ADVERTISEMENT

എറണാകുളം നഗരത്തിൽ ചിറ്റൂർ  അമ്പലത്തിനു പിന്നിലെ അജയിന്റെ പാടത്ത് പതിനഞ്ചോളം വിളകളാണ് തുടർച്ചയായി കൃഷി ചെയ്യുന്നത്. സൂര്യകാന്തിയും കടുകും ചീരയും ചോളവും പാക്ചോയിയയുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഒരു മുറിയിലൊതുങ്ങുന്ന ഈ  പാടങ്ങളിൽ ദിവസേന വിളവെടുപ്പു നടത്തി തെറ്റില്ലാത്ത വരുമാനം കണ്ടെ ത്താൻ അദ്ദേഹത്തിനു കഴിയുന്നു. മുറിക്കുള്ളിലെ പാടമെന്നു കേട്ടപ്പോൾ ആശയക്കുഴപ്പമായോ? സംശയിക്കേണ്ട, ഇതു മൈക്രോഗ്രീൻ കൃഷിയാണ്. ഭക്ഷ്യവിളകളുടെ വിത്ത് കിളിർപ്പിച്ച് രണ്ടിലപ്പരുവമാകുമ്പോൾ പച്ചക്കറിവിളയായി ഉപയോഗിക്കുന്ന രീതി. ഏറെ പോഷകസമൃദ്ധമായ ഈ ഇത്തരിപ്പച്ച ആരോഗ്യഭക്ഷണത്തിനു പ്രാധാന്യം നൽകുന്നവരുടെ ഇഷ്ടവിഭവമാണ്. അടുക്കളകളിൽ വീട്ടമ്മമാർ വളർത്തിയിരുന്ന മൈക്രോഗ്രീൻ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ചു വരുമാനം കണ്ടെത്തുകയാണ് അജയ് എന്ന സംരംഭകൻ. ‘ഗ്രോ ഗ്രീ‍ൻസ്’ എന്ന ഈ സംരംഭം ഒരുപക്ഷേ കേരളത്തിലെതന്നെ ഇത്തരത്തിലുള്ള പ്രഥമ ഹൈടെക് അർബൻ ഇൻഡോർ ഫാമായിരിക്കാം.

മുളപ്പിച്ച വിത്തുകളും (സ്പ്രൗട്ട്) മൈക്രോ ഗ്രീൻസും തമ്മിൽ വ്യത്യാസമുണ്ടെന്ന കാര്യം പലർക്കും അറിയില്ലെന്ന് അജയ് ചൂണ്ടിക്കാട്ടുന്നു. സ്പ്രൗട്ടിന്റെ അടുത്ത വളർച്ചഘട്ടമാണ് മൈക്രോഗ്രീൻ. മുളച്ച വിത്തിൽനിന്നു ബീജപത്രങ്ങൾക്കു പുറമെ ആദ്യത്തെ 2 ഇലകൾ കൂടി ആയിക്കഴിയുമ്പോഴാണ് മൈക്രോഗ്രീനായി ഉപയോഗിക്കുക. ഹരിതകമുപയോഗിച്ച് പ്രകാശസംശ്ലേഷനം നടത്തുന്ന മൈക്രോഗ്രീനിൽ പോഷകാംശം കൂടും.  വേവിക്കാതെയാണ് ഇവ ഭക്ഷിക്കേണ്ടത്. പൊതുവേ സാലഡുകളിൽ ഉപയോഗിക്കുന്ന ഇവ കറികളുടെയും മറ്റും മീതേ വിതറുകയുമാവാം. ഇവയുടെ വേര് ഭക്ഷണമായി ഉപയോഗിക്കാറില്ലെന്ന് അജയ് പറയുന്നു. സാധാരണ ഭക്ഷ്യവിളകളിലുള്ളതിന്റെ 40 മടങ്ങുവരെ പോഷകസാന്ദ്രമായിരിക്കുമത്രെ അവയുടെ മൈക്രോഗ്രീൻ പതിപ്പുകൾ. ഇതൊക്കെയാണെങ്കിലും വേ വിക്കാത്ത ഭക്ഷണം മലയാളി ഇനിയും വേണ്ടത്ര ശീലിച്ചില്ലെന്ന് അജയ് ചൂണ്ടിക്കാട്ടി. സലാഡ് എന്നാൽ ഏറെപ്പേർക്കും  സവാളയും തക്കാളിയും മാത്രം. വ്യത്യസ്തതരം മൈക്രോഗ്രീൻസ് ചേർത്ത് വേറിട്ട രുചികളിൽ സലാഡ് തയാറാക്കാനാകും. ഇക്കാര്യങ്ങൾ അറിയാവുന്ന വീട്ടമ്മാർ പോലും തെറ്റായ രീതിയിലാണ് മൈക്രോഗ്രീൻ ഉൽപാദിപ്പിക്കുന്നതെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി. അച്ചടിച്ച കടലാസിലും പ്ലാസ്റ്റിക്കിലുമൊക്കെ മൈക്രോഗ്രീൻ വളർത്തുന്ന തുതന്നെ ഉദാഹരണം. ശരിയായ രീതിയിൽ മൈക്രോഗ്രീൻ ഉൽപാദിപ്പിക്കാനും ഉപയോഗിക്കാനും മലയാളികളെ ശീലിപ്പിക്കുകയാണ് ഗ്രോ ഗ്രീൻസിന്റെ ലക്ഷ്യം

micro-green-1

വീട്ടമ്മമാരും ഷെഫുമാരുമാണ് അജയിന്റെ പ്രധാന ഉപഭോക്താക്കള്‍. എറണാകുളത്ത് പ്രധാന സ്റ്റാർ ഹോട്ടലുകളിലും സൂപ്പർ മാർക്കറ്റുകളിലും  പതിവായി മൈക്രോഗ്രീൻ നൽകിവരുന്നു. ഗ്രോ ഗ്രീൻസ്  ബ്രാൻഡിൽ ചെറു പായ്ക്കറ്റുകളായാണ് വിപണനം. മൈക്രോ ഗ്രീൻസ് പരിചയിച്ചിട്ടില്ലാത്തവർക്കുവേണ്ടി 99 രൂപയുടെ സാമ്പിൾ പായ്ക്കറ്റും 150–170 രൂപയുടെ റെഗുലർ പായ്ക്കറ്റും. ഇനഭേദമനുസരിച്ച് റെഗുലർ പായ്ക്കറ്റിന്റെ വിലയിൽ മാറ്റം വരാം. പൊതുവെ കിലോയ്ക്ക് 1500–2000 രൂപ വില പ്രതീക്ഷിക്കാം. ഒരു വർഷം മുന്‍പായിരുന്നു തുടക്കം. ബെംഗളൂരുവിൽനിന്നും മുംബൈയിൽനിന്നുമൊക്കെ ഉയർന്ന വിലയ്ക്ക് മൈക്രോഗ്രീൻ വാങ്ങിച്ചിരുന്ന ഷെഫുമാരാണ് ഗോ ഗ്രീൻസിന്റെ വരവിൽ സന്തോഷിച്ചത്. കുറഞ്ഞ വിലയിൽ ഫ്രഷ് ഉൽപന്നം വാതിൽക്കലെത്തുമല്ലോ. ഓരോ ദിവസത്തെയും വിളവെടുപ്പ് അജയ് തന്നെ പായ്ക്ക് ചെയ്ത് എത്തിക്കുകയാണ് പതിവ്. സംരംഭകനോ കുടുംബാംഗങ്ങൾക്കോ ഫാമിലെ എല്ലാ ജോലികളും ചെയ്യാനാകുമെന്നതാണ് ഈ കൃഷിയുടെ സവിശേഷത.

വീടിന്റെ രണ്ടാം നിലയിലെ ചെറു മുറിയാണ് അജയിന്റെ ഫാം. അതിലെ 2 ഷെൽഫുകളിലൊതുങ്ങുന്നു ഗ്രോ ഗ്രീൻസ് പാടശേഖരം. റാക്കിലെ ഓരോ ട്രേയുമാണ് ഓരോ ഇനവും വിളവിറക്കുന്ന പാടങ്ങൾ. ആധുനിക കൃഷി രീതികൾക്ക് അനുസരിച്ച് കൃത്രിമ വെളിച്ചവും ഫാനും  ശുദ്ധീകരിച്ച വെള്ളവുമൊക്കെ ഉപയോഗിച്ച് ഗ്രോ റൂമിലെ നിയന്ത്രിത അന്തരിക്ഷത്തിൽ ഉൽപാദനം നടത്തുന്ന ഇൻഡോർ ഫാം തന്നെ ഇത്. പ്രത്യേക ചതുരപ്പാത്രങ്ങളിൽ (ട്രേ) ചകിരിച്ചോര്‍ നിരത്തി നനച്ചശേഷമാണ് വിത്തു വിതറുക. ആദ്യത്തെ  2 ദിവസം ഈ ട്രേകൾ സാധാരണ അന്തരീ ക്ഷത്തിൽ സൂക്ഷിക്കും. എല്ലാ വിത്തും മുളച്ചു തുടങ്ങിയശേഷം ഗ്രോ റൂമിലേക്കു മാറ്റുന്നു. ഡീ ഹുമിഡിഫയർ ഘടിപ്പിച്ച ഗ്രോറൂം പൂർണമായും ഈർപ്പരഹിതമാണ്.  7–10 ദിവസത്തിനുള്ളിൽ  തൈകൾ 2–4 ഇഞ്ച് വളർന്നിട്ടുണ്ടാകും. അപ്പോള്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം. പൂർണശേഷി പ്രയോജനപ്പെടുത്തിയാൽ ഈ പാടശേഖരത്തിൽനിന്നു ദിവസേന 10 കിലോ വീതം നേടാനാകുമെന്ന് അജയ് പറയുന്നു. ഇപ്പോൾ 3–4 കിലോ ഉൽപാദനമേ വേണ്ടി വരുന്നൂള്ളൂ

മൈക്രോഗ്രീൻകൃഷി വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്നതിനു ചില മാനദണ്ഡങ്ങളും നിലവാരങ്ങളും പാലിക്കേണ്ടതുണ്ടെന്നു അജയ്. ഒരു പാത്രത്തിൽ കുറച്ചു പയറോ കടലയോ മുളപ്പിച്ച് കിലോയ്ക്ക് 2000 രൂപ നിരക്കിൽ വിൽക്കാനാവില്ല. സാധാരണ കൃഷിയിലുപയോഗിക്കുന്ന ധാന്യ–പയർ വിത്തുകളൊന്നും മൈക്രോഗ്രീനുണ്ടാക്കാൻ യോജ്യമല്ല. കാരണം കീടനാശിനികളുടെയും കുമിൾനാശിനികളുടെയുമൊക്കെ സാന്നിധ്യം അവയിലുണ്ടാകാം. മൈക്രോഗ്രീൻ ഉൽപാദനത്തിനായി പ്രത്യേകം വിത്തുകൾ വാങ്ങാൻ കിട്ടും. ജനിതകമാറ്റം വരുത്താത്തതും സ്വാഭാവിക സാഹചര്യങ്ങളിൽ ഉൽപാദിപ്പിച്ചതുമായ വിത്തുകൾ മാത്രമെ ഇതിന് ഉപയോഗിക്കാനാവൂ. ബെംഗളൂരു, പുണെ, ഹൈദരാബാദ് എന്നിവടങ്ങളിൽനിന്നാണ് അജയ് വിത്തു വാങ്ങുന്നത്. കോൾറബി പർപ്പിൾ, ഗ്രീൻ മസ്റ്റാർ ഡ്, യെല്ലോ മസ്റ്റാർഡ്, കൊൾറബി ഗ്രീൻ, റാഡിഷ് സാംഗോ പർപ്പിൾ, അമരാന്തസ് റെഡ്, ടർണിപ് പർപ്പിൾടോപ്പ്, പാക്ചോയ്, കോൺ, അരുഗുള റോക്കറ്റ്, റാഡിഷ് റെഡ്,  റാഡിഷ് ചൈനാ റോസ്, റാഡിഷ് വൈറ്റ്, സൺഫ്ലവർ, ഹെൽത്ത് മിക്സ് മൈക്രോ ഗ്രീൻസ്, മിക്സ് മൈക്രോ ഗ്രീൻസ്, ആൽഫാൽഫാ, ഫെനുഗ്രീക്ക്, സിലാൻട്രോ എന്നിങ്ങനെ പോകുന്ന അജയിന്റെ ഫാമിൽനിന്നു വിപണിയിലെത്തുന്ന മൈക്രോ ഗ്രീൻ ഇനങ്ങൾ.  ഇനഭേദമനുസരിച്ച്  രുചിയിലും മാറ്റമുണ്ട്.

ഫോൺ: 7306299044

English summary: How to Grow Microgreens Indoors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com