ADVERTISEMENT

കൃഷിയും പഠനവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് കരിഞ്ചാപ്പാടി പറത്തൊടി സൈഫുല്ലയ്ക്ക്. കംപ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈനിങ് എന്ന വിഷയത്തിൽ എംഫിൽ നേടിയപ്പോഴും മികച്ച യുവ കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം രൂപയുടെ അവാർഡ് ഈ വർഷം ലഭിച്ചപ്പോഴും സൈഫുല്ലയ്ക്ക് ഒരേ ഭാവമായിരുന്നു. പഠിക്കുന്ന സമയത്തു പഠിക്കുക, മണ്ണിലേക്കിറങ്ങുമ്പോൾ നന്നായി അധ്വാനിക്കുക. കഠിനാധ്വാനത്തിന്റെ ഈ മനസ്സു തന്നെയാണ് രണ്ടിടത്തും സൈഫുല്ലയെ ജേതാവാക്കിയത്. 

മലപ്പുറം കുറുവ കൃഷിഭവനു കീഴിലുള്ള കരിഞ്ചാപ്പാടിയിലും പെരിന്തൽമണ്ണയിലും പാലക്കാട് അട്ടപ്പാടിയിലുമായി 22 ഏക്കറിലാണ് സൈഫുല്ലയുടെ കൃഷി. കരിഞ്ചാപ്പാടിയിൽ 5, പെരിന്തൽമണ്ണയിൽ 11, അട്ടപ്പാടിയിൽ 6 ഏക്കർ എന്നിങ്ങനെയാണ് പാട്ടത്തിനു സ്ഥലമെടുത്ത് കൃഷി ചെയ്യുന്നത്. വാഴ, തണ്ണിമത്തൻ, കപ്പ, നെല്ല്, പച്ചക്കറികൾ, ഔഷധസസ്യങ്ങൾ എന്നിങ്ങനെ മണ്ണിലെ വരുമാനത്തിനു പല വഴികളുണ്ട്. 

വാഴയാണു പ്രധാന വരുമാനം. നേന്ത്രൻ, ഞാലിപ്പൂവൻ, പൂവൻ, മൈസൂരു, കദളി, റോബസ്റ്റ എന്നിങ്ങനെ 8000 വാഴകളുണ്ട്. ടിഷ്യൂകൾചർ തൈകളാണ് കൃഷിക്ക് ഉപയോഗിക്കുക. ടിഷ്യു തൈകൾക്ക് രോഗം കുറവും ഉൽപാദനം കൂടുതലുമാണ്. കൂടുതലും നേന്ത്രനാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയായതിനാൽ രാസവളമാണ് ഉപയോഗിക്കുന്നത്. സീസൺ കണക്കാക്കിയുള്ള കൃഷിയായതിനാൽ  വിപണിയിലെ വിലക്കുറവ് വല്ലാതെ ബാധിക്കാറില്ല.

saifulla-2
സൈഫുല്ല കൃഷിയിടത്തിൽ

ഇടവിളയുടെ ലാഭം

വാഴകൾക്കിടയിലുള്ള ഇടവിളയാണു വരുമാനത്തിന്റെ മറ്റൊരു മാർഗം. പച്ചക്കറികൾക്കൊപ്പം ഔഷധസസ്യങ്ങളും കൃഷി ചെയ്യും. തുളസി, കുറുന്തോട്ടി, നീലയമരി, ആടലോടകം, ചെത്തിക്കൊടുവേലി, ചെങ്ങഴിനീർക്കിഴങ്ങ് എന്നിവയാണു പ്രധാന ഔഷധസസ്യങ്ങൾ. ആയുർവേദ കമ്പനികൾക്കാണു ഇവയെല്ലാം വിൽക്കുക. കുറുന്തോട്ടിയും തുളസിയും കിലോ 20 രൂപയ്ക്കാണു വിൽക്കുന്നത്. 

വാഴക്കന്നു നടുന്നതോടൊപ്പം തന്നെ മത്തൻ, ചിരങ്ങ, പാവൽ, വെണ്ട, പയർ എന്നിവ ഇടവിളയായി നടും. രണ്ടു മാസം കൊണ്ടു തന്നെ ഇതിൽ നിന്നു വരുമാനം ലഭിക്കും. 6 മാസമാകുമ്പോഴേക്കും ഔഷധസസ്യങ്ങളുടെയും വിളവെടുപ്പ് നടക്കും. ഇതെല്ലാം കഴിയുമ്പോഴേക്കും വാഴക്കുല വെട്ടാറാകും. ഒരേയിടത്തിൽ നിന്നു തന്നെ ഇടവിട്ടു വരുമാനം ഉണ്ടാക്കുന്നതാണു സൈഫുല്ലയുടെ രീതി. 

ജനുവരിയിലാണു തണ്ണിമത്തൻ കൃഷി തുടങ്ങുന്നത്. മാർച്ച് പകുതിയാകുമ്പോഴേക്കും വിളവെടുക്കാറാകും. പുറംഭാഗത്ത് മഞ്ഞ, അകത്തു മഞ്ഞ, കിരൺ, നാടൻ എന്നിങ്ങനെ നാല് ഇനമാണു കൃഷി. 3 ഏക്കറിലാണ് ഇക്കുറി കൃഷി ചെയ്തത്. ഒരു ഏക്കറിൽ നിന്ന് 10 ടൺ വിളവെടുത്തു.  ഉള്ളിൽ മഞ്ഞ നിറമുള്ളതിനാണു കൂടുതൽ വില ലഭിക്കുക. കിലോ 40 രൂപയ്ക്കാണ് ഇക്കുറി വിറ്റത്. ഉൽപാദനം കൂടുതൽ ഉണ്ടാകുക കിരണും. 

ഒരേക്കറിൽ നെൽകൃഷിയുണ്ട്. ഞവരയും രക്തശാലിയുമാണു കൂടുതലും ചെയ്യുന്നത്. കൂടുതൽ വില ലഭിക്കുക ഇവയ്ക്കാണ്. 

അട്ടപ്പാടിയിൽ മൂന്നു സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കപ്പക്കൃഷിയാണ്. ഉയർന്ന പ്രദേശമായതിനാൽ മഴക്കെടുതിയൊന്നും അവിടെയുണ്ടാകില്ല. വളക്കൂറുള്ള മണ്ണായതിനാൽ വിളവും കൂടും. എല്ലാ വിളയുടെയും വിപണി നാട്ടിൽ തന്നെയാണ്. 

ചെറുപ്രായത്തിലേ കൃഷി

ഉപ്പ കുഞ്ഞാലൻ പരമ്പരാഗത കൃഷിക്കാരനാണ്. 15 വർഷം മുൻപ് സൈഫുല്ല ഉപ്പയോടൊപ്പം കൃഷിക്കിറങ്ങി. കാർഷിക സർവകലാശാലയിൽ നിന്നു ബിരുദാനന്തര ബിരുദം നേടിയ ശേഷം കേരള സർവകലാശാലയിൽ നിന്നാണു എംഫിൽ എടുത്തത്. 

മുംബൈ ആസ്ഥാനമായുള്ള രാസവള കമ്പനിയുടെ കൺസൽറ്റന്റാണ് സൈഫുല്ല. ഭാര്യ ആശിത കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയാണ്. യുവജനക്ഷേമ ബോർഡിന്റെ യുവപ്രതിഭാ പുരസ്കാരവും സൈഫുല്ലയ്ക്കു ലഭിച്ചിട്ടുണ്ട്. കുറുവ കൃഷി ഓഫിസർ ഷുഹൈബ് തൊട്ടിയൻ ആണ് സാങ്കേതിക ഉപദേശമെല്ലാം നൽകുന്നത്. 

നല്ല വിത്ത്

വിത്തു നന്നായാൽ വിളവും നന്നാകുമെന്നാണ് സൈഫുല്ല പറയുന്നത്. പരമ്പരാഗത വിത്തുകളല്ല സൈഫുല്ല ഉപയോഗിക്കുന്നത്. അത്യുൽപാദന ശേഷിയുള്ള വിത്തുകൾ കരിങ്കല്ലത്താണിയിലെ വിത്തു മൊത്തവിപണന കേന്ദ്രത്തിൽ നിന്നു ലഭിക്കും. നല്ല വിത്തു ലഭിക്കാത്തതാണ് ഇപ്പോഴത്തെ കർഷകർ  നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സൈഫുല്ല പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ഹൈബ്രിഡ് വിത്തുകളാണു നല്ലതെന്നാണ് ഈ യുവകർഷകന്റെ അഭിപ്രായം.

(സൈഫുല്ല–9895601597)

English summary: Mixed farming, Profit-Earning way of farming

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com