കാലാവസ്ഥാവ്യതിയാനത്തിന്റെ ഇക്കാലത്ത് നടീൽകാലങ്ങൾക്കും ഞാറ്റുവേലയ്ക്കുമൊക്കെ പ്രസക്തിയുണ്ടോ?
വർഷം(മഴ) പോലെ കൃഷി എന്നാണ് പൂർവിക മതം. മേട മാസത്തിൽ ഉറപ്പായും ലഭിക്കുന്ന വേനൽമഴയോടെയാണ് മലയാളത്തിന്റെ വിരിപ്പു നെൽകൃഷി ആരംഭിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ മേയ് അവസാനം മുതൽ നവംബർ അവസാനം വരെ ലഭിക്കുന്ന 2 മഴക്കാലം ( ഇടവപ്പാതി, തുലാവർഷം) ആണ് കേരളീയ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ ജാതകം നിശ്ചയിക്കുന്നത്. പണ്ട് ഇതിനൊക്കെ കൃത്യമായ ചാക്രികതയുണ്ടായിരുന്നു. അതിനാൽ മുന്നൊരുക്കത്തോടെ ആസൂത്രിതമായി കൃഷിയിറക്കാമായിരുന്നു. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നവര്‍ കൃഷിയിൽ ഞാറ്റുവേലക്കലണ്ടറിനു വലിയ പ്രാധാന്യം നല്‍കില്ല. എല്ലാ ഉൽപന്നങ്ങളും വർഷം മുഴുവൻ ഉൽപാദിപ്പിക്കാൻ ശ്രമിക്കുന്ന അവര്‍ അസമയത്ത് ഉൽപാദിപ്പിക്കുകയെന്ന ( offseason production) തന്ത്രം പയറ്റുന്നവരാണ്. അപ്പോൾ കൂടുതൽ വില കിട്ടും. മഴമറക്കൃഷിയും പോളിഹൗസ് കൃഷിയുമൊക്കെ ഞാറ്റുവേലക്കലണ്ടറിനെ വെല്ലുവിളിക്കുന്ന രീതികളാണ്. മഴയെയും മഞ്ഞിനെയും പേടിക്കാതെ കൃഷി ചെയ്യാം. എന്നാൽ ഈ വിദ്യകളൊന്നും സ്വായത്തമല്ലാത്ത, നൂതന നനരീതികളൊന്നും ചെയ്യാത്ത ഭൂരിപക്ഷം കർഷകർക്കും ഇന്നും വഴിവിളക്കുകളാണ് പരമ്പരാഗതമായി നമുക്ക് കിട്ടിയ ഞാറ്റുവേല കലണ്ടറും പഴഞ്ചൊല്ലുകളും നാട്ടറിവുകളുമൊക്കെ.
English summary: Is special planting season and night work relevant now?