വീണ്ടെടുക്കാനാവാതെ നശിച്ച കൊച്ചിയിലെ ആ ‘ചെരിഞ്ഞ’ കെട്ടിടത്തെ കൃഷിയുമായി ബന്ധിപ്പിച്ചാൽ...
Mail This Article
കൊച്ചിയിൽ ആരും താമസിക്കാതെ അനാഥമായി കിടക്കുന്ന ഒരു കെട്ടിടമുണ്ട്. ചെരിഞ്ഞു തുടങ്ങിയതോടെ അതാരും മേടിക്കാതായി. അങ്ങിനെ അതിനെ പ്രേതാലയമെന്ന പേരും വന്നു.
ഇനി ആ കെട്ടിടം നേരെയാക്കാനെന്തു പരിഹാരമെന്നുചോദിച്ചാൽ അതിനുത്തരമില്ലാതല്ല, എൻജിനീയറിങ്ങിൽ അതിനു പരിഹാരമുണ്ട്. പക്ഷേ, ചിലപ്പോൾ കെട്ടിടം പണിയുന്നതിന്റെ അത്രയും ചെലവ് വന്നേക്കാം. അതുകൊണ്ടുതന്നെ അതിനുപോകാതെ പൊളിച്ചു മാറ്റി മറ്റൊരു കെട്ടിടം പണിയുന്നതാണ് നല്ലത്. എന്നാൽ വല്ല ചരിത്ര സ്മാരകമോ മറ്റോ ആയിരുന്നെങ്കിൽ ഒരു സർക്കാർ വിചാരിച്ചാൽ വലിയ ബജറ്റിൽ ചരിത്ര സ്മാരകങ്ങൾ ഇനിയും അനേക നൂറ്റാണ്ടുകൾ നിലനിൽക്കുന്നതിനുവേണ്ടി സംരക്ഷണം ഏർപ്പെടുത്തുന്ന എൻജിനീയറിങ് നടത്തിയെടുത്തേക്കാം. അടിത്തറ നന്നല്ലെങ്കിൽ പിന്നെ വരാവുന്ന ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരമില്ല. പൊളിച്ചു മാറ്റി വേറെ പണിതുയർത്തുക തന്നെ.
ഇതുപോലെയാണ് കൃഷിയിലും. സസ്യങ്ങളിൽ വരാവുന്ന കേടുപാടുകൾക്ക് പരിഹാരം ചിലപ്പോൾ ഇല്ലെന്നുവരാം. എന്നാൽ, ചില കീടങ്ങളെയോ ചില രോഗങ്ങളെയോ അകറ്റാൻ ചില താൽകാലിക വിദ്യകൾ വലിയ തോട്ടങ്ങളിൽ നടത്തിയെടുക്കാറുണ്ട്. ചിലപ്പോൾ രോഗം വർധിച്ചുകഴിഞ്ഞാൽ മുഴുവനും പറിച്ചുകളയുകയോ തീയിട്ടു നശിപ്പിക്കുകയോ ചെയ്യാറുണ്ട്. കാരണം രോഗം വ്യാപിച്ചു കഴിഞ്ഞാൽ പിന്നെ രക്ഷയില്ല. പിന്നെ ചെയ്യുന്ന പ്രയോഗങ്ങൾ കൂടുതൽ നഷ്ടം വരുത്തുകയേയുള്ളു. അതുകൊണ്ടാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഫാമുകൾ രോഗങ്ങൾ വന്നതിനു ശേഷമുള്ള പണിക്കു നിൽക്കാതെ മുൻകൂറായി തന്നെ രോഗം വരാതെയും കീടങ്ങൾ വരാതെയും കൃഷി ഭൂമി മെച്ചപ്പെടുത്തിക്കൊണ്ടും വളപ്രയോഗം മെച്ചപ്പെടുത്തിക്കൊണ്ടും ഉയർന്ന ഉൽപാദന ശേഷി കൈവരിക്കാനുള്ള മാർഗ്ഗങ്ങൾ നിരന്തരമായി ചെയ്തെടുക്കുന്നത്.
പരിഹാരം എന്തെന്നു ചോദിക്കുമ്പോൾ ഒരു കൃഷി എങ്ങനെ നടത്തിക്കൊണ്ടു വന്നു ഇതുവരെ എന്നത് മനസ്സിലാക്കി മാത്രമേ പരിഹാരം പറയാറുള്ളൂ. കൊമേഴ്‌സ്യൽ ഫാമുകളിൽ വളരെ കൃത്യനിഷ്ടയോടെ നടത്തിയെടുക്കുമ്പോൾ അവിചാരിതമായുണ്ടാകുന്ന രോഗ കീട നിർമാർജനത്തിനു പരിഹാരം കാണാൻ കഴിയും. ഇതേപോലെ ചെറുതോട്ടങ്ങളിലും പരിഹാരം കാണാൻ കഴിയും. വളരെ പെട്ടെന്ന് ആ പരിഹാരമാർഗ്ഗങ്ങൾക്കൊണ്ട് വിചാരിച്ച ഫലം നേടാനും കഴിയും. എന്നാൽ തുടക്കം മുതൽ തന്നെ വേണ്ട രീതിയിൽ പരിചരണം ഉറപ്പാക്കാതെ വളർച്ചാ ഘട്ടങ്ങളിൽ വന്നുചേരുന്ന പ്രതിസന്ധികൾക്ക് പരിഹാരം നേടുന്നതിനേക്കാൾ നല്ലത് പറിച്ചുകളഞ്ഞ് ഓരോ കൃഷിയും എങ്ങനെ തുടങ്ങണമെന്ന നിർദ്ദേശിത മാർഗ്ഗങ്ങൾ സ്വീകരിച്ചു കൃഷി ചെയ്യുന്നതാണ്.
കാരണം തെറ്റായ രീതികളിലൂടെ കൃഷി നടത്തിയാൽ പരിഹാരം കാണുക എളുപ്പമല്ല. അഥവാ പരിഹാരം നടത്തിയാൽ പോലും തുടർന്നുള്ള സമയങ്ങളിലെ ചെടികളുടെ പ്രകടനം നല്ല രീതിയിൽ വന്നാൽ സമയനഷ്ടവും സാമ്പത്തിക നഷ്ടവും കൂടും.
കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ പെട്രോൾ തീർന്നാൽ പെട്രോൾ വീണ്ടുമൊഴിച്ചു യാത്ര തുടരാം. വെള്ളം കുറവ് സംഭവിച്ചു റേഡിയേറ്റർ കത്തിപ്പോയാൽ അഞ്ചോ ആറോ മണിക്കൂർ കൊണ്ട് റേഡിയേറ്റർ മാറ്റി യാത്ര തുടരാം. എന്നാൽ എൻജിൻ കേടാവുകയോ വഴിയിൽവച്ച് എന്തെങ്കിലും തരത്തിലുള്ള വലിയ അപകടം സംഭവിക്കുകയോ ചെയ്‌താൽ പിന്നെ യാത്ര തുടരാനും സാധിക്കില്ല, പുതിയ കാറ് മേടിക്കേണ്ടിയും വരും. അതായത് ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് പരിഹാരം അപ്പോൾ തന്നെ കാണാൻ സാധിക്കും. ചിലപ്പോൾ ഏതാനും മണിക്കൂറുകളുടെ നഷ്ടം. അതേസമയം വലിയ തകരാറുകൾ സംഭവിച്ചാൽ ദിവസങ്ങളോളം ആഴ്ചകളോളം വേണ്ടിവരാം, ചിലപ്പോൾ സാധിച്ചെന്നും വരില്ല. എന്നാൽ യാത്രയ്ക്ക് മുൻപേ നല്ല വാഹനവും, ലക്ഷ്യ സ്ഥാനത്തേക്ക് എത്താനുള്ള ഇന്ധനവും ഇടയ്ക്കുവച്ച് വലിയ അപകടങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ നമുക്ക് നമ്മുടെ ആവശ്യം നടത്തി തിരിച്ചുവരാനും സാധിക്കുന്നു.
കൃഷിയിലും ഇതേപോലെ അടിസ്ഥാനപരമായ എല്ലാ നിർദ്ദേശങ്ങളും പാലിച്ചും പരിഗണിച്ചും പരിചരിച്ചും മുൻപോട്ടുപോവുക. പിന്നെ പരിഹാരത്തിനുവേണ്ടി അലയേണ്ടി വരില്ല