ADVERTISEMENT

കേരളം പോലെയുള്ള ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍ പച്ചക്കറിവിളകൾക്കു വ്യാപകമായി കാണുന്ന  രോഗമാണ് ബാക്ടീരിയൽ വാട്ടം. സമുദ്രത്തോട്‌ ചേർന്നു കിടക്കുന്ന തീരപ്രദേശങ്ങളിലെ അമ്ലതയേറിയ മണ്ണിൽ കൂടുതലായും കണ്ടുവരുന്ന, റാൽസ്റ്റോണിയ സൊളാനേഴ്സിയാരം എന്ന  ബാക്റ്റീരിയ ആണ് വാട്ടരോഗമുണ്ടാക്കുന്നത്. ചെടികളുടെ വേരുകൾക്കും മറ്റുമുണ്ടാകുന്ന ചെറിയ മുറിവുകളിലൂടെ ചെടികളില്‍ കടക്കുന്ന ബാക്ടീരിയ പെറ്റുപെരുകി ചെടികൾ വളവും വെള്ളവും വലിച്ചെടുക്കുന്നതിനെ തടസപ്പെടുത്തുന്നു. നല്ല ആരോഗ്യത്തോടെ നിൽക്കുന്ന ചെടികൾ ഇതുമൂലം  പെട്ടെന്ന് വാടി നശിച്ചു പോകുന്നു.

വഴുതന, തക്കാളി, മുളക് എന്നിവയ്ക്കാണ് കൂടുതലായും രൂക്ഷമായും ഈ രോഗം കാണുന്നതെങ്കിലും കുമ്പളം, പാവല്‍, പടവലം തുടങ്ങിയ വിളകൾക്കും ബാക്ടീരിയൽ വാട്ടം അപൂർവമായി കാണാറു ണ്ട്. മണ്ണിലെ ബാക്ടീരിയ ആയതുകൊണ്ടുതന്നെ നിയന്ത്രണം എളുപ്പമല്ല. രോഗം കണ്ടുവരുന്നിടങ്ങളിൽ വഴുതന, തക്കാളി, മുളക് എന്നിവ  തുടർച്ചയായി കൃഷി ചെയ്യാതിരിക്കുക, മണ്ണിലെ അമ്ലത കുറച്ചു കൊണ്ടുവരിക, ബാക്ടീരിയയെ നശിപ്പിക്കുന്നതിനായി മണ്ണിൽ ആന്റിബയോട്ടിക് മരുന്നുകൾ പ്രയോഗിക്കുക, വാട്ടരോഗത്തിനെ ചെറുക്കുന്ന ഇനങ്ങൾ കൃഷി ചെയ്യുക തുടങ്ങിയവയാണ് ശുപാർശ ചെയ്യുന്ന പ്രതിവിധികള്‍. ഇവയില്‍ ഏറ്റവും ഫലപ്രദവും ലാഭകരവുമായ മാർഗം പ്രതിരോധശക്തിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക എന്നതുതന്നെ.

നമ്മുടെ കാലാവസ്ഥയിൽ വാട്ടരോഗത്തെ ചെറുത്തുനിൽക്കാൻ കഴിയുന്ന വഴുതന,  തക്കാളി, മുളക് ഇനങ്ങൾ കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. വഴുതനയിൽ ഹരിത, സൂര്യ, ശ്വേത, തക്കാളിയിൽ ശക്തി, അനഘ, മനു- ലക്ഷ്മി, മുളകിൽ ഉജ്വല, അനുഗ്രഹ ഇനങ്ങളും വാട്ട രോഗത്തെ ചെറുക്കുന്നവയാണ്. വീട്ടുവളപ്പിലെ കൃഷിക്ക് ഈ ഇനങ്ങൾ എല്ലാം തന്നെ വളരെ  യോജ്യവുമാണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളില്‍ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന മുന്തിയ ഹൈബ്രിഡ് ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയുടെ ഉല്‍പാദനക്ഷമതയും കായ് വലുപ്പവും തുലോം കുറവാണ്. 

grafting-vegetable-1

മണ്ണിൽ കൂടി പടരുന്ന രോഗങ്ങളെ ചെറുക്കാൻ പച്ചക്കറിവിളകൾ പ്രതിരോധശക്തിയുള്ള ഇനങ്ങളിൽ ഗ്രാഫ്റ്റ് ചെയ്തു പിടിപ്പിക്കുന്ന രീതി വിദേശരാജ്യങ്ങളിൽ സർവ സാധാരണമാണ്. ഗ്രാഫ്റ്റിങ് സാങ്കേതികവിദ്യ കേരളത്തിൽ പച്ചക്കറികളിൽ കണ്ടുവരുന്ന ബാക്ടീരിയൽ വാട്ടത്തെ ഫലപ്രദമായി തടയാന്‍ ഉപയോഗപ്പെടുത്താമെന്ന് കേരള കാർഷിക സർവകലാശാലയില്‍ നടത്തിയ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. തക്കാളിയും വഴുതനയും വാട്ടരോഗത്തെയും നിമാവിരകളുടെ ആക്രമണത്തെയും ചെറുക്കാൻ കഴിയുന്ന ചുണ്ടയിലോ പ്രതിരോധശക്തിയുള്ള വഴുതന ഇനങ്ങളിലോ ആണ് ഗ്രാഫ്റ്റ് ചെയ്യുന്നത്. മുളക്, ക്യാപ്സിക്കം എന്നിവ പ്രതിരോധശക്തിയുള്ള മുളകിനങ്ങളിലുമാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്. 

ഗ്രാഫ്റ്റിങ് സാങ്കേതികവിദ്യയിലൂടെ കേരളത്തിന്റെ കാലാവസ്ഥയ്ക്കു യോജ്യമായ ഏതു മുന്തിയ ഇനം തക്കാളിയും വഴുതനയും മുളകും ഇവിടെത്തന്നെ കൃഷി ചെയ്തു മികച്ച വിളവെടുക്കാനാകും. വൈദഗ്ധ്യമുള്ള ഒരാള്‍ക്ക്  ദിവസം 600 മുതൽ 800 തൈകൾ വരെ ഗ്രാഫ്റ്റ് ചെയ്യാൻ സാധിക്കും. ഗ്രാഫ്റ്റ് ചെയ്ത പച്ചക്കറിത്തൈകൾ കേരള കാർഷിക സർവകലാശാലയില്‍ ലഭ്യമാണ്. 

വിലാസം: ഡീന്‍(റിട്ട.), കേരള കാർഷിക സർവകലാശാല. ഫോണ്‍: 9495634953

ഗ്രാഫ്റ്റിങ് പരിശീലനം

മണ്ണുത്തിയിലുള്ള കാവുങ്ങൽ അഗ്രോടെക്കും ആവശ്യാനുസരണം കർഷകർക്ക് ഉൽപാദിപ്പിച്ചു നൽകുന്നുണ്ട്. തൃശൂര്‍ മണ്ണുത്തിയിലുള്ള കാവുങ്ങൽ അഗ്രോടെക്കിന്റെ BUN N FARM നഴ്സറിയിൽ പച്ചക്കറി ഗ്രാഫ്റ്റിങ് സാങ്കേതികവിദ്യയിൽ പരിശീലനം ലഭ്യമാണ്. ഗ്രാഫ്റ്റ് തെതകളും ലഭിക്കും. ഫോണ്‍: 8156802007, 7034832832

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Role of grafting in vegetable crops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com