ADVERTISEMENT

ഒരു വള്ളി നട്ടാൽ ഒരു പതിറ്റാണ്ടാണ് അതിന്റെ നേട്ടം. ആ വള്ളി ഏതെന്നു ചോദിച്ചാൽ കോവൽ വള്ളി എന്നുത്തരം. ഗ്രാമപ്രദേശങ്ങളിലെ വീടുകളുടെ പിന്നാമ്പുറത്ത് ഏതെങ്കിലും ഒരു മരത്തിൽ അലസമായി കയറുന്ന രീതിയിൽ ഈ വള്ളിയെ പണ്ടുമുതലേ കാണാറുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരാണ് ഈ വളളിയെ ചെറു പന്തലുകളിലേക്ക് കുടിയിറക്കിയത്. പന്തലിൽ നിന്ന് അച്ചടക്കമില്ലാതെ ഈ വള്ളികൾ താഴേക്കു തൂങ്ങിയാൽ കായകൾ ഉണ്ടാവില്ല. എന്നു മാത്രമല്ല ക്രമേണ വളർച്ച മുരടിച്ചു പാഴ്‌വള്ളികളാകും.

കോവലിനെ നാലു ദിവസത്തിൽ ഒരിക്കൽ സന്ദർശിച്ചാൽ അവ നമ്മെ വെറും കയ്യോടെ തിരിച്ചയയ്ക്കില്ല. ഒരു കറിക്കുള്ള കായകൾ നിശ്ചയമായും തന്നു വിടും. വള്ളികളെയെല്ലാം പന്തലിലേക്കു കയറ്റി വിടണം. ഇങ്ങനെ നമ്മൾ ‘മേൽഗതി’ ഒരുക്കിക്കൊടുത്ത വള്ളികൾ തൊട്ടടുത്ത ആഴ്ചയിൽ പൂക്കളും കായ്കളുമായി നമ്മെ വിസ്മയിപ്പിക്കും.

നഗരവാസികൾക്ക് ഇത്തിരി സ്ഥലത്തു പന്തലൊന്നും ഇടാൻ കഴിഞ്ഞെന്നു വരില്ല. ചുറ്റുമതിലിന്റെ മുകളിൽ ഇരുമ്പു നാട്ടകൾ സ്ഥാപിച്ച് അവയെ നാലഞ്ചു നിരയായി പ്ലാസ്റ്റിക് കോട്ടിങ് ഉള്ള കമ്പികൾ കൊണ്ടു ബന്ധിപ്പിച്ച് അതിലേക്കു കയറ്റി വിടുക. രണ്ട് മൂന്ന് മാസം കഴിഞ്ഞാൽ പിന്നെ ചറപറാന്ന് കായ്ക്കാൻ തുടങ്ങും. വേനൽക്കാലത്താണ് ഇവ ഏറ്റവുമധികം കായകൾ തരിക. ഈ സമയത്ത് ഇത്തിരി ചാണകപ്പൊടിയും പച്ചക്കറി അവശിഷ്ടങ്ങളും വളമായി നൽകി ഒന്നിടവിട്ട ദിവസം നനച്ചു കൊടുത്താൽ ഇവ നിർലോഭം കായ്ക്കും.

മേയ്–ജൂൺ മാസങ്ങളാണ് നടീലിന് ഉത്തമം. നന്നായി കായ്ക്കുന്ന കോവലിന്റെ ഒരു കഷ്ണം വള്ളിയെടുക്കുക. എന്നിട്ട് അതിന്റെ താഴ്ഭാഗത്തെ മൂന്ന് മുട്ട് മണ്ണിനടിയിലാവുന്ന വിധം നടുക. ഇങ്ങനെയെടുക്കുന്ന വള്ളിക്ക് എത്ര നീളം വേണമെന്നൊക്കെ ചിലർ സംശയിക്കും. വലം കയ്യുടെ നീളത്തിൽ ഒരു വള്ളി മുറിച്ചങ്ങു നടുക. പിന്നൊരു പതിറ്റാണ്ടുകാലത്തേക്ക് കോവയ്ക്ക അടുക്കളയിൽ നിന്നൊഴിയില്ല.

English summary: How To Grow Ivy Gourd 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com