ADVERTISEMENT

വെള്ളായണി കാര്‍ഷിക കോളജിലെ എന്റമോളജി (കീടശാസ്ത്ര) വിഭാഗത്തില്‍ നമ്മുടെ വിപണികളില്‍ കിട്ടുന്ന പച്ചക്കറികളിലെ അവശിഷ്ട വിഷവീര്യം കണ്ടുപിടിക്കുന്നതിനുള്ള ലാബ് ഉണ്ട്.  പൊതുജനങ്ങള്‍ വിശ്വസിച്ചു വാങ്ങുന്ന പച്ചക്കറികളിലെ അന്തര്‍വ്യാപനശേഷിയുള്ള(Systemic insecticide)വയടക്കമുള്ള  രാസകീടനാശിനികളുടെ  അവശിഷ്ടത്തിന്റെ കണക്ക് പത്രങ്ങളിലൂടെ ഈ ലാബ് വെളിപ്പെടുത്താറുമുണ്ട്. പച്ചമുളക്, മല്ലിയില, കറിവേപ്പില തുടങ്ങിയ പച്ചക്കറികളിലെ അവശിഷ്ട വിഷവീര്യം ഞെട്ടിപ്പിക്കുന്നതാണ്. വേവിക്കാതെ ഉപയോഗിക്കുന്ന മുളകിലൂടെയും മറ്റും രാസകീടനാശിനി നേരിട്ട് നമ്മുടെ ശരീരത്തിലെത്തുന്നുവെന്നതും അപ്രിയ സത്യം. ഈ സാഹച ര്യത്തില്‍ ഓണത്തിനെങ്കിലും വിഷമില്ലാത്ത പച്ചക്കറി കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ കൃഷിക്ക് ഒരുക്കം ഇപ്പോള്‍ തുടങ്ങണം. മാത്രമല്ല പച്ചക്കറികളുടെ വില സെഞ്ചുറിയടിച്ച് മുന്നേറുമ്പോൾ വീട്ടിൽ പച്ചക്കറികൾ ഉൽപാദിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയേണ്ടതില്ലല്ലോ.

മണ്ണിലും ചട്ടിയിലും പ്ലാസ്റ്റിക് ചാക്കിലുമൊക്കെ പച്ചക്കറി നട്ടുവളര്‍ത്താം. ഒറ്റക്കാര്യം, വേണ്ടത്ര വെയിലും വളവും വെള്ളവും നല്‍കണം. മണ്ണു നന്നായാല്‍ മുഴുവന്‍ നന്നായി എന്നു പറയാം. മണ്ണ് നന്നാക്കാന്‍ വലിയ  പണിയൊന്നുമില്ല. ഇത്തിരി കുമ്മായം, പൊടിഞ്ഞ വളം, ശീമക്കൊന്നപോലുള്ള പച്ചില ഇത്രയും മതി. ഒരു ചെടിച്ചട്ടിക്ക് 2 പിടി പൊടിഞ്ഞ കുമ്മായം. ഒരു സെന്റിലേക്കാകുമ്പോള്‍ രണ്ടര കിലോ ആരോഗ്യകരമായ വളര്‍ച്ചയ്ക്കു നിര്‍ബന്ധം. മണ്ണ് നന്നായി നനച്ച ശേഷം കുമ്മായം ചേര്‍ത്തിളക്കണം. രണ്ടാഴ്ചക്കാലം മണ്ണും  കുമ്മായവും ഇഴുകിച്ചേരാനുള്ള സമയമാണ്. തുടര്‍ന്ന് വളത്തിനുള്ള ഊഴം. ഏതു ജൈവവളമായാലും നന്നായി പൊടിഞ്ഞതാവണം. അടുക്കള മാലിന്യവും പറമ്പിലെ കരിയിലകളും തെങ്ങോലയും വരെ കംപോസ്റ്റാക്കി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. അല്ലെങ്കില്‍ പൊടിഞ്ഞ മണ്ണിരക്കംപോസ്റ്റോ ചാണകപ്പൊടിയോ ആകാം. കംപോസ്റ്റ് കുഴിയില്‍ സ്യൂഡോമോണാസ് നേരത്തെതന്നെ ചേര്‍ത്തു വയ്ക്കുകയാണെങ്കില്‍ കംപോസ്റ്റിനു ഗുണമേറും. ജലദൗര്‍ലഭ്യമുള്ളിടങ്ങളില്‍ ചകിരിച്ചോറ് കംപോസ്റ്റ് നന്ന്. അഴുകല്‍ രോഗം നേരത്തെ കണ്ടിട്ടുള്ള സ്ഥലങ്ങളില്‍ ട്രൈക്കോഡെര്‍മ സമ്പുഷ്ട ജൈവവളം ഉപയോഗിക്കാം. 

Read also: പച്ചക്കറികള്‍ക്കു മുരടിപ്പോ? വളര്‍ച്ച മുരടിപ്പിന്റെ കാരണവും പ്രതിവിധിയും

പച്ചക്കറിക്കൃഷിക്ക് തിരഞ്ഞെടുത്ത സ്ഥലത്ത് അതിരില്‍ ചെണ്ടുമല്ലി നടാം. 3 വരി ചെണ്ടുമല്ലി ആദ്യം തന്നെ നടുന്നത് കീടങ്ങളെ അകറ്റി നിര്‍ത്തും. ഓണപ്പൂക്കളത്തിന് പൂക്കള്‍ തേടിപ്പോകേണ്ടതുമില്ല. പച്ചക്കറിക്കൃഷിക്ക് കാവലാളായി സൂര്യകാന്തിയും വാടാമല്ലിയും ആയാലും നല്ലത്. നടാന്‍ അത്യുല്‍പാദനശേഷിയുള്ള ഇനങ്ങള്‍ തിരഞ്ഞെടുക്കുക. വിത്ത് നടുന്നതിനു മുന്‍പ് അതില്‍ സ്യൂഡോമോണാസ് പുരട്ടണം. കുതിര്‍ത്ത് നടുന്നവയാണെങ്കില്‍ 75 മില്ലി വെള്ളത്തില്‍ 25 ഗ്രാം സ്യൂഡോമോണാസ് എന്ന തോതില്‍ നന്നായി കലര്‍ത്തി വിത്ത് മുക്കി വയ്ക്കാം.

ഓരോ വിളയ്ക്കും പ്രത്യേക ഇടയകലം നിര്‍ബന്ധം. വളര്‍ച്ചയെയും വിളവിനെയും ബാധിക്കാത്ത രീതിയില്‍ വരികള്‍ തമ്മിലും ചെടികള്‍ തമ്മിലും ആവശ്യത്തിന് അകലം നല്‍കിയിരിക്കണം. നട്ടു കഴിഞ്ഞാല്‍ പച്ചിലകൊണ്ടു പുതയിടാം. 10 ദിവസത്തിലൊരിക്കല്‍ പൊടിഞ്ഞ വളം നല്‍കുകയാണെങ്കില്‍ ആദ്യ ഘട്ടത്തില്‍തന്നെ വളര്‍ച്ച പൊടിപൊടിക്കും. കീടാക്രമണത്തിനെതിരെ വേപ്പെണ്ണ എമല്‍ഷന്‍ രണ്ടാഴ്ചയിലൊരിക്കല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ നല്‍കണം.

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Great Tips For Starting A Kitchen Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com