ADVERTISEMENT

കൊച്ചിൻ ഷിപ്‌യാർഡിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി വിരമിച്ച ശേഷം 5 വർഷം മുന്‍പാണ് അലാവുദ്ദീൻ മുഴുവൻസമയ കർഷകനായത്. ചാലക്കുടിക്കു സമീപം ഒരേക്കറിൽ ആരംഭിച്ച കൃഷി ഇപ്പോൾ പാട്ടത്തിനെടുത്ത 5 ഏക്കറിലേക്ക് വളർന്നിരിക്കുന്നു. വാഴയ്ക്കും പച്ചക്കറികൾക്കുമൊപ്പം പപ്പായ കൂടി കൃഷി ചെയ്താണ് അലാവുദ്ദീൻ നേട്ടമുണ്ടാക്കുന്നത്.

ഒരു ഏക്കർ സ്ഥലത്ത് 800 പപ്പായ നടാമെന്നാണ് അലാവുദ്ദീന്റെ അഭിപ്രായം. ഇവയിൽ 600 എണ്ണമേ ആരോഗ്യത്തോടെ വളര്‍ന്ന് വിളവെടുപ്പിനു പാകമാകൂ. 

ഒരു മരത്തിൽനിന്നു ശരാശരി 40 കിലോ പപ്പായയാണ് വിളവെടുക്കാനാവുക. അതായത്, ഒരു ഏക്കറിൽ 24 ടൺ പപ്പായ. ഇത്രയും പപ്പായ കിലോയ്ക്ക് ശരാശരി 20 രൂപ മാത്രം വില കണക്കാക്കിയാൽ 4.8 ലക്ഷം രൂപയോളം വരുമാനം നേടിത്തരുമെന്ന് അലാവുദ്ദീൻ ചൂണ്ടിക്കാട്ടി. വിളപരിപാലനത്തിനും തൈകൾക്കും വളത്തിനുമായി ഒന്നര ലക്ഷം രൂപയോളം വേണ്ടിവരും.  ചുരുക്കത്തിൽ ഏക്കറിന് 3 ലക്ഷം രൂപ ലാഭം നേ ടിത്തരാൻ കഴിയുന്ന വിളയാണ് പപ്പായയെന്ന കാര്യത്തിൽ അലാവുദ്ദീനു തർക്കമില്ല.

പൊതുവിപണിയിൽ കുറെക്കാലമായി പപ്പായയ്ക്ക് 40–45 രൂപ ചില്ലറവിലയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അയൽസംസ്ഥാനങ്ങളിൽനിന്നു പപ്പായ വരുന്നതിനാൽ വില കൂടാനിടയില്ല.  കൂടിയ വില പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍  കേരളത്തിലെ വ്യാപാരികൾ മറുനാടന്‍ പപ്പായയോടു കൂടുതൽ താൽപര്യം കാണിക്കുന്നതില്‍ അലാവുദ്ദീന് ഉൽകണ്ഠയുണ്ട്. നാടൻവിഭവങ്ങൾ മാത്രം വിൽക്കുന്ന കടകളും ചില പഴം–പച്ചക്കറി സഹകരണ സംഘങ്ങളുടെ വിപണനകേന്ദ്രങ്ങളുമാണ് തന്നെപ്പോലുള്ള നാടൻ കർഷകർക്കു തുണയാകുന്നതെന്ന് അദ്ദേഹം പറയുന്നു. അവർക്കു നൽകിയശേഷം ബാക്കിയുള്ളത് വിഎഫ്പിസികെ വിപണിയിലും ഹോർട്ടികോർപ്പിനും നൽകും. എന്നാൽ, ഹോർട്ടികോർപ് പോലുള്ള ഏജൻസികൾ കൃഷിക്കാർക്കു നൽകുന്ന സേവനം പരമദയനീയമെന്നാണ് അദ്ദേഹം പറയുന്നു. യഥാസമയം വില നൽകാനോ മുഴുവൻ വിളവും സംഭരിക്കാനോ അവർക്കു കഴിയാറില്ല. വ്യാപാരികൾ മറുനാടുകളിൽനിന്നു കൊണ്ടുവരുന്ന പപ്പായയുമായി നാടന്‍ പപ്പായയ്ക്കു മത്സരിക്കാൻ സർക്കാർ ഏജൻസികളുടെ  ഇടപെടൽ അത്യാവശ്യമാണെന്ന് അലാവുദ്ദീന്‍. 

ആണ്ടില്‍ 6 മാസത്തിലേറെ പപ്പായ ഉൽപാദനം പ്രതീക്ഷിക്കരുത്. മഴക്കാലത്ത് പൂപ്പൽബാധ പ്രശ്നമാണ്. ഉയർന്ന അന്തരീക്ഷ ആർദ്രതയാണു കാരണം. ഏതു തരത്തിലുള്ള ജൈവ– രാസ കീടനാശിനി പ്രയോഗിച്ചാലും അതു തടയാനാവില്ലെന്നാണ് അനുഭവം. മഴ മാറിനിൽക്കുന്ന മാസങ്ങളിൽ പരമാവധി വിളവ് ലഭിക്കത്തക്ക വിധം കൃഷി ക്രമീകരിക്കുക മാത്രമാണ് പരിഹാരം. തലഭാഗത്ത് ഫലങ്ങൾ നിറഞ്ഞു ഭാരം കൂടുന്നതിനാലും തണ്ടിനു ബലം കുറവായതിനാലും മരത്തിനു താങ്ങുകാല്‍ അനിവാര്യം. താങ്ങുകാലിനു പണം മുടക്കിയില്ലെങ്കിൽ കൂടുതൽ നഷ്ടമുണ്ടായേക്കാം.

ഇതൊക്കെയാണെങ്കിലും പഴവർഗങ്ങളുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് അവബോധമുള്ള പുതിയ തലമുറയ്ക്കു പഴങ്ങളോടു താല്‍പര്യമേറുന്നത് കേരളത്തില്‍ പപ്പായക്കൃഷിക്കു സാധ്യതയേറ്റുന്നുണ്ടെന്നതില്‍ അലാവുദ്ദീനു സംശയമില്ല. വിപണി ശരിയായി പഠിച്ചശേഷം മിതമായ തോതിൽ കൃഷി  തുടങ്ങി ക്രമേണ വിപുലമാക്കാമെന്നാണ് ഈ രംഗത്തേക്കു വരുന്നവരോട്  അലാവുദ്ദീനു പറയാനുള്ളത്. നല്ല രീതിയിൽ വിറ്റഴിക്കാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയശേഷം ഡിമാൻഡിന് ആനുപാതികമായി കൃഷിയും  ഉൽപാദനവും കൂട്ടണം.  

ഫോൺ: 8547306957

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com