ADVERTISEMENT

വേനൽച്ചൂടിൽ ഉള്ളും ഉടലും തണുപ്പിക്കുന്ന പ്രകൃതിദത്ത പാനീയമാണ് പൊട്ടുവെള്ളരി ജ്യൂസ്. ബീറ്റ കരോട്ടിൻ, ഫോളിക് ആസിഡ്, പൊട്ടാസ്യം, വൈറ്റമിൻ സി തുടങ്ങിയ പോഷകങ്ങളുടെ കലവറ. വിശപ്പും ദാഹവും ക്ഷീണവും ഒന്നിച്ചകറ്റുന്നതുകൊണ്ട് ‘അത്ഭുത കനി’ എന്നും പൊട്ടുവെള്ളരിക്കു പേരുണ്ട്. ചൂ ടുകാലത്ത് പാതയോരങ്ങളിൽ മുളച്ചു പൊന്തുന്ന ജ്യൂസ് കടകൾ വഴിയാണ് ഏറെയും വിൽപന. മികച്ച ആദായം തരുന്ന ഹ്രസ്വകാല വിളയായതിനാൽ ഇതു കർഷകരുടെ  ‘ഇഷ്ട വെള്ളരി.’

പൊട്ടുവെള്ളരിക്കൃഷികൊണ്ട് ജീവിതം കരുപ്പിടിപ്പിച്ച യുവാവാണ് നെടുമ്പാശ്ശേരിക്കടുത്ത് ചെങ്ങമനാട് വടക്കൻ വീട്ടിൽ എബി കുര്യൻ. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപവും കറുപ്പനയത്തുമായി പാട്ടത്തിനെടുത്ത  മൂന്നേക്കർ പാടത്താണ് കൃഷി.

പൊട്ടാത്ത കൃഷി

വിപണന സാധ്യത മുന്നിൽക്കണ്ടു വിള തിരഞ്ഞെടുത്താൽ കൃഷി നഷ്ടമാകില്ലെന്ന് െവജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കേരള(വിഎഫ്പിസികെ)യുടെ  റജിസ്റ്റേർഡ് കർഷകനും, നെടുമ്പാശ്ശേരി സ്വാശ്രയ കർഷകസമിതി അംഗവുമായ എബി പറയുന്നു. ഗൾഫിൽ അക്കൗണ്ടന്റായിരുന്ന എബി, പ്രവാസജീവിതം അവസാനിപ്പിച്ച് 2014 ലാണ് കൃഷിയിലേക്കിറങ്ങിയത്. പൊട്ടുവെള്ളരിയാണ് പ്രധാന വിള. 3 മാസം കൊണ്ട് 3 ലക്ഷം രൂപയിലേറെ ഇതിൽനിന്ന് ലാഭം കിട്ടുമെന്ന് യുവകർഷകന്റെ അനുഭവസാക്ഷ്യം. തദ്ദേശ വിള കൾക്കുള്ള വിഎഫ്പിസികെ സബ്സിഡിയോടെയാണ് കൃഷി.

പച്ചപിടിക്കാൻ പല വിളകൾ

പാടത്ത് ഇടവിളയായി വെണ്ട, കുമ്പളം, പയർ എന്നിവയുമുണ്ട്.  ഒരു വിള പറിച്ചു തീരുമ്പോഴേക്കും അടുത്തത് പാകമാകും. വെണ്ട വിളവെടുക്കാന്‍ 45 ദിവസവും കുറ്റിപ്പയറിന് 50 ദിവസവും മതി. 7 ടൺ കുമ്പളവും 4 ടൺ വീതം വെണ്ടയും പയറുമാണ് ഒരു സീസണിലെ വിളവ്. 

വെണ്ട കിലോയ്ക്ക് 40- 50 രൂപയും കുമ്പളം 20 രൂപയും വില കിട്ടും. 2 മാസം കൊണ്ട് പച്ചക്കറിക്കൃഷിയിൽനിന്നുള്ള ലാഭം 2 ലക്ഷം രൂപയിലെറെ!. വിഎഫ്പിസികെയുടെ പച്ചക്കറിവിത്തുകളാണ് എബി ഉപയോഗിക്കുന്നത്. 3 ഏക്കറിൽ ഏത്തൻ, റോബസ്റ്റ ഇനം വാഴകളും നെൽകൃഷിയുമുണ്ട്. 

‘ആദായ’ വെള്ളരി

പൊട്ടുവെള്ളരി 45 ദിവസങ്ങൾകൊണ്ട് വിളവെടുപ്പു തുടങ്ങാം. ഏക്കറിന് 12-15 ടൺ ലഭിക്കും. കൊച്ചി, ആലുവ, പെരുമ്പാവൂർ ഭാഗങ്ങളിലുള്ള പഴം-ജ്യൂസ് കച്ചവടക്കാരാണ് പ്രധാനമായും വാങ്ങുക. കിലോ 25-30 രൂപ (മൊത്തക്കച്ചവടം) വില. 

‘മഴയെത്തും മുൻപേ വിളവെടുപ്പ് പൂർത്തിയാക്കണം. ഇല്ലെങ്കിൽ  ജൂസിന് ആവശ്യം കുറയുമെന്നതിനാല്‍  വാങ്ങാന്‍ ആളും ഡിമാന്‍ഡും കുറയും.  പാടത്ത് വെള്ളം കെട്ടി വിള നശിക്കാനുമിടയുണ്ട്. മാത്രമല്ല, പാകമാകുമ്പോഴേ വിളവെടുത്തില്ലെങ്കിൽ പൊട്ടുവെള്ളരി (പേരുപോലെ) പൊട്ടിയടർന്ന് പോകുകയും ചെയ്യും.’

‘കൂൾ’ ആയി ജൂസ് ഒരുക്കാം 

പൊട്ടുവെള്ളരി തൊണ്ടും കുരുവും കളഞ്ഞ്, അകത്തെ മാംസള ഭാഗം കൈകൊണ്ടോ, മിക്സിയിലോ ഉടച്ച് പഞ്ചസാരയും ഐസും (ചിലയിടങ്ങളിൽ തേങ്ങാപ്പാലും ശർക്കരയുമൊക്കെ ചേർക്കാറുണ്ട്) ചേർത്താൽ ജ്യൂസ് റെഡി. ജലാംശം ഏറെയുള്ളതിനാൽ വെള്ളം ചേർക്കേണ്ടതില്ല, ഒന്നാന്തരം ഹെൽത്ത് ഡ്രിങ്ക്.  

വിത്തും വളപ്രയോഗവും

കൊടുങ്ങല്ലൂരിൽനിന്നാണ് (കൊടുങ്ങല്ലൂര്‍ പൊട്ടുവെള്ളരിക്ക് ഈയിടെ ഭൗമസൂചികാ പദവി ലഭിച്ചു) വിത്തു വാങ്ങിയതെന്ന് എബി കുര്യൻ. ഓരോ കൃഷി കഴിയുമ്പോഴും അടുത്ത കൃഷിക്കായി വിത്ത് ശേഖരിച്ചു വയ്ക്കും. ജൈവ, രാസ സന്തുലിതമായ കൃഷിരീതിയാണ്. കുമ്മായമിട്ട് മണ്ണിലെ അമ്ലത നീക്കിയശേഷം, കോഴിക്കാഷ്ഠമോ ചാണകപ്പൊടിയോ അടിവളമായി ചേർക്കുന്നു. ഇല വന്ന ശേഷം വളങ്ങൾ നൽകും. കൃഷിയിൽ പാരമ്പര്യ വേരുകളുണ്ട് എബിക്ക്. പിതാവ് വി.എം.കുര്യൻ മികച്ച കർഷകനാണ്. 

കൃഷിച്ചെലവ്

മൂന്ന് അന്യ സംസ്ഥാന തൊഴിലാളികൾ 3 മാസം സ്ഥിരമായി പണിയെടുക്കുന്നു.  പാട്ടത്തുക 20,000 രൂ പ. വളക്കൂറുള്ള മണ്ണിനായി വര്‍ഷംതോറും പാട്ടഭൂമി മാറിമാറിയാണ് കൃഷി. ഇതും ചെലവ് വർധിപ്പിക്കും.  വിത്ത്, വളം, കൂലി എല്ലാംകൂടി നല്ലൊരു തുക വേണം. എങ്കിലും പൊട്ടുവെള്ളരിക്ക് ഡിമാൻഡ് ഉള്ളതിനാ ൽ കൃഷി ലാഭം തന്നെയെന്ന് എബി. നീനു മേരി തോമസ് ആണ് എബിയുടെ ഭാര്യ. ഹന്ന, ഹാനോക് എന്നിവർ മക്കൾ.

ഫോൺ: 9496336133

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com