉണങ്ങിയതും നശിച്ചതുമായ ചില്ലകൾ ഒഴിവാക്കണം.

വിളവെടുക്കാം

5 വർഷമാകുമ്പോൾ നന്നായി കായ്ച്ചു തുടങ്ങും. 160 വരെ ദിവസം എടുത്താണു നാരങ്ങ വിളവെടുക്കാൻ പാകമാകുന്നത്. ഒരു വർഷത്തിൽ മൂന്നോ നാലോ തവണ പറിച്ചെടുക്കാം. അഞ്ചാം വർഷത്തിൽ ഒരു ഹെക്ടറിൽനിന്ന് 70 ക്വിന്റൽ വരെ നാരങ്ങ ലഭിക്കും. 

ചെറുനാരകത്തെ ബാധിക്കുന്ന രോഗങ്ങൾ

ലീഫ് മൈനർ ആണ് പ്രധാനപ്പെട്ട രോഗം. സിട്രസ് ബ്ലാക്ക് ഫ്‌ളൈയും വൈറ്റ് ഫ്‌ളൈയും ആണ് അടുത്ത ശത്രുക്കൾ. സിട്രസ് ത്രിപ്‌സ്, ട്രങ്ക് ബോറെർ, ബാർക് ഈറ്റിങ്ങ് കാറ്റർപില്ലർ, മീലി മൂട്ട, ആന്ത്രാക്‌നോസ് എന്നിവയും ചെറുനാരങ്ങയെ ബാധിക്കുന്നു. ജൈവകീടനാശിനി ഉപയോഗിച്ച് ഇവയെ പ്രതിരോധിക്കാം.

English summary: Lemon Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com