ബമ്പർ സാധ്യതയായി ബംഗാളി പച്ചക്കറി: അതിഥി തൊഴിലാളികൾക്കായി പച്ചക്കറികൾ കൃഷി ചെയ്ത് മലയാളി

Mail This Article
നാടോടുമ്പോൾ നടുവേ ഓടുക എന്നത് കൃഷിക്കാർക്കും ബാധകമെന്നു തെളിയിക്കുന്നു എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് ഒക്കലിലുള്ള ജോബി പത്രോസ് എന്ന കർഷകൻ. പശ്ചിമ ബംഗാളിലെ ഏതോ പട്ടണം എന്നു സംശയിക്കും വിധം പതിനായിരക്കണക്കിനു ‘ഭായിമാർ’ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് പെരുമ്പാവൂർ. അവർക്കു പ്രിയ്യപ്പെട്ട പച്ചക്കറി ഇനങ്ങൾ അവരുമായി ചേർന്നുതന്നെ കൃഷി ചെയ്ത് മികച്ച വിളവും വിലയും വിപണിയും നേടുകയാണ് ജോബി.
പതിനഞ്ച് ഏക്കറിലേറെ വയൽ പാട്ടത്തിനെടുത്ത് നെൽക്കൃഷിയും ഒപ്പം പത്തേക്കറിൽ വാഴ, പച്ചക്കറി ഇനങ്ങളും കൃഷി ചെയ്യുന്ന ജോബി രണ്ടു വർഷം മുൻപാണ് ബംഗാളി ഇനങ്ങൾ പരീക്ഷിക്കുന്നത്. കൃഷിപ്പണികൾക്കായി ഒപ്പമുള്ള ബംഗാളി തൊഴിലാളികൾ തന്നെയാണ് പങ്കുകൃഷി എന്ന ആശയം മുന്നോട്ടു വച്ചത്. ഒന്നരയേക്കറിൽ, ബംഗാളികൾക്കു പ്രിയപ്പെട്ട വഴുതന (ബാഗുൻ) ഇനമായിരുന്നു ആദ്യകൃഷി. നാട്ടിൽപോയി മടങ്ങി വന്ന ബംഗാളികൾതന്നെ ബാഗുൻ വിത്തു കൊണ്ടു വന്നു. അടിവളമായി ജൈവവളം നൽകി വഴുതനയ്ക്കു നൽകുന്ന അതേ പരിപാലനം തന്നെ ബാഗുനും നൽകി.

നട്ട് മൂന്നുമാസം പിന്നിട്ടതോടെ വിളവെടുപ്പ്. ആദ്യ വിളവെടുപ്പും വിൽപനയും അമ്പരപ്പിച്ചെന്നു ജോബി. മുന്നു നാലെണ്ണം കൂടുമ്പോൾ ഒരു കിലോ എത്തും ബാഗുൻ. വിളവെടുപ്പിനെക്കുറിച്ച് ബംഗാളി തൊഴിലാളികൾതന്നെ മറ്റു ഭായിമാരെ അറിയിച്ചുകൊള്ളും. തോട്ടത്തിൽനിന്നു തന്നെ വിൽപന. കിലോ 60 രൂപ വില. ആഴ്ചയിൽ ശരാശരി 3000 രൂപ ലാഭ വിഹിതം എന്ന നിലയ്ക്കായിരുന്നു വഴുതനയിൽനിന്നുള്ള വരുമാനമെന്നു ജോബി.
അടുത്ത ഘട്ടത്തിൽ പരീക്ഷിച്ചത് പൊട്ടൽ. കാഴ്ചയിൽ കോവയ്ക്ക പോലുള്ള പച്ചക്കറിയിനമാണ് പൊട്ടൽ. കോവയ്ക്കയെക്കാൾ തൊണ്ടുകട്ടിയും വലുപ്പവുമുണ്ടാകും. ബാഗുനെക്കാൾ ബംഗാളികൾകൾക്കു പ്രിയമുള്ള പച്ചക്കറിയിനമാണ് പൊട്ടൽ. 60 സെന്റിലാണ് ഇപ്പോൾ പൊട്ടൽക്കൃഷി. പൊട്ടലിന്റെ നടീൽവസ്തുവായ തണ്ട് കൊണ്ടുവരാനായി നേരിട്ടു തന്നെ ബംഗാളിൽപ്പോയെന്നു ജോബി. പൊട്ടലിൽ ആണും പെണ്ണും വെവ്വേറെ ഉള്ളതിനാൽ രണ്ടിനത്തിന്റെയും തണ്ട് നട്ടുവളർത്തിയാലേ പരാഗണം നടക്കൂ.
അരയ്ക്കൊപ്പം ഉയരത്തിൽ പന്തലിട്ടാണ് പൊട്ടൽ വളർത്തുന്നത്. മുന്നു വർഷം വരെ പൊട്ടൽച്ചെടി വിളവു നൽകും. ബംഗാളി രീതിയിൽത്തന്നെയാണ് തടമെടുപ്പും നനയുമെല്ലാം. വാരം കോരി നട്ടാൽ പിന്നെ ചുവടിളക്കുന്ന പതിവില്ല. ചെടിയുടെ ചുവട്ടിൽനിന്ന് അൽപം അകലമിട്ട് ചെറിയ ചാലു നിർമിച്ച് വേനലിൽ അതിൽ വെള്ളം കെട്ടി നിർത്തും. അടിവളമായി നൻകുന്ന ജൈവവളം കഴിഞ്ഞാൽ പിന്നെ സ്റ്റെറാമീലാണ് ഇടവളമായി നൽകുന്നത്.

ജോബിയുടെ പൊട്ടൽതോട്ടത്തിൽ വിളവെടുപ്പു നടക്കുകയാണിപ്പോൾ. കിലോ 100 രൂപയ്ക്കാണു വിൽപന. വിപണിയും വിൽപനയും പ്രശ്നമേയല്ല. മൂന്നരയേക്കറിൽ ബാഗുൻ കൃഷിചെയ്യാനുള്ള മണ്ണൊരുക്കവും നടക്കുന്നു. ഒപ്പം, ബംഗാളികൾക്കു പ്രിയപ്പെട്ട മുള്ളങ്കി, ബംഗാളിച്ചീര എന്നിവയുടെ വിത്തു ശേഖരിച്ച് അവയുടെ കൃഷിപ്പണികളും തുടങ്ങിക്കഴിഞ്ഞു. ഏതായാലും ലക്ഷക്കണക്കിനു ബംഗാളികൾ കേരളത്തിലുള്ളതുകൊണ്ട് ബംഗാളിപ്പച്ചക്കറികൾക്കു മികച്ച വിപണി ലഭിക്കുമെന്ന കാര്യത്തിൽ ജോബിക്കു സംശയമില്ല.
ഫോൺ: 9539381027
English summary: Kerala Farmer Earn Better Income from Bengali Vegetables