ADVERTISEMENT

വിദേശപ്പഴങ്ങളിൽ കേരളത്തിൽ കൃഷിയും പ്രചാരവുമേറിവരുന്ന രണ്ടിനങ്ങളാണ് റംബുട്ടാനും ഡ്രാഗണ്‍ഫ്രൂട്ടും. അത്യുൽപാദനശേഷിയുള്ള ഇനങ്ങളും അനുകൂല കാലാവസ്ഥയുമാകുമ്പോൾ ഇവയുടെ ഉൽപാദനമേറും. എന്നാൽ എല്ലായ്പോഴും നല്ല വില ലഭിക്കണമെന്നില്ല. അപ്പോ‌ൾ പാഴാക്കിക്കളയാതെ ഒട്ടേറെ ഉൽപന്നങ്ങൾ ഇവയിൽനിന്ന് ഉണ്ടാക്കാം.

റംബുട്ടാൻ ഉൽപന്നങ്ങൾ

മുള്ളുപോലുള്ള പുറംന്തൊലി നീക്കം ചെയ്‌തതിനുശേഷം അകത്തെ കാമ്പ് അടർത്തിയെടുക്കണം. ചിലയിനങ്ങളിൽ കാമ്പ് അടർത്തുന്നത് ശ്രമകരമാണ്. അതിനാൽ തിളച്ച വെള്ളത്തിൽ കുരു ഉൾപ്പെടെ കാമ്പ് ഇട്ടതിനു ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. മുക്കാൽ ഭാഗത്തോളം പൾപ്പ് വെള്ളത്തിൽ ലയിച്ചു ചേർന്നിട്ടുണ്ടാവും. ബാക്കിയുള്ള കാമ്പ്, ഒരു പ്ലാസ്റ്റിക് നെറ്റ്  ഉപയോഗിച്ചു പിഴിഞ്ഞെടുക്കുക. നൈലോൺ ബ്രഷ് ഘടിപ്പിച്ച ഫ്രൂട്ട് പൾപ്പർ ഉപയോഗിച്ച് കുരു അരയാതെ പൾപ്പ് ശേഖരിക്കാം. ഈ പൾപ്പ് ഉപയോഗിച്ച് കാൻഡി (മിഠായി), ജാം, സ്ക്വാഷ്, ജെല്ലി എന്നിവ തയാറാക്കാം.

  • കാന്‍ഡി

കട്ടിയുള്ള റംബുട്ടാൻ പൾപ്പ് ഉപയോഗിച്ചാണ് മിഠായി ഉണ്ടാക്കുന്നത്. രണ്ട് കപ്പ് പൾപ്പിലേക്ക് രണ്ടര കപ്പ് പഞ്ചസാര ചേർത്ത് വറ്റിച്ചെടുക്കുക. കുറുകിത്തുടങ്ങുമ്പോൾ 2 ഗ്രാം സിട്രിക് ആസിഡ് ചേർക്കുക. ഒട്ടുന്ന പരുവമാകുമ്പോൾ തീ കുറച്ച് പ‍ഞ്ചസാരപ്പാനിയുടെ പാകം നോക്കുക (2–3 നൂൽ പരുവം), റിഫ്രാക്ടോ മീറ്റർ ഉപയോഗിച്ചും ഇത് തിട്ടപ്പെടുത്താം. 900 brix (മധുരത്തിന്റെ അളവ്) ആണ് ഈ കാൻഡിയുടെ പാകം  900 brix എത്തിയ സിറപ്പ് മിഠായി മോൾഡിലേക്കു പകരുക. തണുത്തു കഴിയുമ്പോൾ നല്ല കട്ടിയായി ഉറച്ചുകിട്ടും. മാർക്കറ്റിൽ ലഭിക്കുന്ന പച്ചമാങ്ങാ മിഠായിയുടെ കട്ടിയും റംബുട്ടാന്റെ സ്വാദുമുള്ള മികച്ച ഉൽപന്നമാണിത്. ദുരിയാൻ, പുലോസാൻ, മാംഗോസ്റ്റീൻ തുടങ്ങിയ പഴങ്ങളുടെ പൾപ്പ് ഉപയോഗിച്ചും ഇതുപോലെ മിഠായി ഉണ്ടാക്കാം. ആകർഷകമായ റാപ്പറില്‍  ഇത് വിപണിയിലെത്തിക്കാം. ഫ്രൂട്ട് പൾപ്പർ, ചെറിയ കെറ്റിൽ, റിഫ്രാക്ടോമീറ്റർ എന്നീ ഉപകരണങ്ങൾ ആവശ്യമാണ്.

  • സിറപ്പ്

കട്ടിയുള്ള റംബുട്ടാൻ പൾപ്പിലേക്ക് തുല്യ അളവ് വെള്ളവും പൾപ്പിന്റെ ഇരട്ടി പഞ്ചസാരയും ചേർത്ത സിറപ്പ് തയാറാക്കാം. ഒരു കിലോ പൾപ്പിന്, ഒരു ലീറ്റർ വെള്ളം, 2 കിലോ പഞ്ചസാര, 10 ഗ്രാം സിട്രിക് ആസിഡ് എന്നിവയാണ് ചേർക്കേണ്ടത്. സിറപ്പ് തയാറാക്കിയതിനുശേഷം ഒരു ലീറ്ററിന് 750 മില്ലി ഗ്രാം എന്ന തോതി ൽ പൊട്ടാസ്യം മെറ്റാബൈ സൾഫൈറ്റ് / സോഡിയം ബെൻസോയേറ്റ് സംരക്ഷകമായി ചേർത്ത് സൂക്ഷിച്ചു ഗു ണം കൂട്ടാം.

  • അച്ചാര്‍

പുളിയുള്ളതും കുരു എളുപ്പത്തിൽ നീക്കം ചെയ്യാൻ പറ്റാത്തതുമായ ഇനങ്ങൾ അച്ചാർ ഉണ്ടാക്കാന്‍ ഉപയോഗിക്കാം. കുരുവുൾപ്പെടെ അച്ചാറുണ്ടാക്കാം. ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്കു പുറമേ ഗ്രാമ്പൂ, ഏലയ്ക്ക, കറുവപ്പട്ട, അൽപം കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും കൂടി ചേർത്താൽ അച്ചാർ കൂടുതൽ രുചികരമാകും. നല്ലെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റിയതിനു ശേഷം പൊടിച്ചെടുത്ത സുഗന്ധ വ്യഞ്ജനങ്ങളും മുളകുപൊടിയും ചേർത്ത് പച്ചമണം മാറിക്കഴിയുമ്പോൾ തൊലി നീക്കം ചെയ്ത റംബുട്ടാൻ ചേർക്കുക. നന്നായി വഴറ്റിയതിനുശേഷം ആവശ്യാനുസരണം വിനാഗിരിയും അൽപം പഞ്ചസാരയും ചേർക്കുക. സൂക്ഷിപ്പുഗുണം വർധിപ്പിക്കുന്നതിന് കിലോയ്ക്ക് 750 മില്ലി ഗ്രാം എന്ന തോതിൽ സോഡിയം ബെൻസോയേറ്റ് ചേർത്ത് സൂക്ഷിച്ചു ഗുണം വർധിപ്പിക്കാം.

  • ഡ്രൈഫ്രൂട്ട്

കാമ്പ് അടർത്തിയെടുക്കാൻ പറ്റുന്ന ഇനം റംബുട്ടാൻ പിളർന്ന് കുരു മാറ്റിയെടുക്കുക. ഡ്രയർ ഉണ്ടെങ്കിൽ അൽപ നേരം കാമ്പ് ഉണക്കിയെടുക്കുക. ഇനി ഇത് ഒരു ബോട്ടിലിന്റെ പകുതി ഭാഗത്തോളം നിറയ്ക്കുക. ബാക്കിയുള്ള ഭാഗം തേനോ പഞ്ചസാരപ്പാനിയോ ഉപയോഗിച്ച് നിറയ്ക്കുക. പഞ്ചസാര പാനിയാണ് നിറയ്ക്കുന്നതെങ്കിൽ ഒരു കിലോ പഞ്ചസാരയിൽ 250 മില്ലി വെള്ളവും 2 ഗ്രാം സിട്രിക് ആസിഡും ചേർത്ത് പാനി തയാറാക്കിയതിനു ശേഷം ഒരു ഗ്രാം പൊട്ടാസ്യം മെറ്റാബൈ സൾഫൈറ്റ് സംരക്ഷകമായി ചേർക്കാം. 6 മാസത്തോളം ഇത് സിറപ്പിൽ സൂക്ഷിക്കാം. പാനിയുടെ ഗാഢത അൽപാൽപമായി വർധിപ്പി ച്ച്  700 brix ആകുമ്പോൾ റംബുട്ടാൻ കഷണങ്ങൾ പാനിയിൽനിന്നു മാറ്റി ഉണക്കി ഡ്രൈഫ്രൂട്ട് ആയി വിപണനം ചെയ്യാം.

English summary: Rambutan Fruit Products

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT