കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവ ഗ്രോബാഗിൽ കൃഷി ചെയ്ത് വർഷം മുഴുവൻ വീട്ടാവശ്യത്തിനുള്ള വിളവു നേടാനാകുമോ? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
സ്ഥലപരിമിതിയുള്ളവർക്ക് ഏറ്റവും സൗകര്യപ്രദമാണ് ഗ്രോബാഗ് കൃഷി. മണ്ണിലൂടെയുള്ള രോഗ–കീടബാധ കുറയ്ക്കാനും അവ പടരുന്നതു തടയാനും ഈ രീതിയില്‍ കഴിയും. വീട്ടാവശ്യത്തിനു പച്ചക്കറിക്കൃഷിപോലെ ഇഞ്ചി, മഞ്ഞൾ, കുരുമുളക് എന്നിവയും ഗ്രോബാഗിൽ കൃഷി ചെയ്യാം.
കുരുമുളക്
ഗ്രോബാഗിൽ വളർത്താൻ കുറ്റിക്കുരുമുളകാണു നല്ലത്. ചെറിയ ഇലകളും കൂടുതൽ മണിപിടിത്തവുമുള്ള കരിമുണ്ടയാണ് കുറ്റിക്കുരുമുളകാക്കാൻ കൂടുതൽ യോജ്യം. കാഴ്ചയിലും കൂടുതൽ ഭംഗിയുണ്ടാവും. ഭൂമിക്കു സമാന്തരമായി വളരുന്നതും തായ്ത്തണ്ടിൽനിന്ന് വശങ്ങളിലേക്കു വളർന്നു കായ്ക്കുന്നതുമായ പാർശ്വശാഖകളാണ് കുറ്റിക്കുരുമുളകിനായുള്ള നടീൽവസ്തു. കുറ്റിക്കുരുമുളകിന്റെതന്നെ ശാഖകൾ പറിച്ചു നട്ടും പുതിയ തൈകൾ ഉൽപാദിപ്പിക്കാം. വേനലവസാനത്തോടെയുള്ള പുതുമഴയ്ക്കു ശേഷം പാർശ്വശാഖകളിൽനിന്ന് നാമ്പുകൾ വരുന്ന വേളയാണ് ശാഖകൾ മുറിക്കാൻ പറ്റിയ സമയം. 3–4 മുട്ടുകളോടുകൂടിയ, പാതി മൂപ്പെത്തിയ തണ്ടുകളോടു കൂടിയ, ശാഖകളാണ് നല്ലത്. നടുമ്പോൾ അഗ്രഭാഗത്തുള്ള ഇലകൾ ഒഴികെ ബാക്കിയെല്ലാം നുള്ളിനീക്കാം. ഗ്രോബാഗിലെ നടീൽമിശ്രിതത്തിൽ കമ്പുകൊണ്ട് ചെറിയ കുഴിയുണ്ടാക്കി ഒന്നോ രണ്ടോ മുട്ടുകൾ താഴ്ത്തി നടുക. തണൽ നൽകണം. വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ ദിവസം ഒരു നനയും. മുള വന്ന് 3 മാസത്തിനു ശേഷം ചട്ടിയിലേക്കു മാറ്റി നടാം. 2 മാസത്തിലൊരിക്കൽ 15 ഗ്രാം കടലപ്പിണ്ണാക്കോ 30ഗ്രാം വേപ്പിൻപിണ്ണാക്കോ വളമായി നൽകാം. ഒരു വർഷത്തിനുള്ളിൽതന്നെ കായ്ച്ചു തുടങ്ങും. ഒരു ചെടിയിൽനിന്നു വർഷം 300 ഗ്രാം ഉണക്കക്കുരുമുളകു പ്രതീക്ഷിക്കാം.
ഇഞ്ചിയും മഞ്ഞളും
ഇഞ്ചി, മഞ്ഞൾ എന്നിവ നടുമ്പോൾ നടീൽമിശ്രിതം നിറച്ച പ്രോട്രേകളിൽ ചെറിയ മുളകളുള്ള ഭൂകാണ്ഡം നടുക. 15 ദിവസം കഴിഞ്ഞ് തൈകൾ ഓരോ ഗ്രോബാഗിലേക്കായി പറിച്ചു നടാം. ഇതു മുന്നിൽക്കണ്ട് 15 ദിവസം മുൻപുതന്നെ ഗ്രോബാഗുകൾ തയാറാക്കണം. മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ ചേർന്ന നടീൽമിശ്രിതം ഗ്രോബാഗിൽ നിറയ്ക്കാം. ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ചാണകപ്പൊടിയോ വേപ്പിൻപിണ്ണാക്കോ ചേർക്കുന്നത് രോഗങ്ങളെ നിയന്ത്രിക്കും. നടീൽമിശ്രിതം ഗ്രോബാഗിൽ മുക്കാൽ ഭാഗമേ നിറയ്ക്കാവൂ. തൈ നട്ട ശേഷം ഘട്ടം ഘട്ടമായി വളർച്ചയ്ക്ക് അനുസൃതമായി മണ്ണിരക്കംപോസ്റ്റ്, പച്ചിലവളങ്ങൾ, ജൈവവളങ്ങൾ, എല്ലുപൊടി എന്നിവ നൽകാം. രാസവളങ്ങൾ ചേർക്കുന്നുണ്ടെങ്കിൽ 19:19:19 (5ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി) 2 ആഴ്ച ഇടവിട്ട് തളിക്കാം. സ്യൂഡോമോണാസ് (20ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി) ചെടികളുടെ ഇലയിലും ചുവട്ടിലും നൽകുന്നത് രോഗബാധ കുറയ്ക്കും. കീടാക്രമണം തടയാൻ വേപ്പ് അധിഷ്ഠിത കീടനാശിനി പ്രയോഗിക്കാം. കാർഷിക സർവകലാശാലയുടെ റെഡി ടു യൂസ് ജൈവമിശ്രിതമായ വേപ്പെണ്ണ–വെളുത്തുള്ളി സോപ്പ് (രക്ഷ സോപ്പ്) 10ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി 15 ദിവസം ഇടവിട്ട് തളിക്കണം.
വിലാസം: ഡോ. യാമിനിവർമ, പ്രഫസർ (സസ്യരോഗ വിഭാഗം), കുരുമുളക് ഗവേഷണകേന്ദ്രം, പന്നിയൂർ. ഫോൺ: 0460 2227287