ADVERTISEMENT

ചെങ്കൊടികൾ നിരന്നു നിൽക്കുന്ന പാതകൾ കടന്നുവേണം കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിലെയും പരിസരങ്ങളിലെയും കൃഷിയിടങ്ങളിലെത്താൻ. വിണ്ണിൽ പാറുന്ന ചെങ്കൊടികളോടു മത്സരിക്കാനെന്ന പോലെ മണ്ണിൽ നിറഞ്ഞ് പൂക്കുകയാണ് ഇവിടെ ചുവന്ന മുളകുപാടങ്ങൾ. കൂത്തുപറമ്പ് കൃഷി അസി. ഡയറക്ടർ ഓഫിസിനു കീഴിൽ തുടക്കമിട്ട ‘റെഡ് ചില്ലീസ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് 80 ഏക്കറിലേറെ സ്ഥലത്ത് മുളകുകൃഷി നടത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയേറെ സ്ഥലത്ത് ചുവന്ന മുളക് കൃഷി ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

red-chillies-kannur-1

മാസങ്ങൾക്കു മുൻപ് വന്ന പത്രവാർത്തയായിരുന്നു മുളകുകൃഷിക്ക് പ്രചോദനം. അൻപതിലേറെ ബ്രാൻഡുകളുടെ കറിപൗഡറുകൾ പരിശോധിച്ചതിൽ മിക്കതിലും മായമുള്ളതായി ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയതായുള്ള വാർത്ത വായിച്ചതാണ് വഴിത്തിരിവായത്. മായം ചേർക്കാത്ത മുളകുപൊടിയുണ്ടാക്കാനുള്ള ആഗ്രഹം കൂത്തുപറമ്പ് കൃഷി അസി. ഡയറക്ടറായിരുന്ന ബിന്ദു കെ.മാത്യു അവതരിപ്പിച്ചപ്പോൾ കർഷകരും കൃഷി ഉദ്യോഗസ്ഥരും പൂർണ പിന്തുണയേകി. ബ്ലോക്ക് പഞ്ചായത്തിലെ 7 കൃഷിഭവനുകളും കൈകോർത്ത് ഇറങ്ങി. 

red-chillies-kannur-2

ഓഗസ്റ്റിൽ പരിശീലനത്തിനായി കർഷകരെ വിളിച്ചപ്പോൾ 120ൽപ്പരം പേർ ഉത്സാഹത്തോടെ പങ്കെടുത്തു. വെല്ലുവിളി ഏറ്റെടുക്കാൻ ഇത്രയേറെ കർഷകർ മുന്നോട്ടുവന്നതു കണ്ടപ്പോൾ കൃഷി ഉദ്യോഗസ്ഥർക്കെല്ലാം ആവേശമായി. കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും ഇണങ്ങുന്ന വിത്ത് കണ്ടെത്തുകയായിരുന്നു ആദ്യ കടമ്പ. ഇനങ്ങൾ കണ്ടെത്താൻ ഇന്റർനെറ്റിന്റെ സഹായവും തേടി. വറ്റൽ മുളകിനായി ‘ആർമർ’ എന്ന ഇനവും പിരിയൻ മുളകിനായി ‘സർപൺ 92’ എന്ന ഇനവുമാണ് തിരഞ്ഞെടുത്തത്. സംസ്ഥാന ഹോർട്ടികൾചർ മിഷന്റെ ഉൾപ്പെടെ കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളുമായി സംയോജിപ്പിച്ച് ഹൈബ്രിഡ് വിത്തുകൾ ഹൈടെക് നഴ്സറിയിൽ മുളപ്പിച്ച് തൈകൾ കർഷകർക്ക് ലഭ്യമാക്കി. രണ്ടര ലക്ഷത്തോളം തൈകളാണ് കർഷകർക്കും കർഷക കൂട്ടായ്മകൾക്കുമായി വിതരണം ചെയ്തത്. 

മാങ്ങാട്ടിടം പഞ്ചായത്തിലെ മുപ്പതോളം ഏക്കറിലായിരുന്നു ആദ്യ ഘട്ടത്തിൽ തൈ നടാൻ തീരുമാനിച്ചത്. 

അമ്ലഗുണമുള്ള മണ്ണിൽ മുളക് വളരാൻ പ്രയാസമായതിനാൽ കുമ്മായമിട്ടാണ് നിലമൊരുക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം കെ.കെ.ശൈലജ എംഎൽഎ നിർവഹിച്ചു. അൻപതോളം തൈകൾ വീട്ടുവളപ്പിൽ നടാനായി എംഎൽഎയ്ക്കും കൈമാറി. സെപ്റ്റംബർ ആദ്യം മുതൽ തൈ നട്ടു തുടങ്ങി. പദ്ധതിയെക്കുറിച്ച് മനസ്സിലാക്കി കൂടുതൽപ്പേർ മുളക് കൃഷി ചെയ്യാൻ സന്നദ്ധരായി മുന്നോട്ടുവന്നതോടെ വൈകാതെ അവർക്കും ഹൈബ്രിഡ് തൈകൾ തയാറാക്കി നൽകി. 

red-chillies-kannur-4

തൈ നട്ടതോടെ കർഷകർക്ക് നൂറുനൂറു സംശയങ്ങളായിരുന്നു. ഓരോ കൃഷി ഭവനു കീഴിലെയും മുളകു കർഷകരുടെ വാട്സാപ് ഗ്രൂപ്പുകൾ ആരംഭിച്ച് അതുവഴി നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ഗുഡ്മോണിങ്, ഗുഡ്നൈറ്റ് മെസേജുകൾക്കും ഫോർവേഡുകൾക്കും നിരോധനമുണ്ടായിരുന്ന ഗ്രൂപ്പുകളിൽ മുളകുചെടികളുടെയും തോട്ടത്തിന്റെയും ചിത്രങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടു. ചെറിയൊരു വാട്ടം കണ്ടാൽ പോലും ഉദ്യോഗസ്ഥർ തോട്ടങ്ങളിലേക്ക് ഓടിയെത്തി. കൊച്ചുകുഞ്ഞുങ്ങളെയെന്ന പോലെ പരിചരിച്ചത് വെറുതെയായില്ല.‌ 30 സെന്റിൽ കൃഷി ചെയ്ത രാജൻ കുന്നുമ്പ്രോന്റെ പറമ്പിൽനിന്ന് കഴിഞ്ഞ ദിവസം മുതൽ വിളവെടുത്തു തുടങ്ങി. മാങ്ങാട്ടിടത്തെ സുലഭ ക്ലസ്റ്ററിലെ കർഷകർ 13 ഏക്കറോളം സ്ഥലത്താണ് കൃഷി ചെയ്യുന്നത്. 25 സെന്റി മീറ്ററിലേറെ നീളമുള്ള പിരിയൻ മുളക് വരെ ഇവരുടെ തോട്ടത്തിൽ വളർന്നു നിൽക്കുന്നുണ്ട്. 

red-chillies-kannur-3
മാങ്ങാട്ടിടത്തെ സുലഭ ക്ലസ്റ്ററിലെ കർഷകരുടെ ചുവന്ന മുളകുപാടം.

മൂത്തു പഴുത്ത മുളക് വിളവെടുത്ത ശേഷം മാങ്ങാട്ടിടത്തെ ഫ്രഷ് ഡ്രൈഡ് കൂട്ടായ്മയുടെ ഡ്രയറിൽ ഉണക്കി പൊടിച്ചു തുടങ്ങി. നല്ല എരിവും മണവുമുള്ള പൊടി ലഭിച്ചതോടെ ‘റെഡ് ചില്ലീസ്’ ടീമിന്റെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. ഭാവിയിൽ ബ്ലോക്കിന്റെ വിവിധ ഭാഗങ്ങളിലായി 4 ഡ്രയറുകൾ സ്ഥാപിച്ച് മുളക് പൊടിച്ച് ബ്രാൻഡ് ചെയ്തു വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് നിലവിലെ കൃഷി അസി. ഡയറക്ടർ ബേബി റീന പറഞ്ഞു. ഉണങ്ങിയ മുളക് 10–15 എണ്ണം വീതം പായ്ക്ക് ചെയ്ത് വിൽക്കുന്നതും പരിഗണിക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസിലെ ടെക്നിക്കൽ അസി. ബിന്ദു കെ.മാത്യുവും പറഞ്ഞു. മാർക്കറ്റ് വിലയേക്കാൾ അഞ്ചോ പത്തോ രൂപ കൂട്ടി സംഭരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.

red-chillies-kannur-5
മാങ്ങാട്ടിടത്തെ സുലഭ ക്ലസ്റ്ററിലെ കർഷകരുടെ ചുവന്ന മുളക് പാടത്തുണ്ടായ പിരിയൻമുളകുമായി പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഗംഗാധരൻ (ഇടത്ത്), പിരിയൻ മുളക് കൃഷി (വലത്ത്)

മാങ്ങാട്ടിടത്ത് മാത്രം 35 ഏക്കറോളം സ്ഥലത്താണ് മുളക് കൃഷി ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ മുളക് കൃഷിക്ക് ഗുണകരമായിരുന്നില്ല. ഓരോ ചെടിയുടെയും ആരോഗ്യം കാക്കാൻ നിർദേശങ്ങളുമായി കൃഷി ഓഫിസർ എ.സൗമ്യയും അസിസ്റ്റന്റുമാരായ ആർ.സന്തോഷ് കുമാറും എം.ബിബിനുമെല്ലാം സദാസമയം കർഷകർക്കൊപ്പമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഗംഗാധരനും ഇടയ്ക്കിടെ തോട്ടത്തിലെത്തി കർഷകർക്ക് പ്രോത്സാഹനമേകുന്നു. പാട്യത്ത് 10 ഏക്കറും തൃപ്രങ്ങോട്ടൂരിലും കൂത്തുപറമ്പിലും 8 ഏക്കർ വീതവും മുളക് കൃഷിയുണ്ട്. കുന്നോത്തുപറമ്പ്, ചിറ്റാരിപ്പറമ്പ്, കോട്ടയം കൃഷി ഭവനുകൾക്കു കീഴിലും ഒട്ടേറെ കർഷകർ മുളക് കൃഷി തുടങ്ങി. 

അമിത രാസവളപ്രയോഗമില്ലാത്ത മുളക് വിളവെടുപ്പ് തുടങ്ങിയത് അറിഞ്ഞ് ആവശ്യക്കാർ ഏറെയെത്തുന്നുണ്ട്. മസാല കമ്പനികളും യുഎഇയിൽ നിന്നുള്ള സൂപ്പർ മാർക്കറ്റ് ശൃംഖലയുമെല്ലാം ഒന്നിച്ച് വാങ്ങാൻ തയാറാണെന്ന് അറിയിച്ചത് വലിയ അംഗീകാരമായി ഇവർ കാണുന്നു. കൂടുതൽ പ്രദേശത്തേക്ക് മുളക് കൃഷി വ്യാപിപ്പിച്ച് കയറ്റുമതി സാധ്യത ഉൾപ്പെടെ പ്രയോജനപ്പെടുത്തുമെന്ന് കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഇ.കെ.അജിമോൾ പറഞ്ഞു.

English summary: Chilli Cultivation at Koothuparamba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com