ADVERTISEMENT

മറുനാട്ടിലാണെങ്കിലും കേരളത്തിലെ പച്ചപ്പും ഹരിതാഭയും കൃഷിയുമെല്ലാം നെഞ്ചോടു ചേർക്കുന്ന ഒട്ടേറെ മലയാളികളുണ്ട്. ജോലിത്തിരക്കുകളിൽനിന്ന് വിട്ടുനിൽക്കാനും വിരസതയകറ്റാനുമെല്ലാം കൃഷിയെ നെഞ്ചോടു ചേർക്കുന്നവർ... സ്വന്തം വീട്ടിലേക്കുള്ള ഭക്ഷ്യോൽപന്നങ്ങൾ സ്വന്തമായി ഉൽപാദിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയും വിവരണാതീതതമാണ്. കോവിഡ് ലോക്ഡൗൺ കാലത്ത് കൃഷിയിലൂടെ മാനസിക സന്തോഷം ലഭിച്ചുവെന്ന് യുകെയിലെ നോർത്ത് വെയ്‌ൽസിൽ സ്ഥിരതാമസമാക്കിയ കണ്ണൂർ സ്വദേശി ഷിജു ചാക്കോ. ലോകത്ത് കോവിഡ് മരണങ്ങളിൽ മുൻപന്തിയിൽ നിന്ന യുകെയിൽ ലോക്ഡൗണിലൂടെ തളയ്ക്കപ്പെട്ട ഒട്ടേറെ പേർക്ക് മാനസിക സമ്മർദ്ദർത്തിലൂടെ കടന്നുപോകേണ്ടിവന്നു. എന്നാൽ, തന്നെ ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകാതെ സഹായിച്ചത് കൃഷിയാണെന്നും ഈ യുവാവ് പറയുന്നു.

shiju-ckacko-uk-1
ഷിജു ചാക്കോ കൃഷിയിടത്തിൽ

കണ്ണൂർ ഇരിട്ടിക്കു സമീപം കീഴ്പ്പള്ളി സ്വദേശിയായ ഷിജു 2010ലാണ് യുകെയിൽ എത്തുന്നത്. നഴ്സായി ജോലി ചെയ്യുന്നു. കൃഷിയോടുള്ള താൽപര്യംകൊണ്ട് വീടിനോടു ചേർന്നുള്ള പരിമിതമായ സ്ഥലത്ത് പച്ചക്കറികൾ വിളയിച്ചിരുന്നു. മികച്ച വിളവിനൊപ്പം സംതൃപ്തിയും ലഭിച്ചതോടെ കൃഷി വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കൃഷിക്കായി സ്ഥലം ആവശ്യമെങ്കിൽ അതിനായി ഭരണകൂടത്തിന് അപേക്ഷ നൽകണം. ഇത്തരത്തിൽ അപേക്ഷ നൽകി മൂന്നു വർഷത്തോളം കാത്തിരുന്നതിനുശേഷമാണ് കൃഷി ചെയ്യുന്നതിന് കൗൺസിൽ സ്ഥലം അനുവദിച്ചു നൽകിയതെന്ന് ഷിജു. കൗൺസിൽ പാട്ടത്തിന് നൽകിയിരിക്കുന്ന സ്ഥലം എത്ര വർഷം വേണമെങ്കിലും ഉപയോഗിക്കാൻ കഴിയും. എന്നു കൃഷി മതിയാക്കുന്നുവോ അന്ന് തിരികെ കൊടുത്താൽ മതി. കൗൺസിൽതന്നെയാണ് കൃഷിക്കാവശ്യമായ വെള്ളവും നൽകുന്നത്. അത്തരം സ്ഥലത്ത് കൃഷി ചെയ്യുന്ന ഏക വിദേശി എന്ന പ്രത്യേകതയും ഷിജുവിനുണ്ട്. 

നാട്ടിൽനിന്നെത്തിച്ച വിത്തുകളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കൂടാതെ അവിടെ ലഭ്യമായ വിളകളും കൃഷി ചെയ്യുന്നു. വിവിധയിനം പയറുകൾ, കാബേജ്, ഉരുളക്കിഴങ്ങ്, ചീര, വെള്ളരി, വിവിധയിനം തക്കാളി, മുളക്, വെണ്ട, വഴുതന, കോളിഫ്ലവർ, ബീറ്റ്‌റൂട്ട്, ചോളം എന്നിവയെല്ലാം വിളയിക്കുന്നു. സ്ട്രോബറിയും ആപ്പിളും ഷിജുവിന്റെ കൃഷിയിടത്തിലെ താരങ്ങളാണ്.

shiju-ckacko-uk-2
ഷിജു ചാക്കോ കൃഷിയിടത്തിൽ

കംപോസ്റ്റ് ആണ് പ്രധാനവളം. പച്ചില, മുട്ടത്തോട്, കളകൾ എന്നിവയെല്ലാം ഉപയോഗിച്ചാണ് കംപോസ്റ്റ് നിർമാണം. ആവശ്യമായ പോഷകങ്ങൾ ഇടയ്ക്ക് മാർക്കറ്റിൽനിന്ന് വാങ്ങിയും പച്ചക്കറികൾക്കു നൽകുന്നുണ്ട്. ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ സ്വന്തം ആവശ്യത്തിന് എടുത്തശേഷം സുഹൃത്തുക്കൾക്ക് നൽകുകയാണ്. ഒരു ഹോബിയായി തുടങ്ങിയ കൃഷി ആയതിനാൽ വിൽപനയ്ക്കു താൽപര്യമില്ലെന്ന് ഈ യുവാവ് പറയുന്നു. 

ഷിജുവിന്റെ ഭാര്യ ജിഫ്നിയും നഴ്‌സാണ്. മക്കൾ: ക്രിസ്റ്റഫർ, ജെന്നിഫർ.

English summary:  Malayali's Beautiful Vegetable Garden At UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com