ADVERTISEMENT

സമ്മിശ്രക്കൃഷിയും സംയോജിതകൃഷിയുമൊക്കെ ഏക്കറുകണക്കിനു  കൃഷിയിടമുള്ളവർക്കു മാത്രമുള്ളതാണെന്ന് ആരു പറഞ്ഞു? എറണാകുളം തമ്മനത്തെ മസ്ജിദ് റോഡിലുള്ള ഇരുനില വീടിന്റെ മട്ടുപ്പാവിൽ സംയോജിത കൃഷിയുടെ മിനിയേച്ചർ പതിപ്പ് ഒരുക്കിയിരിക്കുകയാണ് കേളന്തറ ഷൈജുവും കുടുംബാംഗങ്ങളും. വിവിധതരം ഫലവൃക്ഷങ്ങളും പച്ചക്കറികളുമൊക്കെ വിളയുന്ന മട്ടുപ്പാവുകൾ നാം കണ്ടിട്ടുണ്ടാകും. എന്നാൽ ഇവിടെ കോഴിയും മുയലും താറാവുമൊക്കെ ചേർന്ന് പരസ്പരപൂരകമായ കൃഷിയിടം തീർത്തിരിക്കുകയാണ്. ഷൈജുവിന്റെ ഭാര്യ സുനിതയ്ക്ക്  മട്ടുപ്പാവിലെത്തുകയേ വേണ്ടൂ– അടുക്കളയിലേക്കു വേണ്ട പഴം പച്ചക്കറികളും മുട്ടയും മീനും മാംസവുമൊക്കെയായി ഇറങ്ങാം! അത്യാവശ്യം വീട്ടുചികിത്സയ്ക്കുള്ള  ഔഷധസസ്യങ്ങളും ഇവിടെയുണ്ട്.

വിളവൈവിധ്യമാണ് ഈ നഗരക്കൃഷിയെ വേറിട്ടതാക്കുന്നത്. പയറും പാവലും മത്തനും  മുതൽ ആടലോടകവും ചായമൻസയുമൊക്കെ ഈ ടെറസ്സിലുണ്ട്. അമ്പതോളം ഫലവൃക്ഷങ്ങളാണ് 850 ചതുരശ്രയടി മാത്രമുള്ള മട്ടുപ്പാവിലുള്ളത്. അവയിൽ നെല്ലി, മാതളം, ചൈനീസ് ഓറഞ്ച്, സപ്പോട്ട, പനിനീർചാമ്പ,  അമ്പഴം, സ്റ്റാർഫ്രൂട്ട്, ആത്ത, കിളിഞാവൽ  എന്നിവയൊക്കെ ഫലം നൽകിത്തുടങ്ങി. ഓൾ സീസൺ മാവും വിവിധ ഇനം പേരകളും എല്ലാ കാലത്തും കേളന്തറവീടിന്റെ മട്ടുപ്പാവിനെ ഫലസമൃദ്ധമാക്കുന്നു.  മൽഗോവ, അൽഫോന്‍സോ, മൂവാണ്ടൻ എന്നിവ വൈകാതെ പൂവിടുമെന്ന പ്രതീക്ഷയിലാണ് ഷൈജു.  പ്ലാസ്റ്റിക് ബാരലുകളിൽ നടീൽമിശ്രിതം നിറച്ചാണ് നട്ടിരിക്കുന്നത്. കുള്ളൻ ഇനങ്ങളും ഗ്രാഫ്റ്റുമാണ് ഫലവൃക്ഷങ്ങളിലേറെയും. അതുകൊണ്ടുതന്നെ കായിക വളർച്ച പൂർത്തിയാക്കി അതിവേഗം ഫലം നൽകാൻ ഇവയ്ക്കു കഴിയും. ചെറിയ പൊള്ളലുകൾക്കു മരുന്നായി ഉപയോഗിക്കാവുന്ന നാച്വറൽ ബർണോൾ, കടന്നൽകുത്തിന്റെ അസ്വസ്ഥതകൾ നീക്കുന്ന ആഫ്രിക്കൻ സസ്യം, മുറിവുണക്കുന്ന മുറിവൂട്ടി, അയ്യമ്പാല, കിളിവെറ്റില, ചങ്ങലം പരണ്ട, രാമച്ചം, വയമ്പ്, മിനിയേച്ചർ യൂക്കാലിപ്റ്റസ്, തിപ്പലി എന്നിങ്ങനെ മുപ്പതോളം ഔഷധസസ്യങ്ങളാണ് ഇവർക്കുള്ളത്. റോസ്മേരി, സെലറി, ആഫ്രിക്കൻ മല്ലി എന്നിങ്ങനെ വിദേശ ഇനങ്ങളുമുണ്ട്. ചെടികൾക്ക് നടുവിലായി കോഴിയും താറാവും മുയലും വളരുന്നു. പതിവായി  മുട്ടയിടുന്ന ബിവി 380 ഇനം കോഴിക്കു  പുറമെ നാടൻകോഴി, കരിങ്കോഴി, കാട, വെളുത്ത കാട  എന്നിവയും പക്ഷിക്കൂട്ടത്തിലുണ്ട്. ദിവസേന 7–8 മുട്ട ഉറപ്പാണെന്ന് സുനിത പറയുന്നു. വളർത്തുപക്ഷികളുടെ കാഷ്ഠമാണ് ടെറസിലെ എല്ലാ ചെടികളുടെയും പ്രധാന വളം.  ചെറിയ ടാങ്കിൽ 250  കറൂപ്പ് (അനാബസ് ) മത്സ്യങ്ങളും വളരുന്നുണ്ട്. അന്തരീക്ഷത്തിൽനിന്നു ശ്വസിക്കാാൻ കഴിയുന്ന ഈ മത്സ്യങ്ങൾക്ക് വെള്ളത്തിലെ പ്രാണവായുവിന്റെ അളവ് പ്രശ്നമാകില്ലെന്ന മെച്ചവുമുണ്ട്. ചെറുതേനീച്ചകളുടെ ഒരു കോളനിക്കും   മട്ടുപ്പാവിൽ ഇടം കിട്ടിയിട്ടുണ്ട്. ഒരു ആടിനുകൂടി ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഷൈജു. 

എട്ടു വർഷം മുമ്പ് കൃഷിവകുപ്പിൽനിന്ന് 500 രൂപയ്ക്കു ലഭിച്ച്  20 ഗ്രോബാഗുകളും പച്ചക്കറിതൈകളുമായി ആരംഭിച്ച കൃഷി ഇത്രയും വിപുലമായത് സുനിതയുടെയും മക്കളായ എൽവിൻ, നെവിൻ, ക്രിസ്വിൻ എന്നിവരുടെയും സഹകരണം മൂലമാണെന്നു ഷൈജു ചൂണ്ടിക്കാട്ടി. കണ്ണൂർ ജില്ലയിൽ കെഎസ്ഇബി എൻജിനീയറായ ഇദ്ദേഹം വാരാന്ത്യങ്ങളിൽ മാത്രമാണ് വീട്ടിലുണ്ടാവുക. മറ്റു ദിവസങ്ങളിൽ വിളപരിപാലനത്തിന്റെയും മൃഗസംരക്ഷണത്തി ന്റെയും ഉത്തരവാദിത്തം മക്കൾ ഏറ്റെടുത്തിരിക്കുകയാണ്. 

കെഎസ്ഇബി യിലെ ഒദ്യോഗിക ചുമതലകൾക്കു പുറമെ  ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയും ജീവകാരുണ്യ പ്രവർത്തനങ്ങളുമൊക്കെ നടത്തുന്ന ഷൈജുവിനു കൃഷിക്കു സമയമില്ലെന്ന പല്ലവിയോട് തീരെ യോജിപ്പില്ല. അയൽവാസികളുടെ കൂട്ടായ്മകൾക്ക് നഗരത്തിലെ തരിശായി കിടക്കുന്ന സ്ഥലങ്ങൾ പ്രയോജനപ്പെടുത്തി വലിയ തോതിൽ ഭക്ഷ്യോൽപാദനം നടത്താനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മസ്ജിദ് റോഡിലെ  റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മരച്ചീനിക്കൃഷി നടത്തിയിരുന്നു

terrace-garden
ഷൈജുവും കുടുംബവും ടെറസിലെ കൃഷിയിടത്തിൽ

നഗരക്കൃഷിയിലെ പ്രധാന വെല്ലുവിളി നിലവാരമുള്ള കാർഷികോപാധികളുടെ ലഭ്യതയാണ്. പല പദ്ധതികളുടെയും ഭാഗമായി നല്‍കുന്ന ഗ്രോബാഗുകളും  അതിലെ മണ്ണും തീരെ നിലവാരമില്ലാത്തവയാണെന്ന് അദ്ദേഹം ചൂണ്ടി ക്കാട്ടി. ശരിയായി തയാറാക്കാത്ത നടീൽമിശ്രിതവും വേഗം കീറിനശിക്കുന്ന ഗ്രോബാഗും ഒട്ടേറെപ്പേരുടെ ഉത്സാഹം കെടുത്തുന്നു. ഗ്രോബാഗുകളുടെ ആവർത്തിച്ചുള്ള ഉപയോഗം കുറയ്ക്കാൻ  പ്ലാസ്റ്റിക് ബാരലുകൾ നല്ലതാണ്. നല്ല  കൃഷിയിടങ്ങളിൽനിന്നുള്ള മേൽമണ്ണിനൊപ്പം ചുവന്ന മണ്ണും കലർത്തിയ മിശ്രിതത്തിൽ  ഡോളമൈറ്റ്, എല്ലു പൊടി, വേപ്പിൻപിണ്ണാക്ക്, കമ്പോസ്റ്റ്, ചാണകപ്പൊടി, ചകിരിപ്പൊടി, ഉമി എന്നിവ ചേർത്താണ് ഷൈജു നടീൽമിശ്രിതം തയാറാക്കുന്നത്. തറയിൽനിന്ന്  തെല്ലുയർത്തി, ഇരുമ്പുസ്റ്റാൻഡുകളിലാണ് മണ്ണുനിറച്ച ബാരലുകൾ സ്ഥാപിക്കുക. മിതമായി തോതിൽ മാത്രം നന നൽകും. ബാരലുകൾ ഉയർന്നുനിൽക്കുന്നതിനാൽ അധികമുള്ള ജലം കെട്ടിക്കിടക്കുന്നതുമൂലം മട്ടപ്പാവിനു ദോഷമുണ്ടാകില്ല. എല്ലാ ആഴ്ചയിലും മട്ടുപ്പാവ് വൃത്തിയാക്കാനും പായൽ വളർച്ച ആരംഭിക്കുമ്പോൾ തന്നെ പ്രഷർ വാഷറുപയോഗിച്ച് കഴുകി നശിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. വർഷത്തിലൊരിക്കൽ മട്ടുപ്പാവ് വെള്ളപൂശി സംരക്ഷിക്കാനും ഷൈജു മറക്കാറില്ല. 

ഫോൺ: 9447084491

English summary: Precision farming at terrace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com