15 മുളകിനം ഉൾപ്പെടെ വീട്ടുമുറ്റത്ത് വിളയാത്തതൊന്നുമില്ല: മലയാളി ദമ്പതികളുടെ ഓസ്ട്രേലിയൻ പച്ചക്കറിവിപ്ലവം
Mail This Article
ലോകത്ത് എവിടെയും മലയാളിയുണ്ട്... മലയാളി എവിടെയുണ്ടോ അവിടെ കൃഷിയുമുണ്ട്... വിദേശ നാടുകളിൽ ജോലി ചെയ്യുമ്പോഴും വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ സ്വന്തമായി ഉൽപാദിപ്പിക്കുന്നവരും കൂടാതെ വാണിജ്യക്കൃഷി നടത്തുന്നവരുമുണ്ട്. നാടിന്റെ ഓർമകൾ, അത് പ്രവാസജീവിതത്തിൽ നഷ്ടപ്പെടരുത് എന്നാണ് പലരും കരുതുക. അത്തരത്തിൽ കൃഷിയിലേക്കിരങ്ങിയവരാണ് ഓസ്ട്രേലിയയിലെ അഡലെയ്‌ഡിൽ സ്ഥിരതാമസമാക്കിയ ആലപ്പുഴ ഹരിപ്പാട് സ്വദേശി ശരത്തും ഭാര്യ മഞ്ജുവും.
12 വർഷമായി ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ശരത്തും മഞ്ജുവും വീട്ടുമുറ്റത്തെ പരിമിതമായ സ്ഥലത്ത് കൃഷിചെയ്യാത്തതായി ഒന്നുമില്ല. കാൻസർ കെയറിൽ ബയോമെഡിക്കൽ എൻജിനീയറാണ് ശരത്ത്. മഞ്ജു ഒരു ഫുഡ്‌ലാമ്പിൽ മൈക്രോബളജിസ്റ്റും. ജോലിയിലെ തിരക്കുകൾക്കിടയിലെ വിരസത ഒഴിവാക്കാനാണ് കൊച്ചു കൃഷിയെന്ന് ശരത്ത്.
ആലപ്പുഴ ഹരിപ്പാട് സ്വദേശികളാണ് ഇരുവരും. കുട്ടിക്കാലം മുതൽ കൃഷി അറിഞ്ഞ് വളർന്നവർ. അതുകൊണ്ടുതന്നെയാണ് ഓസ്‌ട്രേലിയയിൽ എത്തിയപ്പോഴും കൃഷിയെ കൈവിടാതെ സ്വന്തമായി ചെയ്തുതുടങ്ങിയത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അഡലെയ്‌ഡിലെ കാലാവസ്ഥ നമ്മുടെ നാടൻ കൃഷിക്ക് അത്ര യോജിച്ചതല്ല. ഇതുമൂലം പലരും കൃഷിയിൽനിന്ന് പിന്മാറിയിട്ടുണ്ട്. ആത്മവിശ്വാസത്തോടെ ഞങ്ങൾ കൃഷിയെ സമീപിച്ചപ്പോൾ കൂടുതൽ മെച്ചപ്പെട്ട കൃഷിരീതികൾ അവലംബിക്കാനും നല്ല വിളവും നേടാനും കഴിഞ്ഞു– ശരത്ത് പറയുന്നു. പയറും പാവലും കോവലും വഴുതനയും തക്കാളിയുമെല്ലാം ഇവിടെ മികച്ച രീതിയിൽ വളരുന്നുവെന്ന് മഞ്ജു. 15ൽപ്പരം മുളകിനങ്ങൾ ഇവിടെ വളരുന്നു.
ജൈവ വളങ്ങളാണ് ചെടികൾക്കു നൽകുന്നത്. പ്രധാനമായും കംപോസ്റ്റ്, മഷ്‌റൂം കമ്പോസ്റ്റ്, ചാണകപ്പൊടി, കോഴിക്കാഷ്ഠം, അതുപോലെ ചകിരി കംപോസ്റ്റ് എന്നിവ വേനൽക്കാലം തുടങ്ങുമ്പോൾ തന്നെ നിലം ഒരുക്കുമ്പോൾ അടിവളമായി ഉപയോഗിക്കുന്നു. മണ്ണിന്റെ പിഎച്ച് 6-7ൽ നിർത്താൻ ശ്രദ്ധിക്കുന്നു. ട്രേകളിൽ വിത്തു പാകി മുളപ്പിച്ചശേഷമാണ് നടുക. നാടൻ വിത്തുകൾ ഇവിടെ ലഭിക്കില്ലാത്തതിനാൽ ഓരോ വർഷവും പഴുത്ത കായ്ളിൽനിന്നും വിത്തുകൾ ശേഖരിച്ചു വയ്ക്കാറുണ്ട്. പാവൽ, വെണ്ട, വഴുതന, വെള്ളരി, കുമ്പളം എന്നിവ പ്രധാനമായും കൃഷി ചെയ്യുന്നു. ഒപ്പം ചീര, ചേമ്പ്, പയർ, തക്കാളി എന്നിവയുമുണ്ട്. പനിക്കൂർക്ക, തുളസി, അശ്വഗന്ധ എന്നിവയും ഇരുവരുടെയും ശേഖരത്തിലുണ്ട്.
ഫിഷ് അമിനോ, കടൽപ്പായൽ സത്ത് എന്നീ ദ്രവ രൂപത്തിലുള്ള വളങ്ങൾ കൃഷിയിൽ ഉപയോഗിക്കുന്നു. ഇത് ചെടികൾക്ക് കൂടുതൽ കരുത്തു പകരുന്നു. പൊതുവെ കീടങ്ങളുടെ ശല്യം കുറവാണെങ്കിലും എല്ലാ ദിവസവും നമ്മുടെ ശ്രദ്ധ വേണമെന്ന് ശരത്ത്. കീടനിയന്ത്രണത്തിന് വേപ്പണ്ണ മിശ്രിതമാണ് ഉപയോഗിക്കുക. ‘ഞാൻ വളങ്ങൾ തയാറാക്കുന്നതിലും മഞ്ജു ചെടികളെ പരിപാലിക്കുന്നതിലും ശ്രദ്ധിക്കുന്നു. സഹായത്തിന് മകൻ ശരണുമുണ്ട്. ദിവസവും കുറഞ്ഞത് 2 മണിക്കൂറെങ്കിലും ഞങ്ങൾ കൃഷിയിൽ ചെലവഴിക്കാറുണ്ട്. ജോലിയിലെ സമ്മർദമെല്ലാം കാറ്റിൽ പറത്താൻ കൃഷി അല്ലാതെ വേറെന്തുണ്ട്?’– ശരത്ത്.
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.
English summary: A Malayali couple has grown vegetables in their backyard in Australia