ADVERTISEMENT

ഗുണ്ടൽപേട്ടിലും മൈസൂരുവിലുമൊക്കെയായി കണ്ടുവന്നിരുന്ന സൂര്യകാന്തിപ്പാടങ്ങൾ, അപൂർവമാണെങ്കിലും കേരളത്തിലെ തോട്ടങ്ങളിലും വർണ വിസ്മയം തീർക്കുന്നത് വലിയ പ്രചാരം നേടിയിരുന്നു. എന്നാൽ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്ന് രാജീവ് ഗാന്ധി റോഡിലുള്ള സിജുവിന്റെ വീട്ടിലെത്തിയാൽ ഒരു ‘മിനി സൂര്യകാന്തിപ്പാടം’ ആളുകളെ സ്വാഗതം ചെയ്യും. വിശാലമായ മുറ്റത്താണ് പൂപ്പാടം ഒരുക്കിയതെന്നു ധരിച്ചാൽ തെറ്റി! 70 ഗ്രോ ബാഗുകളിലായി വീട്ടിലെ ടെറസിന്റെ മുകളിലാണ് സിജുവിന്റെ മനോഹരമായ പൂന്തോട്ടം. 

ആലപ്പുഴയിൽനിന്നു വാങ്ങിയ വിത്തുകൾ ഗ്രോ ബാഗിൽ നട്ടുവളർത്തുകയായിരുന്നു. 75 ദിവസമാണ് ഇവയുടെ വളർച്ചാ സമയമെന്ന് സിജു പറയുന്നു. ഇത്തരം പൂക്കൾക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്. ടെറസിന്റെ മുകളിലായതിനാൽ വെളിച്ചത്തിനും വെയിലിനും കുറവുണ്ടായില്ല. മുകളിൽ സുതാര്യമായ നെറ്റ് സജ്ജീകരിച്ചതിനാൽ  മഴയായാലും കൃഷിയെ കാര്യമായി ബാധിക്കില്ല. രാവിലെയും വൈകിട്ടും ഡ്രിപ് വഴി നനയ്ക്കും. 75 ദിവസത്തെ പരിപാലനത്തിനു ശേഷം മികച്ച വിള തന്നെ കിട്ടിയെന്നു സിജു പറയുന്നു.

sun-flower-2
സിജുവിന്റെ സൂര്യകാന്തിപ്പാടം

ഈ പൂക്കൾക്കു പുറമെ കോവയ്ക്ക, പാഷൻ ഫ്രൂട്ട്, ചോളം തുടങ്ങി വിവിധ കൃഷിയിനങ്ങളും ഇവിടെ തഴച്ചു വളരുന്നുണ്ട്. താമസിക്കുന്ന 8 സെന്റ് ഭൂമിയിൽ തന്നെ വിവിധ കോഴികൾ, താറാവ് എന്നിവ സുഖമായി കഴിയുന്നു. ബെംഗളൂരുവിൽ പൂക്കളും അലങ്കാര വസ്തുക്കളും കയറ്റുമതി ചെയ്യുന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന സിജു കോവിഡ് ലോക്ഡൗണിലാണ് ഇത്തരമൊരു പരീക്ഷണത്തിലേക്കു തിരിഞ്ഞത്. പൂക്കളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു മുൻപരിചയമുണ്ടെങ്കിലും അവ നട്ടു വളർത്തിയത് ഇദ്ദേഹത്തിനു പുതിയ അനുഭവമായിരുന്നു. 

ഓണക്കാലത്ത് വീടിന്റെ ടെറസിൽ വളർത്തിയിരുന്ന ചെണ്ടുമല്ലിപ്പൂക്കൾ കല്യാണ ആവശ്യങ്ങൾക്കും മറ്റും അലങ്കരിക്കാൻ കൊണ്ടുപോയതോടെയാണ് സിജുവിന്റെ ‘ഐഡിയ കത്തിയത് ’! അതോടെ ഇവന്റ് മാനേജ്മെന്റ് രംഗത്തക്കു കടന്നു. വീടിന്റെ ടെറസിനു മുകളിൽ ഫോട്ടോഷൂട്ടിനുള്ള സൗകര്യങ്ങൾ കൂടി ഒരുക്കിയതോടെ വിവാഹ പാർട്ടിക്കാർ ഫോട്ടോ എടുക്കാനായി എത്തിത്തുടങ്ങി. സംഗതി ക്ലിക്കായതോടെ സിജുവും ഉഷാറായി. എല്ലാത്തിനും സഹായികളായി മക്കളും കൂടെയുണ്ട്. 

sun-flower-1
ടെറസിലെ ചോളവും പച്ചക്കറികളും

ചെണ്ടുമല്ലിക്കു ശേഷമാണ് സൂര്യകാന്തി കൃഷി തുടങ്ങിയത്. ഇതു കഴിഞ്ഞാൽ മറ്റൊരു അപൂർവയിനം പൂപ്പാടം ഒരുക്കാനുള്ള തയാറെടുപ്പിലാണ് സിജു. അതിന്റെ വിത്തുകൾ പൂനെയിൽനിന്നാണ് വരുത്തുന്നത്. വിവാഹാഘോഷങ്ങൾ ചുരുങ്ങിയെങ്കിലും പൂക്കൾക്ക് ആവശ്യക്കാർ കൂടി വരുന്നതായി സിജു പറയുന്നു. മനസ്സുണ്ടെങ്കിൽ സ്ഥലപരിമിതിയിലും പ്രതികൂല കാലാവസ്ഥയിലും വർണം വിതറാമെന്നാണ് ഈ പുതുകർഷകന്റെ അഭിപ്രായം.

വീട്ടിൽ ഒരുക്കാം സൂര്യകാന്തി

വേനൽക്കാല പൂന്തോട്ടത്തിന് യോജിച്ചവയാണ് സൂര്യകാന്തിപ്പൂക്കൾ. വീട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന ഇവയ്ക്ക് കൂടുതൽ പരിചരണമോ പ്രത്യേക വളപ്രയോഗമോ ആവശ്യമില്ല. മറ്റു ചെടികൾക്ക് നൽകുന്ന അതേ പരിചരണം ഇവയ്ക്കും നൽകിയാൽ മതി. ആവശ്യത്തിന് നൈട്രജൻ ചേർത്താൽ ആവശ്യത്തിന് വലുപ്പവും നല്ല പൂക്കളും ലഭിക്കും. നൈട്രജൻ പ്രയോഗം അമിതമാകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com