വിദേശപ്പഴങ്ങളിൽ കേരളത്തിൽ കൃഷിയും പ്രചാരവുമേറിവരുന്ന രണ്ടിനങ്ങളാണ് റംബുട്ടാനും ഡ്രാഗണ്‍ഫ്രൂട്ടും. അത്യുൽപാദനശേഷിയുള്ള ഇനങ്ങളും അനുകൂല കാലാവസ്ഥയുമാകുമ്പോൾ ഇവയുടെ ഉൽപാദനമേറും. എന്നാൽ എല്ലായ്പോഴും നല്ല വില ലഭിക്കണമെന്നില്ല. അപ്പോൾ പാഴാക്കിക്കളയാതെ ഒട്ടേറെ ഉൽപന്നങ്ങൾ ഇവയിൽനിന്ന് ഉണ്ടാക്കാം.
ഡ്രാഗൺ ഫ്രൂട്ടിൽ കാമ്പിന് വെള്ള, പിങ്ക് നിറങ്ങളുള്ള ഇനങ്ങളാണ് പ്രചാരത്തിലുള്ളത്. പിങ്ക് നിറമുള്ള ഡ്രാഗൺ ഫ്രൂട്ട് ഉപയോഗിച്ച് ജാം, സ്ക്വാഷ്, റെഡി–ടു–സെർവ് ഡ്രിങ്ക് പാനീയം, ഫ്രോസൺ പൾപ്പ്, കാൻഡി എന്നിവ തയാറാക്കാം.
ഫ്രൂട്ട് ജാം
വെള്ളയും പിങ്കും നിറമുള്ള ഡ്രാഗൺ ഫ്രൂട്ട് തുല്യ അളവിൽ എടുത്ത് ചെറിയ കഷണങ്ങളായി മുറിക്കുക. ഇവയിൽ അൽപം വെള്ളമൊഴിച്ച് മൃദുവാകുന്നതുവരെ തിളപ്പിക്കുക. ഇതു തണുത്തതിനുശേഷം അരച്ച് പൾപ്പ് ആക്കുക. ഒരു കിലോ പൾപ്പിന് ഒരു കിലോ പഞ്ചസാരയും 3 ഗ്രാം സിട്രിക് ആസിഡും ചേർത്ത് ജാം വറ്റിച്ചെടുക്കുക. കുറുകിത്തുടങ്ങുമ്പോൾ 5 ഗ്രാം പെക്റ്റിൻ പൗഡർ ചേർത്താൽ ജാം പെട്ടെന്നു സെറ്റാകും. ഇതിൽ അൽപം സ്ട്രോബറി എസ്സൻസ് ചേർത്താൽ ജാം കൂടുതൽ രുചികരമാകും.
പൾപ്പ്
തൊലിമാറ്റി ചെറുതാക്കി നുറുക്കിയ ഡ്രാഗൺ ഫ്രൂട്ട്, അൽപം വെള്ളമൊഴിച്ച് വേവിച്ച് പൾപ്പ് ആക്കുക. ഈ പൾപ്പിന്റെ brix 330 ആകുന്നതിന് ആവശ്യമായ അളവിൽ മധുരം ചേർത്ത് പൗച്ചുകളിലോ ബോക്സി ലോ നിറച്ച് തണുപ്പിച്ച് സൂക്ഷിക്കുക. –180c ഫ്രീസ് ചെയ്ത് വെച്ചിരുന്നാൽ ഇത് ദീർഘകാലം ഉപയോഗിക്കാം. ജ്യൂസ് പാർലര്‍, റസ്റ്ററന്റ്, ഹോട്ടൽ എന്നിവിടങ്ങളിൽ ഇതുപയോഗിച്ച് സ്മൂത്തി, ഷെയ്ക്, ജ്യൂസ് തുടങ്ങിയ ഉൽപന്നങ്ങൾ ഉണ്ടാക്കാനെളുപ്പമാണ്.
സ്ക്വാഷ്
പിങ്ക് നിറമുള്ള ഫ്രൂട്ടാണ് സ്ക്വാഷിനു യോജ്യം. ചെറുതാക്കി നുറുക്കിയ ഡ്രാഗൺ ഫ്രൂട്ടിൽ തുല്യ അളവിൽ വെള്ളം ചേർത്ത് വേവിച്ചതിനു ശേഷം പൾപ്പാക്കുക. ഒരു ലീറ്റർ പൾപ്പിന് 500 മില്ലി വെള്ളത്തിൽ ഒന്നേ മുക്കാൽ കിലോ പഞ്ചസാരയും 10 ഗ്രാം സിട്രിക് ആസിഡും ചേർത്ത് പാനി തയാറാക്കുക. ഇതിലേക്ക് പൾപ്പ് ചേർത്ത് തിളപ്പിക്കുക. ഇതിന്റെ സ്വാദു മെച്ചപ്പെടുത്താനായി ഇഞ്ചിനീരോ സ്ട്രോബറി എസ്സൻസോ ചേർക്കാം. സൂക്ഷിപ്പുഗുണം വർധിപ്പിക്കുന്നതിന് ഇതിലേക്ക് ലീറ്ററിന് 1.5 ഗ്രാം എന്ന തോതിൽ സോഡിയം ബെൻസോയേറ്റ് ചേർക്കാവുന്നതാണ്.
അച്ചാര്‍
വെളുത്ത നിറമുള്ള ഡ്രാഗൺ ഫ്രൂട്ട് ഉപയോഗിച്ച് മധുരമുള്ള അച്ചാർ, ഉപ്പിലിട്ടത് എന്നിവയും തയാറാക്കാം (റംബുട്ടാൻ അച്ചാർ നിർമിച്ച അതേ രീതിയിൽ തന്നെ ഇതും നിർമിക്കാം). വെള്ള, പിങ്ക് നിറങ്ങളുള്ള ഡ്രാഗൺഫ്രൂട്ട് തുല്യ അളവിലും തുല്യ വലുപ്പത്തിലും മുറിച്ച് തിളച്ച വെള്ളത്തിൽ വാട്ടിയതിനു ശേഷം ജലാം ശം നീക്കം ചെയ്യുക. ഇതിൽ പഞ്ചസാരപ്പാനിയോ തേനോ ഒഴിച്ച് പ്രിസർവ് ചെയ്തും സൂക്ഷിക്കാം.