ചെടിച്ചട്ടിയിൽ പൂത്തുലഞ്ഞു വാഴ; വാഴപ്പൂവും വരുമാനം: കുള്ളന്‍ അലങ്കാരവാഴക്കൃഷി കേരളത്തിലും

Mail This Article
ചെടിച്ചട്ടിയിൽ വാഴ പൂത്തുലഞ്ഞു നിൽക്കുന്നത് കണ്ടിട്ടുണ്ടോ? പൂവിടുന്ന കുള്ളൻ അലങ്കാരവാഴ കേരളത്തിലും എത്തിക്കഴിഞ്ഞു. കൊല്ലം കൃഷി വിജ്ഞാനകേന്ദ്ര(കെവികെ)ത്തിന്റെ പരീക്ഷണ കൃഷിയിടങ്ങളിലാണ്, ചട്ടിയിൽ വയ്ക്കാവുന്ന ചെടിവാഴകള്‍. ‘കേരളത്തിൽ ആദ്യമായാണ് ഇത്തരം പൂവാഴകൾ.10 കൃഷിയിടങ്ങളിലാണ് പരീക്ഷണക്കൃഷി. ഇവ തിരുച്ചിറപ്പള്ളിയിലെ കേന്ദ്ര വാഴഗവേഷണസ്ഥാപനത്തിൽ വികസിപ്പിച്ച സങ്കരയിനങ്ങളാണ്’ കൊല്ലം കെവികെ മേധാവി ഡോ. ബിനി സാം പറയുന്നു.
കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ 2022- ’23 വർഷത്തെ കൃഷിയിട പരീക്ഷണത്തിന്റെ ഭാഗമായാണ് അലങ്കാരവാഴക്കൃഷി. ചാത്തന്നൂർ എംഎൽഎ ജി.എസ്. ജയലാൽ ഉദ്ഘാടനം നിർവഹിച്ച പദ്ധതിയുടെ ചുമതല അസി. പ്രഫസര്‍ ഡോ. സരോജ് കുമാറിനാണ്. ഡോ. എം. ലേഖ, എ.എച്ച്.ഷംസിയ എന്നിവരും ഒപ്പമുണ്ട്.

കാർഷിക കേരളത്തിന് ഈ പുതുവിള പരിചയപ്പെടുത്തുകയും കൃഷിസാധ്യത പഠിക്കുകയുമാണ് ലക്ഷ്യമെന്നു ഡോ. സരോജ്. "O×R, O×Z, R×Z എന്നീ സങ്കരയിനങ്ങളാണ് പരീക്ഷിക്കുന്നത്. മ്യൂസ ഓർനാറ്റ, മ്യൂസ റുബ്ര ഇനങ്ങളുടെ സങ്കരമാണ് O×R. മ്യൂസ ഓർനാറ്റ, മ്യൂസ അക്യുമിനേറ്റ(സബ് സ്പീഷീസ് സെ ബ്രിയാന) എന്നിവയുടെ സംയുക്ത സങ്കരം - O×Z. മ്യൂസ റുബ്ര - മ്യൂസ അക്യുമിനേറ്റ (സബ് സ്പീഷീ സ് സെബ്രിയാന) എന്നിവയുടെ സങ്കലനമാണ് R×Z.
ഉയരം കുറഞ്ഞ O×R വാഴകളാണ് ചെടിച്ചട്ടിയിൽ വയ്ക്കുന്നത്. ഇതിന്റെ ഇലകൾക്ക് ഇളം പച്ച നിറമാണ്. R×Z ന് താരതമ്യേന ഉയരം കൂടും. ഇതിന്റെയും O×Z ന്റെയും ഇലകളുടെ പിൻഭാഗം തവിട്ടു നിറമാണ്, മുൻഭാഗത്ത് കുറുകെ വരകളും കാണാം.

ഫലഭൂയിഷ്ഠി കുറഞ്ഞ മണ്ണിലും, വെയിൽ കുറഞ്ഞ ഇടങ്ങളിലുമൊക്കെ വളരുമെന്നതാണ് അലങ്കാര വാഴകളുടെസവിശേഷത. വളർച്ചയും രോഗപ്രതിരോധശേഷിയും കൂടുതലാണ്. മൂന്നിനങ്ങളിൽ മികച്ചതു കണ്ടെത്തി, അതിന്റെ കൃഷിയും വിപണനവും പ്രോത്സാഹിപ്പിക്കുകയാണ് ഫാം ട്രയലിന്റെ ലക്ഷ്യം.
ഇടവിളയായും കൃഷി
മറ്റു വിളകളോടൊപ്പം ഇടവിളയായി കൃഷി ചെയ്യാവുന്ന ഈ ന്യൂജെൻ വാഴ കർഷകർക്ക് ഇരട്ടി വരുമാനം നേടിക്കൊടുക്കുമെന്ന് കെവികെ അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഉദ്യാനങ്ങളിലും ലാൻഡ് സ്കേപ്പിങ്ങിലും ഈ സുന്ദരിവാഴയ്ക്ക് ഇടം കണ്ടെത്താം. വാഴപ്പൂവ്, പൂച്ചെണ്ട് (ബൊക്കെ) തയാറാക്കുന്നതിനും ഫ്ലവർ വേസ് അലങ്കരിക്കുന്നതിനും ഉപയോഗിക്കാം. ഹോട്ടലുകൾ, റിസോർട്ടുകൾ, മാളുകൾ എന്നിവിടങ്ങളിലെ പുഷ്പാലങ്കാരത്തിന് പ്രയോജനപ്പെടുത്താം. വാഴയിലയും അലങ്കാരത്തിന് ഉപയോഗിക്കാം. ഇതിന്റെ കുല ഭക്ഷ്യയോഗ്യമല്ല. പുഷ്പാലങ്കാര വിദഗ്ധനായ സാബു ജോണിന്റെ സഹായത്തോടെ, കൃഷിവിജ്ഞാനകേന്ദ്രം കർഷകർക്ക് പൂച്ചെണ്ടുനിർമാണത്തിൽ പരിശീലനം നൽകിയിട്ടുണ്ട്.

അധ്വാനത്തിന്റെ പൊൻപ്രഭ
അലങ്കാരവാഴയുടെ പരീക്ഷണക്കൃഷി 10 കൃഷിയിടങ്ങളിലുണ്ടെങ്കിലും, ചാത്തന്നൂരിലെ പൊന്നന്റെ തോട്ടത്തിലാണ് വലിയ വിജയമായത്. അലങ്കാരവാഴയുടെ കന്നും പൂവും, ഇലകളുമെല്ലാം മികച്ച വരുമാനം നേടിത്തരുമെന്ന് ഇദ്ദേഹം പറയുന്നു. 200 രൂപയാണ് വാഴവിത്തിന്റെ വില(ദൂരെയുള്ളവർ കുറിയർ ചാർജ് കൂടി നൽകിയാൽ വിത്തുകൾ അയച്ചു കൊടുക്കും). വർണ ഇലകൾക്ക് 5 - 10 രൂപയും ലഭിക്കും. കുട്ടികളുടെ ചോറൂണിനും പിറന്നാളിനുമൊക്കെ സദ്യ വിളമ്പാൻ ഇതിന്റെ ഇലകള്‍ തേടി ആളുകൾ വരാറുണ്ടെ ന്ന് പൊന്നൻ പറയുന്നു. വാഴയുടെ ഇടവിളയായി കോളിഫ്ലവറും കാബേജും പച്ചമുളകും നട്ടിട്ടുണ്ട്.
പൂച്ചെണ്ടും വരുമാനം
പൂച്ചെണ്ടു നിർമാണത്തിലൂടെ വരുമാനം ഇരട്ടിയാക്കുകയാണ് പട്ടാഴിയിലെ കർഷകനായ സുജേഷ്. 500 രൂപയാണ് ചെണ്ടിന്റെ വില. സ്വീകരണ - അനുമോദന യോഗങ്ങൾക്കും പൊതു പരിപാടികൾക്കും ബൊക്കെ നിർമിച്ചു നൽകാറുണ്ട്. വാഴക്കന്നിന് അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും ഓർഡർ ലഭിക്കുന്നു.
വിത്തു മുതൽ വിളവു വരെ
കൃഷിരീതി ഏറക്കുറെ സാധാരണ വാഴയുടേതാണ്. കുമ്മായം/ഡോളമൈറ്റ് ഉപയോഗിച്ച് മണ്ണിലെ അമ്ലാംശം നീക്കിയശേഷം, ആട്ടിൻകാഷ്ഠം, കോഴിവളം, എല്ലുപൊടി എന്നിവ അടിവളമായി ചേർത്ത് മാണം നടാം. ഒന്നര മാസം കഴിയുമ്പോൾ കന്നു പൊട്ടിത്തുടങ്ങും. ഇടയ്ക്ക് അൽപം റോക്ക് ഫോസ്ഫേറ്റ് (മസൂറി/ രാജ്ഫോസ്) ചേർത്തു കൊടുക്കുന്നതു നന്ന്. രോഗ, കീടബാധയും കൃഷിച്ചെലവും കുറവായ ഈ സങ്കര വാഴയ്ക്ക് വെള്ളവും വളവും കുറച്ചു മതി. O×R വാഴകൾ 70 - 75 ദിവസങ്ങൾക്ക് ശേഷവും, O×Z 95 - 100 ദിനങ്ങൾക്കു ശേഷവും R×Z 120 ദിനരാത്രങ്ങൾക്കു ശേഷവും പൂവിടും. ഏറ്റവും കൂടുതൽ വിത്തുകൾ R×Zനാണ്.
ശാസ്ത്രീയ വിവരങ്ങൾക്ക് ഫോൺ (ഡോ. സരോജ് കുമാർ): 9605920457, വാഴവിത്തിന്(പൊന്നൻ):
7012982921
English summary: Ornamental bananas