ഓണമൊരുക്കാൻ മുറ്റത്തെ പച്ചക്കറി: എന്തു നടണം? എങ്ങനെ നടണം?
Mail This Article
പയർ, ചീര, വെണ്ട, മുളക് എന്നിവ മഴക്കാലത്തു കൃഷി ചെയ്യാവുന്ന പച്ചക്കറികളാണ്. നടുന്നതിനു മുൻപ് സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലം കിളച്ചൊരുക്കണം. കള നീക്കിയശേഷം കുമ്മായമിട്ട് അമ്ലത കുറച്ച മണ്ണിൽ രണ്ടാഴ്ചയ്ക്കു ശേഷം ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ചാണകം, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ അടിവളമായി നൽകാം. വിളവിനും രോഗപ്രതിരോധത്തിനും ഇതു സഹായകമാണ്.
തവാരണകളെടുത്താണു വിത്തു പാകേണ്ടത്. മുളച്ച് 4-5 ഇല വന്നുകഴിഞ്ഞാൽ മേൽവളമായി ബയോഗ്യാസ് സ്ലറി, വെർമി കംപോസ്റ്റ്, ജീവാമൃതം, പുളിപ്പിച്ച പിണ്ണാക്ക് എന്നിവയിലൊന്ന് 10 ദിവസത്തിലൊരിക്കൽ നേർപ്പിച്ചു നൽകാം. ഇടയ്ക്കു മണ്ണിളക്കി വളം ചേർത്തു മണ്ണു കയറ്റിക്കൊടുത്താൽ മതി. 8-10 ദിവസത്തെ ഇടവേളയിൽ മേൽവളമായി ഗോമൂത്രം അല്ലെങ്കിൽ വെർമിവാഷ് എട്ടിരട്ടി വെള്ളം ചേർത്തു തളിക്കാം. പഞ്ചഗവ്യം, നേർപ്പിച്ച വെർമിവാഷ് എന്നിവയും ചേർക്കാം.
ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം വീതം സ്യൂഡോമോണാസ് കലക്കിയ ലായനിയുടെ തെളി രാവിലെയോ വൈകിട്ടോ ചെടി നനച്ച ശേഷം തളിക്കുന്നതും രോഗങ്ങളെ പ്രതിരോധിക്കും. മൊസേക് രോഗം പരത്തുന്ന വെള്ളീച്ചകൾക്കെതിരെ മഞ്ഞക്കെണി വയ്ക്കുകയോ വെർട്ടിസിലിയം ലായനിയുടെ തെളി തളിക്കുകയോ വേണം.
ചീര
മഴമറയ്ക്കുള്ളിൽ കൃഷി ചെയ്യുന്നതാണ് ഉചിതം. വിത്തുകൾ പാകിയും കൃഷിയാകാമെങ്കിലും ഉറുമ്പെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി വിത്തു പാകിയ ട്രേ വെള്ളമുള്ള ഒരു പാത്രത്തിൽ ഇറക്കി വച്ചാൽ മതി.
മുളച്ച് തൈകൾ നിശ്ചിത വലുപ്പമെത്തിയ ശേഷം തവാരണകളിലേക്കു പറിച്ചുനടാം. പച്ചച്ചീരയും ചുവന്ന ചീരയും ഇട കലർത്തി നടുന്നതു ഇലപ്പുള്ളി ഒരു പരിധിവരെ തടയും. നനയ്ക്കുമ്പോൾ വെള്ളം ചീറ്റിയൊഴിക്കാതിരുന്നാൽ രോഗം പടരാതിരിക്കും.
കൂടുകെട്ടിപ്പുഴുക്കളെ ഇലകളിൽ നിന്നു പിടിച്ചെടുത്ത് നശിപ്പിക്കണം. ഇലപ്പുള്ളിക്കെതിരെ 10 ലീറ്റർ വെള്ളത്തിൽ ഒരു കിലോ പച്ചച്ചാണകം കലക്കി തെളിയെടുത്ത് 32 ഗ്രാം മഞ്ഞൾപ്പൊടിയും 8 ഗ്രാം അപ്പക്കാരവും 40 ഗ്രാം പാൽക്കായവും 10 ഗ്രാം ബാർ സോപ്പും ചേർത്ത് ഇലകളിൽ തളിക്കണം.
പയർ
വള്ളിപ്പയർ, കുറ്റിപ്പയർ, കുറ്റി അമര എന്നിവ നടാം. വള്ളി അമര, വാളരി പയർ, ചതുരപ്പയർ, വൻപയർ എന്നിവയും പരീക്ഷിക്കാം. പയർ വിത്ത് റൈസോബിയം എന്ന ജീവാണു പുരട്ടി നടുന്നതു വിളവു കൂട്ടും. കഞ്ഞിവെള്ളത്തിൽ റൈസോബിയം കലർത്തിയ ശേഷം പയർ വിത്തിൽ പുരട്ടി തണലത്തുണങ്ങണം. മണ്ണിളക്കി മേൽവളം ചേർത്തു മണ്ണു കയറ്റുന്നതു വേരോട്ടത്തിനും വള്ളികളുടെ നാമ്പു നുള്ളുന്നതു മികച്ച വിളവിനും സഹായിക്കും.
വെണ്ട
നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് 60 സെന്റിമീറ്റർ അകലവും 40 സെന്റിമീറ്റർ ഉയരവുമുള്ള വരമ്പുകളെടുത്ത് ഓരോ വരമ്പിലും 40 സെന്റിമീറ്റർ അകലത്തിൽ ചെറിയ തടം തയാറാക്കി വിത്തു പാകാം. സ്യൂഡോമോണാസ് ചേർത്ത വെള്ളത്തിൽ 12 മണിക്കൂർ മുക്കി വച്ചശേഷമാണു വിത്തു പാകേണ്ടത്.
മുളക്
വിത്തുകൾ പാകി മുളപ്പിച്ചു പറിച്ചു നടുകയാണു വേണ്ടത്. വിത്തുകൾ പാകി കരിയിലകൾകൊണ്ടു പുതയിട്ടു ദിവസവും നനയ്ക്കണം.
വിത്തു മുളച്ചു തുടങ്ങുമ്പോൾ പുത മാറ്റണം. തൈകൾ പറിച്ചു നടുന്നതിനു രണ്ടാഴ്ച മുൻപു തവാരണയിൽ കുമ്മായം ചേർത്തിളക്കണം. തുടർന്നു ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ചാണകം നൽകണം. ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്ത ലായനിയിൽ മുളകു തൈകളുടെ വേരുകൾ 20 മിനിറ്റ് മുക്കിവച്ച ശേഷമാവണം നടേണ്ടത്. ഭാഗികമായ തണലിലും മുളക് കൃഷി ചെയ്യാം.
തയാറാക്കിയത്
റിട്ട. ഡപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്.
ഫോൺ: 9633040030.
ഇത്തവണ ഓണമൊരുക്കാന്‍ സ്വന്തം പഴം– പച്ചക്കറിയാവട്ടെ. ഇപ്പോൾത്തന്നെ ഒരുക്കാം ഒന്നാന്തരം അടുക്കളത്തോട്ടം. വിഷപ്പച്ചക്കറി കഴിക്കേണ്ട, വിലക്കയറ്റം പേടിക്കേണ്ട. വീട്ടാവശ്യത്തിനു പച്ചക്കറി വീട്ടിൽത്തന്നെ വിളയിക്കാനുള്ള സമ്പൂർണ വിവരങ്ങൾ കർഷകശ്രീ ജൂലൈ ലക്കത്തിൽ. ഒപ്പംചീര, വെണ്ട, പയര്‍ വിത്തുകൾ സൗജന്യം.
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.
English summary: Best Vegetables to Grow in Your Home Garden