ADVERTISEMENT

സുന്ദരിക്കുട്ടി തക്കാളിയും കുഞ്ഞൂട്ടൻ ചക്കയും പേരിടാത്ത മറ്റു വിവിധയിനം പച്ചക്കറികളും എറണാകുളം തൃക്കാക്കര മിനി ശ്രീകുമാറിന്റെ വീടിനു ചുറ്റും ആനന്ദത്തിലാണ്. വീടിരിക്കുന്ന രണ്ടു സെന്റ് സ്ഥലം മാത്രമേ അടുക്കളത്തോട്ടത്തിനായി ഉള്ളൂ എന്നതൊരു പരിമിതിയല്ല മിനിക്ക്. വീടിനു ചുറ്റുമുള്ള ഇത്തിരി സ്ഥലം കോൺക്രീറ്റ് ചെയ്തിരിക്കുന്നതിനാൽ ഒരുതരി മണ്ണില്ലെങ്കിലും അൻപതോളം പാത്രങ്ങളിലായി മിനിയുടെ അടുക്കളത്തോട്ടം പടർന്നു പന്തലിച്ചു നിൽക്കുന്നു.

പെയ്ന്റ് ബക്കറ്റ്, ഡ്രം, ഗ്രോ ബാഗ്, പ്ലാസ്റ്റിക് ബക്കറ്റ് തുടങ്ങിയവയാണ് ചെടികൾ വളർത്താനുള്ള സ്ഥലം. തക്കാളി, വിവിധയിനം വെണ്ട, ബീറ്റ്റൂട്ട്, വെള്ളരി, മുരിങ്ങ, മുളക്, കുരുമുളക്, കാരറ്റ്, കാബേജ്, വഴുതന തുടങ്ങി ഉള്ള സ്ഥലത്ത് ഇവയെല്ലാം പരസ്പരം താങ്ങും തണലുമായി വളർന്നു നിൽക്കുന്നു. പച്ചക്കറി മാത്രമല്ല, ഡ്രമ്മിൽ വളർത്തിയ ആയുർ ജാക്ക്, റെഡ് ജാക്ക് തുടങ്ങിയ പ്ലാവ് ഇനങ്ങൾ വളർന്നു വിളവും നൽകി.

വീടിനു ചുറ്റുമുള്ള കൃഷിക്കു പുറമേ സൺഷെയ്ഡിലും പുറത്തെ ഏണിപ്പടിയിലുമെല്ലാം പച്ചക്കറികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. മുറ്റത്തു മണ്ണില്ലാത്തതിനാൽ സമീപ പ്രദേശങ്ങളിൽ നിന്നും സുഹൃത്തുക്കളുടെ വീടുകളിൽ നിന്നുമൊക്കെയാണു മണ്ണുകൊണ്ടുവരുന്നത്. കൃഷിയോടുള്ള താൽപര്യം, അതുമാത്രമാണ് ഉള്ള സ്ഥലത്ത് അടുക്കളത്തോട്ടം വളർത്താൻ മിനിക്കുള്ള പ്രചോദനം. ചെടികൾക്കു വെള്ളവും വളവും നൽകുന്നതിനൊപ്പം പേരും നൽകി. അങ്ങനെയാണ് കുഞ്ഞൂട്ടനും സുന്ദരിക്കുട്ടിയും ഉണ്ടായത്.

സാമൂഹമാധ്യമങ്ങളിലെ കൃഷി ഗ്രൂപ്പുകൾ വഴിയാണു മിനി പുതിയ വിത്തിനങ്ങൾ ശേഖരിക്കുന്നതും കൃഷിയിലെ പൊടിക്കൈകൾ പഠിക്കുന്നതും. ഗ്രൂപ്പിലെ അംഗങ്ങൾ കൃഷിയറിവുകൾ മാത്രമല്ല വിത്തും പങ്കുവയ്ക്കുന്നു.

എറണാകുളത്ത് എൽഐസി ഏജന്റാണ് മിനി ശ്രീകുമാർ. 

വിത്തു നടുന്നതിനു മുൻപായി കുമ്മായം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, ചകിരിച്ചോറ് ഇവയെല്ലാം മണ്ണുമായി ചേർത്ത്, വെള്ളമൊഴിച്ചു രണ്ടു ദിവസം വയ്ക്കും. അതിനുശേഷമാണ് നടീൽ. അടുക്കളമാലിന്യം തന്നെയാണ് വളമാക്കി ഉപയോഗിക്കുന്നത്. സൂക്ഷ്മ സുഷിരങ്ങളുള്ള മൂന്ന് പ്ലാസ്റ്റിക് വേസ്റ്റ് ബിന്നുകൾ അടുക്കിവച്ച് അതിൽ അടുക്കളമാലിന്യം ശേഖരിക്കും. കംപോസ്റ്റ് ആകാൻ ഇനോകുലം ചേർക്കും. വേസ്റ്റ് ബിൻ നിറഞ്ഞുകഴിഞ്ഞാൽ 45 ദിവസത്തിനു ശേഷം ഇതിൽ നിന്നു ലഭിക്കു ന്ന ജൈവവളം കൃഷിക്കായി ഉപയോഗിക്കാം.

ഫോൺ: 9388547176

English summary: Inspirational Small Space Vegetable Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com