ADVERTISEMENT

ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍ ധനഞ്ജയന് കേബിള്‍ ടിവി ഓപറേറ്ററുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. കുട്ടികളുടെ കാര്യം നോക്കാന്‍ വേണ്ടിയായിരുന്നു ധനഞ്ജയന്റെ ഈ തീരുമാനം. ഭാര്യ ജോലിക്കും പോയി, മക്കള്‍ സ്‌കൂളിലും പോയാല്‍ പിന്നെയുള്ള സമയം എന്തു ചെയ്യണം ചോദ്യമായി ധനഞ്ജയന്. അങ്ങനെയാണ് സമയം ചെലവഴിക്കാന്‍ കൃഷിയിലേക്കിറങ്ങിയത്. അതിപ്പോള്‍ ഒരു വരുമാനമാര്‍ഗവുമായി.

മുഴുവന്‍ സമയ കൃഷിക്കാരനായപ്പോഴാണ് എ.വി.ധനഞ്ജയന് കൃഷി ശാസ്ത്രീയമായി ചെയ്യണമെന്ന് ബോധ്യപ്പെട്ടത്. കണ്ണൂര്‍ പയ്യന്നൂര്‍ കാറമേല്‍ പുതിയങ്കാവ് 'തണല്‍' വീടിന്റെ മട്ടുപ്പാവില്‍ കൃഷി കാര്യമായപ്പോള്‍ അംഗീകാരവും തേടിയെത്തി. മികച്ച മട്ടുപ്പാവ് കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2019ലെ പുരസ്‌കാരം. 1000 ചതുരശ്ര അടിയില്‍ തുള്ളിനയും തിരിനനയും കൃത്യമായി ചെയ്തതാണ് ധനഞ്ജയ(47)നെ പുരസ്‌കാരത്തിലേക്കുള്ള പടവുകള്‍ കയറ്റിയത്.

പയ്യന്നൂരില്‍ കേബിള്‍ ടിവി ഓപറേറ്ററായിരുന്ന ധനഞ്ജയന്‍ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതോടെ നിലവിലെ ജോലി ഉപേക്ഷിച്ചു. കേബിള്‍ ശൃംഖല വിറ്റുകിട്ടിയ പണം കൊണ്ട് വീടിനടുത്ത് സ്ഥലം വാങ്ങി. രണ്ടുപേരും ജോലിക്കു പോകുമ്പോള്‍ മക്കളുടെ കാര്യം പ്രയാസത്തിലായതോടെയാണ് ധനഞ്ജയന്‍ ജോലി ഉപേക്ഷിച്ചത്. പകല്‍ സമയം എങ്ങനെ വിനിയോഗിക്കുമെന്നോര്‍ത്തപ്പോള്‍ കൃഷിയിലേക്കിറങ്ങാന്‍ തീരുമാനിച്ചു. വീട്ടിലേക്കുള്ള പച്ചക്കറിയുണ്ടാക്കാനായിരുന്നു കൃഷി തുടങ്ങിയത്. വിഷാംശമില്ലാത്ത പച്ചക്കറി കഴിക്കാന്‍ തുടങ്ങിയപ്പോള്‍ കൃഷിയൊന്നു വിപുലമാക്കാന്‍ തീരുമാനിച്ചു. പുതുതായി വാങ്ങിയ സ്ഥലത്ത് വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ എല്ലാ സീസണിലും കൃഷി ചെയ്യാന്‍ പറ്റുമായിരുന്നില്ല. പിന്നെയുള്ളത് മട്ടുപ്പാവാണ്. ടെറസിനു മുകളില്‍ ഗ്രോബാഗില്‍ കൃഷി തുടങ്ങി. ഈ സമയത്താണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി കവറാട്ട് ബിജു ജലാല്‍ എന്ന യുവസംരംഭകന്റെ തുള്ളിനന സംവിധാനത്തെക്കുറിച്ച് അറിയുന്നത്. 

സൗകര്യം പോലെ കൊണ്ടുനടക്കാവുന്ന തുള്ളിനന സംവിധാനം ടെറസില്‍ കൊണ്ടുവന്നു. ആര്‍ക്കും എളുപ്പം അഞ്ചു മിനിറ്റുകൊണ്ട് ടെറസിലോ മുറ്റത്തോ ഈ തിരിനന സംവിധാനം ഘടിപ്പിക്കാനാവും.  ചെറിയ ജലസംഭരണി, ഗ്രോബാഗ് അല്ലെങ്കില്‍ ചെടിചട്ടി ട്രേ, തിരി, പിവിസി പൈപ്പ്, സെറ്റ് എന്‍ട് ക്യാപ് എന്നിവയാണു ഈ സംവിധാനത്തിലുള്ളത്. ജലസംഭരണികളുമായി പിവിസി പൈപ്പുകള്‍ ഘടിപ്പിച്ച് ജലം നിറച്ച് അതിനു മുകളില്‍ ട്രേ നിരത്തി ചട്ടിയോ ഗ്രോ ബാഗോ വച്ച് തിരി ഘടിപ്പിച്ചു മണ്ണു നിറയ്ക്കാം. 100 കിലോഗ്രാം ഭാരം വരെയുള്ള പാത്രങ്ങള്‍ ഈ ട്രേയ്ക്കു മുകളില്‍ വച്ചു കൃഷി ചെയ്യാം. 

ജലസംഭരണിയുടെ മുകളിലെ ട്രേയില്‍ അരികില്‍ വെള്ളം ഉള്ളതിനാല്‍ ഉറുമ്പുകളുടെ ശല്യമുണ്ടാകില്ല. ജലസംഭരണിക്കു മുകളില്‍ പ്രാണികള്‍ കയറാത്ത വലകള്‍ ഘടിപ്പിക്കുന്ന സംവിധാനത്തിലൂടെ കീടങ്ങളെയും അകറ്റാം. സംഭരണിയില്‍ ആദ്യം വെള്ളം നിറച്ചാല്‍ പിന്നീട് രണ്ടാഴ്ച കൂടുമ്പോള്‍ മാത്രം വെള്ളം നിറച്ചാല്‍ മതി. കൃഷി തുടങ്ങിയാല്‍ കീടങ്ങളുടെയൊന്നും ശല്യമുണ്ടാകില്ലെന്നര്‍ഥം. കൃഷി സ്ഥലം മാറ്റുമ്പോഴോ താമസം മാറ്റുമ്പോഴോ തിരിനന സംവിധാനം കൊണ്ടുപോകാനും സാധിക്കും. 

ഈ രീതിയിലുള്ള കൃഷി വന്‍ വിജയമായപ്പോഴാണ് കൃഷി വരുമാനമാര്‍ഗമായി സ്വീകരിക്കാമെന്ന് ധനഞ്ജയന്‍ തീരുമാനിച്ചത്. തിരിനനയ്ക്ക് ഗ്രോ ബാഗ് ആണ് ഉപയോഗിച്ചിരിക്കുന്നത്. നല്ലതീരിയില്‍ ശ്രദ്ധിച്ചാല്‍ 3 വര്‍ഷം വരെ ഒരു ഗ്രോബാഗില്‍ കൃഷി ചെയ്യാമെന്നാണ് ഇദ്ദേഹം പറയുന്നത്. 

പച്ചമുളക്, തക്കാളി, വെണ്ട, പയര്‍, ശീതകാല പച്ചക്കറികള്‍ എന്നിവ തിരിനന രീതിയില്‍ കൃഷി ചെയ്ത് നല്ല വിളവെടുത്തു. 

കൃഷിതാല്‍പര്യമുള്ളവരുടെ വാട്‌സാപ് ഗ്രൂപ്പില്‍ അംഗമായതോടെ പുതിയ പല കൃഷികളും ടെറസില്‍ കൊണ്ടുവന്നു. അതെല്ലാം വന്‍ വിജയമായിരുന്നു. 

സ്വന്തമായി വാങ്ങിയ സ്ഥലം മണ്ണിട്ട് ഉയര്‍ത്തിയതോടെ എല്ലാ സീസണിലും കൃഷി ചെയ്യാമെന്നായി. റെഡ് ലേഡി പപ്പായയും പച്ചമുളകുമാണ് അവിടെ ചെയ്തിരിക്കുന്നത്. ഭാസ്‌കര മുളക് കിലോയ്ക്ക് 300 രൂപ തോതിലാണ് ഇവിടെ വില്‍പന നടത്തുന്നത്. പച്ചമുളക് 70 രൂപയ്ക്കും. 

പച്ചക്കറിതൈകള്‍, വിത്തുകള്‍, ജൈവവളം എന്നിവയാണ് ഇപ്പോള്‍ ധനഞ്ജയന്റെ പ്രധാന വരുമാനമാര്‍ഗം. എല്ലാ മൂലകങ്ങളും ഉള്ള ജൈവവളം ധനഞ്ജയന്‍ തന്നെ നിര്‍മിക്കുന്നതാണ്. കിലോഗ്രാമിനു 40 രൂപയാണു വില. ഇതിനാണ് ആവശ്യക്കാര്‍ കൂടുതല്‍. ഒന്നരമാസം കൊണ്ട് വളം തയാറാകും. സമൂഹമാധ്യമങ്ങളിലൂടെയാണ് വില്‍പനയെല്ലാം.  

വിവിധതരം പഴങ്ങളും വിദേശയിനം പച്ചക്കറികളുമെല്ലാം ഈ കൃഷിയിടത്തില്‍ വിളയുന്നുണ്ട്. പച്ചക്കറിക്കൃഷിയില്‍ വിജയിക്കണമെങ്കില്‍ മുഴുവന്‍ സമയ കര്‍ഷകനാകണമെന്നാണ് ഇദ്ദേഹം പറയുന്നത്. കൃഷിക്കുള്ള മണ്ണ്, വിത്ത്, കൃഷി രീതി, പരിചരണം, വളം എന്നിവയിലെല്ലാം ശ്രദ്ധ വേണം. എവിടെയെങ്കിലും ഒന്നില്‍ പാളിയാല്‍ എല്ലാം താളം തെറ്റും. സ്വന്തമായി ഉണ്ടാക്കുന്ന ജൈവവളമാണ് കൃഷിയില്‍ തന്റെ വിജയത്തിനു പ്രധാന കാരണമെന്ന് ധനഞ്ജയന്‍ പറഞ്ഞു. എല്ലാ മൂലകങ്ങളും അടങ്ങിയതിനാല്‍ ചെടികള്‍ തുടക്കം മുതലേ നല്ല കരുത്തോടെ വളരും. അത് വിളവിലും പ്രതിഫലിക്കും. 

ഭാര്യ ഷൈമ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥയാണ്. ദിയ, ദേവ്ദര്‍ശ് എന്നിവരാണു മക്കള്‍.

English summary: Best Example for Terrace Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com