വേനൽ പച്ചക്കറിക്ക് നേടാം മികച്ച വിളവ്: വഴികളറിയാം

philip-chacko-vegetable-farmer-3
SHARE

ഇതു വേനൽ പച്ചക്കറിക്കൃഷിക്കാലം. മഴക്കാലത്തും പച്ചക്കറിക്കൃഷി ചെയ്യാറുണ്ടെങ്കിലും വേനൽക്കൃഷിയുടെ അത്ര മെച്ചമാവില്ല. രോഗ, കീട ബാധകളുടെ ആധിക്യവും മഴക്കെടുതികളും തന്നെ കാരണം. 

പച്ചക്കറികൾ മിക്കതും നന്നായി വളരണമെങ്കിൽ നല്ല വെയിൽ വേണം. അതിനാൽ നല്ല വെയിൽ കിട്ടുന്നിടം തന്നെ കൃഷിക്കു തിരഞ്ഞെടുക്കണം. തുടർന്നു മണ്ണുപരിശോധന. എല്ലാ വർഷവും മണ്ണുപരിശോധന നടത്തുന്നതു നന്ന്. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ വേണം വളപ്രയോഗം. പരിശോധനയില്‍ മണ്ണിന്റെ അമ്ലതയോ ക്ഷാരതയോ എത്രയെന്നും അറിയാം. പാലക്കാട് ചിറ്റൂർ പ്രദേശത്തെ മഴനിഴൽ പ്രദേശമായ വടകരപ്പതി, എരുത്തേംപതി, കൊഴിഞ്ഞാംപാറ എന്നിവിടങ്ങളിൽ മാത്രമാണ് ക്ഷാരമണ്ണുള്ളത്.

അമ്ലത അല്ലെങ്കിൽ ക്ഷാരത കുറയ്ക്കലാണ് ആദ്യത്തെ കൃഷിപ്പണി. അമ്ലത കുറയ്ക്കാൻ കുമ്മായവസ്തുക്കൾ മണ്ണിൽ ചേർത്തു കിളച്ച് 10 ദിവസമെങ്കിലും നനച്ചിടണം. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ഒരു കിലോ മുതൽ 3 കിലോ വരെ കുമ്മായവസ്തുക്കൾ ഒരു സെന്റിൽ ചേർത്തു കൊടുത്താൽ അമ്ലത കുറയ്ക്കാം. കുമ്മായം, നീറ്റുകക്ക, ഡോളമൈറ്റ് എന്നിവയാണ് കുമ്മായവസ്തുക്കൾ. കുമ്മായവസ്തുക്കളിട്ട് 10 ദിവസം നന്നായും തുടർച്ചയായും നനച്ചാൽ മാത്രമേ മണ്ണിന്റെ പുളി അഥവാ അമ്ലത കുറയുകയുള്ളൂ. ക്ഷാരത കുറയ്ക്കാൻ ജിപ്സമാണ് മണ്ണിൽ ചേർക്കേണ്ടത്. അതിന്റെ അളവു നിർണയിക്കേണ്ടത് മണ്ണുപരിശോധനാ ഫലം അനുസരിച്ചാവണം.

കുമ്മായപ്രയോഗം നടത്തി 10 ദിവസത്തിനുശേഷമാണ് അടിവളങ്ങൾ നൽകേണ്ടത്. അടിവളമായി ജീർണിച്ചു പൊടിഞ്ഞ കംപോസ്റ്റ് വളങ്ങൾ മാത്രം നൽകുക. അസംസ്കൃത ജൈവവളങ്ങളായ ചാണകപ്പൊടി, പച്ചില വളം, ആട്ടിൻകാഷ്ഠം, കോഴിക്കാഷ്ഠം, പിണ്ണാക്കുകൾ, മറ്റു ജൈവവസ്തുക്കൾ എന്നിവ നേരെ മണ്ണിലിട്ടു കൊടുത്താൽ അവ ജീർണിച്ചു പോഷക മൂലകമാവാൻ മാസങ്ങൾ വേണ്ടിവരും. ജൈവവസ്തുക്കളെ മറ്റൊരിടത്തുവച്ച് ജീർണിപ്പിച്ച് പാകപ്പെടുത്തിയെടുക്കുന്ന വളമാണ് കംപോസ്റ്റ്. ഇതില്‍നിന്നു പോഷകമൂലകങ്ങൾ വളരെ വേഗം സസ്യങ്ങൾക്കു വലിച്ചെടുക്കാനാവും. ഇതു സ്വന്തമായി ഉണ്ടാക്കണം. പലതരം കംപോസ്റ്റ്  നമുക്കുതന്നെ തയാറാക്കാം. മണ്ണിര കംപോസ്റ്റ്, ഇഎം കംപോസ്റ്റ്, ട്രൈക്കോഡെർമ കംപോസ്റ്റ് എന്നിവയൊക്കെ നല്ല വളങ്ങളാണ്.

ഇനി ശ്രദ്ധിക്കേണ്ടത് വിത്തു തിരഞ്ഞെടുക്കലാണ്. വിപണിയിൽ വേഗം വിറ്റഴിയുന്ന ഇനങ്ങൾ തന്നെ നല്ലത്. ഉദാഹരണത്തിന് പടവലം നീളൻ, ഇടത്തരം, ചെറുത് എന്നിങ്ങനെയുണ്ടല്ലോ? ഓരോ പ്രദേശത്തിനും പ്രിയപ്പെട്ടത് ഏതെന്ന് കണ്ടെത്തി അതു കൃഷി ചെയ്യുക. മേൽത്തരം, സങ്കരം എന്നിങ്ങനെ വിത്തുകളുണ്ട്. കേരള കാർഷിക സർവകലാശാല, കൃഷിഭവൻ, വിത്തുകമ്പനികൾ എന്നിവ വഴി നല്ല വിത്തുകൾ ലഭിക്കും.

വിത്തിനെക്കാൾ തൈകൾ നടുന്നതാണ് എളുപ്പം. ഇപ്പോൾ നല്ലയിനം പച്ചക്കറി തൈകൾ വാങ്ങാൻ കിട്ടും. തൈകൾ പ്രോട്രേകളിലോ പേപ്പർ ഗ്ലാസുകളിലോ സ്വയം ഉണ്ടാക്കുന്നപക്ഷംചെലവു കുറയ്ക്കുകയും ചെയ്യാം.

ട്രേയിൽ വിത്തു പാകുന്നതിന് നടീൽമിശ്രിതമായി തുല്യ അളവിൽ ചാണകപ്പൊടിയും ചകിരിച്ചോറും കൂട്ടിക്കലർത്തി ഉപയോഗിക്കാം. വിത്തുകൾ കുതിർത്തു പാകണം. കട്ടി കൂടിയ വിത്തുകൾ 8–10 മണിക്കൂറും കട്ടി കുറഞ്ഞ തോടുള്ള വിത്തുകൾ 3–4 മണിക്കൂറും മാത്രം കുതിർക്കുക. വിത്തുപാകിയ പ്രോട്രേ ഒന്നുരണ്ടു ദിവസം മൂടിവച്ചാൽ പെട്ടെന്നു മുളയ്ക്കും. മുളച്ച തൈകൾ അൽപാൽപം വെയിലിൽവച്ച് വെയിലിൽ വാടാത്ത പരുവമെത്തിയ തൈകൾ മാത്രം നടുക. വിത്ത് കുതിർക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഒരു ലീറ്റർ വെള്ളത്തിന് 20 ഗ്രാം സ്യൂഡോമോണാസ് ഇളക്കിച്ചേർത്താൽ രോഗങ്ങളെ പ്രതിരോധിക്കാം.

കൃഷി തുടങ്ങും മുൻപുതന്നെ ജൈവ സസ്യസംരക്ഷണ മരുന്നുകളായ പഞ്ചഗവ്യം, ദശഗവ്യം, മത്സ്യഗവ്യം, ജീവാമൃതം, ഇലക്കഷായങ്ങൾ എന്നിവയൊക്കെ തയാറാക്കിവയ്ക്കാം.

പച്ചക്കറികൾക്കു വരാവുന്ന കീടങ്ങളെ തുരത്താനായി ബ്യുവേറിയ, വെർട്ടിസീലിയം എന്നിവയുടെ കൾച്ചറുകൾ വാങ്ങിവയ്ക്കാം. 20 ഗ്രാം ബ്യുവേറിയ ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഇടയ്ക്കിടെ തളിച്ചുകൊടുത്താൽ മുഞ്ഞ, ചാഴി, ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ, ശലഭപ്പുഴുക്കൾ എന്നിവയെ നിയന്ത്രിക്കാം. വെർട്ടിസീലിയം 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ വെള്ളീച്ച, മീലിമൂട്ട, ശൽക്കകീടങ്ങൾ എന്നിവയെ നിയന്ത്രിക്കാം. അഴുകൽ, വാട്ടം, മഞ്ഞളിപ്പ് തുടങ്ങിയ രോഗങ്ങൾ വരാതിരിക്കാൻ സ്യൂഡോമോണാസ് ഫ്ലൂറസൻ‍സ് എന്ന ബാക്ടീരിയ കൾച്ചർ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് ഇടയ്ക്കിടെ പ്രയോഗിക്കാം. ഇവയുടെ ലായനികളും ലഭ്യമാണ്. ലായനിയാണെങ്കിൽ 10 മില്ലി ഒരു ലീറ്റർ വെള്ളം എന്നാണ് കണക്ക്.

മിത്രാണുക്കൾ ഉപയോഗിക്കുന്നതിന് 2 ദിവസം മുൻപോ കഴിഞ്ഞോ ചാരമോ, രാസവളങ്ങളോ ഇടരുത്.  മിത്രാണു കൾചറുകള്‍ വെയിൽ താഴ്ന്നതിനുശേഷം മാത്രം പ്രയോഗിക്കുക. ഓരോ മിത്രാണു കൾചർ പ്രയോഗത്തിനും നിശ്ചിത ഇടവേള നൽകണം. അതായത്, ബ്യുവേറിയ പ്രയോഗിച്ച് ഒരാഴ്ചയെങ്കിലും കഴിഞ്ഞു മാത്രം വെർട്ടിസീലിയം. അതു കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം സ്യൂഡോമോണാസ്. 

English summary: Growing Vegetables in Summer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS