ADVERTISEMENT

പരിമിതമായ സ്ഥലമുള്ളവർക്ക് പരീക്ഷിക്കാവുന്ന കൃഷിമാർഗമാണ് വെർട്ടിക്കൽ ഫാമിങ് അഥവാ കുത്തനെയുള്ള കൃഷി. മൂന്നു ‘വ’കളെ ആശ്രയിച്ചാണ് പച്ചക്കറിക്കൃഷി നിലനിൽക്കുന്നത്; വളം, വെള്ളം, വെളിച്ചം. ഇതിൽ വളവും വെള്ളവും സമൃദ്ധമായി നൽകാമെങ്കിലും വെളിച്ചം അഥവാ സൂര്യപ്രകാശം ഒരു പരിമിതിയാണ്. ഈ പരിമിതിയെ മറികടന്ന് എല്ലാ ചെടികൾക്കും യഥേഷ്ടം സൂര്യപ്രകാശം ലഭിക്കാനും വെർട്ടിക്കൽ ഫാമിങ് സഹായമാകും. 

വെർട്ടിക്കൽ നെറ്റ് ഫാമിങ്

വെർട്ടിക്കൽ ഫാമിങ് വികസിത വിദേശരാജ്യങ്ങളിൽ നേരത്തേതന്നെ നഗരകൃഷിയിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. 21–ാം നൂറ്റാണ്ടിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന  മാർഗംകൂടിയാണ് വെർട്ടിക്കൽ ഫാമിങ്. വികസിതരാജ്യങ്ങളിലേത് ചെലവേറിയ വെർട്ടിക്കൽ ഫാമിങ് രീതികളാണെങ്കിൽ, ചെലവു കുറഞ്ഞ നാടൻ രീതികൾ മതിയാകും നമ്മുടെ അടുക്കളത്തോട്ടങ്ങളിൽ. 

തിരശ്ചീനമായി ചെയ്യുന്ന കൃഷിയെ ലംബമായി, കുത്തനെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നപോലെ, ക്രമീകരിക്കുന്നതാണല്ലോ അടിസ്ഥാനപരമായി വെർട്ടിക്കൽ ഫാമിങ്. കുത്തനെ മുകളിലേക്കാകുമ്പോൾ സ്ഥലപരിധിയും പരിമിതിയും ഇല്ല എന്നതുതന്നെയാണ് ഇതിന്റെ ഗുണം. കമുക് അല്ലെങ്കിൽ മുളകൊണ്ടുള്ള ചട്ടത്തിൽ(ഫ്രെയിം) പ്ലാസ്റ്റിക് നെറ്റ് കുത്തനെ വലിച്ചുകെട്ടി താഴെനിന്ന് പയർ, കോവൽ തുടങ്ങി വള്ളിയായി വളരുന്ന ചെടികൾ പടർത്തി വിടുന്ന രീതി നമുക്കു പരിചിതമാണല്ലോ. വെർട്ടിക്കൽ ഫാമിങ്ങിന്റെ ഏറ്റവും ലളിതമായ രീതിതന്നെ ഇത്. 

പല വലുപ്പത്തിലുള്ള പ്ലാസ്റ്റിക് നെറ്റുകൾ വാങ്ങിയോ, അതല്ലെങ്കിൽ ഉപയോഗം കഴിഞ്ഞ മീൻവലകൾ കുറഞ്ഞ വിലയ്ക്കു വാങ്ങിയോ ഇത് സാധ്യമാക്കാം. ഉറപ്പു കൂട്ടുന്നതിനായി ചട്ടത്തിന് GI പൈപ്പുകൾ ഉപയോഗിക്കാം. ഉയരം പരമാവധി 7 അടിയിൽ പരിമിതപ്പെടുത്തിയാൽ വിളവെടുപ്പിനു സൗകര്യമായിരിക്കും. ഇങ്ങനെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് 7 അടി ഉയരവും 10 അടി വീതിയിലും ഒരു ചട്ടം സ്ഥാപിച്ചാൽ 70 ചതുരശ്രയടി കൃഷിയിടം ഉണ്ടാക്കിയെടുക്കാം. കേരളത്തിലെ നഗരങ്ങളിലെ വീടുകൾക്കു മുന്നിലെ മതിലുകളിൽ ഇത്തരം ഇരുമ്പുചട്ടങ്ങൾ സ്ഥാപിച്ചാൽ എല്ലാ വീട്ടിലും കൃഷിസ്ഥലം ഉറപ്പാക്കാം. 

പൂർണമായും പ്ലാസ്റ്റിക് വിമുക്ത ജൈവ പ്രകൃതി സൗഹൃദകൃഷി ചെയ്യുന്നവർക്ക് പ്ലാസ്റ്റിക് നെറ്റ് ഒഴിവാക്കി കനം കുറഞ്ഞ മുടിക്കയർ ഉപയോഗിച്ച് ഇതുപോലെ ചത്തത്തിൽ വലിച്ചുകെട്ടി കൃഷി പടർത്തി വിടാം. കിഴക്കോട്ടു ദർശനമുള്ള കൃഷിസ്ഥലങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ ഇത്തരം വെർട്ടിക്കൽ ഫ്രെയ്മുകളിൽ സൂര്യപ്രകാശം നന്നായി ലഭിക്കും.

vertical-farming

വെർട്ടിക്കൽ ബാംബൂ ഫാമിങ്

മുളകൾ സുലഭമായ പ്രദേശങ്ങളിൽ പരീക്ഷിക്കുന്ന രീതിയാണിത്. കുത്തനെ നിർത്തിയ മുളകളിൽ ദ്വാരങ്ങളുണ്ടാക്കി മണ്ണോ ചകിരിച്ചോറോ കമ്പോസ്റ്റോ നിറച്ച് ചെടികൾ നടാം. ഇലവർഗത്തിൽപ്പെട്ട ചെടികൾ ഈ രീതിയിൽ പരീക്ഷിക്കാം. പൂന്തോട്ടങ്ങളോടു ചേർന്ന് ഇത്തരം മുള ഫ്രെയ്മുകൾ സ്ഥാപിക്കുന്നത് ആകർഷകമായ കാഴ്ചയുമായിരിക്കും.

വെർട്ടിക്കൽ മൾട്ടി ടയർ ഫാമിങ്

ചെടിച്ചട്ടികൾ കൊളുത്തിയിടാൻ സൗകര്യമുള്ള സ്ഥലങ്ങളിൽ പല തട്ടുകളിലായി ചട്ടികളിൽ ഇലവർഗ പച്ചക്കറികൾ നട്ടുവളർത്താൻ ഈ രീതി അനുയോജ്യമാണ്. പണ്ടു കാലത്ത് ഉറി തയാറാക്കുന്നപോലെ ചട്ടികൾ കൊളുത്തി അതിൽ പോട്ടിങ് മിക്സ്ചർ നിറച്ച് ചെടി നടാം. പല  തട്ടുകളിലായി എല്ലായിനം പച്ചക്കറികളും ക‍ൃഷിചെയ്യാവുന്നതും ആവശ്യാനുസരണം ഊരിയെടുത്ത് മാറ്റി സ്ഥാപിക്കാവുന്നതുമായ റെഡിമെയ്ഡ് ചട്ടങ്ങൾ ഇന്നു മാർക്കറ്റിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അഞ്ചു മിനിറ്റിനുള്ളിൽ നട്ട് & ബോൾട്ട് സംവിധാനത്തിലൂടെ ഊരിയെടുക്കാനും പുനഃസ്ഥാപിക്കാനും പറ്റുന്ന ഇത്തരം ചട്ടങ്ങൾ ഫ്ലാറ്റുകളിലും മറ്റും കൃഷി എളുപ്പമാക്കും.

തറ നനയാത്ത വിധം നന സാധിക്കുന്ന തുള്ളിനന, തിരിനന സംവിധാനങ്ങൾ ഇതിലൊരുക്കാം. മാർക്കറ്റിൽനിന്നും വാങ്ങുമ്പോൾ ചെലവു കൂടുമെന്നതിനാൽ പൈപ്പ് വാങ്ങി വിളക്കിച്ചേർത്ത് കുറഞ്ഞ ചെലവിൽ നമുക്കുതന്നെ വീട്ടിൽ തയാറാക്കുകയും ചെയ്യാം.

multi-tier

വെർട്ടിക്കൽ റെയിൻ ഷെൽട്ടർ ഫാമിങ്

വീടുകൾക്കു മുന്നിലോ ടെറസിനു മുകളിലോ മഴമറയൊരുക്കി ചട്ടങ്ങളിൽ പ്ലാസ്റ്റിക്/കയർ വലകൾ കുത്തനെ സ്ഥാപിച്ച് ഗ്രോബാഗുകളിൽനിന്നു പയർ, വെള്ളരി, പാവൽ പോലുള്ള വിളകൾ പടർത്തിവിടുന്ന രീതിയാണ് ഇത്. വാണിജ്യകൃഷിക്കും ഈ രീതി പരീക്ഷിക്കാം. മഴമറകൾ കൃഷിവകുപ്പിന്റെ സബ്സിഡിയോടെ തയാറാക്കുകയാണെങ്കിൽ ചെലവ് വളരെ കുറയും. അര സെന്റ്, ഒരു സെന്റ് സ്ഥലത്തെ മൂന്നിരട്ടി വലുപ്പമുള്ള കൃഷിഭൂമിയാക്കാൻ ഈ രീതിക്കു കഴിയും.

വെർട്ടിക്കൽ കേജ് ഫാമിങ്

വള്ളികളായി പടരുന്ന പയർ, പാവൽ, പടവലം, കോവൽ എന്നിവ നട്ട് അതിനു ചുറ്റും വൃത്താകൃതിയിലോ ചതുരാകൃതിയിലോ 4–6 അടി ഉയരത്തിൽ കൂടു സ്ഥാപിച്ച് അതിൽ ചെടി വളർത്തുന്ന രീതിയാണിത്. കേജ് ഫാമിങ് കാഴ്ചക്കു മനോഹരമാണെങ്കിലും ചെടികളുടെ വളർച്ച പരിമിതമായിരിക്കും. മുള, കമുക് എന്നിവകൊണ്ട് കൂടിന്റെ ചട്ടങ്ങൾ നിർമിച്ച് ചെലവു കുറയ്ക്കാം. ചട്ടങ്ങളിൽ പ്ലാസ്റ്റിക്/കയർ നെറ്റുകൾ വലിച്ചു കെട്ടുന്നതോടെ കൂടു തയാർ.

വെർട്ടിക്കൽ ഇന്റഗ്രേറ്റഡ് ഗിഗിൻസ് വില്ല ഫാമിങ്

പച്ചക്കറിക്കൊപ്പം, ഫലവർഗങ്ങൾ, പശു, കോഴി, ആട്, കാട, പന്നി, മുയൽ, മത്സ്യം എന്നിവയെല്ലാം ചേർന്ന്, ഒരു സെന്റിൽ സംയോജിതകൃഷി സാധിക്കുന്ന വെർട്ടിക്കൽ ഫാമിങ് രീതിയാണ് ‘ഗിഗിൻസ് വില്ല’. കാർഷിക സർവകലാശാല ശാസ്ത്രജ്ഞനായ ഡോ. ഗിഗിനാണ് ഇതിന്റെ ശിൽപി. ഇരുമ്പു ചട്ടങ്ങളിൽ തീർത്ത കൂടുകളിൽ മൃഗങ്ങളും തട്ടുകളിൽ കൃഷിയുമെല്ലാം ചേരുന്ന ഗിഗിൻസ് വില്ലയിൽ മൃഗവിസർജ്യം ശേഖരിക്കാൻ ഫ്ലെക്സ് ഉപയോഗിച്ചുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

പ്രരംഭച്ചെലവ് കൂടുതലെങ്കിലും കാലക്രമേണ ലാഭകരമാക്കാം എന്നതാണ് ഈ മോഡലിന്റെ മേന്മ. സ്ഥലപരിമിതിയുള്ളവർക്ക് സംയോജിത ജൈവഗൃഹമെന്ന നിലയിൽ പരീക്ഷിക്കാവുന്ന മികച്ച  മാതൃകയാണിത്. 400 ചതുരശ്രയടി (ഒരു സെന്റിൽ താഴെ) സ്ഥലത്ത് സ്ഥാപിക്കുന്ന ഗിഗിൻസ് വില്ലയിൽനിന്ന് 977 ചതുരശ്രയടി കൃഷിസ്ഥലവും ഒപ്പം പാൽ, മുട്ട, ഇറച്ചി, മത്സ്യം എന്നിവയും ലഭ്യമാകും.

English summary: Vertical Farming for the Future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com