ADVERTISEMENT

വീടിനോട് ചേര്‍ന്നുള്ള ഇത്തിരി സ്ഥലത്തെ കയറ്റിറക്കങ്ങളോടുകൂടിയും അല്ലാതെയും പുല്ലുവച്ചു പിടിപ്പിച്ചും ചെടികളും മറ്റൊരിടത്തുനിന്ന് ഇളക്കിക്കൊണ്ടു വന്ന മരങ്ങള്‍ വീണ്ടും നട്ടുമൊക്കെ മോടിയാക്കുന്നത് ചിലര്‍ക്ക് ലഹരിയാണ്. ഈ ലഹരിയെ പ്രഫഷനാക്കി മാറ്റി പുതുതരംഗം തീര്‍ക്കുന്ന ഒട്ടേറെ വിദഗ്ധര്‍ ഇന്നുണ്ട്. വിദേശത്തുനിന്ന് പറിച്ചെടുത്തു കൊണ്ടുവരുന്ന ഈന്തപ്പനകളും ഇലപൊഴിയാ മരങ്ങളുമൊക്കെ ഇന്നാട്ടിലും വച്ചു പിടിപ്പിക്കുന്നത് പുതുമയല്ലാതായി മാറിയിരിക്കുന്നു.

landscaping

ലാന്‍ഡ്‌സ്‌കേപ്പിങ് മാജിക്

ലാന്‍ഡ്‌സ്‌കേപ്പിങ് ഒരു കലയാണ്. ഭംഗിയായി ചെയ്യാന്‍ കഴിയുന്നവര്‍ക്ക് ലാഭകരമായ ബിസിനസും. വലിയ വീടുകള്‍ നിര്‍മിക്കുന്നവര്‍ ഇന്ന് വീടിനു പുറത്തേക്കും ശ്രദ്ധകൊടുത്തുതുടങ്ങി. വീടിന് ചുറ്റുമുള്ള പ്രകൃതിയെ ഒരുക്കിയെടുത്ത് സംരക്ഷിക്കുക. ലളിതമായ അര്‍ഥത്തില്‍ ഇതാണ് ലാന്‍ഡ്‌സ്‌കേപ്പിങ്. പലതരം ശൈലികള്‍, രൂപഭാവങ്ങള്‍ എന്നിവയെല്ലാമായി അതിവിശാലമാണ് ലാന്‍ഡ്‌സ്‌കേപ്പിന്റെ ലോകം.

എല്ലാക്കാര്യത്തിലുമെന്നപോലെ വീടുപണിയുടെ തുടക്കത്തില്‍ തന്നെയുള്ള ആസൂത്രണം ലാന്‍ഡ്‌സ്‌കേപ്പിങ്ങിന്റെയും മികവ് കൂട്ടും. വീടിനോടു ചേര്‍ന്ന് ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്യേണ്ട സ്ഥലത്തിന്റെ 'സൈറ്റ് പ്ലാന്‍' തയാറാക്കുകയാണ് ആദ്യപടി. 

landscaping-1

അതിനുശേഷം വീട്ടുകാരുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും സംയോജിപ്പിച്ച് ലാന്‍ഡ്‌സ്‌കേപ് ഡിസൈന്‍ രൂപപ്പെടുത്തണം. സ്ഥലത്തിന്റെ സ്വാഭാവികമായ പ്രത്യേകതകള്‍, അവിടെയുള്ള മരങ്ങള്‍, സൂര്യപ്രകാശത്തിന്റെയും കാറ്റിന്റെയും ലഭ്യത തുടങ്ങിയ കാര്യങ്ങളും ഇക്കാര്യത്തില്‍ സജീവമായി പരിഗണിക്കണം. വഴി, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം, ഇരിപ്പിടങ്ങള്‍, തണല്‍ മരങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ആദ്യമേ തന്നെ സ്ഥലം നിശ്ചയിച്ച് ക്രമീകരണങ്ങള്‍ ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് ഉദ്യാനങ്ങളും ലാന്‍ഡ് സ്‌കേപ്പിങ്ങും ഒക്കെ തയാറാക്കി നല്‍കുന്ന പൊന്നാനി വെളിയങ്കോട്ടെ  നെല്ലിക്കല്‍ നഴ്‌സറി ഉടമ അനീഷ് പറഞ്ഞു.

landscaping-4

സോഫ്ട് സ്‌കേപ്പിങ്, ഹാര്‍ഡ് സ്‌കേപ്പിങ് 

ലാന്‍ഡ്‌സ്‌കേപ്പിങ്ങില്‍ സോഫ്ട് സ്‌കേപ്പിങ്, ഹാര്‍ഡ് സ്‌കേപ്പിങ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട് എന്ന കാര്യവും അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും. നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും ഇല്ലാതെ സ്ഥലം അതേപോലെ നിലനിര്‍ത്തുന്നതാണ് സോഫ്ട് സ്‌കേപ്പിങ്. നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, അലങ്കാരക്കുളം, ശില്‍പങ്ങള്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്നതാണ് ഹാര്‍ഡ് സ്‌കേപ്പിങ്.

landscaping-2

മികച്ച ലാന്‍ഡ്‌സ്‌കേപ്പ് ഒരുക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

  • സ്ഥലത്തിന്റെ സവിശേഷതകള്‍ കഴിവതും നിലനിര്‍ത്തുക. നിരപ്പാക്കുകയോ മണ്ണിട്ട് ഉയര്‍ത്തുകയോ ചെയ്യാതെ ലാന്‍ഡ്‌സ്‌കേപ് സജ്ജീകരിക്കുക. കുളങ്ങളും കിണറുകളും മൂടാതെ ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമാക്കുക.
  • ലാന്‍ഡ്‌സ്‌കേപ്പില്‍ സൗരോര്‍ജ വിളക്കുകള്‍ ഉപയോഗിക്കുക. രാത്രിയില്‍ തനിയെ പ്രകാശിക്കുകയും സൂര്യനുദിക്കുമ്പോള്‍ അണയുകയും ചെയ്യുന്ന സെന്‍സര്‍ പിടിപ്പിച്ച ലൈറ്റുകള്‍ ലഭ്യമാണ്.
  • മുറ്റത്തും പരിസരത്തും പേവ്‌മെന്റ് ടൈല്‍ വിരിക്കുന്നത് കഴിവതും ഒഴിവാക്കുക. ടൈല്‍ വിരിക്കുന്നത് ചൂട് കൂട്ടും. ക്രമേണ ഭൂഗര്‍ഭജലനിരപ്പ് കുറയും. കിണറ്റില്‍ വെള്ളം ഇല്ലാതാകും. ഒഴിവാക്കാനാകില്ലെങ്കില്‍ മഴവെള്ളം ഭൂമിയിലേക്ക് താഴാന്‍ സൗകര്യമുള്ള രീതിയില്‍ മാത്രം ടൈല്‍ വിരിക്കുക. ടൈലിനു പകരം പ്രകൃതിദത്ത കല്ലുകളുടെ പാളികളും വിരിക്കാം.
  • നിലവിലുള്ള മരങ്ങള്‍, സസ്യജാലങ്ങള്‍ എന്നിവ പരമാവധി നിലനിര്‍ത്തുക. പുതിയ മരങ്ങളും ചെടികളും വയ്ക്കുമ്പോഴും നാടന്‍ ഇനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.
  • ചെടികളും മറ്റും നനയ്ക്കാന്‍ ഉപയോഗിക്കത്തക്ക രീതിയില്‍ മഴവെള്ള സംഭരണി നിര്‍മിക്കാം. അതിനു കഴിഞ്ഞില്ലെങ്കില്‍ മഴവെള്ളം ഒഴുക്കിക്കളയാതെ ഭൂമിയില്‍ താഴ്ത്താനുള്ള ചരിവുകളും മഴക്കുഴികളുമെങ്കിലും ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമാക്കുക.
  • ലാന്‍ഡ്‌സ്‌കേപ് വെറുതേ കണ്ടാസ്വദിക്കാന്‍ മാത്രമുള്ളതല്ല എന്ന് തിരിച്ചറിയണം. നടക്കാനും കളിക്കാനും വിശ്രമിക്കാനുമൊക്കെയുള്ള ഇടങ്ങള്‍ ഇവിടെയുണ്ടാകണം. ലാന്‍ഡ്‌സ്‌കേപ്പിനെ അകറ്റിനിര്‍ത്തി കാണിക്കുന്നതല്ലാതെ അതുമായി ഇഴചേരുന്ന തരത്തിലുള്ള ഡിസൈന്‍ ആണ് വീടിന് എങ്കില്‍ വളരെ നന്നാകും.

English summary: What Is Landscaping

landscaping-6
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com