ADVERTISEMENT

പറമ്പുകളിൽ പമ്മിക്കിടന്നിരുന്ന പഹയനാണ് ഞൊട്ടാഞൊടിയൻ. ഈ ചെടിയുടെ കായ്കൾ നെറ്റിയിലിടിച്ചു പൊട്ടിച്ചുരസിച്ച ഒരു തലമുറ ഇപ്പോഴും നമുക്കിടയിലുണ്ട്. അടുത്ത കാലത്ത് ഞൊട്ടാഞൊടിയൻ കുടുംബത്തിൽപെട്ട ഗോൾഡൻ ബെറിയുടെ വരുമാനസാധ്യത വാട്സാപ്പിൽ കണ്ടു ഞെട്ടിയവരും ഒട്ടേറെ. ജീവകങ്ങൾ മാത്രമല്ല, മാംസ്യവും മറ്റു സുപ്രധാന പോഷ‌കങ്ങളുമൊക്കെച്ചേർന്ന സൂപ്പർ ഫുഡാണിതെന്ന് ഗൂഗിൾ പറഞ്ഞുതരുന്നു. പോഷകഗുണം മാത്രമല്ല, ഇതിന്റെ വിലയും സൂപ്പറാണ്. വിദേശരാജ്യങ്ങളിൽ ഒരു പഴത്തിന് 20 രൂപയോളം വില കിട്ടുമത്രെ. 

ഗോൾഡൻ ബെറിയുടെ സാധ്യത പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കിയ മലയാളികൾ ചുരുക്കം. അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിൽ ഗോൾഡൻ ബെറിയുടെ ഗുണഗണങ്ങളും വിപണിവിലയുമൊക്കെ പ്രചരിച്ചതോടെ  സ്ഥിതി മാറുന്നുണ്ട്. ഇപ്പോഴിതാ, ഒരു മലയാളി ഗോൾഡൻ ബെറി കാശാക്കുന്നു. കട്ടപ്പന വെള്ളയാംകുടി സ്വദേശി വേഴപ്പറമ്പിൽ ജോസ് ജോർജ് ഏതാനും മാസത്തിനുള്ളിൽ ഗോൾഡൻ ബെറി പഴങ്ങളിലൂടെ വലിയ വരുമാനമാണു നേടിയത്. 

ജോസ്
ജോസ്

ശോഭിക്കാതെ ആദ്യകൃഷി

വിദേശരാജ്യങ്ങളിൽ ഗോൾഡൻ ബെറിക്കുള്ള ഡിമാൻഡ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങിയ കാലത്താണ്  ജോസ് ജോർജ് നാട്ടുകാരായ ആദിവാസികൾ കാട്ടിൽനന്നു ഞൊട്ടാഞൊടിയൻ പറിച്ചു വിൽക്കുന്നതു കണ്ടത്. വിദേശത്തേക്ക് അയയ്ക്കാനായി കയറ്റുമതിക്കാർ ഞൊട്ടാഞൊടിയൻ വാങ്ങുന്നുണ്ടെന്നും വലിയ വില കിട്ടുമെന്നും അവർ പറഞ്ഞതോടെ ജോസിനും ആവേശമായി. അവരിൽനിന്നു വിത്തു വാങ്ങി മുളപ്പിച്ച ശേഷം പച്ചക്കറിക്കൃഷിക്കായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഇടവിളയായി തൈകൾ നട്ടു വളർത്തി. 3 മാസത്തിനകം തൈകൾ വളർന്നു പൂവിടുകയും കായ്കളുണ്ടാവുകയും ചെയ്തു. എന്നാൽ, തുടക്കത്തിൽ ജോസ് പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ടു നീങ്ങിയില്ല. ഗോൾഡൻബെറി വാങ്ങാൻ ആരുമെത്തിയില്ല. എങ്കിലും വിളഞ്ഞത് പാഴാക്കരുതല്ലോ, സ്വയം ഉപയോഗിച്ചു തുടങ്ങിയതിനൊപ്പം വീട്ടുകാർക്കും സുഹൃത്തുകൾക്കുമൊക്കെ പഴങ്ങൾ നൽകി. അപ്പോഴാണ് ഈ പഴത്തിന്റെ ആരോഗ്യഗുണങ്ങൾ തിരിച്ചറിഞ്ഞതെന്നു ജോസ്.

ഔഷധവിള

ഗ്യാസ്ട്രബിൾ, അസിഡിറ്റി ഉൾപ്പെടെ ഉദരസംബന്ധമായി പൊതുവേ അനുഭവപ്പെടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് ഗോൾഡൻ ബെറിയെന്ന് അനുഭവത്തിന്റെ ബലത്തിൽ അദ്ദേഹം അവകാശപ്പെടുന്നു. കോവിഡ് കാലത്ത് കൂടെക്കൂടിയ ചുമ മാറിയതും ഗോൾഡൻ ബെറി കഴിച്ചുതുടങ്ങിയതിൽ പിന്നെയാണെന്ന് ജോസ്  പറഞ്ഞു. ഇക്കാരണങ്ങളാലാവണം, ഒരിക്കൽ ഉപയോഗിച്ചവർ വീണ്ടും  ചോദിച്ചുതുടങ്ങി. 

golden-berry-2

ഓൺലൈൻ  പ്രശസ്തി

ആദ്യകൃഷി അവസാനിക്കുമ്പോഴേക്കും ജോസിന്റെ പുതുവിള നാട്ടിൽ പ്രശസ്തമായി. വിഡിയോകൾ യുട്യൂബിലും മറ്റും ഷെയർ ചെയ്യപ്പെട്ടതോടെ ഗോൾഡൻ ബെറി തേടി ആവശ്യക്കാര്‍ വന്നുതുടങ്ങി. അവർക്ക് പഴങ്ങൾ അയച്ചുകൊടുക്കുക വഴി മികച്ച വരുമാനവും കിട്ടി. കേരളത്തിനു പുറത്തുനിന്നു വിദേശങ്ങളിൽ നിന്നുമൊക്കെ അന്വേഷണമെത്തിയതോടെ സ്വന്തം പുരയിടത്തിലും ജോസ് ഗോൾഡൻ ബെറി നട്ടുവളർത്തി. ഇത്തവണ 40 സെന്റ് പറമ്പിൽ ആകെ 200 മൂട് ഞൊട്ടാഞൊടിയനാണ് നട്ടിരിക്കുന്നത് 8 അടി അകലത്തിൽ നട്ട തൈകൾ 3 മാസത്തിനകം പൂവിട്ടു. ഇപ്പോൾ ഈ പുരയിടത്തിലെ ഏറക്കുറെ എല്ലാ ഗോൾഡൻ ബെറിയിലും കായ്കളുണ്ട്. നാടൻ  ഞൊട്ടാഞൊടിയനെക്കാൾ വലുപ്പമുള്ള ഇനമാണ് താൻ വളർത്തുന്ന ഗോൾഡൻ ബെറിയെന്ന് ജോസ് ചൂണ്ടിക്കാട്ടി. ഒരു സുഹൃത്തിന്റെ വിടിനടുത്തുള്ള കാട്ടുപ്ര ദേശത്തുനിന്നാണ് ഇതിന്റെ വിത്ത് ശേഖരിച്ചത്. ഈയിനത്തിനു വലുപ്പം മാത്രമല്ല, രുചിയും കൂടുതലാണെന്നു ജോസ് പറഞ്ഞു.

golden-berry-4

വിത്തായും പഴമായും കച്ചവടം

രണ്ടാംകൃഷി ജോസിനു വലിയ നേട്ടമായി. ജോസിന്റെ കൃഷിവിശേഷമറിഞ്ഞ ഒട്ടേറെപ്പേർ അദ്ദേഹത്തെ ഫോൺ വിളിക്കുന്നുണ്ടായിരുന്നു. എല്ലാവർക്കും ഒരേ ആവശ്യം– ഞൊട്ടാഞൊടിയൻ പഴങ്ങൾ വേണം– ചിലര്‍ക്കു വിത്തിനുവേണ്ടി, മറ്റു ചിലർക്ക് തിന്നാനും. വിളവെടുക്കുന്ന മുറയ്ക്ക് വിവിധ ദേശങ്ങളിലേക്കു ജോസ് പഴങ്ങൾ കുറിയർ ചെയ്യുകയാണിപ്പോൾ– മാന്യമായ വിലയും കിട്ടുന്നു. 10 പഴങ്ങളുടെ ഒരു പാക്കറ്റ് അയയ്ക്കുന്നതിന് കുറിയർ ചാർജ് ഉൾപ്പെടെ 200 രൂപയാണ് ജോസ് ഈടാക്കുക. പോഷകാഹാ‍രമായി കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കിലോ ഗോൾഡൻ ബെറി 1,500 രൂപയ്ക്കും നൽകുന്നു. ഇപ്പോഴും ഓർഡറുകൾ ബാക്കിയാണെന്നു പറയുന്ന ജോസ് ഇതിനകം 5 ലക്ഷം രൂപയുടെ പഴങ്ങൾ വിറ്റു കഴിഞ്ഞത്രെ. 

ആവേശം വേണ്ട, താൽപര്യം മതി

തനിക്ക് മികച്ച വരുമാനം കിട്ടിയെങ്കിലും ഒരു കാർഷികോൽപന്നമെന്ന നിലയിൽ ഗോൾഡൻ ബെറിയിൽ നിക്ഷേപം നടത്തുന്നതിനെ ജോസ് പ്രോത്സാഹിപ്പിക്കുന്നില്ല. ഇന്ത്യയിൽ ഇതിന്റെ വിപണി വേണ്ടത്ര രൂപപ്പെട്ടിട്ടില്ലെന്നതുതന്നെ കാരണം. അതുകൊണ്ടുതന്നെ വരുമാനസാധ്യതയും വിരളം. ഒരു കൗതുക വിളയെന്ന നിലയിൽ ഓൺലൈനിലൂടെ ലഭിക്കുന്ന ഓർഡറുകളാണ് തനിക്കു നേട്ടമായതെന്നു ജോസ് ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തിൽ ഈ പഴങ്ങൾ വാങ്ങാൻ ആരുമില്ലാതെ താൻ വിഷമിച്ച കാര്യവും ജോസ് പറയുന്നു. വീടുകളിൽ ഒന്നോ രണ്ടോ തൈകൾ വളർത്തി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാമെന്നു മാത്രമേ വിത്തു വാങ്ങുന്നവരോടു ജോസ് പറയാറുള്ളൂ. ഭാവിയിൽ വിപണി വികസിച്ചാൽ വാണിജ്യക്കൃഷിയെക്കുറിച്ചു ചിന്തിക്കാം, ജോസ് പറഞ്ഞു. 

ഏലവും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇപ്പോൾ ജോസിന്റെ പ്രധാന കൃഷി ഞൊട്ടാ ഞൊടിയൻ തന്നെ. പുരയിടത്തിന്റെ മറ്റു ഭഗങ്ങളിലും കൂടി വ്യാപിപ്പിക്കാനും അത്യാവശ്യക്കാർക്ക് തൈകൾ ഉൽപാദിപ്പിച്ചു നൽകാനുമുള്ള  ശ്രമത്തിലാണ് ജോസ്. അതേസമയം തൈകളുടെ ഉൽപാദനവും വിപണനവും  ശ്രമകരമായതിനാൽ താൻ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ജോസ് കൂട്ടിച്ചേർത്തു. ഗോൾഡൻ ബെറിയുടെ ഒരു പഴത്തിനുള്ളിൽ മുപ്പതോളം അരികളുണ്ട്. എന്നാൽ, അവ കിളിർത്തു നല്ല തൈകളായി മാറുമ്പോൾ പകുതിയേ ഉണ്ടാവൂ. കേടുമാറിയ തൈകൾ പറമ്പിൽ നട്ടുവളർത്താൻ എളുപ്പമാണ്. വിശേഷിച്ച് ഒരു വളവും നൽകാതെയാണ് ഇതുവരെ താൻ കൃഷി നടത്തിയതെന്നും ജോസ് കൂട്ടിച്ചേർത്തു. 

ഫോണ്‍: 9747547757

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com