60 സെന്റ് ഭൂമി മൂന്നായി ഭാഗിച്ചപ്പോൾ വിളയാത്തത് ഒന്നുമില്ല: ചരിവുഭൂമി ഇന്നു വിളസമൃദ്ധമായ കാഴ്ചവിസ്മയം

Mail This Article
വീട്ടിലെത്തുന്ന അതിഥികളെല്ലാം അകത്തിരിക്കാതെ വീടിനു ചുറ്റും നടന്നാലോ?– കൽപറ്റയിലെ ലൗലി അഗസ്റ്റിന്റെ വീട്ടിലെത്തുന്നവര്‍ അങ്ങനെയാണ്. കാഴ്ചകളാൽ അത്ര കമനീയമാണ് ഈ പുരയിടം. സർവീസിലിരിക്കുമ്പോൾ ഊർജസ്വലയായ കൃഷി ഓഫിസര്‍ എന്നു പേരെടുത്തിരുന്നു ലൗലി അഗസ്റ്റിൻ. വിരമിച്ച ശേഷം ആ ഊർജം സ്വന്തം വീട്ടുവളപ്പിൽ നിറച്ചപ്പോൾ അതൊരു വേറിട്ട പുരയിടമായി മാറി. 13 വർഷം മുന്‍പ് കൽപറ്റ പട്ടണത്തിന്റെ പ്രാന്തത്തിലെ ആളൊഴിഞ്ഞ മൂലയിൽ 60 സെന്റ് വാങ്ങുമ്പോൾ ഇവിടം വെറും കുഴിയായിരുന്നെന്ന് ലൗലി ഓർക്കുന്നു. വിലക്കുറവായിരുന്നു ആകർഷണം. പിന്നീട് ഒരു ഭാഗം മണ്ണിട്ടുയർത്തി വീടു വച്ചപ്പോൾ മുതൽ വീട്ടുവളപ്പിലെ കൃഷി ലൗലിയുടെ ഹരമായി. ഏകദേശം 20 സെന്റ് വീതമുള്ള 3 ഭാഗങ്ങളായി തിരിച്ചാണ് മണിയങ്കോട്ടെ ഡഫോഡിൽസിന്റെ രൂപകല്‍പന. ഇന്ന് ഇത് ആരോഗ്യവും ആദായവും നല്‍കുന്ന മനോഹരമായ കൃഷിയിടമാണ്.

പൂച്ചെടികളും വള്ളിപ്പടർപ്പുകളും കൊണ്ടു സുന്ദരമാക്കിയ വീട്ടുമുറ്റത്തുനിന്നു പിന്നാമ്പുറത്ത് എത്തുമ്പോഴാണ് വേറിട്ട കാഴ്ചകൾ ആരംഭിക്കുന്നത്. അൽപം താഴ്ചയിലായി തെങ്ങിൻതോപ്പ്. ആകെ 15 തെങ്ങു കള്‍. എല്ലാ തെങ്ങും നിറയെ കായ്ക്കുന്നു. ഓരോ ഇടീലിനും ശരാശരി 300 നാളികേരം കിട്ടും. അവ ഇളനീരായും വെളിച്ചെണ്ണയായും മാറുമ്പോൾ മികച്ച വരുമാനം. റംബൂട്ടാൻ, മാംഗോസ്റ്റിൻ, വിവിധയിനം പേരകൾ, ചാമ്പകൾ, അരിനെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളും ഈ പുരയിടത്തെ ആകർഷകമാക്കുന്നു. കഴിഞ്ഞ സീസണിൽ 500 കിലോ റംബൂട്ടാൻ വിൽക്കാൻ സാധിച്ചെന്ന് ലൗലി.

ഒരു പുല്ലുപോലും കിളിർക്കാത്ത വിധത്തിൽ മൾചിങ് ഷീറ്റ് വിരിച്ച് വൃത്തിയാക്കിയിരിക്കുകയാണ് തോട്ടം. ആരും ഒരു കസേരയിട്ട് ഇരിക്കാൻ ആഗ്രഹിച്ചുപോകും. തെങ്ങുകളുടെ ചുവട്ടിലൂടെ അലങ്കാരസസ്യങ്ങളുടെ ചട്ടികൾ നിരത്തിയിരിക്കുന്നു. പതിവായി ചെടിച്ചട്ടി നനയ്ക്കുമ്പോൾ തെങ്ങും നനയും. നിറഞ്ഞുനിൽക്കുന്ന നാളികേരക്കുലകളുടെ രഹസ്യവും അതുതന്നെ. മൾചിങ് ഷീറ്റ് വെള്ളം താഴാൻ അനുവദിക്കുമെന്നതിനാൽ മഴവെള്ളം പാഴാകുമെന്ന ആശങ്കയും വേണ്ട. തെങ്ങിൻതോപ്പിനരികിലായി വിവിധ ജീവികളുടെ കൂടുകള്‍. നാടൻകോഴികൾ, നായ, ആട്, വിവിധയിനം അലങ്കാരപ്പക്ഷികൾ എന്നിങ്ങനെ. സെന്റ് ബർണാഡ് നായയാണ് ആദ്യം സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റുക. അലങ്കാരക്കോഴിയായ ബ്രഹ്മയാണ് മറ്റൊരു കൂട്ടിൽ. 5 എണ്ണം. അലങ്കാരക്കോഴിയാണെങ്കിലും ബ്രഹ്മയുടെ മുട്ട ഭക്ഷണാവശ്യത്തിനെടുക്കും. ഭാഗികമായി അഴിച്ചുവിട്ടു വളർത്തുന്ന ഇവയുടെ മുട്ട കൂടുതൽ ആരോഗ്യപ്രദമാണെന്നു ലൗലി. ബാക്കി മുട്ടകൾ വാങ്ങാൻ പരിചയക്കാരും സുഹൃത്തുക്കളുമുണ്ട്. ഇവയുടെ കുഞ്ഞുങ്ങളെ വിരിയിച്ചു വിൽക്കുന്നുമുണ്ട്. ബ്രഹ്മയുടെ ചങ്ങാലിപ്രായമായ ഒരു കുഞ്ഞിന് 1000 രൂപ വിലയുണ്ട്. മറ്റൊരു കൂട്ടിൽ 20 മുയലുകൾ. മുയലിറച്ചി കിലോയ്ക്ക് 300 രൂപ വില കിട്ടും. ഒരു എച്ച്എഫ് കിടാരിയും 3 നാടൻ പശുക്കളും 25 ആടുകളുമുണ്ട്. നാട്ടിൻപുറത്തെ പാതയോരത്തും തോട്ടങ്ങളിലുമായി മേയാൻ വിടുന്നതിനാൽ കാര്യമായ തീറ്റച്ചെലവില്ല. ഏതാനും നാടൻ പശുക്കളെ സമീപവാസികള്‍ക്കു വളർത്താനും നൽകിയിട്ടുണ്ട്. ഏറ്റവും താഴെയായി 20 സെന്റ് പാടത്ത് പച്ചക്കറിക്കൃഷി. കാബേജ്, കോളിഫ്ലവർ, ബോക്ക്ളി, ലെറ്റ്യൂസ് എന്നിങ്ങനെ 4500 ശീതകാല പച്ചക്കറികളാണ് ഈ സീസണിൽ കൃഷി ചെയ്തത്. പച്ചമുളക്, തക്കാളി, ബീൻസ്, പയർ, വഴുതന എന്നിവയുമുണ്ട്. ഈ ജൈവ പച്ചക്കറികൾക്ക് പ്രാദേശികമായിത്തന്നെ ആവശ്യക്കാരേറെ. കൃഷിയിടത്തിന്റെ ഒരു ഭാഗത്ത് അര സെന്റ് കുളത്തിൽ 500 റെഡ് തിലാപ്പിയ വളരുന്നു. സന്ദർശകരെത്തിയാൽ കുളക്കരയിലേക്ക് ഓടുകയേ വേണ്ടൂ– വേണ്ടത്ര മത്സ്യം സദാ സുലഭം. 100 കിലോയിലേറെ മീൻ ഇതിനകം പിടിച്ചിട്ടുണ്ടെന്നാണ് ലൗലിയുടെ കണക്ക്.

കൃഷിയിടം വീട്ടിലെത്തുന്ന സുഹൃത്തുക്കളുടെ പ്രശംസ നേടിയതോടെ വീടിനോടു ചേർന്ന് ഹോംസ്റ്റേ കൂടി ആരംഭിക്കുകയാണ് ലൗലി. ഇതിനായി 3 കോട്ടേജുകൾ പണിതുകഴിഞ്ഞു. കോട്ടേജുകളോടു ചേർന്ന് തുറസ്സായ ഇരിപ്പിട സൗകര്യം. സന്ദർശകരായെത്തുന്ന കർഷകര്‍ക്ക് കൃഷിരീതികൾ സംബന്ധിച്ച ക്ലാസ് എടുക്കുന്നത് ഇവിടെയാണ്. ആത്മയുടെയും മറ്റു കാർഷിക വികസന ഏജൻസികളുടെയും ക്ലാസുകളും പഠനയാത്രകളും ഇവിടെ ക്രമീകരിക്കാറുണ്ട്. പച്ചക്കറിക്കൃഷി, സംയോജിതകൃഷി, ജൈവ വള നിർമാണം എന്നിവയുടെ മികച്ച മാതൃകകൾ നേരിട്ടു കാണുകയുമാവാം. ആതിഥേയ തന്നെ പരിശീലകയുമാകുന്നതു കർഷകർക്ക് വേറിട്ട അനുഭവമാകുന്നു.
ഫോൺ: 9747442101
