ADVERTISEMENT

ഉപയോശൂന്യമായ പതിനായിരത്തിനുമേൽ പ്ലാസ്റ്റിക് കുപ്പികൾ. പരിസര മലിനീകരണത്തിനു കാരണമായേക്കാവുന്ന ഈ കുപ്പികള്‍ക്കൊണ്ട് മനോഹരമായ ഉദ്യാനം ഒരുക്കിയിരിക്കുന്നു വയനാട്, ഇടവക, ഒഴുകിൽ വീട്ടിൽ സുനിൽ കുമാറും കുടുംബവും. സുനിലിന്റെ അമ്മ റോസ്, ഭാര്യ ജിൻസി, മക്കൾ അലിൻ, അവിൻ ഇവരുടെയെല്ലാം ഒത്തൊരുമയുടെയും പരിശ്രമത്തിന്റെയും ഫലമാണ് അത്യാകർഷകവും വേറിട്ടതുമായ ഈ ഉദ്യാനം. 

garden-karshakasree-4
സുനിൽകുമാറും കുടുംബവും ഉദ്യാനത്തിൽ

കുപ്പികള്‍ അങ്ങനെതന്നെ ഉപയോഗിക്കാതെ, ഭംഗിയായി ചായമടിച്ച്, നടുവിൽ ചെടി നടാനുള്ള വിടവും താഴെ വെള്ളം വാർന്നുപോകാനുള്ള ദ്വാരങ്ങളുമിട്ടശേഷം അവയില്‍ മിശ്രിതം നിറച്ചു ചെടി നട്ടിരിക്കുന്നു. ചാണകപ്പൊടി ചേർത്ത ചുവന്ന മണ്ണാണ് നടീൽ മിശ്രിതം. ചെടി നട്ട കുപ്പികളെല്ലാം മാലപോലെ ഒന്നിനുതാഴെ ഒന്നായി ബലമുള്ള വള്ളി ഉപയോഗിച്ചു കോർത്ത് വീടിനു ചുറ്റും നിരയായി തൂക്കിയിട്ടിരിക്കുന്നു. ബോർഡർ ഗ്രാസ് (ഹെമിഗ്രാഫിസ് റെപ്പൻസ്), സെഡം, റിയോ, മണി പ്ലാന്റ് എന്നിവയാണ് കുപ്പികളിൽ നട്ടിരിക്കുന്നത്. പച്ചയും ചുവപ്പും നിറത്തിലുള്ള കുപ്പിമാലയുടെ ഏറ്റവും മുകളിലെ കുപ്പികളിൽ ഒരു നിര പിങ്ക് റിയോ ചെടികൾ.  കണ്ടാല്‍ പച്ചസാരിയുടെ കരപോലെ.

പുൽത്തകിടിയുടെ ഒരു ഭാഗത്ത് ബലമുള്ള ഇരുമ്പുപൈപ്പിൽ ചെടികൾ നട്ട കുപ്പികൾ മാലയായി തൂക്കിയിട്ടത് കർട്ടൻ പോലെ തോന്നിപ്പിക്കും. വെർട്ടിക്കൽ ഗാർഡനു സമാനമാണ് കാഴ്ചയില്‍. ഈ പരമ്പരാഗത കാർഷിക കുടുംബത്തിന്റെ ഒഴിവുസമയ വിനോദമാണ് ഉദ്യാനമൊരുക്കലും പരിപാലനവും. ഉദ്യാനത്തില്‍ ദിവസവും ഒരു ചെടിയെങ്കിലും പുതുതായി നടുമെന്നു സുനില്‍. 

garden-karshakasree

മുൻവശത്തെ മുറ്റം മേൽക്കൂര നൽകി പാതി തണൽ കിട്ടുന്ന ഇടമായി മാറ്റിയെടുത്തിട്ടുണ്ട്. ഇവിടെയും തൂക്കുചട്ടികളിൽ മണി പ്ലാന്റ്, ടർട്ടിൽ വൈൻ, സ്പൈഡർ പ്ലാന്റ് തുടങ്ങിയ അലങ്കാരച്ചെടികൾ. കൂടാതെ, ആകർഷകമായി പെയിന്റ് ചെയ്ത പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് ഒരുക്കിയ കരകൗശല വസ്തുക്കളും. സിറ്റ് ഔട്ടിലേക്കു കയറുന്ന  കവാടത്തിൽ പച്ചത്തൂണുപോലെ ഇരുവശത്തും ടർട്ടിൽ വൈൻ തൂക്കിയിട്ടു വളർത്തുന്നു. വീടിന്റെ പൂമുഖം മാത്രമല്ല, പിന്നാമ്പുറവും  ആകര്‍ഷകം. തൂക്കുചട്ടികളിൽനിന്ന് 3-4 അടി നീളത്തിൽ താഴേക്കു ഞാന്നു വളർന്നു കിടക്കുന്ന ടർട്ടിൽ വൈൻ ചെടികളാണ് ഇവിടം മനോഹരമാക്കുന്നത്.   

garden-karshakasree-3

മൂന്നു വർഷങ്ങൾക്കു മുൻപ്, കോവിഡ് മഹാമാരിയുടെ കാലത്ത്, മുറ്റം മോടിയാക്കുന്നതിന്റെ ഭാഗമായി, സ്വന്തമായി തയാറാക്കിയ വിസ്താരമുള്ള കാർപെറ്റ് ഗ്രാസ് പുൽത്തകിടിയിൽനിന്നാണ് ഈ ഉദ്യാനം ഉരുത്തിരിഞ്ഞത്. ചെറിയ കുന്നും കുഴിയുമെല്ലാമുള്ള പുൽത്തകിടിയിൽ കൊക്കിന്റെയും മാനിന്റെയും മുയലിന്റെയുമൊക്കെ ശില്‍പങ്ങൾ സിമന്റിൽ ഒരുക്കി സുനില്‍. ഭംഗി കൂട്ടാന്‍ സിമന്റ് നിർമിത കുളങ്ങളിൽ താമരയും ആമ്പലുമെല്ലാം വളര്‍ത്തി. സിമന്റിൽത്തന്നെ പല തട്ടുകളുള്ള നിലവിളക്കിന്റെ ആകൃതിയിൽ ഫൗണ്ടനുകളും ഒരുക്കി. ചെടികൾ കൂട്ടമായി നടാൻ  സിമന്റിൽത്തന്നെ, പരന്ന ആകൃതിയിൽ വലുപ്പമേറിയ ചട്ടികളും ഉണ്ടാക്കി. ഇവയിൽ ചെടികൾ നട്ടു. അടുത്ത പടിയായിരുന്നു പ്ലാസ്റ്റിക് കുപ്പികളിൽ ചെടിവളര്‍ത്തല്‍. പിന്നീട് മുഴുവൻ ശ്രദ്ധയും അതിലായി. കിട്ടാവുന്നിടത്തുനിന്നെല്ലാം കുപ്പികൾ ശേഖരിച്ച് അവയില്‍ ചെടികൾ നട്ടുവളർത്തി.  

garden-karshakasree-2

പറമ്പിലുള്ള കുളത്തിൽനിന്നും കിണറ്റിൽനിന്നും ആവശ്യത്തിനു ശുദ്ധജലം ആണ്ടുവട്ടം ലഭിക്കുന്നതുകൊണ്ട് ഉദ്യാനം നനയ്ക്കുന്നതില്‍ വിട്ടുവീഴ്ചയില്ല. 4 പശുക്കൾ ഉള്ളതിനാല്‍  ചെടികൾക്കു വളമായി ചാണകവും ഗോമൂത്രവും സുലഭം. വീടിനകത്തും പുറത്തുമുള്ള ആയിരക്കണക്കിനു ചെടികള്‍ നനയ്ക്കാനും  പരിപാലിക്കാനുമായി ദിവസവും കുറഞ്ഞത് 3 മണിക്കൂർ കുടുംബം ചെലവഴിക്കുന്നുണ്ട്.  

സഹസ്രദള കമലം ഉൾപ്പെടെ പത്തുതരം താമരയും പലയിനം ആമ്പലും പുൽത്തകിടിയിലുൾപ്പെടെ പല ഭാഗത്തായുള്ള കുളങ്ങളിൽ പരിപാലിക്കുന്നു. റോസ്, ഗ്രൗണ്ട് ഓർക്കിഡ് ഇവയും വീട്ടുമുറ്റത്തുണ്ട്. വാഴ, നെല്ല്, കാപ്പി എന്നിവയെല്ലാം കൃഷിചെയ്യുന്ന അധ്വാനശീലരായ കുടുംബാംഗങ്ങള്‍ക്ക് ഇളംതലമുറയോട് ഒന്നേ പറയാനുള്ളു,‘‘മൊബൈൽ ഫോണിൽ ഗെയിം കളിച്ചു സമയം പാഴാക്കാതെ,  ഒഴിവുസമയം ഉദ്യാന പരിപാലനത്തിനു  പ്രയോജനപ്പെടുത്തുക.’’

ഫോണ്‍ ‍(സുനില്‍ കുമാര്‍): 9947675088      

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com