ADVERTISEMENT

ജീവനൊരു പ്രവാസിയാണ്. പ്രവാസി നാട്ടിൽ എന്തങ്കിലും ചെയ്യാൻ തുടങ്ങിയാൽ കേൾക്കുന്ന ഒരു പതിവ് കമന്റാണ് ഓ അവന്റ കയ്യിൽ പൂത്ത പണമുണ്ടെന്നേ... അവനെന്തു വേണമെങ്കിലും കാണിക്കാമല്ലോ... അപ്പോൾ കൃഷിയിലേക്കിറങ്ങിയാലോ! അവൻ ചിലർക്ക് ബൂർഷ്വ ആകും. മറ്റു ചിലർക്ക് ഭ്രാന്തനും ആകും. ഓരോ പ്രവാസിയും ഒരു ദിവസം 12 മുതൽ 18 മണിക്കൂർ വരെ ജോലി ചെയ്താണ് എന്തെങ്കിലുമൊക്കെ സമ്പാദിക്കുന്നതെന്ന് നമ്മുടെ നാട്ടുകാർക്കറിയില്ലല്ലോ. ഇനി അറിഞ്ഞാലും അവർ ബൂർഷ തന്നെയാണ് നമ്മുടെ മുന്നിൽ.  

ഒട്ടുമിക്ക പ്രവാസികൾക്കും നാടിനോടും വീടിനോടും കൃഷിയോടുമൊക്കെ സ്നേഹം ഉണ്ടാകുമെന്ന് നമുക്കറിയാം. എന്നാൽ എത്ര പേർ കൃഷി ചെയ്യുന്നതിനു വേണ്ടി സമയം മാറ്റി വെക്കുന്നുണ്ട്? വളരെ ചുരുക്കം പേർ മാത്രം. അങ്ങനെയുള്ള ചുരുക്കം ചിലരിൽപ്പെടുന്ന വ്യത്യസ്തനായ ഒരു ചെറുപ്പക്കാരൻ ചെന്നിത്തലയ്ക്കടുത്തുണ്ട് പേര് ജീവൻ (ജിജോ).

jeevan-1

താരതമ്യേന തെറ്റില്ലാത്ത ചുറ്റുപാടിൽനിന്ന് ഗൾഫിൽ പോകുന്നവർ അവരുടെ സമ്പാദ്യം നാട്ടിൽ സ്ഥലം വാങ്ങുവാനും വീട് വയ്ക്കുവാനുമൊക്കെയാണ് ചെലവഴിക്കുന്നത്. ജീവനും തന്റെ സമ്പാദ്യത്തിൽനിന്ന് അതു തന്നെ ചെയ്തു. ഒരു സ്ഥലം വാങ്ങി. പക്ഷേ, വീടുവയ്ക്കാനുള്ള പുരയിടമല്ല എന്നു മാത്രം. നെൽകൃഷി ചെയ്യാൻ ഒരു ഏക്കർ സ്ഥലം. അവിടെ തുടങ്ങുന്നു ജീവന്റെ സ്വന്തം കൃഷി ജീവിതം.

ഓരോ വർഷം കഴിയുന്തോറും അതിന്റെ വ്യാപ്തി വർധിപ്പിച്ചു കൊണ്ടിരുന്നു. ഇന്ന് 10 ഏക്കറിൽ നെൽകൃഷി, വിവിധ രീതികളിലായി ഒരു ലക്ഷത്തോളം മീനുകൾ, വാഴ, പച്ചക്കറികൾ... അങ്ങനെ താൻ ആഗ്രഹിച്ചതെല്ലാം അന്യദേശത്തിരുന്ന് സാബു എന്ന ഉറ്റ സുഹൃത്തിലൂടെ ജീവൻ ചെയ്യുന്നു. അവിടെയും  ജീവനെ അറിയാത്തവർ തെറ്റിദ്ധരിക്കും. ജീവൻ കാശ് ചെലവാക്കും, സാബു പണിയെടുക്കും. എന്നാൽ എന്നെ അദ്ഭുതപ്പെടുത്തിയത് ജീവൻ നാട്ടിലില്ല എന്ന ഒരു തോന്നൽ പോലും സാബുവിന് തോന്നാത്ത വിധം ജീവൻ കൂടെയുണ്ട് എന്നുള്ളതാണ്. ഒരു വളം എവിടെയാണ് വച്ചത് എന്ന് സാബു ചിലപ്പോൾ മറന്ന് പോയാൽ ജീവൻ കൃത്യമായി പറഞ്ഞു കൊടുക്കും, അത് ഇന്നയിടത്തിരിപ്പുണ്ടെന്ന്. നെൽകൃഷി തുടങ്ങിയാൽ നെല്ലിന്റെ വിത മുതൽ കൊയ്ത്തുവരെ ഓരോ കാര്യങ്ങളും സാബുവുമായി ചർച്ച ചെയ്തു ചെയ്യും. ചെടിയുടെ ഫോട്ടോ അയച്ചു കൊടുത്താൽ അവിടെയിരുന്നു പറയും ഇന്ന പ്രശ്നം ഉണ്ട് അതിന് ഇന്ന പരിഹാരം ചെയ്യണം എന്ന്. 

jeevan-2

ബയോഫ്ലോക് മത്സ്യക്കൃഷിയിൽ പലരും പരാചയപ്പെട്ടപ്പോൾ പോലും ജീവനും, സാബുവും പിടിച്ചു നിന്നു. ഇപ്പോൾ ജയന്റ് ഗൗരാമി എന്ന ഇനം മീനിന്റെ പ്രജനനം ആരംഭിച്ചുകഴിഞ്ഞു. അതുപോലെ അച്ചൻകോവിലാറിന്റെ കൈവഴിയിൽ തന്റെ പ്ലോട്ടിനോടു ചേർന്ന് മീൻ കൃഷിക്കായി  കേജ് ഫാം ചെയ്തുകഴിഞ്ഞു. ഇതിനോടു ചേർന്നുള്ള സ്ഥലത്ത് വാഴയും പച്ചക്കറികളും കൂടെ നയന മനോഹരമായ സൂര്യകാന്തിയും ബന്ദിയും ചെയ്തിരിക്കുന്നു. വിഷരഹിതമായ ആഹാരം ആഗ്രഹിക്കുന്നവർ ജീവന്റെയും സാബുവിന്റെയും ‘എവർഗ്രീൻ’ ഫാമിലെത്തി ജീവനുള്ള മീനും, അപ്പോൾ പറിച്ചെടുക്കുന്ന പച്ചക്കറികളും വാങ്ങി മടങ്ങുന്നു.

ജീവന്റെ അധ്വാനത്തിന്റെ നല്ലൊരു പങ്കും കൃഷിക്കായി മാറ്റിവയ്ക്കുന്നു എന്ന പരാതി കുടുംമ്പത്തിൽ നിന്ന് തന്നെയുണ്ടാവും എന്നതിൽ സംശയമില്ല. അതിന് ജീവനു മറുപടിയുമുണ്ട് ഞാൻ മൂലം 10 പേർക്ക് ഒരു ദിവസത്തെ അന്നം മേടിക്കാൻ പറ്റുന്നുണ്ടെങ്കിൽ അതിലും വലിയ ഒരു കാര്യം എനിക്കീ ജന്മത്തിൽ ചെയ്യാനില്ല. ശരിയാണ് ഇന്ന് ജീവൻ ഒരു വർഷം ആയിരത്തിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതൊരു ചെറിയ കാര്യമല്ല.

കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ കർഷകരുമായും അനുബന്ധ പ്രവർത്തകരുമായും ജീവൻ നല്ല ബന്ധം പുലർത്തുന്നു. അവരിൽ നിന്നെല്ലാം തന്റെ കൃഷിക്കാവശ്യമായ കാര്യങ്ങൾ പഠിക്കുകയും അത് തന്റെ കൃഷിടത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

ജീവനും ജീവന്റെ ആത്മാവായ സാബുവിനും ഇനിയും ഏറെ ചെയ്യാനുണ്ട്. അതിന് അവർക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ഞാനും ആഗ്രഹിക്കുന്നു .

ഫോൺ: 7025452443

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com