ADVERTISEMENT

ചക്ക, ചാമ്പയ്ക്ക, വിവിധ ഇനം മാമ്പഴങ്ങൾ, കുരുമുളക്, തിപ്പലി, പാവയ്ക്ക, വെണ്ടയ്ക്ക, തക്കാളി... എല്ലാം വിളഞ്ഞു നിൽക്കുന്നതു മട്ടുപ്പാവിലാണ്. ആലുവ നഗര ഹൃദയത്തിൽ തോട്ടക്കാട്ടുകര, മണപ്പുറം റോഡ് തൈപ്പറമ്പിൽ റോയ് തോമസ്- ഷിനി ദമ്പതികളുടെ ‘ജൈവ ഗൃഹം’ കൃഷിപ്രേമികളുടെ  സന്ദർശനകേന്ദ്രമായതിൽ അത്ഭുതമില്ല .

രണ്ടു രീതിയിലാണ് ഇവിടെ കൃഷി.  ഒഴിഞ്ഞ പ്ലാസ്റ്റിക് വീപ്പകളിലും, മട്ടുപ്പാവിന്റെ സംരക്ഷണഭിത്തി( പാരപ്പറ്റ് )യോട്  ചേർന്നു നിർമിച്ച ബോക്സുകളിലും.  പാരപ്പറ്റിനു പിന്നിൽ 3 വശവും വേറെ ഭിത്തി കെട്ടിയാണ് ബോക്സ് ഉണ്ടാക്കിയത്. അതിൽ മണ്ണും ജൈവവളവും ചകിരിയുമടങ്ങിയ മിശ്രിതം നിറച്ചു.  അടിയിൽ ടൈൽ പാകിയതിനാൽ ഈർപ്പം കോൺക്രീറ്റ് മേൽക്കൂരയെ ബാധിക്കുന്നില്ല. ലോഗൻ ഫ്രൂട്ട്, സ്റ്റാർ ഫ്രൂട്ട്, റംബുട്ടാൻ, മുന്തിരി, ക്യാറ്റ്‌സ് ക്ലോ ഫ്ലവർ, പേരക്ക, പുലാസാൻ, സാൻഡോൾ, പ്ലാവ്, മാവ് തുടങ്ങിയവയാണ് ഈ കോൺക്രീറ്റ് കെട്ടിനുള്ളിൽ വളരുന്നത്. തിപ്പലി, പലയിനം പച്ചമുളക്, ഇഞ്ചി, മാവ്, പയർ, പാവൽ, ചീര, മഞ്ഞൾ, തക്കാളി, വെണ്ട, വഴുതന എന്നിവയ്ക്കു പുറമെ പൂച്ചെടികളും  നട്ടു വളർത്തുന്നു. ചാണകമാണ് പ്രധാനമായും  അടിവളം. ആട്ടിൻകാഷ്ഠവും, വീട്ടിലെ പൈപ്പ് കമ്പോസ്റ്റ് വളവും ഇടയ്ക്ക് ഉപയോഗിക്കും. കീടനാശിനിയായി തുരിശ്, കുമ്മായം മിശ്രിതം, പുകയില കഷായം, കഞ്ഞിവെള്ളം, ഗോമൂത്രം എന്നിവയും.

terrace-farming-1

15 -20 ലീറ്റർ സംഭരണശേഷിയുള്ള പ്ലാസ്റ്റിക് ജാറുകൾ മുറിച്ചശേഷം ഉൾഭാഗത്ത്  മണ്ണും ജൈവവളവും നിറയ്ക്കുന്ന രീതിയും ഇവിടെ കാണാം.  ജാറുകൾ  മെഷീനിൽ മുറിച്ചെടുക്കുകയാണ് പതിവ്. പിന്നീട് അവ പൈപ്പ്കൊണ്ടുള്ള സ്റ്റാൻഡിനു മുകളിൽ സ്ഥാപിക്കുന്നു. ജിഐ പൈപ്പിലാണ് സ്റ്റാൻഡ് നിർമിച്ചിട്ടുള്ളത്. നേരത്തേ ഗ്രോബാഗിലായിരുന്നു പച്ചക്കറിക്കൃഷി. അവ അതിവേഗം കീറിയും  ദ്രവിച്ചും നശിക്കുന്നതിനാലാണ് പുതിയ രീതി പരീക്ഷിച്ചത്. ഒരിഞ്ച് പൈപ്പിലൂടെ തുള്ളിനനയും 3 ഇഞ്ച് പിവിസി പൈപ്പിലൂടെ (പാത്തി) വെള്ളം ഒഴുക്കിയുള്ള 'തിരിനന' യും ഇവിടെ നടപ്പാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ജാറുകളുടെ ചുവടുഭാഗത്തെ സുഷിരത്തിലുള്ള തിരിയിലൂടെ കയറിവരുന്ന ജലം മണ്ണിലെ ഈർപ്പം എപ്പോഴും നിലനിർത്തുന്നു.  ആഴ്ചയിൽ ഒരു ദിവസം മാത്രം പിവിസി പൈപ്പിലൂടെ വെള്ളം ഒഴുക്കി വിട്ടാൽ മതി.

സ്വന്തം ആവശ്യത്തിനു മാത്രം ഗപ്പി മത്സ്യക്കൃഷിയും അക്വാപോണിക്സ് രീതിയിൽ 'ചിത്രലാട' ഇനം തിലാപ്പിയ മത്സ്യങ്ങളെയും വളർത്തുന്നുണ്ട്. ടാങ്കിൽ മീനുകളും അതിനു മുകളിലെ ബെഡിൽ പച്ചക്കറികളും. 'ക്ലേ സ്റ്റോൺ ' നിറച്ച  ബെഡിലേക്കു മത്സ്യ വിസർജ്യവും മീൻതീറ്റയുടെ അവശിഷ്ടങ്ങളും അടങ്ങിയ വെള്ളം പമ്പ് ചെയ്യുന്നു. ഈ ബെഡിൽ ബാക്‌ടീരിയയുടെ പ്രക്രിയകൊണ്ട് അമോണിയ നൈട്രേറ്റ് ആയി മാറുകയും ബെഡിൽ നട്ടിരിക്കുന്ന ചെടികൾ അവ വളമായി എടുത്ത്  വെള്ളം ശുദ്ധീകരിച്ചു വെള്ളം തിരികെ ടാങ്കിൽ പതിക്കുകയും ചെയ്യുന്നു.  2 മാസത്തിലൊരിക്കൽ വെള്ളം കുറയുമ്പോൾ ടാങ്കിൽ വീണ്ടും വെള്ളം ഒഴിച്ചുനൽകും. 

terrace-farming-2
മത്സ്യക്കൃഷിക്ക് ചെറു അക്വാപോണിക്സ് യൂണിറ്റ്

‘ആത്‌മ’യുടെ  'ജൈവഗൃഹം ' പദ്ധതിയുടെ ഭാഗമായുള്ള ഈ തോട്ടത്തില്‍  തേനീച്ചക്കൃഷിയും ചെറിയ രീതിയിൽ കോഴി വളർത്തലുമുണ്ട്.  14 കരിങ്കോഴികളും , 8 വേളാങ്കണ്ണിക്കോഴികളും ഇവിടെ പ്രത്യേകം കൂടുകളിൽ പാർക്കുന്നു.  മട്ടുപ്പാവിൽ മാത്രമല്ല, മുറ്റത്തും  ഇടനാഴികളിലുമടക്കം  വിളകള്‍ നട്ടു വളർത്തിയിരിക്കുന്നു.  

ഫോൺ: 9645044222

English summary: Terrace Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com