കൊച്ചി നഗരത്തിൽ, വൈറ്റിലയിൽ പ്രധാന റോഡിനോടു ചേർന്ന് 15 സെന്റ് ഒഴിഞ്ഞ പറമ്പു സ്വന്തമായാൽ എന്തായിരിക്കും നിങ്ങളുടെ പദ്ധതി? ഒന്നുകിൽ ബഹുനില വാണിജ്യമന്ദിരം പണിത് വാടകയ്ക്കു കൊടുക്കാം. അതല്ലെങ്കിൽ അടിപൊളിയൊരു വീട് പണിയാം. ബിൽഡിങ് കോൺ ട്രാക്ടർ കുര്യൻ ജോൺ പക്ഷേ ഇതൊന്നുമല്ല ചെയ്തത്: സെന്റിന് ദശലക്ഷങ്ങൾ മൂല്യമുള്ള സ്ഥലം ഭാര്യ വിമലയ്ക്ക് പച്ചക്കറിക്കൃഷി ചെയ്യാൻ വിട്ടുകൊടുത്തു.

വൈറ്റില ജനത ജംക്‌ഷനില്‍ അമ്പേലിപ്പാടം റോഡിലുള്ള കൊച്ചു തെക്കേതിൽ കുര്യൻ ജോണിന്റെ ഭാര്യ വിമലയ്ക്ക് കൃഷിയും പൂന്തോട്ട പരിപാലനവും ബാല്യം മുതലുള്ള ശീലമാണ്. വീടിനു ചുറ്റുമായി പടർന്നു കിടക്കുന്ന വിമലയുടെ ഉദ്യാനം നിറയെ വിവിധ ഇനം പൂച്ചെടികളും ഇലച്ചെടികളും. ഓർക്കിഡുകള്‍ മാത്രം ആയിരത്തിലധികം ചട്ടികളിലുണ്ട്. ഒപ്പം അതിമനോഹരമായ ആന്തൂറിയങ്ങളും. വിവിധ രൂപത്തിലും പ്രായത്തിലുമുള്ള ബോൺസായ് ഇനങ്ങളാണ് ആകർഷകമായ മറ്റൊരു കാഴ്ച.

തുടക്കത്തിൽ പരാമര്‍ശിച്ച, പുതുതായി വാങ്ങിയ 15 സെന്റ് സ്ഥലം ഈ വീടിനോടു ചേർന്നുതന്നെയാണ്. ഔഷധ–പച്ചക്കറി–ഫലവർഗ വിളകളാണ് ഇവിടെ കൃഷി. സമ്പൂർണ ജൈവ കൃഷിയിടം. രണ്ടു ഭാഗങ്ങളായി തിരിച്ചാണ് കൃഷി. ഒരു ഭാഗം ഔഷധസസ്യങ്ങൾക്കു മാത്രമായി നീക്കി വച്ചിരിക്കുന്നു. മറ്റൊരു ഭാഗത്ത് പച്ചക്കറികളും പഴവർഗങ്ങളും. രണ്ടു പ്ലോട്ടുകൾക്കുമിടയിലൂടെ മനോഹരമായ നടപ്പാത.
ഔഷധ–പോഷകച്ചെടികളുടെ കൂട്ടത്തിൽ കറ്റാർവാഴ, പെരുംജീരകം, മധുര തുളസി(സ്റ്റീവിയ), പുതിന, സ്കെയിൽ പ്ലാന്റ്, വിക്സ് തുളസി, ഇഞ്ചിപ്പുല്ല്, ശംഖുപുഷ്പം, മണിത്തക്കാളി, ബസല്ല, പൊന്നാങ്കണ്ണിച്ചീര എന്നിവയും വിമല പരിപാലിക്കുന്നുണ്ട്. ഔഷധപ്പാവൽ, വെള്ളക്കാന്താരി, ചുവന്ന വെണ്ട, വിയറ്റ്നാം പ്ലാവ്, അമ്പഴം, സാലഡിനും തോരനും യോജിച്ച മഷിത്തണ്ട്, കുറ്റിക്കു രുമുളക്, മൂന്നു നിറങ്ങളിലുള്ള അമരപ്പയർ, ചതുരപ്പയർ, ചൈനീസ് ഓറഞ്ച്, രംഭ, റോസ് മേരി എന്നിങ്ങനെ വിപുലവും കൗതുകകരവുമാണ് വിമലയുടെ പഴം–പച്ചക്കറി ശേഖരം. പച്ചക്കറിക്കാര്യത്തിൽ വിമല സ്വയംപര്യാപ്തയാണ്. പുറമേനിന്ന് പച്ചക്കറികളൊന്നും വാങ്ങേണ്ടിവരുന്നില്ല.

കറ്റാർവാഴയും കാന്താരിമുളകും ചേർത്ത് മോര് കാച്ചിയെടുക്കുന്നത് ഉൾപ്പെടെ വിശേഷ രുചിക്കൂട്ടുകളൊരുക്കുന്നതിലും വിദഗ്ധയാണ് വിമല. മിറക്കിൾ ഫ്രൂട്ട്, ചൈനീസ് ഓറഞ്ച്, ശംഖുപുഷ്പം എന്നിവ ചേർത്ത് സ്പെഷൽ മിറക്കിൾ ഫ്രൂട്ട് ജ്യൂസുമുണ്ടാക്കും.
ഒച്ചാണ് കൃഷിയിലെ പ്രധാന ശത്രു. എന്നാല്‍ ഇതിനെ നിയന്ത്രിക്കാൻ രാസകീടനാശിനികള്‍ തളിക്കാറില്ല. വേപ്പെണ്ണ–കഞ്ഞിവെള്ളം–കാന്താരി–വെളുത്തുള്ളി മിശ്രിതം ഫലപ്രദമെന്നു വിമലയുടെ അനുഭവപാഠം.
ഫോൺ: 8075680857