ഇത്തിരി സ്ഥലം ഒത്തിരി പച്ചക്കറി: നടീൽമിശ്രിതം മാറ്റാതെതന്നെ ആറുവട്ടം കൃഷി ചെയ്യാം

HIGHLIGHTS
  • നാടൻ വെർട്ടിക്കൽ അടുക്കളത്തോട്ടം
vertical-kitchen-garden
SHARE

വീട്ടാവശ്യത്തിനു  പച്ചക്കറികൾ വീട്ടിൽത്തന്നെ വിളയിക്കുക എന്നത് ഇന്നു പൊതുവെ എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യമാണ്. എന്നാൽ  പലർക്കും പല തടസ്സങ്ങളുണ്ട്. ഒന്ന് സ്ഥലപരിമിതി തന്നെ. അഞ്ചും പത്തും സെന്റിൽ താമസിക്കുന്നവർക്ക് അടുക്കളത്തോട്ടത്തിനു സ്ഥലമുണ്ടാവില്ല. പണ‌ച്ചെലവാണ് മറ്റൊന്ന്. ഗ്രോബാഗ്  സ്റ്റാൻഡുകളും ഹൈടെക് സൗകര്യങ്ങളുമൊക്കെയായി പലരുമിന്ന്  അടുക്കളത്തോട്ടം ഉണ്ടാക്കുന്നത് നന്നായി പണം മുടക്കിയാണ്. അടുത്ത പ്രശ്നം സമയ പരിമിതിയാണ്. 

രണ്ടും ഒരു പരിധിവരെ മറികടക്കുന്ന നാടൻ വെർട്ടിക്കൽ അടുക്കളത്തോട്ടം ഒരുക്കി അതിനു പ്രചാരം നൽകുന്നു  പാലക്കാട് എലപ്പുള്ളി കൃഷിഭവൻ. കൃഷി ഓഫിസർ ബി.എസ്.വിനോദ്കുമാറും കൃഷി അസിസ്റ്റന്റ് വിജുമോനും മറ്റു സഹപ്രവർത്തകരും ഉത്സാഹിച്ചു രൂപപ്പെടുത്തിയ ഈ സംവിധാനം പലരും മാതൃകാ അടുക്കളത്തോട്ടമായി സ്വീകരിച്ചിരിക്കുന്നു. എലപ്പുള്ളിയിലെ കർഷകനും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനുമായ മണിയേരി ചെന്താമരയുടെ കൃഷിയിടത്തിൽ ഈ മാതൃക നിറയെ വിളവോടെ നിൽക്കുന്നുണ്ട്. 100 ശതമാനം ജൈവരീതിയിൽ കൃഷി ചെയ്ത് മികച്ച വിളവാണ് ചെന്താമര നേടുന്നത്. ഇതിന്റെ നിര്‍മാണം ബി.എസ്.വിനോദ് കുമാർ വിശദമാക്കുന്നു.

vertical-kitchen-garden-1
സീനിയർ കൃഷി അസിസ്റ്റന്റ് വി.വിജുമോൻ, കർഷകനായ ചെന്താമര, കൃഷി ഓഫീസർ ബി.എസ്.വിനോദ് കുമാർ എന്നിവർ വെർട്ടിക്കൽ അടുക്കളത്തോട്ടത്തിനു സമീപം

ധൈര്യമായി തുടങ്ങാം

രണ്ട് ഇഞ്ച് കണ്ണിയകലമുള്ള, 3 അടി ഉയരത്തിലുള്ള ജിഐ നെറ്റ് വാങ്ങി ഒരു ബാരലിന്റെ ചുറ്റളവിനു വേണ്ട വലുപ്പത്തിൽ മുറിച്ചെടുത്ത് ബാരൽ രൂപത്തിൽ വലക്കൂടു നിർമിക്കുക. ഒരു ടയറിനു മുകളിൽ ബാരൽ രൂപത്തിലുള്ള ഈ വലക്കൂടു വയ്ക്കാം. യഥേഷ്ടം എവിടേക്കും വലിച്ചു നീക്കി വയ്ക്കാന്‍ മാറ്റാൻ ഈ ടയർതറ ഉപകരിക്കും. 

വലക്കൂടിനുള്ളിൽ അടിയിലായി ടയറിനു മുകളിൽ നടീൽമിശ്രിതം താഴേക്കു വീഴാതിരിക്കാൻ ഒരു തകരഷീറ്റ് വയ്ക്കാം. തുടർന്ന് ഈ വലക്കൂട് ഉള്ളിൽനിന്ന് വിലകുറഞ്ഞ പോളിത്തീൻ ഷീറ്റ്കൊണ്ട് മറയ്ക്കുക. മധ്യത്തിൽ കൂടിനെക്കാൾ ഒരടി ഉയർന്നു നിൽക്കുന്ന രീതിയിൽ 2 ഇഞ്ച് പിവിസി പൈപ്പ് വയ്ക്കുക. വെള്ളം പുറത്തേക്കു കിനിഞ്ഞ് ഒഴുകാവുന്ന രീതിയിൽ പൈപ്പിൽ അടി തൊട്ട് കൂടിന്റെ ഉയരം വരെ ഇടവിട്ടു ദ്വാരങ്ങൾ ഇട്ടിരിക്കണം.

vertical-kitchen-garden-2
വലക്കൂടിൽ നടീൽ

ഇനി, പൈപ്പ് മധ്യത്തിൽ നിൽക്കുന്ന രീതിയിൽ പിടിച്ച് കൂടിനുള്ളിൽ 5 കിലോ വേപ്പിൻപിണ്ണാക്ക്, 10 കിലോ ചാണകപ്പൊടി, 10 കിലോ ചകിരിച്ചോർ, 5 കിലോ ആട്ടിൻകാഷ്ഠം, 2 കിലോ കുമ്മായം എന്ന അനുപാതത്തിൽ തയാറാക്കിയ നടീൽമിശ്രിതം നിറയ്ക്കുക. നെറ്റിന്റെ ഇടയിൽ ദ്വാരങ്ങൾ ഇട്ട് തക്കാളി, പച്ചമുളക്, വഴുതന, ചീര, വെണ്ട, പുതിന എന്നിങ്ങനെ ഏതിനം പച്ചക്കറികളും നടാം. (തക്കാളിപോലുള്ളവയ്ക്ക് വളർന്നു വരുമ്പോൾ‌ താങ്ങു നൽകണം). 

ഒരു വലക്കൂടിൽ 62 ദ്വാരങ്ങൾ വരെ ഇട്ട് കൃഷി ചെയ്തു മികച്ച വിളവു നേടിയിട്ടുണ്ട്. ഇനത്തിന് അനുസരിച്ച് ചുവടെണ്ണം ക്രമീകരിക്കാം. ഒരു വലക്കൂടിൽനിന്ന് 20–25 കിലോ പച്ചക്കറി പ്രതീക്ഷി ക്കാം. 

തൈകൾ പൂവിടുന്നതുവരെ ദിവസവും പിവിസി പൈപ്പ് വഴി നിയന്ത്രിതമായി നനയ്ക്കണം. ഇടയ്ക്ക് ഇലകളിൽ സ്യൂഡോമോണാസ് തളിച്ചു നൽകാം.

ഒന്ന്–ഒന്നര വർഷം വരെ, അതായത് 6 വട്ടം വരെ നടീൽമിശ്രിതം മാറ്റാതെ കൃഷി തുടരാം. ജലത്തിൽ ലയിക്കുന്ന ജൈവ പോഷകങ്ങൾ പിവിസി പൈപ്പ് വഴി നൽകിയാൽ മതി. ഒന്നര വർഷത്തിനു ശേഷം പഴയ മിശ്രിതം മാത്രം മാറ്റി വലക്കൂട് വീണ്ടും ഉപയോഗിക്കാം.

പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യാം.  ജീവാമൃതം, ബീജാമൃതം എന്നിവ നൽകുമ്പോൾ മികച്ച വിളവു ലഭിക്കുന്നുവെന്നു മാത്രമല്ല കീട,രോഗബാധകൾ നന്നേ കുറവായും കാണുന്നു.

ഫോൺ: 9645514854

English summary: Simple DIY Vertical Garden

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS