ADVERTISEMENT

അസമിൽനിന്നുള്ള അതിഥിത്തൊഴിലാളിയാണ് ഗന്റോലയുടെ കിഴങ്ങുകൾ എറണാകുളം തത്തപ്പിള്ളിയിലെ ഷൈനിനു നൽകിയത്. പരിചിതമല്ലാത്ത പുതുവിളകൾ കൃഷി ചെയ്ത് പൊന്നു വിളയിക്കുന്ന ചരിത്രമുള്ള ഷൈൻ ഇതും ഉപേക്ഷിച്ചില്ല. കിഴങ്ങുകൾ നട്ടുമുളപ്പിച്ച് ശാസ്ത്രീയമായി വളപ്രയോഗവും  നനയും നല്‍കി. തൈകൾ വളർന്നു തുടങ്ങിയപ്പോഴാണ് ഇതിന്റെ ചെടികൾ ആണും പെണ്ണുമുണ്ടെന്നും പരാഗരേണുക്കളെടുത്ത് പെൺപൂവിൽ പതിപ്പിച്ചാൽ മാത്രമേ കായ പിടിച്ചു കിട്ടുകയുള്ളൂവെന്നും തൊഴിലാളി പറഞ്ഞത്.

കാത്തിരിപ്പിനൊടുവിൽ ചെടികൾ പുഷ്പിച്ചപ്പോൾ എല്ലാ ചെടികളും പെണ്ണായിരുന്നു. ഷൈൻ വിട്ടു കൊടുത്തില്ല–ആൺവർഗത്തിൽപ്പെട്ട ഗന്റോലക്കിഴങ്ങിനായി അതിഥിത്തൊഴിലാളിയെ വീണ്ടും അസ മിലേക്കയച്ചു. അസമിലെ വനങ്ങളിൽനിന്നു ശേഖരിച്ച ആൺ ഗന്റോലക്കിഴങ്ങുകൾ തത്തപ്പള്ളിയിലെ  കൃഷിയിടത്തിൽ നട്ടുവളർത്തി പൂക്കളുണ്ടാക്കി. പൂക്കളിലെ പരാഗരേണുക്കൾ ശേഖരിച്ച് പെൺപൂവിൽ കൃത്രിമ പരാഗണം നടത്തി. അതോടെ ഗന്റോലയെന്ന കാട്ടുപാവൽ നിറയെ കായ്കളായി. ഒരു കിലോ കാട്ടുപാവലിന് 300 രൂപ വിലയുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ 4–5 കിലോ കാട്ടുപാവലാണ് ഇപ്പോൾ ഷൈൻ വിളവെടുക്കുന്നത്.

കേരളത്തിലും ചുവടുറപ്പിക്കുകയാണ് ഗന്റോലയെന്ന കയ്പില്ലാത്ത കാട്ടുപാവയ്ക്ക. ഗള്‍ഫ് നാടുകളില്‍ വലിയ ഡിമാൻഡുള്ള ഈ പച്ചക്കറി കയറ്റി അയച്ചാല്‍ നമുക്കും കിട്ടും പണം. അറേബ്യൻ രാജ്യങ്ങളിലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളില്‍ താരമാണിവൻ. മഴക്കാലത്ത് നല്ല വിളവു നല്‍കുന്ന അപൂർവം പച്ചക്കറികളിലൊന്നായ ഗന്റോലയ്ക്കു യോജ്യമായ മണ്ണും കാലാവസ്ഥയുമാണ് കേരളത്തിലേതെങ്കിലും ഇതിന്റെ സാധ്യതകൾ നാം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ബംഗ്ലാദേശുകാർ ഗന്റോല ഗള്‍ഫിലെത്തിച്ചു പണം കൊയ്യുകയാണ്. 

നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, ത്രിപുര, അസം സംസ്ഥാനങ്ങളിലെ കാടുകളില്‍ വ്യാപകമായി വളരുന്ന ഈ പാവല്‍ 10 വര്‍ഷം മുൻപ് വെള്ളാനിക്കരയിലെ കാര്‍ഷിക ഗവേഷണകേന്ദ്രമായ NBPGR (നാ ഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്ക് റിസോഴ്സസ്) ആണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ഗന്റോലയ്ക്കു പാവയ്ക്കയുടെ മണമുണ്ടെങ്കിലും കയ്പ്പില്ല. ഗുണത്തിൽ പാവയ്ക്കയെക്കാൾ കേമൻ. ഉയർന്ന പോഷകമൂല്യവും രുചിയും ഉള്ളതിനാൽ വിദേശവിപണിയിൽ മൂല്യമേറെ. സാധാരണ പാവയ്ക്കയേക്കാൾ കൂടുതൽ ഫോസ്ഫറസ്, അയൺ, പൊട്ടാഷ്, വൈറ്റമിനുകള്‍, ധാതുക്കള്‍ ഇവയെല്ലാം കാട്ടുപാവലിൽ അടങ്ങിയിട്ടുണ്ട്. തീയല്‍, തോരന്‍, സാമ്പാര്‍, അവിയല്‍, സൂപ്പ്, ജ്യൂസ് എന്നിവയുണ്ടാക്കാം. ഇലയും കറി യാക്കാം. പ്രമേഹവും കൊളസ്‌ട്രോളും കുറയ്ക്കുമെന്നു പറയുന്നുണ്ടെങ്കിലും ശാസ്ത്രീയ തെളിവുകളില്ല.

കൃഷിരീതി 

സാധാരണ പാവല്‍പോലെ ഗന്റോലയും കൃഷി ചെയ്യാം. വിത്തു മുളപ്പിച്ചും കിഴങ്ങു നട്ടും തണ്ട് മുറിച്ചു നട്ടും തൈകളുണ്ടാക്കാം. വിത്ത് മുളപ്പിച്ചാൽ വിളവു കിട്ടാൻ കാലതാമസം വരുന്നതിനാൽ കിഴങ്ങ് നടുന്നതാണ് നല്ലത്. ആൺചെടിയുടെയും പെൺചെടിയുടെയും കിഴങ്ങുകൾ 2-3 മീറ്റർ അകലത്തിൽ നടാം. പെൺചെടികൾ പടർന്ന് പന്തലിക്കും. പെൺചെടികളെ അപേക്ഷിച്ച് ആൺചെടികൾക്ക് വളർച്ച കുറയും.  ചെടികൾ പുഷ്പിച്ചാൽ മാത്രമേ ആൺ– പെൺ വ്യത്യാസം തിരിച്ചറിയാൻ കഴിയൂ. ഒരു ആൺപൂവ് ഉപയോഗിച്ച് പത്തോളം പെൺപൂക്കളിൽ പരാഗണം നടത്താം. പരാഗണം കൃത്യമായി നടന്നാൽ 10 – 12 ദിവസത്തിനുള്ളിൽ വിളവെടുക്കാം. പൂക്കളിൽ കൃത്രിമ പരാഗണം  രാവിലെ ചെയ്യണം. ഗന്റോലച്ചെടികൾക്ക് ഒരു വർഷത്തോളം ആയുസ്സുണ്ട്. ഒരു വർഷം കഴിയുമ്പോൾ ചെടി  ഉണങ്ങും. അപ്പോള്‍ ചുവട്ടിലെ കിഴങ്ങ് ഇളക്കിയെടുത്ത് വീണ്ടും നടാം.

കാടുകളില്‍ പ്രത്യേക ഷഡ്പദം വഴിയാണ് സ്വാഭാവിക പരാഗണം നടക്കുന്നത്. കേരളത്തില്‍ അവയില്ലാത്തതിനാല്‍ ആണ്‍പൂവും പെണ്‍പൂവും ചേര്‍ത്തുവച്ച്‌ കൃത്രിമപരാഗണം നടത്തേണ്ടിവരും. എങ്കിലേ കൂടുതല്‍ വിളവ് ലഭിക്കൂ. കൃഷിയാകുമ്പോൾ പെൺചെടികളോടൊപ്പം ആൺചെടികളും നട്ടുപിടിപ്പിക്കണമെന്നു സാരം. 

ഫോണ്‍: 9846729763

English summary: Kantola Vegetable in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com