ADVERTISEMENT

ബട്ടർനട്ട് സ്ക്വാഷ് എന്ന പുതുവിളയെക്കുറിച്ച് ഒരു കൃഷി ഓഫിസറാണ് ലാലുവിനോടു പറഞ്ഞത്. കരുമാലൂരിലെ പ്രമുഖ പച്ചക്കറിക്കർഷകനായ ലാലുവിന് വ്യത്യസ്ത വിളകള്‍ പരീക്ഷിക്കാൻ  എന്നുമുണ്ട് താൽപര്യം. അങ്ങനെ സ്വകാര്യ കമ്പനിയുടെ ബട്ടർനട്ട് വിത്തു വാങ്ങി പാകി. ആദ്യ ബാച്ചിൽ 200 തൈകള്‍ നട്ടുവളര്‍ത്തി. മികച്ച വിളവാണ് ലഭിച്ചത്. 200 ചുവടുകളിൽനിന്ന് 2000 കിലോയോളം ഉൽപാദനം. ആദ്യശ്രമം തന്നെ വിജയമായതോടെ ഈ കൃഷി തുടരാനാണ്  ലാലുവിന്റെ പ്ലാന്‍. പന്തലിൽ പടർത്തിയാൽ മാത്രമേ ബട്ടർനട്ട് സ്ക്വാഷിനു ശരിയായ ആകൃതിയും നിറവും ലഭിക്കുകയുള്ളൂവെന്ന് ലാലു പറ യുന്നു. തൈ വളര്‍ന്നു പന്തലിലേക്കു പടർന്ന വള്ളികൾ 28 ദിവസമായപ്പോൾ പൂവിട്ടു.  ചുവടുഭാഗം വീർത്ത പെൺപൂക്കളാണ് ആദ്യമുണ്ടായത്. പിന്നാലെ ആൺപൂക്കളുമെത്തി. പരാഗണത്തിനു പ്രശ്ന മൊന്നുമുണ്ടായില്ല. പതിവായി പച്ചക്കറി നൽകുന്ന കടകളില്‍തന്നെയാണ് ഇതും നല്‍കിയത്. പരിചയമില്ലാത്ത വിളയായതിനാൽ കിലോയ്ക്ക് 50 രൂപ നിരക്കിലാണ് കച്ചവടക്കാർ ആദ്യം വാങ്ങിയത്. എന്നാൽ കച്ചവടം ഉഷാറായതോടെ വില കയറി. വിൽപന അവസാന ഘട്ടത്തിലെത്തിയപ്പോൾ കിലോയ്ക്ക് 100 രൂപ തനിക്കു ലഭിച്ചെന്നു ലാലു. മത്തനോടു സാമ്യമുണ്ടെങ്കിലും അതിലും രുചി ബട്ടർനട്ടിനാണെന്നു ലാലു. അതുകൊണ്ടാവണം കൂടുതൽ വില കിട്ടുന്നതും. പഴുത്തു തുടങ്ങിയ ബട്ടർനട്ട്  പപ്പായപോലെ മുറിച്ചുകഴിക്കാം. മധുരമുണ്ട്.

ആദ്യകൃഷി ആദായകരമായതോടെ  400 ചുവട് വീതമുള്ള രണ്ട് ബാച്ച്  കൂടി കൃഷിയിറക്കിയതു  വിളവെടുപ്പിലെത്തിക്കഴിഞ്ഞു. കിലോയ്ക്ക്  80 രൂപയെങ്കിലും വില കിട്ടുമെന്നാണ് ലാലുവിന്റെ പ്രതീക്ഷ. 

കൃഷിരീതി

നന്നായി വിളഞ്ഞു പഴുത്ത ബട്ടർ നട്ടിൽനിന്നും വിത്തുകൾ ശേഖരിക്കണം. പഴുത്ത കായ്കളിൽനിന്നു ശേഖരിച്ച വിത്തുകൾ ആരോഗ്യമുള്ളതാണോ എന്നറിയുന്നതിനായി വെള്ളത്തിലിടണം. ആരോഗ്യമുള്ള വിത്തുകൾ താഴും. ഇങ്ങനെ വെള്ളത്തില്‍ താഴ്ന്ന വിത്തുകൾ നടാനായി തിരഞ്ഞെടുക്കാം.  ഒരു കായയിൽ 50–100 വിത്തുണ്ടാകുമെങ്കിലും ഗുണമേന്മയുള്ളവ 25ല്‍ കുറവായിരിക്കും. വിത്തുകൾ ഒരു ദിവസം ഭാഗികമായി വെയിലത്തും, 2 ദിവസം തണലത്തും ഉണക്കിയ ശേഷം പാകാം. വിത്ത് നേരിട്ടു നടുകയോ ട്രേകളിൽ പാകി മുളപ്പിച്ചശേഷം തൈകൾ നടുകയോ ആവാം. പാകുന്നതിനു മുൻപ് സ്യൂഡോമോണാസ് ലായനിയിൽ വിത്തുപരിചരണം നടത്തുന്നത് നല്ലതാണ്. വിത്ത് പാകി മുളച്ച തൈകൾ 15–20 ദിവസം പ്രായമാകുമ്പോൾ കൃഷിയിടത്തിലേക്കു പറിച്ചുനടാം. 

തൈകൾ പറിച്ചുനടുന്നതിനു മുൻപ് സെന്റിന് 2 കിലോ തോതില്‍ കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് അടിവളമായി നൽകി മണ്ണിന്റെ അമ്ലത കുറയ്ക്കേണ്ടതാണ്. അടിവളമായി കോഴിവളം, ചാണകപ്പൊടി, കംപോസ്റ്റ്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, കടലപ്പി ണ്ണാക്ക് എന്നിവ ചേർക്കണം. കുമ്മായം ചേർത്ത് 7 ദിവസം കഴിഞ്ഞു മാത്രമേ തൈകൾ മണ്ണില്‍ നടാൻ പാടുള്ളൂ. 

നടുന്ന തൈകളുടെ വലുപ്പം വളരെ കുറവായിരിക്കും. അതിനാൽ 3 ദിവസം തൈകൾക്ക് തണൽ നൽകാവുന്നതാണ്. തൈകൾ നട്ട് 15 ദിവസമാകുമ്പോൾ വേരുപിടിക്കാൻ തുടങ്ങും. ഈ സമയത്ത് വളപ്രയോഗം നടത്തണം. ജൈവസ്ലറി തയാറാക്കി 7 ദിവസത്തിലൊരിക്കൽ ചുവട്ടിൽ ഒഴിക്കുന്നതും രണ്ടാഴ്ചയിലൊരിക്കൽ ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യുന്നതും, നല്ല വളർച്ചയ്ക്കും വിളവിനും സഹായകമാകും. 

തൈ നട്ട് 15-ാം ദിവസം മുതൽ 15 ദിവസത്തെ ഇടവേളകളിൽ രാസവളം നല്‍കാം.   ഒന്നാം വളമായി ഒരു ചെടിക്ക് ഒരു സ്പൂൺ യൂറിയ ഇടാം. 15 ദിവസം കഴിഞ്ഞ് രണ്ടാം വളമായി ഫാക്ടംഫോസ് ഒരു ടീസ്പൂ ൺ ഒരു ചെടിക്ക് എന്ന ക്രമത്തിൽ നൽകാം. 30 മുതൽ 40 ദിവസമാകുമ്പോൾ ബട്ടർനട്ട് പുഷ്പിക്കാൻ തുടങ്ങും. ഈ സമയത്ത് പൊട്ടാഷ് വളങ്ങൾ മാത്രം നൽകുന്നതാണ് നല്ലത്.

butternut-1

പടര്‍ത്തി വളര്‍ത്താം

വള്ളിവർഗവിളയായതിനാൽ പന്തലിൽ കയറ്റിയും  നിലത്തു പടർത്തിയും കൃഷി ചെയ്യാം. പന്തലിൽ പടർത്തുകയാണെങ്കിൽ കൂടുതൽ വിളവും മികച്ച നിറവും ആകൃതിയുമുള്ള കായ്കളും ഉറപ്പാക്കാം. കൃഷിയിട ത്തിൽ തൈകൾ രണ്ടടി അകലത്തിൽ നടാവുന്നതാണ്. തൈകൾ വേരുപിടിച്ചാലുടൻ താങ്ങു നൽകി പന്തലിലേക്ക് പടർത്തി വിടണം. തൈ നട്ട് 50 ദിവസമാകുമ്പോഴേക്കും വിളവെടുപ്പു തുടങ്ങാം. പൂർണ വളർച്ചയെത്തിയ ഒരു കായയ്ക്ക് 600 ഗ്രാം മുതൽ ഒരു കിലോവരെ തൂക്കമുണ്ടാകും. 25 സെന്റിൽനിന്ന്  ഒരു ടണ്ണിൽ കൂടുതൽ വിളവ് ലഭിക്കും. 

മത്തനിൽ ഉണ്ടാകുന്ന പ്രധാന രോഗ, കീടങ്ങൾ ബട്ടർനട്ടിനെയും ബാധിക്കാമെന്നു ലാലു. കായീച്ചയാണ് പ്രധാന ശത്രു. തൈകൾ നടുമ്പോള്‍തന്നെ കൃഷിയിടത്തിൽ ഫിറമോൺ കെണി വച്ച് കായീച്ചയുടെ  വംശവർധന പൂർണമായി തടഞ്ഞ് വിളകളെ സംരക്ഷിക്കണം.  മറ്റു കീടങ്ങൾക്കെതിരെ ബിവേറിയ ഉപയോഗിക്കാം.  വെള്ളീച്ചശല്യമുണ്ടെങ്കിൽ യെല്ലോ (മഞ്ഞ) കാർഡ് വാങ്ങി കൃഷിയിടത്തിൽ  കെട്ടിത്തൂക്കണം. ഇലകളിൽ പൂപ്പൽബാധയുണ്ടായാൽ സ്യൂഡോമോണാസ് സ്പ്രേ ചെയ്യാം.

കേരളത്തിനു യോജിച്ച‌ അമേരിക്കക്കാരൻ

പച്ചക്കറിയായും പഴമായും ഉപയോഗിക്കാം ബട്ടർനട്ട് സ്ക്വാഷ്. ഒറ്റനോട്ടത്തിൽ  ചെറിയ മത്തങ്ങയാണെന്നു തോന്നും. മത്തങ്ങ ഉപയോഗിക്കുന്ന എല്ലാ വിഭവങ്ങളിലും  പകരക്കാരനായി ഉപയോഗിക്കാം. മത്തങ്ങയുടെ അടുത്ത ബന്ധുവെന്നു വിശേഷിപ്പിക്കാവുന്ന  ബട്ടർനട്ട് സ്ക്വാഷിന്റെ ഇലയും  പൂവും  വള്ളികളും കായയുമൊക്കെ മത്തനു സമാനമാണ്. മൂത്ത ബട്ടർനട്ട് സ്ക്വാഷ് മുറിച്ചു നോക്കിയാൽ മത്തങ്ങയുടെ ഉൾഭാഗംപോലെ തന്നെ.  രണ്ടിന്റെയും വിത്തുകളും കാഴ്ചയ്ക്ക് ഒരേപോലെയാണ്.

ബട്ടർനട്ട് സ്ക്വാഷ് 1940കളിൽ മധ്യ അമേരിക്കയിലാണ്  കണ്ടെത്തിയത്. ന്യൂസിലൻഡ‍്, ഓസ്ട്രേലിയ, ടർക്കി, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇപ്പോൾ ടൺകണക്കിന് ബട്ടർനട്ട് സ്ക്വാഷ്  ഉൽപാദിപ്പിക്കുന്നു. കേരളത്തിൽ 365 ദിവസവും കൃഷി ചെയ്യാവുന്ന ഓൾ സീസൺ ക്രോപ് ആയ ബട്ടർനട്ട് സ്ക്വാഷിൽ വൻതോതിൽ ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. വിളഞ്ഞു പാകമാകുന്നതിനു മുന്‍പ് പച്ചക്കറിയായി ഉപയോഗിക്കാം. വിളഞ്ഞു പഴുത്ത കായ്കൾ പഴമായും. ബട്ടർനട്ടിന്റെ  പുറംതോട് അരിഞ്ഞു മാറ്റിയ ശേഷം പച്ചയ്ക്കു കഴിക്കാനും നല്ലതാണ്– റെഡ് ലേഡി പപ്പായയുടെ അതേ രുചി. പഴുത്ത കായ്കൾ പായസം വയ്ക്കാനും ജ്യൂസും ഷേക്കുമൊക്കെയുണ്ടാക്കാനും കൊള്ളാം.  ലോകമെമ്പാടും  ബട്ടർനട്ട് കൃഷിയാരംഭിച്ച് 7 പതിറ്റാണ്ട് പിന്നിടുമ്പോഴാണ് ബട്ടർനട്ട് സ്ക്വാഷിന്റെ വാണിജ്യക്കൃഷി കേരളത്തിൽ ആരംഭിക്കുന്നതെങ്കിലും സാധ്യതകളേറെയുള്ള  വിളയാണിത്.

ഫോൺ: 9497450535

English summary:  Butternut Squash Gardening Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com