ADVERTISEMENT

പ്രകൃതി കൃഷിയെ സ്നേഹിക്കുന്നവരെ ‘ഓക’ എന്നു പേരിട്ട 7 ഏക്കർ പുരയിടത്തിലേക്കു സ്വാഗതം ചെയ്യുകയാണ് മറ്റക്കര മഞ്ഞാമറ്റം പോത്തനാമല ജോയി ജോ‍ർജ്. ടയർ റീട്രേഡിങ് സ്ഥാപനം നിർത്തി പൂർണമായും പ്രകൃതി കൃഷിയിലേക്ക് ഇറങ്ങിയ ജോയി ജോർജ് മണ്ണിൽ രാസവള പ്രയോഗം നടത്തിയിട്ട് 2 പതിറ്റാണ്ടു കഴിഞ്ഞു. അഞ്ച് ഏക്കർ റബർ തോട്ടത്തിലും രണ്ടേക്കർ കാ‍ർഷിക വിളകളുടെ തോട്ടത്തിലും പൂർണമായും പ്രകൃതി കൃഷി രീതികളാണ്.

സുഭാഷ് പാലേക്കറുടെ ഒരു നാടൻ പശുവും പ്രകൃതി കൃഷിയും എന്ന ആശയമാണ് ജോയി ജോ‍ർജ് (62) പിന്തുടരുന്നത്. കാർഷിക വിളകൾക്കു പുറമേ ഫലവൃക്ഷങ്ങളാലും സമൃദ്ധമാണ് പുരയിടം. ജാതി, ഡ്രാഗൺ ഫ്രൂട്ട്, ബെറാബ, കൊരണ്ടി, വെട്ടി, റംബൂട്ടാൻ, ഇന്ത്യൻ പിസ്ത, മാതളനാരകം, മുള്ളാത്ത, വിവിധയിനം ചാമ്പകൾ, പേരകൾ, പാഷൻ ഫ്രൂട്ട്, ആകാശ വെള്ളരി, മധുരക്കിഴങ്ങ്, അടതാപ്പ്, നനകിഴങ്ങ് തുടങ്ങിയവ വളർന്നു നിൽക്കുന്നു. കാസർഗോട് കുള്ളൻ പശുവിനെ വളർത്തുന്നു. ചാണകം ഉപയോഗിച്ചു വിവിധ വളക്കൂട്ടുകളും പ്രകൃതി കീടനാശിനികളും ജോയി ജോർജ് ഉണ്ടാക്കുന്നുണ്ട്. 

പ്രകൃതികൃഷിയിലേക്ക് വീണ്ടും

ജോയി ജോർജിന്റെ പിതാവ് പൗലോസ് വർക്കിയും പ്രകൃതികൃഷി രീതികളാണ് പിന്തുടർന്നിരുന്നത്. പിതാവിന്റെ മരണശേഷം ജോയി ബിസിനസിലേക്കു മാറിയപ്പോൾ കുറച്ചുനാൾ പുരയിടം കാട് കയറിക്കിടന്നു. തുടർന്ന് വീണ്ടും പ്രകൃതികൃഷിയിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു. നാടൻപശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചു തയാറാക്കുന്ന ജീവാമൃതം, ഘനജീവാമൃതം, ഹരിതകഷായം, അമൃതപാനി, ബീജാമൃതം, ഗോമൂത്രകീടനാശിനി, പഞ്ചഗവ്യം, പുളിച്ചമോരുംവെള്ളം തുടങ്ങിയവയാണ് മണ്ണിനും വിളകൾക്കും പ്രയോഗിക്കുന്നത്.

വളക്കൂട്ടുകൾക്കു പഴങ്ങളും ചക്കക്കുരുവും പുരയിടത്തിലെ കളസസ്യങ്ങളും എല്ലാം ഉപയോഗിക്കുന്നുണ്ട്.  സ്വാഭാവികമായി നിർമിച്ച മീൻ കുളങ്ങളും പുരയിടത്തിലുണ്ട്. നിത്യവഴുതന, കത്രിക്ക, ചതുരപ്പയർ, നാരില്ലാപ്പയർ, വഴുതന, ചീനി, കസ്തൂരിവെണ്ട, മരവെണ്ട തുടങ്ങി ഒട്ടേറെ പച്ചക്കറികളും ഇവിടെ ഉൽപാദിപ്പിക്കുന്നു. കൃഷി വകുപ്പിന്റെ സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി പ്രകൃതി കർഷക പാഠശാലയായി തിരഞ്ഞെടുത്തിരിക്കുന്നതും ജോയി ജോർജിന്റെ പുരയിടമാണ്. കേരള ജൈവകർഷക സമിതിയുടെ ജില്ല പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമാണ് ജോയി ജോർജ്.

പ്രകൃതി കൃഷിരീതികളും, പ്രകൃതി വളക്കൂട്ടുകളും കീടനാശിനികളും ഉണ്ടാക്കുന്ന വിധവും അറിയാൻ ജോയി ജോർജിനെ വിളിക്കാം. 9656566571.

English summary: Natural Farming Practices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com