ADVERTISEMENT

കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചക്കറിക്കൃഷിയുള്ള  പ്രദേശങ്ങളിലൊന്നാണ് പാലക്കാട് വടകരപ്പതി. അവിടെ കൃഷി ഓഫിസറായി ജോലി നോക്കുമ്പോഴാണ് കർഷകർ കണ്ടെത്തിയ ഫലപ്രദമായ പല ജൈവ കീടനാശിനികളെക്കുറിച്ചും അറിയാനിടയായത്. വലിയ തോതിൽ പച്ചക്കറിക്കൃഷി ചെയ്യുന്ന അവരൊക്കെ ജൈവ കീടനാശിനികളിലേക്കു തിരിഞ്ഞതു കൃഷിച്ചെലവു കുറയ്ക്കാനാണ്. വിലയേറിയ രാസകീടനാശിനികൾ വാങ്ങി ഉപയോഗിക്കാനുള്ള ശേഷി പലര്‍ക്കുമില്ലായിരുന്നു. 

ഇലക്കഷായമാണ് വടകരപ്പതിയിലെ പച്ചക്കറിക്കർഷകരുടെ പ്രധാന കീടനാശിനികളിലൊന്ന്. ആടു തൊടാ ഇലകളാണ് കഷായത്തിലെ പ്രധാന ചേരുവകൾ. ആത്തയില, വേപ്പില, ഉമ്മത്തില, എരുക്കില, ആടലോടകം, നൊച്ചി, ഗരുഡക്കൊടി, അരപ്പാ ഇല എന്നിവയൊക്കെ ആടു തൊടാ ഇലകൾക്ക് ഉദാഹരണം. ഇവയില്‍ അഞ്ചെണ്ണമോ, ഏഴെണ്ണമോ ഏകദേശം ഒരു കിലോ വീതമെടുത്ത് 5 ലീറ്റർ ഗോമൂത്രവും 5 ലീറ്റർ വെള്ളവും ചേർത്ത ലായനിയിലേക്ക് ഇട്ടുവയ്ക്കുന്നു. ഇലകൾ ചതച്ചിടുകയാണെങ്കിൽ  10 ദിവസംകൊണ്ടും ചതയ്ക്കാതെയിട്ടാൽ 15 ദിവസംകൊണ്ടും പുളിച്ചു കിട്ടും. ഇതിൽ ഒരു കിലോ വെല്ലം (ശർക്കര) കൂടി ഇട്ടാൽ വേഗം പുളിച്ചു കിട്ടും. ഇതു ദിവസവും ഒന്നു രണ്ടു തവണ ഇളക്കിയിടും. നന്നായി പുളിച്ച് കഷായമാക്കിയശേഷം പിഴിഞ്ഞ് അരിച്ചെടുത്ത് ഒരു ലീറ്റർ കഷായത്തിൽ 10 ലീറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളിലും മറ്റും പ്രയോഗിച്ചാൽ മിക്ക കീടങ്ങളെയും നിയന്ത്രിക്കാം.

പടവലത്തിലും മറ്റും കാണുന്ന നീളൻ പച്ചപ്പുഴുക്കൾക്കെതിരെ ഗോമൂത്രം 3–4 ഇരട്ടി വെള്ളം ചേർത്ത് തളി ച്ചുകൊടുക്കുന്നു.  പെട്ടെന്നു കീടനിയന്ത്രണം ആവശ്യമെങ്കിൽ  മറ്റൊരു മരുന്നാണു പ്രയോഗിക്കുന്നത്. വെളുത്തുള്ളി, ഇഞ്ചി, കാന്താരി എന്നിവ  100 ഗ്രാം വീതമെടുത്ത് ഒരു ലീറ്റർ വെള്ളത്തിൽ മിക്സിയിൽ അടിച്ച് അരിച്ചെടുത്ത് 10 ലീറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളിൽ പ്രയോഗിക്കുക. ഇതിനൊപ്പം  അൽപം സോപ്പ് കൂടി ചേർക്കാറുണ്ട്.

വടകരപ്പതി മത്തിക്കഷായം

മത്തിക്കഷായമുണ്ടാക്കാന്‍ വടകരപ്പതിക്ക് വേറിട്ട രീതിയാണ്. ഒരു കിലോ മത്തി ചെറുതായി അരിഞ്ഞ് 5 ലീറ്റർ ഗോമൂത്രവും 5 ലീറ്റർ മോരും 5 ലീറ്റർ വെള്ളവും ഒരു കിലോ വെല്ലവും ചേർത്ത് 7 മുതൽ 15 ദിവസംവരെ പുളിപ്പിക്കാൻ വയ്ക്കുന്നു. ദിവസവും ഒന്നു രണ്ടു തവണ നന്നായി ഇളക്കണം. പാകമായ മത്തിക്കഷായം ഒരു ലീറ്ററിന് 10 ലീറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് കായ്കറികള്‍ക്കും വാഴയ്ക്കും പ്രയോഗിക്കുന്നതു തണ്ടുതുരപ്പൻ, ചാഴി അടക്കമുള്ള കീടങ്ങളെ നിയന്ത്രിക്കാൻ നന്ന്.

100 മില്ലി പെരുവല (ഒരു വേരൻ) സത്ത്  ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തു തളിച്ചും കീടനിയന്ത്രണം സാധ്യമാക്കാം. പെരുവലം പിഴു തെടുത്തു കഴുകി വൃത്തിയാക്കി സമൂലം  മിക്സിയിൽ അടിച്ചെടുത്താണ് സത്ത് എടുക്കുന്നത്. ആഴ്ച തോറും ഇതു  പ്രയോഗിക്കും. ഓരോ തവണയും ചേരുവകൾക്കു മാറ്റമുണ്ടാകും. ആദ്യ തവണ പെരുവല സത്ത് നേർപ്പിച്ച് പ്രയോഗിച്ചാൽ, രണ്ടാം തവണ 20 ഗ്രാം വെളുത്തുള്ളി കൂടി പെരുവലത്തോടൊപ്പം ചേർക്കും. അടുത്ത തവണ ഒരു പിടി കാന്താരി, പിന്നെ 20 ഗ്രാം കച്ചോലം. ഇങ്ങനെ മാറ്റി മാറ്റി മരുന്നിന്റെ ഗന്ധത്തിനു മാറ്റമുണ്ടാക്കും. ഈ മരുന്നിന്റെ ദുര്‍ഗന്ധംകൊണ്ട് കീടങ്ങൾ അകറ്റപ്പെടുന്നു. 

പപ്പായ ഇലസത്തും നല്ലൊരു കീടനാശിനിയാണ്. അര കിലോ പപ്പായ ഇല ചെറുതായി നുറുക്കി ഒരു ലീറ്റർ വെള്ളത്തിൽ ഒരു രാത്രി ഇട്ടുവയ്ക്കുക. അടുത്ത ദിവസം ഞെരടിപ്പിഴിഞ്ഞ് അരിച്ചെടുത്ത് 3–4 ഇരട്ടി വെള്ളം ചേർത്ത് തളിച്ചാൽ ഇലതീനിപ്പുഴുക്കളെയും കീടങ്ങളെയും നിയന്ത്രിക്കാം. വേപ്പില, അരളിയില എന്നിവയും ഈ രീതിയിൽ ഉപയോഗപ്പെടുത്താം. 

വേപ്പിൻകുരു, വേപ്പില, വേപ്പെണ്ണ, വേപ്പിൻപിണ്ണാക്ക് എന്നിവയൊക്കെ കീടനിയന്ത്രണ വസ്തുക്കളാണ്. വേപ്പിൻകുരു ഉണക്കിപ്പൊടിച്ച് 50 ഗ്രാം ഒരു കിഴിയാക്കി ഒരു ലീറ്റർ വെള്ളത്തിൽ 12 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ശേഷം നന്നായി പിഴിഞ്ഞ് സത്ത് മുഴുവൻ പുറത്തെടുക്കുക. തണ്ടുതുരപ്പൻ, കായ്തുരപ്പൻ, ഇലതീനിപ്പുഴുക്കൾ എന്നിവയ്ക്കെതിരെ പ്രയോഗിക്കാം. 20 മില്ലി വേപ്പെണ്ണ, 5 ഗ്രാം സോപ്പ് കലക്കിയ വെള്ളത്തിൽ ചേർത്ത് വേപ്പെണ്ണ എമല്‍ഷൻ ഉണ്ടാക്കി നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ, ഇലതീനിപ്പുഴുക്കൾ, വണ്ടുകൾ എന്നിവയ്ക്കെതിരെ പ്രയോഗിക്കാം.

അര ലീറ്റർ വെള്ളത്തിൽ 20 ഗ്രാം വെളുത്തുള്ളി അരച്ചു ചേർത്ത് അരിച്ചെടുത്ത്, 5 ഗ്രാം സോപ്പ് നന്നായി ലയിപ്പിച്ച അര ലീറ്റർ വെള്ളത്തിൽ  20 മില്ലി വേപ്പെണ്ണ ചേർത്തിളക്കിയതിൽ ചേർത്തുണ്ടാക്കുന്നതാണ് വേപ്പെണ്ണ  വെളുത്തുള്ളി എമൾഷൻ.  മുഞ്ഞകൾ, വെള്ളീച്ച, നീരൂറ്റിക്കുടിക്കുന്ന പ്രാണികൾ എന്നിവയ്ക്കെതിരെ പ്രയോഗിക്കാൻ പറ്റിയ കീടനാശിനിയാണിത്. വേപ്പിൻപിണ്ണാക്ക് അടിവളമായി ഇടുന്നതു കൊണ്ടു വാഴയിലെ നിമവിരകൾ, വേരുതീനികൾ എന്നിവയെ തടയാം. പച്ചക്കറികൾക്കും  ഫലപ്രദമായ കീടനിയന്ത്രണവസ്തുവാണ് വേപ്പിൻപിണ്ണാക്ക്.

ഒരു കൈ കാന്താരിമുളക് മിക്സിയിൽ അടിച്ച് ഒരു ലീറ്റർ ഗോമൂത്രത്തിൽ ചേർത്തിളക്കിയശേഷം  അലക്കുസോപ്പ് 60 ഗ്രാം കൂടി ചേർത്ത് പതപ്പിക്കുക. ഈ മിശ്രിതത്തിൽ പത്തിരട്ടി വെള്ളം ചേർത്ത് പ്രയോഗി ക്കുകവഴി മുഞ്ഞ അടക്കമുള്ള  മൃദുശരീരികൾ അകന്നു കിട്ടും.

പയറിലെ മുഞ്ഞ, ഇലതീനിപ്പുഴുക്കൾ, മൃദുശരീരികൾ എന്നിവയ്ക്കെതിരെ മടൽ (തെങ്ങിൻ മടൽ) ചാരം വിതറാം.  ഇലചുരുട്ടിപ്പുഴുവിനെതിരെ വേപ്പില, അരളി, പെരുവലസത്ത് (ഏതെങ്കിലും ഒന്ന്) ഫലപ്രദമാണ്. ചാഴികൾക്കെതിരെ ഇഞ്ചിപ്പുൽതൈലം നേർപ്പിച്ചു പ്രയോഗിക്കാം.

കിരിയാത്ത് എന്ന ചെടിയുടെ ഇലയും തണ്ടും, വെളുത്തുള്ളി 20 ഗ്രാം കൂടി അരച്ചത് 100 മില്ലി, 5 ഗ്രാം സോപ്പ് ലയിപ്പിച്ച ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് അരിച്ച് കീടനാശിനിയായി ഉപയോഗിക്കാം.

കാഞ്ഞിരത്തിലെ ഇല, തൊലി, കുരു എന്നിവ എലിനശീകരണത്തിനും കീടനിയന്ത്രണത്തിനും ഉപയോഗപ്പെടുത്താം. പച്ചക്കറികളിൽ പക്ഷേ കയ്പ് ഉളവാക്കുമെന്നതിനാൽ കാഞ്ഞിരപ്രയോഗം വേണ്ടാ. മറ്റ് ഒട്ടേറെ ജൈവ കീടനാശിനികൾ, കുമിൾനാശിനികൾ വിപണിയിലുണ്ട്. ഇവ നിർദിഷ്ട മാത്രയിൽ – അളവിൽ–ഉപയോഗിക്കുക. വേപ്പധിഷ്ഠിത കീടനാശിനികൾ അളവിൽ കൂടിയാൽ പച്ചക്കറികള്‍ കരിഞ്ഞു പോകാനിടയുണ്ട്. പലതരം ഇലച്ചാറുകൾ, കടൽക്കള(sea weed)കൾ  ‌എന്നിവയുടെ സത്തുകളാണ് വിപണിയില്‍ ലഭിക്കുന്ന ജൈവ കീടനാശിനികള്‍.  ഇവ പരീക്ഷിച്ച്  ഗുണപ്രദമെന്നു കണ്ടാൽ മാത്രം  ഉപയോ ഗപ്പെടുത്തിയാല്‍ മതി.   

കീടങ്ങൾക്കു പുറമെ വിളകള്‍ക്കു പല രോഗങ്ങളും ഉണ്ടാകാറുണ്ട്. പ്രധാനമായും കുമിൾ, ബാക്ടീരിയ, വൈറസ് എന്നീ സൂക്ഷ്മാണുക്കൾ മൂലമുള്ള കെടുതികൾ. ഇവയെ നിയന്ത്രിക്കാനും ജൈവമാർഗങ്ങളുണ്ട്. പുല്ലു തിന്നുന്ന പശുക്കളുടെ ചാണകം (പുതിയത്) തെളിയാക്കി ഒഴിച്ചു കൊടുത്താൽ പലതരം ബാക്ടീരിയ രോഗങ്ങളെയും തടയാൻ കഴിയും. നെല്ലിനുണ്ടാകുന്ന ബാക്ടീരിയബാധയ്ക്കു മരുന്നായി ധാരാളം കർഷകർ ഇതു പ്രയോഗിച്ചുവരുന്നു. തുല്യ അനുപാതത്തിൽ തുരിശും നീറ്റുകക്കയും വെള്ളത്തിൽ ചേർത്തുണ്ടാക്കുന്ന ബോർഡോമിശ്രിതവും വെള്ളം പത്തിലൊന്നു കുറച്ചുണ്ടാക്കുന്ന ബോർഡോക്കുഴമ്പും  മിക്ക കുമിൾരോഗങ്ങളെയും നിയന്ത്രിക്കും. 100 ഗ്രാം തുരിശ് പൊടിച്ച് 5 ലീറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. മറ്റൊരു പാത്രത്തിലെ 5 ലീറ്റർ വെള്ളത്തിൽ 100 ഗ്രാം നീറ്റുകക്കയും ലയിപ്പിക്കുക. നീറ്റുകക്ക വേഗം ലയിപ്പിക്കാനൊരു വഴിയുണ്ട്.  അളന്നു വച്ച വെള്ളത്തിൽനിന്ന് ഒരു ലീറ്റർ എടുത്ത് നന്നായി തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് വേവാത്ത കക്കയും കല്ലും നീക്കിയ പുതിയ നീറ്റുകക്ക 100 ഗ്രാം, അൽപാൽപമായി ചേർത്തിളക്കി ചുണ്ണാമ്പാക്കുക. ഈ ചുണ്ണാമ്പുലായനി ബാക്കി വെള്ളത്തിലേക്ക് ചേര്‍ത്തു ലയിപ്പിക്കാം. ഇങ്ങനെ തയാറാക്കിയ ചുണ്ണാമ്പുലായനിയിലേക്ക് തുരിശുലായനി ചേർത്തിളക്കി ഉണ്ടാക്കുന്ന ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം അഴുകൽ, മഞ്ഞളിപ്പ് തുടങ്ങി പല കുമിൾരോഗങ്ങളെയും തടയുന്ന ഒന്നാന്തരം ഔഷധമാണ്.

പയറിലെ മുരടിപ്പ് അടക്കം പച്ചക്കറികളില്‍ കണ്ടുവരുന്ന പല രോഗങ്ങള്‍ക്കും തൈര്–നാരങ്ങാമിശ്രിതം വടകരപ്പതിയിലെ കർഷകരുടെ പരിഹാരമാർഗമാണ്. ഒരു ലീറ്റർ പുളിച്ച തൈരിലേക്ക് (ഒരാഴ്ച പഴക്കമുള്ളത്) ഒന്നോ രണ്ടോ ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക. ഇത് മോരാക്കി ഉടച്ചെടുക്കുക. അതിലേക്ക് 10 ലീറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് പ്രയോഗിച്ചാൽ വൈറസ് മൂലമുള്ള മുരടിപ്പ് നിയന്ത്രിക്കാം. 

English summary: Organic Pest Control Methods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com