1. മണ്ണ് സൂര്യതാപീകരണം നടത്തി അണുവിമുക്തമാക്കിയാൽ മണ്ണിൽനിന്നുള്ള ബാക്ടീരിയ, കുമിൾ രോഗങ്ങളിൽനിന്നു മുക്തി നേടാം. വർധിച്ച വിളവിനും പ്രതിരോധശേഷിക്കും ഈ മാർഗം നല്ലതാണ്.
2. 100 ഗ്രാം കുമ്മായം ഓരോ ഗ്രോബാഗിലും ലഭിക്കത്തക്ക വിധം വിത്ത്/തൈ എന്നിവ നടുന്നതിന് 4 ദിവസം മുൻപേ മണ്ണിൽ കൊത്തിയിളക്കി നനച്ചിടേണ്ടതാണ്. കുമ്മായപ്രയോഗം നടത്തി രണ്ടാഴ്ച കഴിഞ്ഞതിനുശേഷം ജൈവവളങ്ങൾ നൽകാം.
3. 25 ഗ്രോബാഗുള്ള ഒരു യൂണിറ്റ് മട്ടുപ്പാവിൽ വയ്ക്കുമ്പോൾ 5 ബാഗുകളിൽ പരിസ്ഥിതി പരിവർത്തന ചെടികൾ ഉപയോഗിക്കാവുന്നതാണ്.
4. വിളകൾക്ക് അനുയോജ്യമായ പരിസ്ഥിതി പരിവർത്തന വിളകൾ ഉൾപ്പെടുത്താവുന്നതാണ്.
5. ചിലന്തികളുടെ ആവാസകേന്ദ്രം ഉറപ്പാക്കുന്നതിനു ഗ്രോബാഗുകളിൽ 2–3 എണ്ണത്തിനു മുകളിൽ വൈക്കോൽ നിക്ഷേപിക്കാവുന്നതാണ്. പന്തൽ ചെടികളായ പാവൽ, പടവലം തുടങ്ങിയവ കൃഷി ചെയ്യുമ്പോൾ വൈക്കോൽ പന്തലിൽ തന്നെ സ്ഥാപിച്ചാൽ ചിലന്തി വഴിയുള്ള കീടനിയന്ത്രണം സുഗമമാകും.
6. ജൈവ സ്ലറി തയാറാക്കി ചെടിച്ചുവട്ടിൽ ഒഴിക്കുമ്പോൾ മുകളിലത്തെ തെളി മാത്രം അരിച്ച് നേർപ്പിച്ച് ഒഴിച്ചു കൊടുക്കുക. മട്ടി കൂടി മണ്ണിലിട്ടാൽ വായു അറകൾ അടയുകയും വേര് ചീയാൻ ഇടവരികയും ചെയ്യും.
7. പയറിലെ ചാഴിയെയും നിശാശലഭങ്ങളെയും തുരത്തുന്നതിനായി വൈകുന്നേരം 6 മണി മുതൽ 7 മണി വരെ മട്ടുപ്പാവിൽ പന്തം കൊളുത്തി വയ്ക്കുക. 4–5 ദിവസം ഇതു തുടരെ ചെയ്യാവുന്നതാണ്. കമ്പിലോ, കൊതുമ്പിലോ തുണി ചുറ്റി എണ്ണ മുക്കി പന്തം തയാറാക്കാം. രാത്രികാലത്തു സജീവമാകുന്ന നിശാശലഭങ്ങളെയും ചാഴികളെയും തുരത്തുന്നതിനുള്ള എളുപ്പവും ഫലപ്രദവുമായ മാർഗമാണിത്.
English summary: 7 Amazing Tips For Terrace Gardening