മണ്ണൊരുക്കുമ്പോഴും നടീൽമിശ്രിതം തയാറാക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഓരോ ചേരുവയ്ക്കും പ്രാധാന്യമുണ്ട്

soil-preparation
നടീൽമിശ്രിതം തയാറാക്കുന്നു
SHARE

? മണ്ണൊരുക്കുമ്പോഴും  നടീൽമിശ്രിതം തയാറാക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഓരോ ചേരുവയുടെയും പ്രാധാന്യമെന്ത്. 

ചെടിയുടെ ക്രമാനുഗത വളർച്ചയ്ക്ക് സൂര്യപ്രകാശം, വെള്ളം, വളങ്ങൾ, ഫലഭൂയിഷ്ഠവും വായുസഞ്ചാരമുള്ളതുമായ മണ്ണ് / വളർച്ചമിശ്രിതം എന്നിവ  പ്രധാനമാണ്. ഗ്രോബാഗ്, ചട്ടി, ചാക്ക്, കണ്ടെയ്നറുകൾ എന്നിവയിലെ കൃഷിവിജയം അതിൽ നിറയ്ക്കുന്ന മിശ്രിതത്തിന്റെ ഗുണമേന്മയെ ആശ്രയിച്ചിരിക്കും. മണ്ണായാലും നടീൽമിശ്രിതമായാലും അതിന്റെ ഭൗതികഗുണം, രാസഗുണം, ജൈവഗുണം എന്നിവ  സംതുലിതമായാലേ മികച്ച വിളവ് ലഭിക്കൂ. അത് സാധ്യമാകണമെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

  • മണ്ണിലെ മൂലകലഭ്യത തടയുന്ന പുളിപ്പിനെ  നിയന്ത്രിക്കണം. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ നീറ്റുകക്ക, കുമ്മായപ്പൊടി, ഡോളമൈറ്റ് എന്നിവ മണ്ണുമായി നന്നായി കൂട്ടിക്കലർത്തി, നനച്ച പുട്ടുപൊടിയുടെയത്ര  ഈർപ്പം ഉറപ്പു വരുത്തി രണ്ടാഴ്ച സൂക്ഷിക്കണം. മണ്ണുപരിശോധന നടത്താനായില്ലെങ്കിൽ  ഒരു സെന്റ് സ്ഥലത്ത് 2 കിലോ എങ്കിലും കുമ്മായവസ്തുക്കളാണ് കലർത്തേണ്ടത്. കണ്ടെയ്നറുകളിൽ കൃഷി ചെയ്യുന്നവർ ഒരു ബാഗിൽ നിരക്കാനാവശ്യമായ മണ്ണിൽ 100 ഗ്രാം കുമ്മായവസ്തുക്കൾ ചേർത്തിളക്കി രണ്ടാഴ്ച സൂക്ഷിക്കണം.
  • എത്ര മണ്ണെടുക്കുന്നുവോ അത്രയും തന്നെ അഴുകിപ്പൊടിഞ്ഞ ചാണകം, ആറ്റുമണൽ / ചകിരിച്ചോറ് കംപോസ്റ്റ് എന്നിവ കുമ്മായവസ്തുക്കൾ ചേർത്തു രണ്ടാഴ്ച കഴിഞ്ഞ മണ്ണുമായി കൂട്ടിക്കലർത്തണം. മണ്ണിനെ കൂടുതൽ ഇളക്കമുള്ളതാക്കുന്ന ഉമി, കരിക്കട്ട, കരിയിലപ്പൊടി, പെർലൈറ്റ്, വെർമിക്കുലൈ‌റ്റ് എന്നിവയൊക്കെ ചേർത്തുകൊടുക്കാം.
  • മണ്ണിന്റെ രാസാംശം നിയന്ത്രിക്കാനും നിമാവിര നിയന്ത്രണത്തിനുമായി  കണ്ടെയ്നർ ഒന്നിനു നന്നായി പൊടിഞ്ഞ 100 ഗ്രാം  എല്ലുപൊടി, പൊടിഞ്ഞ വേപ്പിൻപിണ്ണാക്ക്, 5 ഗ്രാം സൂക്ഷ്മമൂലക മിശ്രിതം എന്നിവ കൂടി ചേർത്തുകൊടുക്കുക. ചാണകപ്പൊടിയോടൊപ്പം  പൊടിഞ്ഞ കോഴിവളം, ആട്ടിൻകാഷ്ഠം, മുയൽ കാഷ്ഠം, മുട്ടത്തോട് എന്നിവയും ചേർക്കാം. 
  • മണ്ണിൽ എന്തു നടുമ്പോഴും നടാനെടുത്ത കുഴി ഒരു ഗ്രോബാഗ് അഥവാ ചട്ടിയാണെന്നു സങ്കൽപിച്ച്  നേരത്തേ സൂചിപ്പിച്ചതുപോലെ കുമ്മായവസ്തുക്കളുടെ പ്രയോഗവും 1x1x1 അളവിൽ വളർച്ചമിശ്രിതവും നിറച്ച്  വിത്ത് പാകുകയോ തൈ നടുകയോ ചെയ്താൽ സുഗമ വളർച്ച ഉറപ്പ്.

വിവരങ്ങൾക്ക്: പ്രമോദ് മാധവൻ, അസിസ്റ്റന്റ് ഡയറക്ടർ, സ്റ്റേറ്റ്അഗ്മാർക് ലബോറട്ടറി, ആലപ്പുഴ. ഫോൺ–9496769074

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA