ഈ മാസം മലയാളികൾ കുടിച്ചുതീർക്കുന്നത് 30 കോടി രൂപയുടെ കർക്കടകക്കഞ്ഞി; കർക്കടകക്കഞ്ഞി, പത്തിലത്തോരൻ വിശേഷങ്ങൾ

pathila-thoran
പത്തിലകളും പത്തിലത്തോരനും
SHARE

കർക്കടകമെത്തും മുൻപേ സകല സൂപ്പർമാർക്കറ്റുകളിലും കഞ്ഞിക്കിറ്റുകൾ നിരക്കുകയായി. ആരോഗ്യസംരക്ഷണത്തിൽ ജാഗ്രതയുള്ള മലയാളികൾ ഈ മാസം കുടിച്ചുതീർക്കുന്നത് 30 കോടി രൂപയുടെ കർക്കടകക്കഞ്ഞിയാണത്രെ. ഋതുഭേദത്തിനൊപ്പം ശരീരത്തെ പരിപക്വമാക്കാൻ സഹായകമാണ് കർക്കടകക്കഞ്ഞിയെന്നതിൽ സംശയമില്ല. എന്നാൽ വിപണിയിലെത്തുന്ന കർക്കടകക്കഞ്ഞിക്കൂട്ടുകളെ ഔഷധക്കഞ്ഞിക്കൂട്ട് എന്നു വിളിക്കുകയാവും ഭേദം.

പരമ്പരാഗത കര്‍ക്കടകക്കഞ്ഞിയില്‍  തൊടികളിൽ സുലഭമായ സസ്യങ്ങളായിരുന്നു ചേരുവകള്‍. എന്നാല്‍ ഇന്ന് അശ്വഗന്ധം (അമുക്കുരം) മുതൽ ദശമൂലം വരെയാണ് ‘ലേബൽ പ്രകാരം’ കഞ്ഞിക്കിറ്റുകളിലുള്ളത്. എന്നാൽ യഥാർഥ കർക്കടകക്കഞ്ഞി ലളിതമാണ്. ഈ പ്രഭാതഭക്ഷണം തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

കർക്കടകക്കാറും പർപ്പടകക്കോളും എന്നൊരു ചൊല്ലുണ്ട്. കർക്കടകത്തില്‍ സമൃദ്ധമായി വളർന്നു പടരുന്ന ഔഷധസസ്യമാണ് പർപ്പടകപ്പുല്ല്(സ്ലിറോമിട്രിയോൺ ഡിഫ്യൂസം).  ഈ ചെടി പക്ഷേ പുല്ല് അല്ല. സമൂലം ഔഷധമായ പർപ്പടകപ്പുല്ല്, ഒപ്പം പുല്ലായ മുത്തങ്ങ (സൈപ്രസ് റോട്ടൺഡസ്), നറുനീണ്ടി (ഹെമിഡസ്മസ് ഇൻഡിക്കസ്) എന്നിവ കൂടിച്ചേരുമ്പോൾ കർക്കടകക്കഞ്ഞിക്കൂട്ടായി. പർപ്പടകപ്പുല്ല് മുഴുവനോടെയെടുത്ത് ചെറുതായരിഞ്ഞതും മുത്തങ്ങപ്പുല്ലിന്റെ കിഴങ്ങ്, നേരത്തേ വെള്ളത്തിലിട്ടു കുതിർത്ത നറുനീണ്ടിക്കിഴങ്ങ് എന്നിവ ചതച്ചതും ചേർത്തു നന്നായി തിളപ്പിക്കുക. വെള്ളം മാത്രം ഊറ്റിയെടുത്ത് അതിലേക്ക് ‘നെല്ലുകുത്തരിത്തരി’ എന്ന തവിടുകളയാത്ത പൊടിയരി ചേർത്തു വേവിക്കുക. നന്നായി വേകുന്ന കഞ്ഞിയിലേക്ക് തേങ്ങാപ്പീര ചേർത്തിളക്കി ഇളം ചൂടോടെ കഴിക്കാം. ഉള്ളു കനത്തതും വെള്ളമില്ലാത്തതും വലുപ്പം കുറഞ്ഞതുമായ ‘കർക്കടകക്കൂരി’ എന്നു വിളിക്കുന്ന തേങ്ങയുടെ പീരയാണ് കഞ്ഞിയിൽ ചിരകിച്ചേർത്തിരുന്നത്.  നാലംഗ കുടുംബത്തിനു നാഴി പൊടിയരിയും 8 മുത്തങ്ങക്കിഴങ്ങും വിരൽ നീളമുള്ള 2 നറുനീണ്ടിക്കിഴങ്ങും 2 പർപ്പിടകപ്പുല്ലും ഒരു തേങ്ങയും ധാരാളം.

ഉച്ചയ്ക്കു പത്തിലത്തോരനും രസവുമാണ്. മത്തൻ, കുമ്പളം, കോവൽ, ചേമ്പ്, തഴുതാമ, പയർ, കുപ്പച്ചീര, കൊടിത്തൂവ, നെയ്യുണ്ണി ഇവയുടെ തളിരിലകൾ നന്നായി കഴുകിയരിഞ്ഞു മഞ്ഞൾപ്പൊടി വിതറിയിളക്കി തേങ്ങയും പച്ചമുളകും വെളുത്തുള്ളിയും ചതച്ചതു ചേർത്തു കറിവേപ്പിലയിട്ടു കടുകുവറുത്തെടുക്കുമ്പോൾ പത്തിലത്തോരനായി. പത്തിലെ പത്താമൻ സാക്ഷാൽ കറിവേപ്പില തന്നെ.

വൈകുന്നേരങ്ങളിൽ വറചട്ടിയിൽ മൊരിച്ചെടുത്ത ആഞ്ഞിലിക്കുരുവായിരുന്നു സ്പെഷൽ. മേടത്തിൽ ശേഖരിച്ച്, പാണൽ, പെരുങ്ങലം (പെരുവലം) ഇലകൾക്കിടയിൽ നിരത്തി ഉണങ്ങിയ ആഞ്ഞിലിച്ചക്കക്കുരു നിലക്കടലയെക്കാൾ സ്വാദിഷ്ഠവും പോഷകസമ്പുഷ്ടവുമാണ്.

നാലിലൊന്ന് അരിയാഹാരത്തോടൊപ്പം മരപ്പയർ, കിളിപ്പയർ എന്നൊക്കെ വിളിപ്പേരുള്ള തുവരപ്പയറോ, കുതിർത്തു  വേവിച്ച മുതിര എന്ന കുതിരപ്പയറോ ആവും അത്താഴം. പൂര്‍വികര്‍ ഭക്ഷണത്തെ ഔഷധമായാണ് കണ്ടിരുന്നത്. ഇന്നോ, മരുന്നാണ് പലര്‍ക്കും ഭക്ഷണം, നാലു നേരവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS