ADVERTISEMENT

തെങ്ങ്

പൊതുശുപാർശ പ്രകാരമുള്ള വളത്തിന്റെ പകുതി തുലാവർഷകാലത്താണ് നൽകേണ്ടത്. 500 ഗ്രാം യൂറിയ, 800 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 950 ഗ്രാം പൊട്ടാഷ്, 250 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് എന്നിവയാണ് രണ്ടാം തവണയായി നൽകേണ്ടത്. ഇവയിൽ യൂറിയ,റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നിവ തുല്യയളവിൽ രണ്ടായി നൽകുന്നത് കൂടുതൽ പ്രയോജനം ചെയ്യും.  ഇവയുടെ ആദ്യപകുതി നൽകി 10 ദിവസത്തിനുശേഷം മഗ്നീഷ്യം സൾഫേറ്റ് നൽകുക. 10 ദിവസത്തിനുശേഷം യൂറിയ, റോക്ക് പൊട്ടാഷ് ഇവയുടെ രണ്ടാം ഭാഗം നൽകുക. ഒറ്റത്തവണയായിട്ടാണ് നൽകുന്നതെങ്കിൽ യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മഗ്നീഷ്യം എന്നിവ ചേർത്ത് നൽകുകയും 10 ദിവസം കഴിഞ്ഞ് പൊട്ടാഷ് മാത്രമായി നൽകുകയും വേണം. യൂറിയയും റോക്ക് ഫോസ്ഫേറ്റും വളപ്രയോഗത്തിന്‍്റെ തലേന്നു  വൈകുന്നേരം കൂട്ടിക്കലർത്തിവയ്ക്കുകയും തുടർന്ന് രാവിലെ പൊട്ടാഷ്/മഗ്നീഷ്യം സൾഫേറ്റ് ചേർത്ത് പ്രയോഗിക്കുകയും വേണം. 

ചെമ്പൻചെല്ലി, കൊമ്പൻചെല്ലി ആക്രമണസാധ്യതയുള്ളതിനാൽ ക്രമമായ നീരീക്ഷണത്തിലൂടെ അവയെ കണ്ടെത്തി നിയന്ത്രണ നടപടിയെടുക്കുക. തെങ്ങിൻ തൈകളിലും തെങ്ങിലും ഓലയുടെ അടിയിൽ വെള്ളീച്ച ആക്രമണസാധ്യത കാണുന്നു.  എന്നാൽ  വെള്ളീച്ചയെ കണ്ടാലുടൻ രാസകീടനാശിനി പ്രയോഗിക്കുന്നത് അവയെ നശിപ്പിക്കുന്ന എൻകാർസിയ എന്ന മിത്രകീടം നശിക്കാനിടയാക്കാം. ഈ മിത്രകീടം വ്യാപിക്കുന്നത് വെള്ളീച്ചബാധയുടെ തീവ്രത കുറയ്ക്കുന്നുണ്ട്.  

ginger

ഇഞ്ചി

ഈ വർഷത്തെ കാലാവസ്ഥയിൽ നനയ്ക്കാത്ത ഇഞ്ചിക്കു വളർച്ച വളരെക്കുറവായി കണ്ടു. പച്ച ഇഞ്ചിക്കായുള്ള വിളവെടുപ്പ് ഈ മാസം അവസാനത്തോടെയാകാം. മൂടുചീയൽ ഒഴിവാക്കുന്നതിന് ബാസില്ലസ് സബ്ടിലീസ്, സ്യൂഡോമോണാസ് ഇവയിൽ ഏതെങ്കിലും ഒന്ന് മുൻകൂറായി പ്രയോഗിക്കാം. വിളവെടുക്കുന്ന മാസം ആരംഭത്തിൽ  നാനോ DAP + സൾഫേറ്റ് ഓഫ് പൊട്ടാഷ് അല്ലെങ്കിൽ  19–19–19 ഇവയിൽ ഏതെങ്കിലും ഒന്ന് പുതുതലമുറയിൽപ്പെട്ട വെറ്റിങ് ഏജന്റ് (wetting agent) ചേർത്ത് സ്പ്രേ ചെയ്യുക. സ്പ്രേ ചെയ്ത് കഴിഞ്ഞ് 30 മിനിറ്റ് നേരം മഴ പെയ്യാതിരുന്നാൽ ഇത് വിളയ്ക്ക് ലഭ്യമാകും.

മലവേപ്പിൽ കുരുമുളകു വളർത്തിയിരിക്കുന്നു. ഫോട്ടോ∙ കർഷകശ്രീ
മലവേപ്പിൽ കുരുമുളകു വളർത്തിയിരിക്കുന്നു. ഫോട്ടോ∙ കർഷകശ്രീ

കുരുമുളക്

ഈ വർഷം നട്ട തൈകൾ താങ്ങുമരത്തിനോട് ചേർത്തുകെട്ടുക. ദ്രുതവാട്ടം അതിജീവിക്കുന്നതിന് നനവുള്ള മണ്ണിലേക്ക് സ്യൂഡോമോണാസ്/ബാസില്ലസ് സബ്ടിലിസ് ലായനി തണ്ടിനോട് ചേർത്ത് ഒഴിച്ചുകൊടുക്കുക. ഗാള്‍ മിഡ്ജ് (Gall midge), ത്രിപ്സ്( thrips ) ആക്രമണം ചിലയിടങ്ങളിൽ കാണുന്നു. കൃഷിയിടത്തിൽ കൃത്യമായ നിരീക്ഷണം നടത്തുക. സംശയകരമായ മാറ്റം കണ്ടാൽ ചെടിയുടെ കീടം ബാധിച്ച ഭാഗം  വിദഗ്ധരെ കാണിച്ചു ശുപാർശ വാങ്ങി നടപടിയെടുക്കുക. 

rambutan-george-2

റംബൂട്ടാൻ/പുലോസാൻ

പോയ വർഷം കായ്പിടിത്തം വൈകിയതുകൊണ്ട് ഈ വർഷം തളിർക്കലും വൈകിയതായി കാണുന്നു. നാനോ DAP സ്പ്രേ ചെയ്ത് 10 ദിവസമായപ്പോൾ തളിരിട്ട അനുഭവമുണ്ട്. പൂക്കൾ ഉണ്ടാകുന്നത് രണ്ടാമത്തെ തളിർ മൂത്തതിനുശേഷമായതിനാൽ ആദ്യത്തെ തളിർപ്പ് മൂത്തിട്ടുണ്ടെങ്കിൽ നാനോ DAP 4 മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി സ്പ്രേ ചെയ്താൽ അടുത്ത തളിർപ്പ് ഉണ്ടാകും.  ഡിസംബർ, ജനുവരി മാസത്തോടെ പൂവിടൽ ഉറപ്പാക്കാം. 

കഴിഞ്ഞമാസത്തെ കാലാവസ്ഥ ശൽക്കകീടങ്ങൾ, എഫിഡുകൾ, സ്നോ സ്കെയില്‍(snow scale) എന്നിവ  പെരുകാന്‍ അനുകൂലമായിരുന്നതിനാൽ അവയുടെ ആക്രമണം ഈ മാസം കൂടിയേക്കും. സൂക്ഷ്മനിരീക്ഷണം നടത്തുക. ഉറുമ്പുകളെ ചെടിയിൽ കൂട്ടമായി കാണുന്നത് ഇവയുടെ സാന്നിധ്യത്തിന്റെ സൂചനയാണ്.    

ഫയൽ ചിത്രം: ജോസ്‌കുട്ടി പനയ്‌ക്കൽ ∙ മനോരമ
ഫയൽ ചിത്രം: ജോസ്‌കുട്ടി പനയ്‌ക്കൽ ∙ മനോരമ

നെല്ല്

മുണ്ടകൻകൃഷിയും വിരിപ്പുകൃഷി വൈകിയും ചെയ്ത പാടങ്ങളിൽ ഓലചുരുട്ടി, തണ്ടുതുരപ്പൻ പുഴു ഇവയുടെ ആക്രമണം തടയുന്നതിന്  ട്രൈക്കോഡെർമ കാർഡുകൾ  ഉപയോഗിക്കുക. ചാഴി, മുഞ്ഞ നിയന്ത്രണത്തിന് വിളക്കുകെണിയും.  മുഞ്ഞയുടെ  തിരിച്ചുവരവിനു ( resurgence) കാരണമാകുമെന്ന് തെളിഞ്ഞിട്ടുള്ള രാസകീടനാശിനികൾ (Neo Nicotinoid വിഭാഗം ) ചാഴിനിയന്ത്രണത്തിന്  പ്രയോഗിക്കരുത്. മുഞ്ഞയുടെ ആക്രമണതീവ്രത ഗണ്യമായി കുറയ്ക്കാൻ ഇത് സഹായിക്കും. ഈർപ്പവും ചൂടുമുള്ള കാലാവസ്ഥയില്‍ കുമിൾ, ബാക്ടീരിയൽ രോഗസാധ്യതയേറും.  നെല്ലിന് പ്രതിരോധശക്തി വർധിപ്പിക്കുന്നതിന് പൊട്ടാസ്യം സിലിക്കേറ്റ് 2 മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും സ്യൂഡോമോണാസ് 30 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും  ലയിപ്പിച്ച ശേഷം  തെളി സ്പ്രേ ചെയ്താൽ മതി..

പുഞ്ചപ്പാടങ്ങളിൽ നിലം ഒരുക്കൽ ആരംഭിക്കാം.  അമ്ലത നിയന്ത്രണം   അത്യാവശ്യം. 

paddy-fertilizer-1

ഓർക്കിഡ്, ആന്തൂറിയം

ഒളിയിടങ്ങളിൽനിന്നു വൈകുന്നേരം പുറത്തുവരുന്ന ഒച്ചുകള്‍ ഓർക്കിഡിന്റെ കൂമ്പ്, പൂമൊട്ടുകൾ, ആന്തൂറിയത്തിന്റെ പൂമൊട്ട് എന്നിവ  തിന്നുന്നു. ഇവയുടെ പ്രകൃതിയിലെ ശത്രുക്കൾ പുഴു രൂപത്തിലുള്ള പെൺ മിന്നാമിന്നുങ്ങുകളാണ്. അനാവശ്യ രാസകീടനാശിനിപ്രയോഗം ഇവയെ നശിപ്പിക്കുന്നു. ഒച്ചുകളെ ആകർഷിച്ച് കൊല്ലുന്നതിന് മെറ്റാൽ ഡിഹൈഡ് baitകൾ ലഭ്യമാണ്. ഇവ ഉപയോഗിക്കുകയോ അല്ലെങ്കിൽ പലതരം കെണികൾ ഉപയോഗിച്ച് പിടിച്ച ശേഷം ഉപ്പുപൊടി പ്രയോഗിച്ച് കൊല്ലുകയോ ചെയ്യാം.. ഓർക്കിഡിന്റെയും ആന്തൂറിയത്തിന്റെയും പോഷണത്തിന് നാനോ DAP 2 മി.ലീ., സൾഫേറ്റ് ഓഫ് പൊട്ടാഷ് 4 ഗ്രാം എന്നിവ ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ലയിപ്പിച്ച സ്പ്രേ ചെയ്യുക.

ബാസില്ലസ് സബ്ടിലിസ് അല്ലെങ്കിൽ സ്യൂഡോമോണാസ് പ്രയോഗിക്കുന്നത് കുമിൾരോഗബാധ നിയന്ത്രിക്കുന്നതിന് സഹായിക്കും.

nutmeg

ജാതി

തലമുടി രോഗം എന്ന് അറിയപ്പെടുന്ന ത്രെഡ് ബ്ലൈറ്റ് (thread blight) നിയന്ത്രണത്തിന് Label claim ഇല്ലാത്ത രണ്ട് കുമിൾനാശിനികളാണ് ഫലപ്രദമായി കണ്ടിട്ടുള്ളത്. അവയോടൊപ്പം പൊട്ടാസ്യം സിലിക്കേറ്റ് 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ  ചെയ്യണം. രോഗബാധയുള്ള മരങ്ങളിലെ ഉണങ്ങി തൂക്കി നിൽക്കുന്ന ഇലകളും പൊഴിഞ്ഞ ഇലകളും കൂടി കത്തിച്ചു കളയണം.

കായ ചുളുങ്ങി പൊഴിയുന്നത് പൊട്ടാഷിന്റെ കുറവ് കൊണ്ടാണ്. ഇതു പരിഹരിക്കുന്നതിന് 5 ഗ്രാം സൾഫേറ്റ് ഓഫ് പൊട്ടാഷ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്യുക. ജാതിപത്രി വെള്ളപ്പരുവത്തിൽ കായ പൊട്ടി പൊഴിയുന്നത് നിയന്ത്രിക്കാന്‍  ഒരു ഗ്രാം ബോറിക് ആസിഡ് ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്യുക. മെഡിക്കൽ ഷോപ്പിൽ ലഭിക്കുന്ന 20 ഗ്രാം ബോറിക് ആസിഡ് 20 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്താൽ മതി.

banana-monu-varghese-1

വാഴ

ഓണവാഴക്കുലക്കായി നട്ട വാഴകളിൽ മിക്കയിടത്തും ഫോസ്ഫറസിന്റെ കുറവ് കാണുന്നു. ഇത് പരിഹരിച്ചാൽ വാഴയുടെ കരുത്ത് കൂടും. ഇതിനു നാനോ DAP, ഫോളിയർ സ്പ്രേയ്ക്ക് ഉപയോഗിക്കുന്ന‌ പീകെ അല്ലെങ്കിൽ 19–19–19  എന്നിവയിലൊന്ന് സ്പ്രേ ചെയ്താൽ മതി.

നിലവിലെ കാലാവസ്ഥയിൽ വാഴയുടെ ഇലകളെ ബാധിക്കുന്ന സിഗാട്ടോക്ക, ഡയറ്റോണില്ല കോർഡേറ്റ എന്നി രോഗങ്ങൾ വ്യാപിക്കാന്‍ സാധ്യതയേറെ. രോഗലക്ഷണങ്ങൾ ഏറെക്കുറെ ഒരുപോലെയാണ്. തന്മൂലം രോഗം തിരിച്ചറിയാൻ വിദഗ്ധന്റെ സേവനം ഉപയോഗിക്കുക. ഇവ രണ്ടിന്റെയും സാധ്യത കുറയ്ക്കുന്നതിന് പൊട്ടാസ്യം സിലിക്കേറ്റ് സ്പ്രേ (2 മി.ലീ.ഒരു ലിറ്റര്‍ വെള്ളത്തില്‍) സഹായകരമാണ്.

സിഗാടോക്ക നിയന്ത്രണത്തിന് സ്യൂഡോമോണാസ്, ബാസില്ലസ് സബ്ടിലിസ് എന്നി മിത്ര ബാ ക്ടീരിയകൾ ഫലപ്രദം. ഓണവാഴയുടെ 4–5 ഇലപ്പരുവത്തിൽ സ്യൂഡോമോണാസ് സ്പ്രേ വൈകു ന്നേരം നൽകുന്നത് ഇലപ്പുള്ളിരോഗം കുറയ്ക്കും. 

ചുവടെ ചേർക്കുന്ന പൊതുശുപാർശ പ്രകാരമുള്ള വളപ്രയോഗം തുല്യ ഗഡുക്കളായി വീതിച്ച് 15 ദി വസത്തെ ഇടവേളകളിൽ നൽകുന്നത് വാഴയ്ക്ക് കൂടുതൽ കരുത്ത് പകരും.

banana-fertilizer

മാങ്കോസ്റ്റീൻ

കായ്കൾക്ക് ഗമ്മോസിസ് വന്നിരുന്ന മങ്കോസ്റ്റീൻ മരങ്ങളിൽ കാത്സ്യം പോഷണം ഈ മാസം നടത്താം. കേരളത്തിലെ മിക്കയിടങ്ങളിലും മാങ്കോസ്റ്റിന്  സിങ്കിന്റെ കുറവു കാണുന്നു.  സിങ്ക്, മഗ്നീഷ്യം ഇവ ഉള്ളതും എന്നാൽ ഇരുമ്പ് (Iron) ഒട്ടുമില്ലാത്തതുമായ സൂക്ഷ്മമൂലക മിശ്രിതം സ്പ്രേ ചെയ്യുകയാണ് പരിഹാരം. 

ശീതകാല പച്ചക്കറിയില്‍ രോമപ്പുഴുക്കള്‍

ശീതകാല പച്ചക്കറികളിൽ രോമപ്പുഴു (hairy catepillars) ആക്രമണം ഇയിടെയായി കാണുന്നു. ശലഭങ്ങൾ ഇടുന്ന മുട്ടകളെ നശിപ്പിക്കുന്നതിന് ട്രൈക്കോഗ്രാമയുടെ കാർഡ് ഉപയോഗിക്കുക. കാബേജ്, കോളിഫ്ളവർ എന്നിവയിൽ നന ചുവട്ടിൽ മതി. കാബേജിന്റെ ഹെഡ് ഉണ്ടായിക്കഴിഞ്ഞ് കൂമ്പിൽ വെള്ളം വീഴാതെ നോക്കണം. വെള്ളം ഉള്ളിലേക്ക് കടന്നാൽ അവിടെ ചീയലുണ്ടാകും.

നാടൻ പച്ചക്കറികളിൽ മൃദുരോമ പൂപ്പ്, ചവർണ പൂപ്പ് എന്നിവ നിയന്ത്രിക്കുന്നതിന് ബാസില്ലസ് സബ്ടിലിസ് സ്പ്രേയും പൊട്ടാസ്യം സിലിക്കേറ്റ് സ്പ്രേയും മതി. പയറിന്റെ  കരിമ്പൻകേട്  എന്ന കുമിൾരോഗം നിയന്ത്രിക്കുന്നതിനും ഇതു ഫലപ്രദം. കൃഷിയിടങ്ങളിൽ ചിതലിന്റെ നിയന്ത്രണത്തിന് ഇപിഎന്‍(Entamopathogenic nematodes) ഫലിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com