പരമ്പരാഗത വയനാടൻ കർഷകരുടെ അമൃതകുംഭം; ഇത് കേണി, മൺമറഞ്ഞു പോകുന്ന കാർഷിക പാരമ്പര്യം
Mail This Article
കൃഷിയിടങ്ങളിലും മറ്റും ജലസ്രോതസായി ഉപയോഗിച്ചുപോരുന്ന കേണികൾ വയനാടിന്റെ ഗോത്രവർഗ സംസ്കാരത്തിന്റെ ഭാഗമാണ്. വർഷം മുഴുവൻ ശുദ്ധജലം പകർന്നു നൽകുന്ന കേണി വയലിലാണ് പ്രധാനമായും നിർമിക്കുക. മണ്ണിലേക്ക് ഇറക്കിവച്ച ഒരു കുഴലിന്റെ രൂപമാണ് കേണിക്ക്. ചുരുക്കത്തിൽ നമ്മുടെ കുഴൽ കിണറുകളുടെ ചെറു രൂപം. കുഴലായി ഉപയോഗിക്കുന്നത് ചൂണ്ടപ്പനയുടെ ചുവടുഭാഗമാണ്. കുടിക്കാനായി മാത്രമേ ഉപയോഗിക്കൂ എന്ന കര്‍ശനമായ നിഷ്കര്‍ഷയോടെയാണ് കേണികള്‍ നിര്‍മിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും ചെയ്തിരുന്നതെന്നാണ് പറയപ്പെടുന്നത്.
എപ്പോഴും നിറഞ്ഞു തുളുമ്പിനിൽക്കുന്ന ചെറു കിണർ തന്നെയാണ് കേണി. പാത്രമുപയോഗിച്ച് കൈകൊണ്ടുതന്നെ കോരിയെടുക്കാം. കോരിയെടുക്കുന്നതനുസരിച്ച് അതിവേഗം പുതിയ വെള്ളമെത്തി കുറവ് നികത്തും. പരമാവധി ഒരാൾ താഴ്ചയാണ് കേണിക്കുണ്ടാവുക. കാലം മാറിയപ്പോൾ പനയുടെ ചുവടിനു പകരം കല്ലുകൊണ്ടും സിമന്റുകൊണ്ടുമാണ് കേണികൾ നിർമിക്കുക. വലിയ കിണറുകളും മോട്ടറുകളുമെല്ലാം വന്നതോടെ കേണികളുടെ പ്രസക്തിയും അവസാനിച്ചു. എങ്കിലും വയനാട്ടിലെ ചില നെൽപ്പാടങ്ങളിൽ ഇന്നും കേണികളുണ്ട്.