ADVERTISEMENT

ആറു വർഷം മുൻപ് 6 ഗ്രോബാഗുമായി കൃഷി തുടങ്ങിയതാണ് വേണു. ഗൾഫിൽനിന്നു നാട്ടിലെത്തിയ എൻജിനീയർക്ക് മുറ്റത്തെ കൂടകളിൽ  ഫ്രഷ് പച്ചക്കറിയുണ്ടാകുന്നത് അന്നു പുതുമയും ആവേശവുമായിരുന്നു. കൃഷി വിപുലമായതോടെ തലവേദനകൾ പലതുണ്ടായി. സൗകര്യപ്രദമായി കൃഷി ചെയ്യാൻ നമ്മുടെ നാട്ടിൽ സാഹചര്യമില്ലെന്നു മനസ്സിലായത് അപ്പോഴാണ്. അന്ന് ആരംഭിച്ചതാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃഷി സൗകര്യപ്രദമാക്കാനുള്ള ശ്രമം.  ഇൻഡസ്ട്രിയൽ അഗ്രിക്കൾചറിന്റെ ആശയങ്ങൾ നമ്മുടെ വീട്ടുവളപ്പുകളിലും സാധ്യമാക്കാനുള്ള ശ്രമത്തിൽ കൂട്ടായത് ശാസ്ത്രബോധവും സാങ്കേതിക വിദഗ്ധന്റെ കരവിരുതും. തന്റെ കാർഷിക പരീക്ഷണങ്ങളെല്ലാം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും വേണു പറയുന്നു. കാർഷികമേഖലയിലെ വിവിധ പ്രശ്നങ്ങൾക്കു പരിഹാരം അവതരിപ്പിക്കുന്നതിലൂടെ വരും തലമുറയെ ഈ രംഗത്ത് ഉറപ്പിച്ചുനിർത്താമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.  

ഇടുക്കി ഉപ്പുതറയിലെ ഏലത്തോട്ടത്തിൽനിന്നു തുടങ്ങാം. എത്ര കഠിനമായ വേനലിലും  ഈ തോട്ടത്തിൽ  പുലർച്ചെ നാലിനു വെള്ളം മഞ്ഞുമഴപോലെ പതിക്കുന്നു. മണ്ണിനെ നനയ്ക്കുന്നതിനൊപ്പം അന്തരീക്ഷത്തെ തണുപ്പിക്കുകയും ചെയ്യുന്ന മഞ്ഞുനന (mist irrigation) സംവിധാനമുണ്ടിവിടെ. ഏലച്ചെടികളുടെ ആരോഗ്യത്തിനു യോജിച്ച രീതിയിൽ കൃഷിയിടത്തിലെ താപനില കുറയ്ക്കാൻ ഇതുവഴി സാധിക്കുന്നു. എന്നാൽ മഞ്ഞുനന മാത്രമല്ല ഇവിടെയുള്ളത്. തോട്ടത്തിലെ ഈർപ്പവും കാറ്റുമൊക്കെ കൃത്യമായി അറിയാനും അളക്കാനും സെൻസറുകളുമുണ്ട്. ലോകത്തെവിടെയിരുന്നും ഈ നനസംവിധാനം പ്രവർത്തിപ്പിക്കാനും നിരീക്ഷിക്കാനും വേണുവിനു കഴിയും. ദിവസവും നിശ്ചിതസമയത്തു പ്രവർത്തിക്കുന്ന രീതിയിൽ  ക്രമീകരിച്ചിരിക്കുകയാണ് ഇപ്പോൾ. സാധാരണ നനയെ അപേക്ഷിച്ച് കുറച്ചു ജലവിനിയോഗം മാത്രമേ ഇതിനാവശ്യ മുള്ളെന്നു വേണു പറയുന്നു.  നന മാത്രമല്ല, ഫാമിലെ എല്ലാ പ്രവർത്തനങ്ങളും വിദൂരത്തിരുന്നു നിയന്ത്രിക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

venu-2
ഹൈഡ്രോപോണിക്സിൽ വേരുകളുടെ വളർച്ച

കേരളത്തിലെ കൃഷിയിൽ ഇനി ഓട്ടമേഷൻ അനിവാര്യമാണെന്ന അഭിപ്രായമാണ് വേണുവിന്. പൂതൃക്കയിലെ പുരയിടത്തിൽ പുത്തൻ കാർഷികസാങ്കേതികവിദ്യകളായ അക്വാപോണിക്സ്, ഹൈഡ‍്രോപോണിക്സ് എന്നിവ മാത്രമല്ല, അത്ര സാധാരണമല്ലാത്ത എയ്റോപോണിക്സും വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു. അവയെല്ലാം നിശ്ചിത ഇടവേളകളിൽ താനേ പ്രവർത്തിക്കുന്നു. 

ഉരുളക്കിഴങ്ങിന്റെ വിത്തുൽപാദനത്തിനാണ് എയ്റോ പോണിക്സ് ആരംഭിച്ചത്. അതു വിജയകരമായെങ്കിലും പിന്നീട് തക്കാളിയും മറ്റുമാണ് ഈ രീതിയിൽ കൃഷി ചെയ്തത്.  അക്വാപോണിക്സ് യൂണിറ്റിലെ തീറ്റ കൊടുക്കല്‍പോലും ഇവിടെ ഓട്ടമാറ്റിക് ആണ്.  നിശ്ചിത ഇടവേളകളിൽ നിശ്ചിത അളവ് തീറ്റ ടാങ്കിലേക്കു വീണുകൊള്ളും. 

ഹൈഡ്രോപോണിക്സും എയ്റോപോണിക്സുംപോലുള്ള കൃഷിരീതികൾ നടപ്പാക്കുമ്പോൾ അന്തരീക്ഷ താപനില 24 ഡിഗ്രിയിൽ കൂടരുതെന്ന് വേണു പറയുന്നു. അതുകൊണ്ടുതന്നെ പോളിഹൗസ് പോലുള്ള സംരക്ഷക സംവിധാനങ്ങളിൽ മാത്രമേ അവ നടപ്പാക്കാവൂ. ഇന്റർനെറ്റിൽനിന്നു നേടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വന്തം ആശയമനുസരിച്ചാണ് എയ്റോപോണിക്സ് യൂണിറ്റ് നിർമിച്ചത്. ഇതൊക്കെയാണെങ്കിലും കേരളത്തിലെ സാഹചര്യത്തിൽ തുള്ളിനന സംവിധാനമുള്ള  ഗ്രോബാഗുകളാണ് പച്ചക്കറി ഉൽപാദനത്തിനു യോജ്യമെന്ന് വേണു. 

venu-3

തുള്ളിനന സംവിധാനത്തിലൂടെ ഒരു സെന്റ് സ്ഥലത്തുനിന്ന് 21 കിലോ രക്തശാലി നെല്ലു കൊയ്ത് വേണു ഈയിടെ ചരിത്രം സൃഷ്ടിച്ചു.  നെല്ലിന്റെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കണമെന്ന പൊതു ധാരണ പൊളിക്കാൻ ഇതുവഴി കഴിഞ്ഞു. നാടൻ ഇനമായ രക്തശാലിക്കു പകരം ഐ ആർ –5 പരീക്ഷിക്കാനൊരുങ്ങുകയാണിപ്പോൾ. നെൽകൃഷിയുടെ ആദ്യനാളുകളിൽ അസോസ്പൈറില്ലം, പൊട്ടാഷ് ബാക്ടിരീയ, ഫോസ്ഫോ ബാകിടീരിയ, സ്യൂഡോമോണാസ് തുടങ്ങിയ ജീവാണുവളങ്ങൾ മാത്രമാണ്  പോഷണത്തിനും മറ്റും ഉപയോഗിച്ചത്. ജീവാണുക്കളുടെ പ്രാധാ ന്യം മലയാളികൾ വേണ്ടത്ര മനസ്സിലാക്കുന്നില്ലെന്ന അഭിപ്രായം ഇദ്ദേഹത്തിനുണ്ട്. എന്നാൽ മൂന്നാ ഴ്ചയായപ്പോൾ  പത്രപോഷണരീതിയിലും  അല്ലാതെയും രാസവളങ്ങളും നൽകി. അത്യുൽപാദനശേഷിയുള്ള വിത്തുകളുപയോഗിച്ചാൽ ഒരു സെന്റിൽനിന്നു കുറഞ്ഞത് 40 കിലോ നെല്ല് കൊയ്യാനാകും. 3 കൃഷികളിലായി ഒരു വർഷം ഒരു വീട്ടിൽ കുറഞ്ഞത് 120 കിലോ നെല്ല് ഉൽപാദിപ്പിക്കാം. എന്നാൽ ഇത്തരം ആശയങ്ങളൊന്നും നമ്മുടെ പൊതുസമൂഹം ഏറ്റെടുക്കുന്നി ല്ലെന്നതാണ് ഖേദകരം–അദ്ദേഹം പറഞ്ഞു.

വിളകളുടെ കാര്യത്തിലും വേണു ചില പുതുമകൾ പരീക്ഷിച്ചുകഴിഞ്ഞു. മൾബറിയിൽനിന്നുള്ള ഹെർബൽ ടീയാണ് ഇവയിൽ ആദ്യത്തേത്. ഒട്ടേറെ പോഷകഗുണങ്ങളോടുകൂടിയ മൾബറി ടീം തയാറാക്കുന്നതിനായി ചെറിയ തോതിൽ മൾബറിക്കൃഷിയും നടത്തുന്നു. അവയുടെ ഇല ഡ്രയറി ല്‍ ഉണക്കി പൊടിച്ചാണ് ടീയുണ്ടാക്കുന്നത്. പോഷകസാന്ദ്രമായ സ്പിരുലിന പായലും കൃഷി  ചെയ്യാറുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍  സ്പിരുലിന ഉൽപാദനയൂണിറ്റ് പ്രവർത്തനസജ്ജമായി വരുന്നു. 

ഏലത്തോട്ടത്തിൽ അണുനശീകരണത്തിനായി ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നു ഇദ്ദേഹം.   ഹൈഡ്രജൻ പെറോക്സൈഡ് മിത്ര ജീവാണുക്കളെ കൊല്ലുമെങ്കിലും അവ തീരെ കുറവായ ഏലത്തോട്ടങ്ങളിൽ ശത്രു ജീവാണുക്കളെ തുരത്തുന്നതിനാണ് കൂടുതൽ പ്രാധാന്യമെന്നു വേണു പറയുന്നു. മിത്ര ജീവാണുക്കളെ  പിന്നീട് ചേർത്തു നൽകുകയേ വേണ്ടൂ.

ഫോൺ: 9447460435

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com