ADVERTISEMENT

താർ മരുഭൂമിയിൽ തക്കാളി കൃഷി ചെയ്താലോ? തീരപ്രദേശത്തെ മണലിലായോലോ കൃഷി? തുള്ളിവെള്ളംപോലും തങ്ങിനിൽക്കാത്ത മണലിൽ കൃഷിയിറക്കാനാവില്ലെന്ന പൊതുധാരണ തിരുത്തുകയാണ് ഇജാസ് സലിം. ആറു വർഷമായി ഈ എൻജിനീയർ മണലിൽ പച്ചക്കറിത്തൈകൾ പാകി വിളവെടുക്കുന്നു. അ‍ഞ്ചോ പത്തോ സെന്റല്ല, 15 ഏക്കർ മണൽഭൂമിയിലാണ് ഇദ്ദേഹം വെണ്ടയും വെള്ളരിയും പയറുമൊക്കെ ഉൽപാദിപ്പിക്കുന്നത്. ഈർപ്പം നിലനിൽക്കില്ലെന്ന ദോഷം പരിഹരിച്ചാൽ  മണലിലെ കൃഷിക്കു പലതാണ് മെച്ചമെന്ന് ഇദ്ദേഹം പറയുന്നു.– ഇത്രയും സമൃദ്ധമായ വെയിലും വേണ്ടത്ര സ്ഥലവും  മറ്റെവിടെക്കിട്ടും? നിർഗുണവസ്തുവായ മണലിൽ രോഗ, കീട ബാധകളും കുറവായിരിക്കും  കാലിയായി കിടക്കുന്ന  തീരങ്ങളെ  ഇപ്രകാരം ഹരിതാഭമാക്കാം. 

Read also: അടുക്കളത്തോട്ടത്തിൽ മാലിന്യസംസ്കരണത്തിനൊപ്പം കോഴിക്കും മീനിനും കാശുമുടക്കില്ലാതെ പ്രോട്ടീൻ തീറ്റ

യൂറോപ്പിൽനിന്നു റിന്യൂവബിൾ എനർജിയിൽ എം ടെക് നേടി ആ മേഖലയിൽ പ്രവർത്തിക്കുകയായിരുന്ന ഇജാസിന്റെ സ്വപ്നങ്ങൾ പക്ഷേ, കടപ്പുറത്ത് ഒതുങ്ങുന്നതല്ല. രാജ്യാന്തരതലത്തിൽ മണലിലെ കൃഷിക്കുള്ള സാധ്യതയാണ് ഇജാസിനെ പ്രചോദിപ്പിക്കുന്നത്. ഗൾഫിലെയും ആഫ്രിക്കയിലെയുമൊക്കെ മരുഭൂമികളിൽ ഭക്ഷ്യോൽപാദനം സാധ്യമാകുന്ന സാങ്കേതികവിദ്യയാണ് ലക്ഷ്യം. രാസവളങ്ങള്‍ പൂര്‍ണമായും  ഒഴിവാക്കി ജൈവവളക്കൂട്ടുകൾ മാത്രം ഫെര്‍ട്ടിഗേഷനിലൂടെ നൽകി മണലില്‍ കൃഷി നന്നായി നടത്താമെന്ന് അദ്ദേഹം പറഞ്ഞു.

ijas-2
മണൽപ്പരപ്പിലെ വെണ്ടത്തോട്ടം

മൂന്നു  വർഷമായി മണലിൽ ജൈവ പച്ചക്കറി കൃഷിചെയ്യുന്ന ഇജാസിന് തുണയായത് ഹൈഡ്രോപോണിക്സിലെയും ജൈവക്കൃഷിയിലെയും ആശയങ്ങൾ. പ്ലാസ്റ്റിക് മൾച് ചെയ്ത മണൽ ബെഡിൽ വിളകൾ വളരാൻ ഈർപ്പവും പോഷകങ്ങളും ചുവട്ടിലെത്തിച്ചാൽ മതി. എന്നാൽ മണൽബെഡിലെ സാഹചര്യങ്ങൾക്കു യോജിച്ച ജൈവക്കൂട്ടുകൾ നിശ്ചിക്കുന്നതിന് ഏറെ നാളത്തെ നിരീക്ഷണം വേണ്ടിവന്നു. എൻജിനീയറാണെന്നത് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങൾ പഠിച്ചെടുക്കാൻ തടസ്സമായില്ല. മിത്രജീവാണുക്കളെ ശരിയായി പ്രയോജനപ്പെടുത്തിയാൽ രാസവളങ്ങൾ പൂർണമായി ഒഴിവാക്കാമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

ijas-5
മണലിലെ കൃഷി

ഇജാസിന്റെ ഇന്നവേഷൻ ലാബാണ് കണിയാപുരത്തെ ഈ കൃഷിയിടം– ഹൈഡ്രോപാണിക്സ് പോലുള്ള നൂതന ആശയങ്ങൾ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 6 വർഷം മുന്‍പ് നാട്ടിൽ തിരിച്ചെത്തിയത്. സുസ്ഥിരമാർഗങ്ങളിലൂടെ വരുമാനം കണ്ടെത്തുന്ന ചെറു കൃഷിയിടങ്ങൾ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം നഗരവൽക്കരണം അതിവേഗം വ്യാപിക്കുമ്പോൾ അതിനു ചേർന്ന കൃഷിമാതൃകകൾക്ക് പ്രസക്തിയുണ്ടെന്ന തിരിച്ചറിവായിരുന്നു കാരണം.

Read also: റമ്പുട്ടാൻ ഉൾപ്പെടെ 26 ഇനം പഴങ്ങൾ; അവധിക്കാലം ആഘോഷിക്കാൻ ഫാം ഹൗസ്: ഇത് ഓസ്ട്രേലിയൻ മലയാളിയുടെ ഏദൻതോട്ടം

സാദാ കൃഷിയിടമല്ല ഇജാസിന്റെ തോട്ടങ്ങൾ. സ്വന്തമായി വികസിപ്പിച്ച വിള പരിപാലനമുറകളും സംരംഭ മാതൃകകളുടെയുമൊക്കെ ടെസ്റ്റിങ് ലാബുകളായി അവ മാറിക്കഴിഞ്ഞു. വൈകാതെ ഗൾഫിലും ഉൽപാദനം ആരംഭിക്കാമെന്നു പ്രതീക്ഷയുണ്ട്.  മണലിലെ കൃഷി നമ്മുടെ തീരപ്രദേശങ്ങൾക്ക് വിലയ സാധ്യതയാണെന്ന് ഇജാസ് ചൂണ്ടിക്കാട്ടി. തണലില്ലാതെ, സമൃദ്ധമായി സൂര്യപ്രകാശം ലഭിക്കുന്ന തീരത്ത് മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ വിപുലമായ തോതില്‍ പച്ചക്കറിക്കൃഷി നടത്താൻ വേണ്ട ബിസിനസ് മാതൃക രൂപപ്പെടുത്തണമെന്നു മാത്രം.

ijas-4
ഓർഗാനോപോണിക്സ് സംവിധാനം

ഓർഗാനോപോണിക്സ്

രാസവളലായനിയിൽ മുങ്ങിനിൽക്കുന്ന വിളകൾ – ഹൈഡ്രോപോണിക്സിനെ പലർക്കും ഉൾക്കൊള്ളാൻ കഴിയാത്തതിനു പ്രധാന കാരണം ഇതാണ്.  കൃത്രിമരാസവളങ്ങളില്ലാതെ ഹൈഡ്രോപോണിക്സ് അസാധ്യവും. പിന്നെന്താണ് വഴി? അതിനാണ് ഇജാസ് ഓർഗാനോപോണിക്സിനു രൂപം നൽകിയാത്. ഇജാസിന്റെ മറ്റൊരു ഇന്നവേഷൻ. മണ്ണില്ലാക്കൃഷി നടത്താൻ സഹായകമായ ജൈവവളക്കൂട്ടുകൾ രൂപപ്പെടുത്തുന്നതിലും അവ ഉപയോഗിച്ചു വിളവെടുക്കുന്നതിനും ഈ യുവ സംരംഭകൻ വിജയിച്ചു കഴിഞ്ഞു.

അര നൂറ്റാണ്ടു മുന്‍പ് പാശ്ചാത്യലോകം രൂപപ്പെടുത്തിയ ഹൈഡ്രോപോണിക്സ് സാങ്കേതികവിദ്യ  കാലഹരണപ്പെട്ടതാണെന്ന് ഇജാസ് പറയുന്നു. ലോകം അടുത്തപടിയിലേക്ക് ഉയരുമ്പോൾ നാമെന്തിന് പഴഞ്ചൻ രീതികൾ പിന്തുടരണം?

അങ്ങനെ രാസവളങ്ങൾ തീരെ ഉപയോഗിക്കാതെ ഹൈഡ്രോപോണിക്സ് ചെയ്യാമോയെന്ന ആലോചന തുടങ്ങി. ‘ചെടികളെ പോഷിപ്പിക്കാനായി ഒരു രാസതന്മാത്രയുടെ സഹായം തേടുന്നതിലും നല്ലത് ആയിരക്കണക്കിനു സൂക്ഷ്മജീവികളുടെ പിന്തുണ ഉറപ്പാക്കുന്നതല്ലേ’ ഇജാസ് ചോദി ക്കുന്നു. നൈട്രജനും ഫോസ്ഫറസും പൊട്ടാഷും വിളകൾക്കു ലഭ്യമാക്കുന്ന ജീവാണുക്കൾ നിലവിൽ ലഭ്യമാണെന്ന് ഇജാസ് ചൂണ്ടിക്കാട്ടി. അവയെ ശാസ്ത്രബോധത്തോടെ തിരഞ്ഞെടുത്ത് കൂട്ടി യോജിപ്പിച്ചു. പരസ്പരം നശിപ്പിക്കുന്നവയെ ഒഴിവാക്കി. വേരുപടലത്തിനു ചുറ്റും അവയ്ക്ക് യോജ്യമായ സാഹചര്യമുണ്ടെന്നു കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. നിശ്ചിത താപനിലയിൽ കൂടിയാൽ അസോസസ്പൈറില്ലം പോലുള്ളവ നിലനിൽക്കില്ല വ്യത്യസ്ത സാഹചര്യങ്ങൾക്കു യോജിച്ച വ്യത്യസ്ത കൂട്ടുകൾ പരീക്ഷിച്ചു. മറ്റു ചില ജൈവമിശ്രിതങ്ങളും  പരീക്ഷിക്കുന്നുണ്ട്. ഏകദേശം 15 ജൈവമിശ്രിതങ്ങളിലൂടെ പച്ചക്കറികൾക്കാവശ്യമായ എല്ലാ പോഷകങ്ങളും  ലഭ്യമാക്കാൻ കഴിഞ്ഞെന്ന് അദ്ദേഹം അവകാശപ്പെട്ടു. ജീവാണുക്കൾക്കൊപ്പം മത്സ്യാധിഷ്ഠിതമായ ചില ജൈവക്കൂട്ടുകളും വേണ്ടിവന്നു. 

ijas-3

വാട്ടരോഗം ബാധിക്കുന്ന വഴുതനവിളകളിലാണ് കേരളത്തിലെ സാഹചര്യത്തിൽ ഹൈഡ്രോപോണിക്സിനു പ്രസക്തിയെന്ന് ഇജാസ്. അവയിൽതന്നെ തക്കാളി മാത്രമാണ് വാണിജ്യാവശ്യങ്ങൾക്ക് ഉപകരിക്കുക. അതുകൊണ്ട് തക്കാളിക്കികൃഷിക്കാവശ്യമായ ഓർഗാനോപോണിക്സാണ് ഇദ്ദേഹം വികസിപ്പിച്ചത്. ഏറക്കുറെ പൂർണതയിലെത്തിയ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിപുലമായി തക്കാളി ഉൽപാദിപ്പിക്കാൻ തയാറെടുക്കുകയാണ് അദ്ദേഹം. ഗ്രോബാഗുകളിൽ പ്രത്യേകം തയാറാക്കിയ പോട്ടിങ് മിശ്രിതം നിറച്ചാണ് ഓര്‍ഗാനോപോണിക്സ് ചെയ്യുന്നത്. ഉപകാരികളായ സൂക്ഷ്മജീവികൾക്കു ജീവിക്കാൻ യോജ്യമായ സവിശേഷ മാധ്യമമാണിത്. സാധാരണ ഹൈഡ്രോപോണിക്സിൽ ഉപയോഗിക്കുന്ന ചകരിപ്പിത്ത്, പെർലൈറ്റ് എന്നിവയിൽ നിന്നു വ്യത്യസ്തം. ഈ മാധ്യമത്തിലേക്ക് ഉപകാരികളായ സൂക്ഷ്മജീവികളുടെ ഇനോക്കുലം (ഉറ) ചേർക്കുന്നു. അവ അവിടെ പെരുകി വിളകൾക്കാവശ്യമായ പോഷകങ്ങൾ ലഭ്യമാക്കും. നഗര ക്കൃഷിക്കുവേണ്ടിയുള്ള ഈ മോഡൽ മറ്റു വിളകളിലും സാധ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read also: പത്തേക്കറിൽ കപ്പയും വാഴയും; വിൽക്കാൻ മലയാളി സർക്കിൾ; ഓസ്ട്രേലിയൻ വിഡിയോ പങ്കുവച്ച് മലയാളി

കൃഷിയിൽ സൂക്ഷ്മജീവികളുടെ പ്രാധാന്യം സമഗ്രമായി മനസ്സിലാക്കാൻ അതുപയോഗിക്കുന്ന കർഷകർക്കുപോലും കഴിഞ്ഞിട്ടില്ലെന്നാണ് ഇജാസ് പറയുന്നത്.  അതുകൊണ്ടുതന്നെ പലരും അശാസ്ത്രീയമായാണ് അവ പ്രയോഗിക്കുന്നത്.  വേരുപടലത്തിൽ  ഉപകാരികളായി സൂക്ഷ്മ ജീവികളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള വാം ഇലകളിൽ തളിച്ചു കൊടുക്കുന്നത് ഇതിനൊരു  ഉദാഹണമാണ്. വാം ലായനി ചെടിച്ചുവട്ടിൽ ഒഴിച്ചുതന്നെ നൽകണം. മത്തിക്കഷായം എന്നിറിയപ്പെടുന്ന ഫിഷ് അമിനോ ഇലകളിൽ തളിക്കുകയാണ് വേണ്ടത്. എന്നാൽ പലരും അതു ചുവട്ടിലൊഴിക്കുന്നത് കാണാം – ഇജാസ് ചൂണ്ടിക്കാട്ടി. 

കൃഷിയിടത്തിനുള്ളിൽ ഒരു പണിയിടം

സാങ്കേതികവിദ്യകൾക്കൊപ്പം വ്യത്യസ്തമായ സംരംഭങ്ങളും ഇജാസ് പരീക്ഷിക്കുന്നു. വിവിധ മേഖലകളിലുള്ളവർക്ക് ഫാമിനുള്ളിൽ ഓഫിസ് സൗകര്യമൊരുക്കുന്ന കോ–വർക്കിങ് സ്പേസ് എന്ന ആശയമാണ് കണിയാപുരത്തെ തന്റെ ഫാമിൽ ഇദ്ദേഹം നടപ്പാക്കിയിരിക്കുന്നത്. 

നിശ്ചിത സമയത്തേക്ക് ഫാമിനുള്ളിലെ സ്ഥലസൗകര്യം വാടകയ്ക്കു നൽകുന്ന രീതിയെന്ന് ഇതിനെ വിശേഷിപ്പിക്കാം. വ്യവസായ മേഖലയിൽ വിശേഷിച്ച് ഐടി രംഗത്ത് വ്യാപകമായ ഈ രീതി കൃഷിയിടത്തിലേക്കു വ്യാപിപ്പിച്ചാൽ കർഷകർക്ക് അധികവരുമാനസാധ്യതയായി മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം സ്റ്റാർട്പ്പുകൾക്കും മറ്റു ബിസിനസ് സംരംഭങ്ങൾക്കും കുറഞ്ഞ ചെലവിൽ ഒന്നിച്ചുപ്രവർത്തിക്കാനാവശ്യമായ സ്ഥലം ലഭ്യമാക്കുകയും ചെയ്യാം. പല സ്ഥാ പനങ്ങൾക്കും ആഴ്ചയിൽ 5–10 മണിക്കൂർ മാത്രമാവും ഇത്തരം പ്രവർത്തനകേന്ദ്രങ്ങൾ വേണ്ടിവരിക. അതിനുവേണ്ടി ദിവസം മുഴുവൻ മുറി വാടകയ്ക്കെടുക്കേണ്ടതില്ല. മുൻകൂട്ടി സമയം ക്രമീകരിച്ച് ഒരിടത്തിൽ ഒന്നിലധികം കമ്പനികൾക്ക് പ്രവർത്തിക്കാൻ അവസരം നൽകുന്നതുവഴി അനാവശ്യമായ വാടകച്ചെലവ് നിയന്ത്രിക്കാം. എന്നാൽ അതിലുപരി പല മേഖലകളിലുള്ളവർ ഒരിടത്ത് ഒത്തുകൂടുന്നത് ബൗദ്ധികസംവാദങ്ങൾക്കും കൈകോർക്കലുകൾക്കും അവസരം നൽകുമെന്നതാണ് കോ വർക്കിങ് സ്പേസ് എന്ന ആശയത്തെ ആകർഷകമാക്കുന്നത്. പച്ചപ്പു നിറഞ്ഞ ഫാമുകളിൽ കോ വർക്കിങ് സ്പേസ് ഒരുക്കിയാൽ പ്രഫഷനലുകൾക്ക് ജോലിസമ്മർദം കുറയ്ക്കാൻ ഏറെ ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു മേഖലകളിലുള്ളവരുടെ സാന്നിധ്യ വും സഹകരണവും കൃഷി മെച്ചപ്പെടുത്താനും ഉപകരിക്കുമെന്ന പ്രതീക്ഷയും ഇജാസിനുണ്ട്. രാജ്യാന്തര നിലവാരത്തിലേക്കുയരാൻ ഇത്തരം ആശയകൈമാങ്ങളും പങ്കാളിത്തങ്ങളും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഫോൺ: 9539651851

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com