ADVERTISEMENT

തക്കാളി വിളഞ്ഞുകിടക്കുന്ന മഴമറയുടെ ഇരുമ്പു തൂണിൽ കൈവച്ച് ബിൻസി പറയുന്നു, ഓരോ പ്രാവശ്യവും ഈ തൂണുകൾ കുഴിച്ചിടുമ്പോഴും അടുത്ത സീസണിൽ ഇതു പിഴുതുമാറ്റേണ്ടി വരുമല്ലോ എന്നാണു ചിന്ത. 2019ൽ കേരളം മികച്ച കർഷകയായി ആദരിച്ച കട്ടപ്പന സ്വദേശിനി ബിൻസി ജയിംസ് ഇന്നും പാട്ടഭൂമിയിലാണു പൊന്നു വിളയിക്കുന്നത്. കുമളിയിൽ ആരംഭിച്ച ജൈവ പച്ചക്കറിക്കൃഷി ഇന്ന് അവിടെനിന്നു മാറി പെരിയാറിന്റെ കരയിലെ 4 ഏക്കറിലാണു തഴച്ചുവളരുന്നത്.

ഒന്നുമില്ലായ്മയിൽ നിന്ന് ആത്മാർഥമായി കൃഷി ചെയ്തു മുന്നേറിയ ബിൻസിയും കുടുംബവും ഇനി സ്വന്തമായി അൽപം മണ്ണു വാങ്ങാനുള്ള തയാറെടുപ്പിലാണ്.

വണ്ടിപ്പെരിയാർ വള്ളക്കടവിലെ കാലാവസ്ഥയിൽ ശീതകാല പച്ചക്കറിക്കൃഷിയിൽ വിജയം കൊയ്ത ബിൻസിയുടെ വിഡിയോകൾക്കു സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ കാഴ്ചക്കാരുണ്ട്. സ്ട്രോബെറി, കാബേജ്, കെയ്ൽ തക്കാളി, ലെറ്റൂസെ തുടങ്ങി ഒട്ടേറെ ശീതകാല പച്ചക്കറികൾ ബിൻസിയുടെ ഫാമിലുണ്ട്.

ഒൻപതാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ബിൻസി ഏറെക്കാലം കട്ടപ്പനയിലെ ഏലക്കാടുകളിൽ കൂലിപ്പണിക്കാരിയായിരുന്നു. പിന്നെ, 15 വർഷങ്ങൾക്കു മുൻപ് 9 സെന്റിൽ പച്ചക്കറിക്കൃഷി ചെയ്തു തുടങ്ങി. തഴച്ചുവളർ ന്ന പച്ചക്കറികൾ കണ്ടു അയൽവാസികൾ അദ്ഭുതത്തോടെ നോക്കി നിന്നപ്പോഴാണു കൃഷി ജീവനോപാധിയായി മാറ്റാൻ ബിൻസിയും കുടുംബവും തീരുമാനിച്ചത്.

താമസിച്ചിരുന്ന വീടു പണയത്തിനു നൽകി, കിട്ടിയ ഒരു ലക്ഷം രൂപയുമായി കുമളിയിൽ ശീതകാല പച്ചക്കറി ഫാം സ്ഥാപിച്ചു. ഭർത്താവും മൂന്നുമക്കളും കൂടെക്കൂടി എല്ലു മുറിയെ പണിയെടുത്തു. ആദ്യത്തെ വിളവെടുക്കാൻ തുടങ്ങുന്നതിനിടെ 2018ലെ പ്രളയത്തിൽ കൃഷി വെള്ളത്തിലായി. സാമ്പത്തികമായി തളർന്നെങ്കിലും പ്രതീക്ഷ കൈവിടാതെ വീണ്ടും കൃഷിയിറക്കി. പിന്നീടു വിളവെടുത്ത ജൈവപച്ചക്കറികൾ എറണാകുളത്തെത്തിച്ചായിരുന്നു വിൽപന. പച്ചക്കറികൾ സ്കൂട്ടിയിൽ കെട്ടിവച്ച് അർധരാത്രി എറണാകുളത്തു കൊണ്ടുപോയി വിൽക്കും.

bincy
ബിൻസിയും കുടുംബവും

പച്ചപിടിച്ചു തുടങ്ങിയപ്പോൾ തന്നെ കോവിഡ് വഴിമുടക്കി. അന്ന് ഉൽപന്നങ്ങൾ വാങ്ങി കുമളിക്കാർ സഹായിച്ചെന്നും ബിൻസി പറയുന്നു. പിന്നീടാണു വണ്ടിപ്പെരിയാർ വള്ളക്കടവിൽ ഭൂമി പാട്ടത്തിനെടുത്തു കൃഷി ആരംഭിച്ചത്.

സമൂഹമാധ്യമങ്ങളിൽ വിഡിയോ ഇടാൻ തുടങ്ങിയതോടെ ഫാം കാണാനും വിത്തു വാങ്ങാനും ഒട്ടേറെ പേർ സമീപിച്ചു തുടങ്ങി. ഓൺലൈനിലൂടെ വിത്തുകളുടെയും ചോളപ്പൊടി, മഞ്ഞൾപ്പൊടി, കാപ്പിപ്പൊടി, ഏലക്ക, തേൻ എന്നിവയുടെ വിൽപന നടക്കുന്നു. ദൂരദേശങ്ങളിൽനിന്നു പോലും ‘ബിൻസീസ് ഫാം’ തേടി സന്ദർശകരെത്തുന്നു. സ്വന്തമായി ഒരു വീടിനെക്കുറിച്ചു ബിൻസിയും ഭർത്താവ് ജയിംസ് ഫ്രാൻസിസും ആലോചിച്ചു തുടങ്ങുന്നതേയുള്ളു.

കൃഷി ചെയ്യുന്ന ഇടങ്ങളിൽ ഷീറ്റ് വലിച്ചുകെട്ടിയാണ് ഇപ്പോൾ കുടുംബത്തിന്റെ താമസം. ഇനി മഴമറയ്ക്കു തൂണു നാട്ടുന്നുണ്ടെങ്കിൽ അതു കൃഷിയിൽ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടു വാങ്ങിയ ഭൂമിയിൽ ആയിരിക്കണമെന്നാണു ബിൻസിയുടെ ആഗ്രഹം. അവിടെ ഒരു വീടും.

കൃഷിയിലേക്കിറങ്ങുന്നവരോട് ബിൻസിക്ക് ഒന്നേ പറയാനുള്ളൂ. കൃഷിയിറക്കുന്നതിനു മുൻപു വിപണി ഉറപ്പാക്കുക.

ഫോൺ: 8113902060

English summary: Agriculture Journey of a Woman Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com