പച്ചക്കറി സ്വന്തമായി വിൽക്കാനിറങ്ങി യുവകർഷകൻ, തടഞ്ഞ് കച്ചവടക്കാർ: യുവാക്കൾ കൃഷി ചെയ്യാൻ മടിക്കുന്നതിന്റെ കാരണം തേടേണ്ടെന്ന് നാട്ടുകാർ‌‌

kochi
സുഭാഷ് (നീല ഹൂഡി ടി ഷർട്ട്), പച്ചക്കറി ട്രേകൾ വാഹനത്തിലേക്ക് കയറ്റുന്ന വ്യാപരി (വലത്ത്)
SHARE

സ്വന്തം കൃഷിയിടത്തിൽ ഉൽപാദിപ്പിച്ച പച്ചക്കറി സ്വന്തമായി വിൽക്കാനിറങ്ങിയ യുവ കർഷകനെ മറ്റു കച്ചവടക്കാർ തടഞ്ഞു.  എറണാകുളം കലൂർ സ്റ്റേഡിയത്തിനു സമീപം പച്ചക്കറികൾ വിറ്റ യുവാവിനെയാണ് മറ്റു വ്യാപാരികൾ തടഞ്ഞത്. ഇടനിലക്കാരുടെ ചൂഷണത്തെത്തുടർന്ന് പച്ചക്കറികൾക്ക് വില ലഭിക്കാതെ കർഷകർ ബുദ്ധിമുട്ടുന്ന വിഷയം ഏതാനും ദിവസങ്ങൾക്കു മുൻപ് തൃശൂർ ചേലക്കരയിൽനിന്ന് പുറത്തുവന്നിരുന്നു. ആ വിഷയം പുറംലോകത്തെ അറിയിച്ച യുവ കർഷകനായ സുഭാഷാണ് തന്റെ പച്ചക്കറിക്ക് അർഹതപ്പെട്ട വില ലഭിക്കാനായി എറണാകുളത്തെത്തിച്ച് നേരിട്ട് വിറ്റഴിക്കാൻ ശ്രമിച്ചത്. പച്ചക്കറി വിൽപന ബുദ്ധിമുട്ടിലായ വാർത്ത വൈറലായതോടെ കർഷകനായ നിഷാദ് സഹായിക്കാനെത്തിയിരുന്നു. നിഷാദിന്റെ വാഹനത്തിൽ എറണാകുളത്തെത്തിച്ച പച്ചക്കറി കർഷകൻതന്നെ നേരിട്ട് വിൽക്കുന്ന രീതിയായിരുന്നു സ്വീകരിച്ചത്. അതുവഴി ഉൽപാദകന് അർഹതപ്പെട്ട വില ലഭ്യമാക്കാനും സാധിച്ചിരുന്നു. ഇതാണ് ഒരു കൂട്ടം വ്യാപാരികൾ ചേർന്ന് തടഞ്ഞത്.

കൊച്ചി കോർപറേഷനിൽനിന്നുള്ള ലൈസൻസ് എടുത്തു മാത്രമേ ഇവിടെ വിൽപന നടത്താൻ പാടുള്ളൂ എന്നാണ് അവർ പറഞ്ഞത്. ലൈസൻസ് എടുക്കാമെന്ന് പറഞ്ഞിട്ടും അത് ചെവിക്കൊണ്ടില്ലെന്നും സുഭാഷ് മനോരമ ഓൺലൈൻ കർഷകശ്രീയോടു പറഞ്ഞു. രാവിലെ മഴ പെയ്തതത് വിൽപനയെ ബാധിച്ചിരുന്നു. പ്രതിഷേധക്കാർത്തന്നെ പച്ചക്കറികൾ വാഹനത്തിലേക്ക് കയറ്റിയെന്നും സുഭാഷ് പറഞ്ഞു. നാട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചായിരുന്നു ഈ നീക്കം. കൃഷിയിടത്തിൽ ഉൽപാദിപ്പിച്ച പച്ചക്കറികൾ നേരിട്ട് വിൽക്കാൻ ശ്രമിച്ച തനിക്ക് കൊച്ചിക്കാർ മികച്ച പിന്തുണയാണ് നൽകിയത്. അവരോട് നന്ദി പറയുന്നുവെന്നും സുഭാഷ്.

പയർ, വഴുതന, മത്തൻ, വെള്ളരി, മുളക് തുടങ്ങിയ പച്ചക്കറിയിനങ്ങളുമായാണ് സുഭാഷ് കലൂരിലെത്തിയത്. കൈവശമുള്ള നൂറു കിലോയോളം പയർ വാങ്ങാമെന്ന് യുവകർഷകനായ ഫിലിപ്പ് ചാക്കോ അറിയിച്ചതായും സുഭാഷ് പറഞ്ഞു. ബാക്കിയുള്ള പച്ചക്കറികളുമായി അദ്ദേഹം പനമ്പള്ളി നഗറിലേക്ക് മാറി.

സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഒട്ടേറെ പേർ സുഭാഷിനെ പിന്തുണച്ച് രംഗത്തെത്തി. യുവാക്കൾ കൃഷിയിലേക്ക് വരുന്നില്ലെന്ന് മന്ത്രിയുൾപ്പെടെയുള്ളവർ പറയുമ്പോൾ ഇങ്ങനെ ദുരവസ്ഥ നേരിട്ടാൽ എങ്ങനെ യുവാക്കൾ കൃഷി ചെയ്യുമെന്ന് കർഷകർ ചോദിക്കുന്നു. കൃഷി ചെയ്ത് ഔഡി കാർ വാങ്ങിയ കർഷകൻ നാട്ടിലുണ്ടെന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് മന്ത്രി പറഞ്ഞിരുന്നു. 

ഫെയ്സ്ബുക്കിൽ വന്ന പ്രതികരണങ്ങളിൽ ചിലത്

‘കൃഷി ചെയ്യൂ... കൃഷി ചെയ്യൂ... കർഷകർ സാധനങ്ങൾ വിൽക്കാൻ ഉറങ്ങരുത്. അതു മൊത്തകച്ചവട മുതലാളിമാർക്ക് കൊടുത്ത് അവർ തരുന്നതും വാങ്ങി അവസാനം മുടക്കു മുതൽ പോലും കിട്ടാതെ കൃഷിയെ സ്നേഹിച്ചു സ്നേഹിച്ചു ഗതി കിട്ടാതെ പോണം. ഈ പറയുന്നവർക്ക് വാടക കൊടുക്കേണ്ട വെറുതെ കടയിൽ നിന്നെടുക്കുക വഴിയിൽ ഇട്ടു വിറ്റു കിട്ടുന്നതുമായി വീട്ടിൽ പോകാം. കൃഷിക്കാർ രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ടു പണിയെടുത്ത് ഉണ്ടാക്കുന്നത് കൊണ്ടുവന്നു വിൽക്കാൻ പാടില്ല..’

‘ചുമ്മാതല്ല കർഷകർ ആത്മഹത്യ ചെയ്യുന്നത്. കർഷകൻ രക്ഷപെടാൻ പാടില്ല. പക്ഷേ അവന്റെ അധ്വാനം ചുളുവിൽ കിട്ടണം. എന്തൊരു നാട്.’

‘വിഷമടിച്ച പച്ചക്കറി വിൽക്കുന്നതിന്‌ പ്രശ്നം ഇല്ല. പക്ഷേ, വിഷമില്ലാത്ത പച്ചക്കറി വിൽക്കുന്നതിനാണ് പ്രശ്നം.’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS