മെൽബണിലെ കൊടും തണുപ്പിൽ കൃഷിചെയ്ത് കനകം വിളയിച്ചു മലയാളി ദമ്പതികൾ

Mail This Article
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ഓസ്ട്രേലിയയിലെ മലയാളി ദമ്പതികൾ. ഒഴിവുസമയങ്ങളിൽ കൃഷിചെയ്ത് അതും മെൽബണിലെ തണുത്തുറഞ്ഞ കാലാവസ്ഥയിലും മണ്ണിൽ കനകം വിളയിക്കുകയാണ് സജി-അജി ദമ്പതികൾ. ഒട്ടേറെ അംഗീകാരങ്ങളും ബഹുമതികളും ഇവരെ തേടി എത്തിയിട്ടുണ്ട്. സജി മെൽബണിലെ ഹിൽക്രെസ്റ്റ് ക്രിസ്ത്യൻ കോളജിലെ ജീവനക്കാരനും അജിമോൾ എൻഡബ്ല്യുഎസ്പി 12 കോളജിലെ അധ്യാപികയുമാണ്. കൂടാതെ ഇരുവരും ഓസ്ട്രേലിയയിലെ മലയാളം അധ്യാപകരും കൂടിയാണ്.
ഒഴിവുസമയങ്ങൾ മണ്ണിൽ പണിയെടുത്ത് ആനന്ദം കണ്ടെത്തുകയാണ് ഈ കുടുംബം. ഇവരുടെ തോട്ടത്തിൽ വാഴ, തുളസി, കറിവേപ്പില, ചേമ്പ്, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ആപ്പിൾ, മല്ലി, സ്ട്രോബെറി, മുന്തിരി, ചെറി, മത്തൻ, വെള്ളരി എന്നിങ്ങനെ പലതരത്തിലുള്ള പച്ചക്കറി പഴവർഗങ്ങൾ ഇവിടെ കാണാം. കൂടാതെ കോഴികളെയും ഇവർ വളർത്തുന്നുണ്ട്. ഈയിടയ്ക്ക് ഒന്നും കടയിൽ നിന്ന് വാങ്ങിച്ചിട്ടില്ലെന്നാണ് സജി പറയുന്നു. തണുത്തുറഞ്ഞ മെൽബണിലെ കാലാവസ്ഥയിൽ രണ്ടു വർഷമെടുത്താണ് വാഴകൾ കുലച്ച് പാകമാകുന്നത്. ജൈവവളങ്ങൾ ഉപയോഗിച്ചാണ് സജിയുടെയും അജിയുടെയും കൃഷി. വീടിനു മുന്നിലെയും പുറകിലെയും പുല്ലുവെട്ടി അത് കംപോസ്റ്റിൽ ഇട്ടാണ് ജൈവവള നിർമാണം. ഓരോ വർഷവും 50 കിലോയോളം മുന്തിരി ഇവർ വിളവെടുക്കുന്നു ണ്ട്. കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ഞങ്ങൾ കൃഷി ചെയ്യുന്നതിൽ അഭിമാനിക്കുന്നു എന്ന് അവർ പറയുന്നു. ഓസ്ട്രേലിയയിലെ മെൽബണിൽ നടന്ന പല കൃഷിത്തോട്ടം മത്സരങ്ങളിലെ വിജയികളാണ്. തണുപ്പ് ആയാലും ചൂടായാൽ മനസ്സുണ്ടെങ്കിൽ മണ്ണിൽ കനകം വിളയിക്കാൻ സാധിക്കും എന്ന് ഇവർ നമുക്ക് കാണിച്ചു തരുന്നു. മക്കളായ ലിസും മരിയയും ഇരുവരെയും കൃഷിയിയിൽ സഹായികളായി ഒപ്പമുണ്ട്.
വിഡിയോ കാണാം