ADVERTISEMENT

പത്തനംതിട്ട വെച്ചൂച്ചിറക്കാരി ലീലാമ്മ മാത്യുവിന് കൃഷി തന്റെ ദിനചര്യയാണ്. ഒന്നരയേക്കര്‍ പുരയിടത്തിലെ കൃഷിയുടെ വിജയമന്ത്രവുമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ മികച്ച വനിതാ കര്‍ഷക അവാര്‍ഡ് നേടിയിരിക്കുകയാണ് അറുപത്തേഴുകാരിയായ ലീലാമ്മ.

leelamma-1

കപ്പ, ചേന, ചേമ്പ്, കാച്ചില്‍, വാഴ, മഞ്ഞള്‍, ഇഞ്ചി എന്നിവ കൂടാതെ എല്ലാവിധ പച്ചക്കറികളും തന്റെ പരിമിതമായ സ്ഥലത്ത് വിളയിച്ചെടുക്കുകയാണ് ഈ വീട്ടമ്മ. നീണ്ടകാലത്തെ ഗള്‍ഫ് ജീവിതമവസാനിപ്പിച്ചു കൊണ്ട് നാട്ടിലെത്തിയപ്പോള്‍ത്തന്നെ ചെടിയും നനയുമായി മണ്ണിലേക്കിറങ്ങുകയായിരുന്നു ലീലാമ്മ. തന്റെയും ഭര്‍ത്താവ് ടി.എം. മാത്യുവിന്റെയും മാതാപിതാക്കളും കൃഷിതല്‍പരരായിരുന്നു. അതിനാല്‍ കുഞ്ഞുനാള്‍ മുതല്‍ മണ്ണും കൃഷിയും കണ്ടുവളര്‍ന്ന ഇരുവര്‍ക്കും നാട്ടില്‍ തിരിച്ചെത്തിയതോടെ കൃഷിയാരംഭിക്കുന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പതിനഞ്ച് വര്‍ഷത്തിലേറെയായി ഇപ്പോള്‍ നടീലും വിളവെടുപ്പുമായി ലീലാമ്മ തന്റെ വിശ്രമജീവിതം പൂര്‍വാധികം ഊര്‍ജസ്വലതയോടെ മുന്നോട്ട് കൊണ്ടു പോകുന്നു.

leelamma-2

ഇതുകൂടാതെ വീടിനോടു ചേര്‍ന്നുള്ള അരയേക്കര്‍ സ്ഥലത്ത് ഫല വൃക്ഷങ്ങളും നട്ടു വളര്‍ത്തുന്നുണ്ട്. മാവ്, പ്ലാവ്, റംബുട്ടാന്‍, ചിക്കു, കശുമാവ്, ചാമ്പ, തെങ്ങ്, പേര, ആത്ത എല്ലാം ഇതില്‍ ഉള്‍പ്പെടും. പൂര്‍ണമായും ജൈവവളമുപയോഗിച്ചാണ് കൃഷിരീതി. ചാണകപ്പൊടിയും ആട്ടിന്‍കാഷ്ഠവുമാണ് പ്രധാന വളം. കൃഷിപ്പണികള്‍ക്ക് കുടുംബാംഗങ്ങളെല്ലാം മണ്ണിലിറങ്ങുന്നു. സഹായത്തിന് 3 ജോലിക്കാരുമുണ്ട്.

വീട്ടിലേക്കാവശ്യമായ മുഴുവന്‍ പച്ചക്കറികളും ഫലങ്ങളും തന്റെ തോട്ടത്തില്‍നിന്നു ലഭിക്കുന്നതിനാല്‍ ശുദ്ധമായ ഉല്‍പന്നങ്ങളും നല്ല ആരോഗ്യവുമാണ് ഹൈലൈറ്റ് എന്ന് ലീലാമ്മ പറയുന്നു. തുടക്കത്തില്‍ കൃഷി ഒരു വരുമാന മാര്‍ഗമാക്കണമെന്ന് തോന്നിയിരുന്നില്ല, വീട്ടാവശ്യങ്ങള്‍ക്കു വേണ്ടി മാത്രമാണ് പച്ചക്കറികള്‍ നട്ടുപിടിപ്പിച്ചത്. നല്ല വിളവ് കിട്ടിത്തുടങ്ങിയതോടെ വിപണിയിലേക്ക് എത്തിക്കാനായി. വരുമാനമെന്നതില്‍ ഉപരിയായി മണ്ണിലും ചെളിയിലും പണിയെടുക്കുന്നതിന്റെ സന്തോഷം വളരെ വലുതാണെന്ന് ലീലാമ്മ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് നാട്ടില്‍ വന്ന ഇളയമകനും കുടുംബവും ഉടനെ തിരിച്ചു പോകാനാകാതെ വന്നപ്പോള്‍ ഒന്നിച്ച് കൃഷിയിലേക്ക് ഇറങ്ങിയത് ഇരട്ടി സന്തോഷമായി. വിത്തു നടാനും വിളവെടുപ്പിനുമെല്ലാം കൊച്ചുമക്കള്‍ ആവേശത്തോടെ ലീലാമ്മയുടെ ചുറ്റിലും നടക്കുന്നു.

leelamma-3
ലാലാമ്മ പുരസ്കാരം സ്വീകരിക്കുന്നു

പഞ്ചായത്തിലെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ മികച്ച വനിതാ കര്‍ഷക അവാര്‍ഡ് നേടിയതോടെ വലിയ സന്തോഷത്തിലാണ് ലീലാമ്മ. അവാര്‍ഡ് നല്ല പ്രോത്സാഹനമായി, കൃഷി ഇനിയും വിപുലമാക്കാനുള്ള ആലോചനയിലാണ് ലീലാമ്മ. എല്ലാത്തിനും പൂര്‍ണപിന്തുണയുമായി ഭര്‍ത്താവ് ടി.എം. മാത്യു, മക്കളായ നിബിന്‍, ജോണ്‍സന്‍, മരുമക്കള്‍ അനി, ബിബ്‌സി എന്നിവര്‍ കൂടെയുണ്ട്.

English summary: Success Story of a Woman Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com