ADVERTISEMENT

ചെടിവളർച്ചയ്ക്കും നല്ല വിളവിനും മികച്ച പോഷണം അത്യാവശ്യം. ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ കിട്ടണമെങ്കില്‍ മണ്ണ് ഫലപുഷ്ടിയുള്ളതാവണം. അതിനാല്‍ ചേരുവകള്‍ കൃത്യമായ അനുപാതത്തിൽ ചേര്‍ത്ത നടീൽമിശ്രിതത്തിൽ തൈയും വിത്തും നടുകയെന്നത്  പ്രധാനം.

ചെടി നടും മുൻപ് മണ്ണിലെ പുളി നിർവീര്യമാക്കുക. ഒരു സെന്റ് സ്ഥലത്തേക്ക് 3 കിലോ പൊടിഞ്ഞ കുമ്മായം മണ്ണുമായി ഇളക്കിച്ചേർക്കണം. ഗ്രോബാഗിലോ ചട്ടിയിലോ ആണെങ്കിൽ ഒരു കുട്ട മണ്ണില്‍ 100 ഗ്രാം കുമ്മായം ഇളക്കി യോജിപ്പിച്ച് 10 ദിവസം സൂക്ഷിച്ചതിനുശേഷം നിറയ്ക്കാം.

ജൈവവളസമ്പുഷ്ടമായ മണ്ണ് ചെടിക്ക് ആവശ്യമായ മൂലകങ്ങൾ നൽകി വിളവ് കൂട്ടും. ജൈവവളങ്ങൾ സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കി മണ്ണിന്റെ ഉൽപാദനശേഷി കൂട്ടും. തൈചീയൽ രോഗം വരാതിരിക്കുന്നതിന് 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തടം കുതിർക്കുന്നതും ട്രൈക്കോഡെർമ സമ്പുഷ്ട  ജൈവവളമിശ്രിതം അടിവളമായി കൊടുക്കുന്നതും നന്ന്. ദ്രുതവാട്ടം, ഇലപ്പുള്ളി, കരുവള്ളിക്കേട്, ബാക്ടീരിയൽ വാട്ടം എന്നിവയും ഒരു പരിധിവരെ ഇതുവഴി തടയാം. 100 കിലോ പൊടിഞ്ഞ ചാണകപ്പൊടിയോ ജൈവവളമോ 2 കിലോ ട്രൈക്കോഡെർമ ചേർത്തു നന്നായി ഇളക്കിയശേഷം ചെറുതായി നനച്ചു വീണ്ടും ഇളക്കി തണലിൽ മൂടിയിടുക. 3 ദിവസത്തിലൊരി‌ക്കൽ ചെറുതായി നനച്ച് ഇളക്കി രണ്ടാഴ്ച കഴിഞ്ഞാൽ ട്രൈക്കോഡെർമ സമ്പുഷ്ട ജൈവവളം തയാർ.

ചാക്കോ ചെടിച്ചട്ടിയോ നിറച്ചാണ് തൈ നടുന്നതെങ്കിൽ ട്രൈക്കോഡെർമ സമ്പുഷ്ട ജൈവവളം 100 കിലോ, മേൽ‌മണ്ണ്  100 കിലോ, 50 കിലോ വീതം ചകിരിച്ചോർ കംപോസ്റ്റും ഉമിച്ചാരവും എന്നിവ നന്നായി ചേർത്തിളക്കി നടീൽ മിശ്രിതമായി ഉപയോഗിക്കുക. ഒരു കിലോ പച്ചച്ചാണകം 10 ലീറ്റർ വെള്ളത്തിൽ കലക്കിയത്, ഒരു ലീറ്റർ ഗോമൂത്രം 10 ലീറ്റർ വെള്ളത്തിൽ കലക്കിയത്, മണ്ണിരക്കംപോസ്റ്റ്, കടലപ്പിണ്ണാക്ക് എന്നിവ മാറി മാറി ആഴ്ചയിലൊരിക്കൽ ചേർത്തുകൊടുക്കാം. 

ശീമക്കൊന്ന, കമ്യൂണിസ്റ്റ് പച്ചപോലുള്ള പച്ചിലകൾ പുതയിടുന്നത് കീടങ്ങളെ അകറ്റി നിർത്തും. സെന്റിന് ഒരു കിലോ  തോതിൽ എല്ലുപൊടി അടിവളമായി നൽകുന്നത് വേരുപിടിത്തം എളുപ്പത്തിലാക്കും. പ ച്ചച്ചാണകവും കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും ഒരു കിലോ വീതമെടുത്ത് 10 ലീറ്റർ വെള്ളത്തിൽ കലക്കി 5 ദിവസങ്ങൾക്കുശേഷം നേർപ്പിച്ച് തടത്തിൽ ഒരു ലീറ്റർ വീതം ഒഴിച്ചുകൊടുക്കാം.

നീരൂറ്റിക്കുടിക്കുന്ന മുഞ്ഞ, വെള്ളീച്ച, മീലിമൂട്ട, പച്ചത്തുള്ളൻ, ഇലപ്പേൻ എന്നിവയുടെ ആക്രമണം ഇലകൾ വാടുന്നതിനും ചെടികള്‍ മുരടിക്കുന്നതിനും കാരണമാകാറുണ്ട്. ഒരു ദിവസം പഴക്കമുള്ള കഞ്ഞിവെ‌ള്ളത്തിൽ ചാരം കലക്കി ചെടികളിൽ തളിക്കുന്നത് കർഷകർ കണ്ടെത്തിയ നിയന്ത്രണമാർഗം. 20 ഗ്രാം ബ്യൂവേറിയ ബാസിയാന ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും പ്രശ്നപരിഹാരമാകും.

ചെടിവളർച്ചയുടെ തുടക്കത്തിൽ ഇലചുരുട്ടിപ്പുഴുക്കൾ ഇല തിന്നുന്നതും തണ്ടുതുരപ്പൻ പുഴുക്കൾ തണ്ട് തുരക്കുന്നതും  കാണാറുണ്ട്. അപ്പോള്‍തന്നെ കാന്താരിമുളക്– ഗോമൂത്ര മിശ്രിതമോ വേപ്പെണ്ണ എമൽഷനോ തളിച്ചാല്‍  നിയന്ത്രണം ഉറപ്പാക്കാം. 

English summary: How to Make Potting Soil Mix for Vegetables

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com